അഴിമുഖം പ്രതിനിധി
ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലെ വിവാഹത്തിന് ഇരുവീട്ടുകാരും അനുമതി നല്‍കിയെങ്കിലും ഈ വിവാഹം ലൗജിഹാദ് ആണെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍. മൈസുരുവിലെ അശോക് നഗറിലെ പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
എംബിഎ ബിരുദധാരികളായ ആഷിതയും ഷക്കീലും 12 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ആഷിത തന്റെ പിതാവിനേയും വീട്ടുകാരേയും വിവാഹത്തിന് പറഞ്ഞ് സമ്മതിച്ചിരുന്നു. ഷക്കീലിന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചിരുന്നു. ഏപ്രില്‍ 17-ന് മൈസുരുവിലാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
എന്നാല്‍ ബിജെപിയുടെ പ്രാദേശിക നേതാക്കളായ സി ടി മഞ്ജുനാഥും സിദ്ധാര്‍ത്ഥ ഗൗഡയും ബജ്രംഗദള്‍ നേതാവ് മഞ്ജുനാഥും ലൗജിഹാദ് എന്ന് ആരോപിച്ച് വിവാഹത്തെ എതിര്‍ത്തു രംഗത്തു വരികയായിരുന്നു. അവര്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ച് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രകടനം നടത്തി.
യഥാര്‍ത്ഥ പ്രണയ വിവാഹമാണെങ്കില്‍ ആഷിത എന്തിന് ഇസ്ലാമിക ആചാരങ്ങളും ഖുറാനും പഠിച്ചുവെന്നും ബിജെപി നേതാക്കള്‍ ചോദിക്കുന്നു. ഒടുവില്‍ പൊലീസ് എത്തിയാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്. പൊലീസില്‍ പരാതി ലഭിച്ചിട്ടില്ല.
ഇത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും വീട്ടുകാര്‍ അനുമതി നല്‍കിയതിനാല്‍ ആര്‍ക്കും അതില്‍ ഇടപെടാന്‍ അവകാശമില്ലെന്നും ആഷിത പറയുന്നു.