UPDATES

അത്തറിനെ കല്യാണം കഴിക്കാനുള്ള ടീനയുടെ തീരുമാനം ലൌ ജിഹാദാണെന്ന് ഹിന്ദുമഹാസഭ

അഴിമുഖം പ്രതിനിധി

 

കഴിഞ്ഞ വര്‍ഷത്തെ സിവില്‍ സര്‍വീസ് ഒന്നാം റാങ്കുകാരി ടീന ദാബിയും രണ്ടാം റാങ്കുകാരന്‍ അത്തര്‍ ആമിറുള്‍ ഷാഫി ഖാനും വിവാഹിതരാവുന്നതിനെതിരെ ഹിന്ദു മഹാസഭ. അത്തര്‍ ടീനയെ വിവാഹം കഴിക്കുന്നത് ലൌ ജിഹാദാണെന്നും ഇക്കാര്യത്തില്‍ പുനരാലോചന നടത്തണമെന്നും ആവശ്യപ്പെട്ട് ടീനയുടെ മാതാപിതാക്കള്‍ക്ക് ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി മുന്ന കുമാര്‍ ശര്‍മയാണ് കത്തയച്ചത്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ ടീനയ്ക്കുണ്ടായ നേട്ടത്തെ തങ്ങള്‍ അഭിനന്ദിക്കുന്നുവെന്നും എന്നാല്‍ അത്തറിനെ ഘര്‍ വാപ്പസി (ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം നടത്തുക) നടത്താന്‍ പ്രേരിപ്പിക്കണമെന്നും ഇല്ലെങ്കില്‍ വിവാഹ കാര്യവുമായി മുന്നോട്ട് പോകുന്നത് പുനരാലോചിക്കണം എന്നുമാണ് കത്തിലുള്ളത്. 

 

ഡല്‍ഹി സ്വദേശിയായ ടീന ദളിത് സമുദായക്കാരിയാണ്. അത്തര്‍ കാശ്മീരി മുസ്ലീമും. ന്യൂഡല്‍ഹിയില്‍ പേഴ്‌സണല്‍ വകുപ്പിന്റെ കീഴിലുള്ള ട്രെയിനിംഗിനിടയാണ് ഇരുവരും കണ്ടുമുട്ടിയത്. പരിചയം സൗഹൃദമായും പ്രണയമായും വളര്‍ന്നു. തന്നെ കണ്ടപ്പോള്‍ തന്നെ അത്തര്‍ പ്രണയത്തിലായെന്നും എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് താന്‍ ഇക്കാര്യത്തില്‍ അനുകൂല തീരുമാനം അറിയിച്ചതെന്നും ടീന ഈയിടെ വ്യക്തമാക്കിയിരുന്നു. 

അതേസമയം സോഷ്യല്‍ മീഡിയയില്‍ തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ വിഷമിപ്പിക്കുന്നുണ്ടെന്ന് ടീന ദാബി പറയുന്നു. ഞങ്ങളുടെ ബന്ധം ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു. ഞങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും ഇതില്‍ പരാതിയില്ല. ഒരു ചെറിയ വിഭാഗം ആളുകളാണ് സോഷ്യല്‍ മീഡിയയില്‍ മോശം അഭിപ്രായങ്ങളുമായി ഇറങ്ങിയിരിക്കുന്നതെന്നും ടീന അഭിപ്രായപ്പെട്ടു. പലരുടേയും കമന്‌റുകളില്‍ ജാതി, മത വിദ്വേഷവും സംവരണത്തിനെതിരായ പരാമര്‍ശങ്ങളുമാണുള്ളത്, എന്‌റെ മതത്തില്‍ നിന്ന് വ്യത്യസ്തമായ ജാതിയും മതവും ഉള്ളയാളെ പങ്കാളിയായി തിരഞ്ഞെടുത്തു എന്നതാണ് അവര്‍ വലിയ തെറ്റായി കാണുന്നത്. 

ഇത്തരം കാര്യങ്ങളോട് പ്രതികരിക്കണോ എന്ന് ചിലപ്പോള്‍ തോന്നും. പിന്നെ അവഗണിക്കുകയാണ് നല്ലതെന്ന് തോന്നും. ഒരു ദളിതെന്ന നിലയില്‍ ഈ സമൂഹത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്നതിനെപ്പറ്റി ബോധ്യമുണ്ട്. പലപ്പോഴും സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടുക എന്നതൊക്കെ ദളിത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് ഏറെ വിദൂരമായ സാധ്യതയാണ്. ആരെയങ്കിലും പ്രചോദിപ്പിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷമെന്നും ടീന പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍