UPDATES

വിദേശം

ഹിന്ദു മതത്തിന്റെ ആരാധകനായ ട്രംപ്; കൂട്ടത്തില്‍ മോദി വാഴ്ത്തും

Avatar

മാക്സ് ബിയാറക് 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഇതൊരു ഡൊണാള്‍ഡ് ട്രംപ് പ്രകടനമാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സിനെ താന്‍ ഒറ്റ ‘ദൈവത്തിന്നു’ കീഴില്‍ ഒന്നിപ്പിക്കും എന്ന് വെള്ളക്കാരായ അനുഭവികളോട് അയാള്‍ പറഞ്ഞ അതേ ദിവസം ആയിരക്കണക്കിന് ഇന്ത്യന്‍ വംശജര്‍ക്ക് മുന്നില്‍ അയാള്‍ ഒരു ഹിന്ദു ആചാരമനുസരിച്ചുള്ള നില വിളക്ക് കൊളുത്തി.

“ഞാന്‍ ഹിന്ദുക്കളുടെയും ഇന്ത്യക്കാരുടെയും വലിയ ആരാധകനാണ്,”ട്രംപ് പറഞ്ഞു. അമേരിക്കന്‍ പൌരന്മാരും പൌരത്വത്തിനായി കാത്തിരിക്കുന്നവരും, ഇന്ത്യയില്‍ നിന്നും വെറും സന്ദര്‍ശനത്തിന് വന്നവരുമടങ്ങുന്ന  ആ വലിയ ആള്‍ക്കൂട്ടം ആര്‍പ്പുവിളിച്ചു.

ന്യൂ ജഴ്സിയിലെ എഡിസനില്‍ പ്രകടനം സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യത്തിന്റെ സ്ഥാപകന്‍ ശലഭ് കുമാര്‍ ട്രംപിന്  വലിയ തോതില്‍ പണം സംഭാവന നല്കിയ ആളാണ്. ഹിന്ദുക്കളോടും ഇന്ത്യയോടും ഊഷ്മളായ സൌഹൃദം കാണിച്ച, ഇരുരാജ്യങ്ങളും മികച്ച സുഹൃത്തുക്കളാണെന്ന് വിശേഷിപ്പിച്ച പ്രസംഗത്തോടെയാണ് ട്രംപ്, കുമാറിന്റെ ഉദാരതയ്ക്ക് നന്ദി പ്രകടിപ്പിച്ചത്.

“ഇതിലും പ്രധാനമായ ഒരു ബന്ധം ഞങ്ങള്‍ക്കില്ല,”ട്രംപ് പറഞ്ഞു.

ഒന്നിന് പിറകെ ഒന്നായി വരുന്ന ലൈംഗികാരോപണങ്ങളില്‍ ട്രംപ് വലഞ്ഞിരിക്കേ ഈ പ്രകടനം അയാള്‍ക്ക് ഒരാശ്വാസമായിരുന്നു. ഇന്ത്യയെയും ഇന്ത്യന്‍ പ്രധാനമന്ത്രിയെ നരേന്ദ്ര മോദിയെയും സ്ഥാനാര്‍ത്ഥി ആവോളം പുകഴ്ത്തി.

ദിവസങ്ങള്‍ക്ക്  മുമ്പ് ട്രംപിനെതിരായ ആരോപണങ്ങളില്‍ ട്രംപിനെ ന്യായീകരിച്ചു കുമാര്‍ രംഗത്തെത്തിയിരുന്നു. “ഹിന്ദുക്കളും ഇന്ത്യന്‍ ജനതയും ആപത്ഘട്ടങ്ങളില്‍ സുഹൃത്തുക്കളേ കൈവിടില്ല. ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിന്റെ വക്കിലെത്തി നില്‍ക്കവേ, ഭീകരതക്കെതിരായ ആഗോള യുദ്ധത്തില്‍ ജീവനുകള്‍ അപകടത്തിലാകവേ, ട്രംപിനെ പോലൊരു പ്രസിഡണ്ടിനെയാണ് നമുക്കാവശ്യം,” കുമാര്‍ പറഞ്ഞു.

ഇസ്ളാമിക ഭീകരവാദത്തിനെതിരായും, കുറഞ്ഞ നികുതിക്കുമുള്ള ട്രംപിന്റെ നിലപാടുകളോട് ഹിന്ദു അനുയായികള്‍ യോജിപ്പ് പ്രകടിപ്പിക്കുന്നു. അതേ സമയം കുടിയേറ്റം നിയന്ത്രിക്കുമെന്ന ട്രംപിന്റെ നിലപാട് പൌരത്വം കാത്തിരിക്കുന്ന അവരില്‍ പലര്‍ക്കും സ്വീകാര്യമല്ല. സംഘാടകര്‍ നല്കിയ ടീ ഷര്‍ടുകളില്‍ പലതിലേയും മുദ്രാവാക്യം,‘വേഗത്തില്‍ ഗ്രീന്‍ കാര്‍ഡ് കിട്ടാന്‍ ട്രംപ്’ എന്നായിരുന്നു.

ഈ ലേഖനത്തിനായി സംസാരിച്ച രണ്ടു ഡസനില്‍ പകുതി പേരും അമേരിക്കന്‍ പൌരത്വം ഇനിയും കിട്ടാത്തവരാണ്. ആള്‍ക്കൂട്ടത്തിലെ കുറച്ചു വെള്ളക്കാര്‍ ട്രംപ് പ്രചാരണത്തിന്റെ കുപ്പായങ്ങളൊക്കെ ധരിച്ചിരുന്നുവെങ്കില്‍ മറ്റുള്ളവര്‍ ഏറെയും നല്ല തേച്ച് വടിപോലെയാക്കിയ ഇന്ത്യന്‍ കുപ്പായങ്ങളാണ് ഇട്ടിരുന്നത്.

രാഷ്ട്രീയ പരിപാടിയാണെന്ന് അറിഞ്ഞിരുന്നില്ല എന്ന് ചിലര്‍ പറഞ്ഞു. ട്രംപ് പ്രസംഗിക്കുന്നതിന് രണ്ടു മണിക്കൂര്‍ മുമ്പ് ബോളിവുഡ് സിനിമകളിലെ പാട്ടും നൃത്തവുമായിരുന്നു. അതായിരുന്നു മുഖ്യ ആകര്‍ഷണം, ട്രംപായിരുന്നില്ല.

“ഞാന്‍ പ്രഭുദേവയെ കാണാനാണ് വന്നത്,” 29-കാരനായ കശ്യപ് പട്ടേല്‍ പറഞ്ഞു. ഒരു ഔഷധ കമ്പനിയില്‍ ജോലിചെയ്യുന്ന അയാള്‍ക്ക് ഗ്രീന്‍ കാര്‍ഡുണ്ട്. “ഇവിടെ വന്ന മിക്കവരും വിനോദത്തിനായി വന്നതാണ്. പ്രഭുദേവയെ കണ്ടുകഴിഞ്ഞാല്‍ ഞാന്‍ പോകും.”

ട്രംപിനെ അവതരിപ്പിക്കാനായിരുന്നു ഈ താരനിശ. ഇന്ത്യന്‍ അമേരിക്കന്‍ സമൂഹം പൊതുവേ ഡെമോക്രാറ്റ് പക്ഷക്കാരാണ്. മിക്ക അഭിപ്രായ വോട്ടെടുപ്പുകളും കാണിക്കുന്നത് ഇവരില്‍ ഏതാണ്ട് 70% പേരും ഹിലാരി ക്ലിന്‍റനാണ് വോട്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത് എന്നാണ്. ട്രംപിന് വെറും 7%.

പക്ഷേ ‘വലിയ മനുഷ്യന്‍’ എന്ന് വിശേഷിപ്പിച്ച മോദിയെയും തന്നെയും ട്രംപ് താരതമ്യം ചെയ്തപ്പോള്‍ കയ്യടി കിട്ടി. അതുപോലെ ക്ലിന്‍റനെ ഒന്നു കുത്തി ഇസ്ലാമിക് സ്റ്റേറ്റിനെ അപലപിച്ചപ്പോഴും.

“ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കാനും രഹസ്യവിവരങ്ങള്‍ കൈമാറാനും നാം ഇന്ത്യയോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കും. ഇത് ഹിലാരി ക്ലിന്‍റന്‍ ലോകത്തിനുമേല്‍ തുറന്നുവിട്ട പ്രാകൃത ഭീഷണിയായ ഐ എസിന്റെ യുഗത്തില്‍ ആവശ്യമാണ്.”

ദേശീയസുരക്ഷ, ബോളിവുഡ് പരിപാടികളിലും കടന്നുവന്നു. നൃത്തം ചെയ്യുന്ന രണ്ടു ദമ്പതികളെ പെട്ടെന്നു താടിവെച്ച യന്ത്രത്തോക്കേന്തിയ ഭീകരവാദികളായ രണ്ടു പേര്‍ കൊള്ളയടിക്കുന്നു. ദമ്പതികളെ കൊന്നതിനുശേഷമാണ് പൊലീസുകാര്‍ വന്നു ഭീകരവാദികളെ വെടിവെച്ചുകൊല്ലുന്നത്. തുടര്‍ന്ന് പൊലീസുകാരും ദമ്പതികളും എല്ലാവരും ചേര്‍ന്ന് അമേരിക്കന്‍ ദേശീയഗാനത്തിലേക്ക് ചുവടുമാറ്റുന്നു. കാശ്മീരിലെ ഭീകരവാദത്തിന്റെ ഹിന്ദു ഇരകള്‍ക്കായുള്ള ഒരു പരിപാടിയായാണ് ഇത് നടത്തിയത്.

ഇസ്ലാം ഭീകരവാദവുമായുള്ള ബന്ധം ട്രംപിന്റെ ഹിന്ദു അനുയായികള്‍ പരിപാടി നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററിന് പുറത്ത് പ്രകടമാക്കി. ഹിന്ദു മതത്തിലേക്ക് മതം മാറിയ, ഒരു വെനെസ്വേലക്കാരനെ വിവാഹം കഴിച്ച ഒരു സ്വവര്‍ഗാനുരാഗിയായ വിന്‍സെന്‍റ് ബ്രൂണോ അവിടെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റി.

“നിങ്ങള്‍ മുസ്ലീങ്ങളെ പിന്തുണച്ചാല്‍ നിങ്ങള്‍ ബലാത്സംഗ സംസ്കാരത്തെ പിന്തുണയ്ക്കുകയാണ്,”അയാള്‍ പറഞ്ഞു. ‘തെക്കനേഷ്യക്കാര്‍ ട്രംപിനെ തള്ളിക്കളയുക’ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ ബഹളം വെക്കുകയായിരുന്നു അയാള്‍.

അകത്തു ചില ട്രംപ് അനുയായായികള്‍ പാട്ടും നൃത്തവും ആസ്വദിച്ചു. 68-കാരിയായ രൂത്ത് ജാനിസാക്കിന്റെ ആദ്യ ട്രംപ് പ്രകടനമായിരുന്നു അത്. അവരുടെ മകന്‍ ആകസ്മികമായാണ് ഈ പരിപാടിയെപ്പറ്റി അറിഞ്ഞത്.

“നമ്മളെ പോലുള്ളവര്‍ക്ക് ബോളിവുഡ് തികച്ചും വ്യത്യസ്തമാണ്.” ഒരു പിയാനോ അധ്യാപിക എന്ന നിലയില്‍ തനിക്ക് ഇന്ത്യന്‍-അമേരിക്കക്കാരുമായി നല്ല അനുഭവമാണുള്ളതെന്നും അവര്‍ പറഞ്ഞു.

പ്രശ്നങ്ങളില്‍ നിന്നും അയാള്‍ ഒഴിഞ്ഞുമാറുന്നു എന്ന കുഴപ്പം അയാള്‍ക്കുണ്ട് എന്നാണ് ട്രംപിനെക്കുറിച്ച് അവര്‍ പറഞ്ഞത്. പക്ഷേ ക്ലിന്‍റന്‍ കടുത്ത അപമാനവും നിന്ദയുമാണെന്ന് പറയുമ്പോള്‍ കോപംകൊണ്ടു അവര്‍ വിറക്കുന്നുണ്ടായിരുന്നു. 

“കുടിയേറ്റം ഉടനെ അവസാനിപ്പിക്കണം. ഇപ്പോള്‍ വന്നവരെ ലയിപ്പിക്കാന്‍ ശ്രമം നടത്തണം. എന്താണ് നടക്കുന്നതെന്ന് പൂര്‍ണധാരണയില്ലാതെ ഇനിയാരെയും അനുവദിച്ചുകൂട,” ഇതൊരു രാജ്യമാകുന്നതിനും മുമ്പ് 1658 മുതല്‍ തന്റെ പിതാമഹര്‍ ഇവിടുണ്ടായിരുന്നു എന്നവകാശപ്പെടുന്ന ജാനിസാക് പറയുന്നു.

“മറ്റ് രാജ്യങ്ങളില്‍ നിന്നും ആളുകള്‍ വരുന്നത് നല്ലതാണെന്ന് പരിപാടി ബോധ്യപ്പെടുത്തി” എന്നാണ് അവരുടെ മകന്‍ സ്റ്റീവ് ജാനിസെക് പറഞ്ഞത്.

“ഞാന്‍ അതിലേക്കൊന്നും കടക്കുന്നില്ല. പക്ഷേ ആളുകള്‍ ട്രംപിനെ ഒരു അന്യദേശക്കാരെ വെറുക്കുന്നവനും വംശീയവാദിയും ആയി ചിത്രീകരിക്കുന്നു;പക്ഷേ അയാളങ്ങനെയല്ല.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍