UPDATES

വിദേശം

പാകിസ്ഥാനില്‍ ഹിന്ദു വിവാഹ നിയമം നിലവില്‍ വന്നു; ഹിന്ദുക്കള്‍ ദേശാഭിമാനികളെന്ന് നവാസ് ഷെറീഫ്

ഇനി മുതല്‍ ഹിന്ദുക്കളുടെ പരമ്പരാഗത ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസരിച്ച് വിവാഹങ്ങള്‍ നടത്താം

പാകിസ്ഥാനില്‍ ഹിന്ദു വിവാഹ നിയമം നിലവില്‍ വന്നു. ഹിന്ദു വിവാഹങ്ങള്‍ക്ക് പ്രത്യേകം നിയമം അനുവദിക്കുന്ന ബില്ലിന് പ്രസിഡന്റ് മാംനൂണ്‍ ഹുസൈന്‍ അനുമതി നല്‍കിയതോടെയാണ് നിയമമായി മാറുന്നത്. ഹിന്ദുകുടുംബങ്ങളുടെ നിയമപരമായ അവകാശങ്ങളും താല്‍പര്യങ്ങളും സംരക്ഷിക്കുന്നതിനൊപ്പം വിവാഹത്തെയും കുടുംബങ്ങളെയും അമ്മാരെയും കുട്ടികളെയും സംരക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം, പാകിസ്ഥാനിലുള്ള ഹിന്ദു കുടുംബങ്ങളുടെ ആചാരപ്രകാരമുള്ള വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കുന്നതിനുദ്ദേശിച്ച് കൊണ്ടു വന്ന ബില്ല് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഉപദേശപ്രകാരമാണ് പ്രസിഡന്റ് അംഗീകരിച്ചത്. പാകിസ്ഥാനില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് തുല്യാവകാശങ്ങള്‍ പ്രദാനം ചെയ്യുന്ന കാര്യത്തില്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് പറഞ്ഞു.

മറ്റേതൊരു സമൂഹത്തെയും പോലെ പാകിസ്ഥാനിലെ ഹിന്ദു സമൂഹവും ദേശാഭിമാനികളാണെന്നും അതിനാല്‍ തന്നെ അവര്‍ക്ക് തുല്യാവകാശങ്ങള്‍ നല്‍കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കളുടെ പരമ്പരാഗത ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും അനുസരിച്ച് വിവാഹങ്ങള്‍ നടത്താന്‍ ഇനി മുതല്‍ അവര്‍ക്ക് സാധിക്കും. നിയമം പ്രബല്യത്തില്‍ വന്നതോടെ, ഹിന്ദു വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി അവര്‍ക്ക് സൗകര്യപ്രദമായ സ്ഥലങ്ങളില്‍ വിവാഹ രജിസ്ട്രാര്‍മാരെ സര്‍ക്കാര്‍ നിയമിക്കും. വൈവാഹിക അവകാശങ്ങള്‍, നിയമപരമായ വിവാഹമോചനം, മതാചാരപ്രകാരമുള്ള വിവാഹങ്ങള്‍ അവസാനിപ്പിക്കല്‍, ഭാര്യയ്ക്കും കുട്ടികള്‍ക്കും സാമ്പത്തിക സുരക്ഷിതത്വം, വിവാഹമോചനം നേടുന്നവര്‍ക്ക് ബദല്‍ ആശ്വാസപദ്ധതികള്‍, ഉഭയസമ്മതപ്രകാരമുള്ള വിവാമോചനം തുടങ്ങിയ കാര്യങ്ങള്‍ക്കും നിയമത്തില്‍ കൃത്യമായ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

വിവാഹമോചനം നേടിയ വ്യക്തിക്ക് പുനര്‍വിവാഹം ചെയ്യാനും ഒരു നിശ്ചിത സമയത്തിന് ശേഷം വിവാഹമോചനം നേടിയ സ്ത്രീക്ക് സ്വന്തം താല്‍പര്യപ്രകാരം പുനര്‍വിവാഹം ചെയ്യാനും നിയമപരമല്ലാത്ത ഹിന്ദു വിവാഹത്തില്‍ പിറന്ന കുട്ടികളുടെ അവകാശങ്ങള്‍ നേടാനുമുള്ള അവകാശങ്ങളും നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ വന്ന തീയതി മുതലുള്ള ഹിന്ദു ആചാരപ്രകാരമുള്ള വിവാഹങ്ങള്‍ നിയമപരമായി കണക്കാക്കാനും പരാതികള്‍ കുടുംബ കോടതികളില്‍ സമര്‍പ്പിക്കാനും പുതിയ നിയമം അനുമതി നല്‍കുന്നു. നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് തടവോ 100,000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. നിയമപ്രകാരമുള്ള പരാതികള്‍ സമര്‍പ്പിക്കേണ്ടത് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്. സിന്ധ് പ്രവിശ്യയില്‍ ഒഴികെ പാകിസ്ഥാനില്‍ മുഴുവന്‍ നിയമത്തിന് സാധുതയുണ്ട്. സിന്ധ് പ്രവിശ്യ പ്രത്യേക ഹിന്ദു വിവാഹ നിയമം നിലവിലുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ സെനറ്റ് നിര്‍ദ്ദേശിച്ച ഭേദഗതികള്‍ സ്വീകരിച്ചുകൊണ്ട് മാര്‍ച്ച്-10 ദേശീയ അസംബ്ലി നിയമം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍