UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിമാചല്‍ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിനെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തി

മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയുടെ അനന്തരവനെയാണു കൊലപ്പെടുത്തിയത്

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിംഗിന്റെ ഭാര്യയുടെ മരുമകന്‍ അകാന്‍ഷ സെന്‍ (28) കൊല്ലപ്പെട്ടു. ചണ്ഡിഗഡില്‍ വച്ച് നടന്ന അതിദാരുണമായ സംഭവത്തിലാണ് വീര്‍ഭദ്ര സിംഗിന്റെ ഭാര്യ പ്രതിഭ സിംഗിന്റെ മരുമകന്‍ കൊല്ലപ്പെട്ടത്. രാത്രി പാര്‍ട്ടി കഴിഞ്ഞിറങ്ങിയ അകാന്‍ഷ സിംഗിനെ കൂടെയുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ബിഎംഡബ്ലിയു കാര്‍ കയറ്റിയിറക്കി കൊല്ലുകയായിരുന്നു. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
വ്യാഴാഴ്ച അര്‍ദ്ധ രാത്രിക്ക് ശേഷം ചണ്ഡിഗഡിലെ സെക്ടര്‍ ഒമ്പതിലുള്ള ഒരു വീടിന് സമീപം വച്ചായിരുന്നു സംഭവം. രാത്രി വിരുന്നില്‍ അകാന്‍ഷയ്‌ക്കൊപ്പം പങ്കെടുത്ത ഹര്‍മെഹ്താബ് സിംഗ് ഫരീദ്, ബല്‍രാജ് സിംഗ് രണ്ഡാവ എന്നിവര്‍ ചേര്‍ന്നാണ് ക്രൂര കൃത്യം നിര്‍വഹിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും ഒളിവിലാണ്. അകാന്‍ഷ കൊല്ലപ്പെട്ടുവെന്ന് ഉറപ്പായതിന് ശേഷം പല തവണ കാര്‍ അദ്ദേഹത്തിന്റെ ശരീരത്തിന് മുകളിലൂടെ കയറ്റിയിറക്കിയതായി എഫ്‌ഐആറില്‍ പറയുന്നു. പഞ്ചാബിലെ മൊഹാലിയില്‍ നിന്നുള്ളവരാണ് പ്രതികള്‍.
സംഭവം നടന്ന സ്ഥലത്തെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായിരുന്നതായി പൊലീസ് പറയുന്നു. അകാന്‍ഷയുടെ ഉടമസ്ഥതയിലുള്ള ബൂം ബോക്‌സ് കഫെയില്‍ വച്ചാണ് സുഹൃത്തുക്കള്‍ ഒത്തുകൂടിയത്. അതിന് ശേഷം അകാന്‍ഷയും അദ്ദേഹത്തിന്റെ കസിന്‍ ആത്മയ സിംഗും നേരത്തെ പിരിഞ്ഞിരുന്നു. എന്നാല്‍ മുന്‍വൈരാഗ്യത്തിന്റെ പേരില്‍ തങ്ങളുടെ മറ്റൊരു സുഹൃത്തായ ഷേരയെ ഹര്‍മെഹ്താബും ബല്‍രാജും ചേര്‍ന്ന് ആക്രമിക്കുമോ എന്ന ഭയത്താല്‍ ഇരുവരും മറ്റൊരു സുഹൃത്തായ ദീപിന്റെ വീട്ടിലെത്തിയപ്പോഴാണ് ആക്രമണം നടന്നതെന്നാണ് പോലീസ് ഭാഷ്യം.
പ്രതികളില്‍ ഒരാളുടെ മൊഹാലിയിലുള്ള ഫാം ഹൗസ് പോലീസ് വളഞ്ഞെങ്കിലും വളര്‍ത്തു പട്ടികള്‍ അവരെ ഓടിക്കുകയായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. പ്രതികള്‍ക്കായുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സംഭവം നടന്ന് പ്രതികളെ പിടികൂടാന്‍ സാധിക്കാത്തതില്‍ അകാന്‍ഷയുടെ കുടുംബം അതൃപ്തി രേഖപ്പെടുത്തി. ഉത്താരഖണ്ഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്ന വീരഭദ്ര സിംഗ് ചണ്ഡിഗഡില്‍ എത്തിയിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇടപെടാന്‍ പഞ്ചാബ് ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വീരഭദ്ര സിംഗിന്റെ മകന്‍ വിക്രമാദിത്യ സിംഗ് മാധ്യമങ്ങളെ അറിയിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍