UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദൈവങ്ങള്‍ക്ക് മുറിവേല്‍ക്കാത്തിടത്ത് വിശ്വാസികള്‍ വാളെടുക്കുമ്പോള്‍

Avatar

ടി സി രാജേഷ്

മീശയുള്ള പരമശിവനേയും മീശയില്ലാത്ത പരമശിവനേയും വരയ്ക്കാനുള്ള ചിത്രകാരന്റെ സ്വാതന്ത്ര്യമാണ് ആവിഷ്‌കാരസ്വാതന്ത്ര്യം. ഭഗവാന്‍ ശ്രീകൃഷ്ണന് മീശവരയ്ക്കാന്‍ മടിക്കുന്നതും അതേ സ്വാതന്ത്ര്യത്തില്‍പെടും. പരമശിവന്‍ സംഹാരമൂര്‍ത്തിയാണെന്നും അതുകൊണ്ട് മീശവരയ്ക്കുന്നതില്‍ തെറ്റില്ലെന്നും പറയുന്നതാണ് അഭിപ്രായസ്വാതന്ത്ര്യം. ശ്രീകൃഷ്ണന്‍ ലീലാലോലുപനായതിനാല്‍ മീശ വേണ്ടെന്നു വാദിക്കുന്നതിനേയും അഭിപ്രായസ്വാതന്ത്ര്യത്തില്‍പെടുത്താം. ഒരു വ്യക്തി തന്റെ ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ഭാഗമായി എന്തെങ്കിലും പറയുകയോ വരയ്ക്കുകയോ എഴുതുകയോ ചെയ്യുമ്പോള്‍ മുറിവേല്‍ക്കുന്നത് ദൈവങ്ങള്‍ക്കല്ല, വിശ്വാസികള്‍ക്കാണ്. ദൈവങ്ങള്‍ക്കു മുറിവേല്‍ക്കാത്തതിനാലാണ് അവര്‍ക്കുവേണ്ടി പ്രതിരോധവും ശിക്ഷയുമായി വിശ്വാസികള്‍ രംഗത്തിറങ്ങുന്നത്.

ആവിഷ്‌കാര സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും തമ്മിലുള്ള വ്യത്യാസംപോലും മനസ്സിലാക്കാന്‍ കഴിവില്ലാത്തവരുടെ ലോകത്താണ് നമ്മുടെ ജീവിതമെന്നതിനാല്‍ പറഞ്ഞുവെന്നേയുള്ളു. സര്‍ഗ്ഗാത്മകരചനകളുമായി ബന്ധപ്പെട്ടാണ് നാം ആവിഷ്‌കാരസ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നത്. വര്‍ത്തമാനപ്പത്രങ്ങളുള്‍പ്പെടെയുള്ളവയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളില്‍ അഭിപ്രായസ്വാതന്ത്ര്യമാണ് ചര്‍ച്ചചെയ്യപ്പെടുന്നത്. അതെന്തുമാകട്ടെ, ആവിഷ്‌കാരസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവുമെല്ലാം ഹിന്ദു ദൈവങ്ങളുടെ പേരിലുണ്ടാകുന്ന നിന്ദാസ്തുതികളില്‍ മാത്രമേയുള്ളോ എന്നാണ് ഒരു വിഭാഗത്തിന്റെ ചോദ്യം. ഇസ്ലാം മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ എന്തുകൊണ്ടിതു സംഭവിക്കുന്നില്ലെന്നും ഇതൊരുതരം ഇരട്ടത്താപ്പല്ലേയെന്നും ചോദിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും അതു ശരിയാണല്ലോയെന്നു തോന്നിയേക്കാം.

പെരുമാള്‍ മുരുകനും, എംഎഫ് ഹുസൈനും സിന്ധു സൂര്യകുമാറും ഹൈന്ദവദൈവങ്ങളെ ‘അധിക്ഷേപിച്ച’പ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തെപ്പറ്റി പറഞ്ഞവര്‍ മാതൃഭൂമി പ്രവാചക നിന്ദ നടത്തിയതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ എന്തുകൊണ്ടതിനെ ആവിഷ്‌കാര അഭിപ്രായ സ്വാതന്ത്ര്യങ്ങളുടെ ഗണത്തില്‍ പെടുത്തുന്നില്ലെന്ന സംശയം തികച്ചും ന്യായമാണ്, സംശയമില്ല.

ഹൈന്ദവ മതത്തില്‍ മുപ്പത്തുമുക്കോടി ദൈവങ്ങളുണ്ട്, വിഭാഗങ്ങളുണ്ട്. അവര്‍ക്കൊക്കെ അവരുടേതായ ആചാരങ്ങളുമുണ്ട്. ചിലതൊക്കെ തികച്ചും പ്രാദേശികമാണ്. പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലെ വഴിപാടുകളല്ല, തെക്കന്‍ തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലേത്. മധ്യകേരളത്തില്‍ മരിച്ചവരുടെ നാളുകളില്‍ ക്ഷേത്രങ്ങളില്‍ നടത്താറുള്ള നമസ്‌കാരംപോലുള്ള വഴിപാടുകള്‍ തെക്കന്‍ തിരുവിതാംകൂറിലില്ല. മദ്യവും ചാരായവും കോഴിവെട്ടുംപോലുള്ള ആചാരങ്ങള്‍ ചിലയിടത്തെങ്കിലും ഇന്നും അനുവര്‍ത്തിക്കുന്നുണ്ട്. കൊടുങ്ങല്ലൂരിലെ പ്രശസ്തമായ കാവുതീണ്ടലില്‍ നിന്നാണ് ഭരണിപ്പാട്ടെന്ന പ്രയോഗംപോലും കൈവന്നത്. പച്ചത്തെറി വിളിക്കുന്ന പരിപാടിയുടെ വിളിപ്പേരാണത്. അത് കൊടുങ്ങല്ലൂര്‍ ഭരണിയെ അപമാനിക്കുകയാണെന്നു പറഞ്ഞ് തെറിവിളിക്ക് ഭരണിപ്പാട്ടെന്നു പറയാന്‍ പാടില്ലെന്ന് വേണമെങ്കില്‍ തിട്ടൂരമിറക്കാം. ശിവക്ഷേത്രങ്ങളിലെല്ലാം പൂജിക്കുന്നത് ലിംഗമാണെങ്കില്‍ അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രത്തില്‍ പൂജിക്കുന്നത് ദുര്‍ഗാദേവിയുടെ യോനിയെയാണ്. ഖജുരാഹോയില്‍ ഉള്‍പ്പെടെ ക്ഷേത്രച്ചുവരുകളെ സുന്ദരമാക്കുന്നത് പ്രകൃതിവിരുദ്ധമെന്നുപോലും വിശേഷിപ്പിക്കാവുന്ന സുരതക്രിയകളാണ്. വിശ്വാസത്തിന്റെ പേരില്‍ ഇത്രമാത്രം ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള മറ്റൊരു മതവും ലോകത്തുണ്ടെന്നു തോന്നുന്നില്ല.

ഈ സ്വാതന്ത്ര്യങ്ങളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുമ്പോഴാണ് എംഎഫ് ഹുസൈന്റെ തൂലികയില്‍ നിന്ന് നഗ്‌നയായ സരസ്വതി ജനിക്കുന്നത്. ദുര്‍ഗയും സരസ്വതിയും ശിവനും കൃഷ്ണനും ഒന്നും നഗ്‌നരായിരുന്നില്ലെന്നത് പില്‍ക്കാലത്ത് അവര്‍ക്ക് മനുഷ്യരൂപം നല്‍കിയ കലാകാരന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം മാത്രമായിരുന്നു. ആ സ്വാതന്ത്ര്യത്തില്‍ ചില സദാചാരസംഹിതകളും കടന്നുകൂടിയപ്പോള്‍ ദൈവങ്ങളൊക്കെ ആവൃതരായി മാറി. പെരുമാള്‍ മുരുകന്‍ തന്റെ നോവലില്‍ പറയുന്നത് ഒരു ഹൈന്ദവവിഭാഗം പുലര്‍ത്തിപ്പോന്ന ആചാരത്തെപ്പറ്റി മാത്രമായിരുന്നു. സിന്ധുസൂര്യകുമാര്‍ ചര്‍ച്ചയില്‍ ചോദിച്ചതും ഒരുവിഭാഗം ഗോത്രവര്‍ഗത്തിന്റെ ആചാരമല്ലേ, അത് ആഘോഷിക്കുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു. ഇതൊക്കെ സ്വന്തം ദൈവങ്ങളെ അവഹേളിക്കുകയാണെന്നു തോന്നുന്നവര്‍ ലിംഗവും യോനിയും പൂജിക്കപ്പെടുന്നതിനേയും എതിര്‍ക്കേണ്ടത് അത്യാവശ്യമാണ്. മറ്റൊന്നും പൂജിക്കാനില്ലാത്തതിനാല്‍ അല്ലല്ലോ ലിംഗവും യോനിയും പൂജിക്കുന്നത്?

ഹരനും ഹരിയും തമ്മിലുള്ള സംയോഗത്തില്‍ നിന്ന് ശിശുവുണ്ടായതിനെ ചൂണ്ടിക്കാട്ടി സ്വവര്‍ഗരതിയെ ന്യായീകരിച്ച് ട്വീറ്റ് ചെയ്തത് ശ്രീ ശ്രീ രവിശങ്കറാണ്. അത് പറഞ്ഞത് രവിശങ്കറായതിനാല്‍ മാത്രം ആരും ഹിന്ദുദൈവങ്ങളെ അവഹേളിച്ചുവെന്നു പറഞ്ഞില്ല. അപ്പോള്‍ പറയുന്നത് എന്തെന്നതിലല്ല, ആരെന്നതിലാണ് അവഹേളനത്തിന്റെയും അപമാനത്തിന്റെയും കണികകളിരിക്കുന്നത്.

ഇസ്ലാംമതം ഹിന്ദുമതം പോലൊന്നല്ല. പ്രവാചകനില്‍ മാത്രമാണ് അവരുടെ വിശ്വാസം. അതിന് കൃത്യമായ നിയമസംഹിതകളുമുണ്ട്. പ്രവാചകന്റെ രൂപം ഇന്നുവരെ ആരും വരച്ചിട്ടില്ല. പ്രവാചകന്‍ ദൈവമല്ലെന്നും അവര്‍ വിശ്വസിക്കുന്നു. ഇസ്ലാമിന് ദൈവം പരമകാരുണികനായ അള്ളാഹു മാത്രമാണ്. ഈ അള്ളാഹുവിനും ആരെങ്കിലും ചിത്രരൂപം നല്‍കിയിട്ടുള്ളതായി അറിവില്ല. പ്രവാചകന്റെ വിവാഹജീവിതം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പലയിടത്തും ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതുതന്നെയാണ്. പുരുഷന് ഒന്നിലേറെ വിവാഹം കഴിക്കാമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങളും ഇന്നും വിവാദത്തില്‍തന്നെയാണ്. അതേപ്പറ്റി ഞാനും നിങ്ങളും പറയുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്. പ്രവാചകന്‍ ആറു വയസ്സുകാരിയെ വിവാഹം കഴിച്ചുവെന്നു പറയുന്നതും അതേപ്പറ്റി ചര്‍ച്ചചെയ്യുന്നതും അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്ന സംഗതി തന്നെയാണ്. പക്ഷേ, മതത്തിലെ ഇത്തരം പല സ്ത്രീവിരുദ്ധ നിയമങ്ങളേയും മറ്റും ഖുറാനും മറ്റും ഉപയോഗിച്ചാണ് ഇസ്ലാം മതം ന്യായീകരിക്കുന്നത്. അതൊക്കെയും തുറന്ന ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുന്നുമുണ്ട്.

സദാചാരസംഹിതകള്‍ക്കു നിരക്കാത്ത കാര്യങ്ങളുള്ള പഴയനിയമം ക്രിസ്ത്യന്‍ പുരോഹിതര്‍ പരിഗണിക്കാതിരിക്കുന്നതും ഒരുതരം മറച്ചുവയ്ക്കലാണ്.അത്തരം മറച്ചുവയ്ക്കലുകള്‍ക്ക് ഹൈന്ദവമതം നിന്നുകൊടുക്കാറില്ല. അവര്‍ക്കതിന് വ്യാഖ്യാനങ്ങളേയുള്ളു. ‘ലോത്തിന്റെ പെണ്‍മക്കള്‍ അച്ഛനെ പ്രാപിച്ച വാര്‍ത്തയില്‍ കൗമാരഭാരം നടുങ്ങവേ’ എന്നെഴുതിവച്ച കുരീപ്പുഴ ശ്രീകുമാറിന്റെ ‘ജെസ്സി’ എന്ന കവിത പല ക്രിസ്ത്യന്‍ കലാലയങ്ങളിലും വിലക്കിനിരയായിട്ടുണ്ട്. ലോത്തിന്റെ പെണ്‍മക്കള്‍ അച്ഛനെ പ്രാപിച്ചുവെന്ന സത്യം പഴയനിയമത്തിലുള്ളപ്പോഴാണ് അതിനെ കവിതയില്‍ പ്രതിഷ്ഠിച്ചതിന് വിലക്കുവരുന്നത്.

ഹൈന്ദവദൈവങ്ങളെ ആരും ഒരിടത്തും അപമാനിക്കുന്നില്ല. അപമാനിക്കുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് അവരുടെ കുഴപ്പമാണ്. ഭരണിപ്പാട്ടും ലിംഗ, യോനീ പൂജകളും നിലനില്‍ക്കുന്നിടത്തോളംകാലം, നാമാരും കണ്ടിട്ടില്ലാത്ത ദൈവങ്ങള്‍ക്ക് രൂപംകല്‍പിച്ച് ആരാധിക്കുന്നിടത്തോളംകാലം ഇതൊക്കെ സംഭവിച്ചെന്നിരിക്കും. ആ ആവിഷ്‌കാരസ്വാതന്ത്ര്യം ആദ്യം ഉപയോഗിച്ചത് വിശ്വാസികളായ ഹിന്ദുക്കള്‍ തന്നെയാണ്, അല്ലാതെ മറ്റാരുമല്ല. ഒരാള്‍ ഒരാചാരത്തെപ്പറ്റി പറയുമ്പോള്‍ തങ്ങള്‍ക്കറിയാത്ത ആചാരമാണ് അതെന്നതിനാലാണ് അവര്‍ക്കെതിരെ ദൈവനിന്ദയുടെ വാള്‍ വീശപ്പെടുന്നത്. തങ്ങള്‍ സൃഷ്ടിച്ച രൂപത്തില്‍ നിന്ന് ചിലര്‍ വ്യതിചലിച്ച് പേന പായിക്കുമ്പോഴാണ് അത് അപമാനിക്കലായി തോന്നുന്നത്. അത് യഥാര്‍ഥത്തില്‍ അവരുടെ പ്രശ്‌നമല്ല, വിശാലമായ മതലോകത്തിലെ അറിവില്ലായ്മയുടെ പ്രശ്‌നമാണ്.

(മാധ്യമ പ്രവര്‍ത്തകനായ ടി സി രാജേഷ് ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പൂര്‍ണരൂപമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍