UPDATES

അസീമാനന്ദ കുറ്റവിമുക്തനാകുമ്പോള്‍; ഹിന്ദുത്വ ഭീകരവാദി ആക്രമണ കേസുകളുടെ ഭാവി എന്താകും?

2007ല്‍ അജ്മീറിലെ ദര്‍ഗയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ആര്‍എസ്എസ് അംഗം അസീമാനന്ദയെയും മറ്റ് ആറ് പേരെയും ബുധനാഴ്ച കോടതി കുറ്റവിമുക്തരാക്കി

2007ല്‍ അജ്മീറിലെ ദര്‍ഗയില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ആര്‍എസ്എസ് അംഗം അസീമാനന്ദയെയും മറ്റ് ആറ് പേരെയും ബുധനാഴ്ച കോടതി കുറ്റവിമുക്തരാക്കിയതോടെ ഹിന്ദുത്വ വലതുപക്ഷ തീവ്രവാദികളുടെ ആക്രമണങ്ങളും അവയ്‌ക്കെതിരെയുള്ള നിയമനടപടികളും വീണ്ടും ചര്‍ച്ച വിഷയമാകുന്നു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഇത്തരത്തിലുള്ള ഏഴ് കേസുകളാണ് അന്വേഷിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അവയുടെ ഇപ്പോഴത്തെ സ്ഥിതി ഒന്ന് പരിശോധിക്കാം.

മലേഗാവ് സ്‌ഫോടനം (2006)
2006 സെപ്തംബര്‍ എട്ടിന് മലേഗാവ് മസ്ജിദില്‍ നടന്ന സ്‌ഫോടനത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘവും സിബിഐയും കേസില്‍ ഒമ്പത് മുസ്ലീങ്ങളെ കുറ്റക്കാരായി കണ്ടെത്തി. 2011ല്‍ എന്‍ഐഎ കേസ് ഏറ്റെടുക്കുകയും നാല് ഹിന്ദു തീവ്രവാദികളെ കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. സംസ്ഥാന പ്രത്യേക അന്വേഷണ സംഘം കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഒമ്പത് മുസ്ലീങ്ങളെയും പ്രത്യേക കോടതി വെറുതെ വിട്ടു. കേസിന്റെ വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല.

സംജോത എക്‌സപ്രസ് സ്‌ഫോടനം (2007)
ഹരിയാനയിലെ പാനിപ്പത്ത് ജില്ലയിലെ ദേവാന റെയില്‍വെ സ്റ്റേഷന് സമീപം വച്ച് ദല്‍ഹിയില്‍ നിന്നും ലാഹോറിലേക്ക് പോവുകയായിരുന്ന സംജോത എക്‌സ്പ്രസില്‍ ഫെബ്രുവരി 28ന് നടന്ന സ്‌ഫോടനത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ അധികവും പാകിസ്ഥാന്‍ പൗരന്മാരായിരുന്നു. എട്ടുപേര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ഇവരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ ഒളിവിലാണ്. കേസിന്റെ വിചാരണ നടന്നുവരുന്നു.

ഹൈദരാബാദിലെ മെക്ക മസ്ജിദ് സ്ഫോടനം (2007)
മേയ് 18ന് മെക്ക മസ്ജിദിന് സമീപം നടന്ന സ്‌ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. 12ല്‍ ഏറെ മുസ്ലീങ്ങളെ ചോദ്യം ചെയ്‌തെങ്കിലും ഹൈദരാബാദ് പോലീസിന് കേസില്‍ തുമ്പുണ്ടാക്കാന്‍ സാധിച്ചില്ല. കേസ് പിന്നീട് സിബിഐയ്ക്ക് വിട്ടു. സംജോത എക്‌സപ്രസ് സ്‌ഫോടനത്തിലും പ്രതിയായ അസീമാനന്ദയെ അവര്‍ അറസ്റ്റ് ചെയ്തു. സിബിഐ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കേസ് പിന്നീട് എന്‍ഐഎയ്ക്ക് വിട്ടു. കേസില്‍ വിചാരണ നടന്നുവരുന്നു.

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം (2007)
അജ്മീറിലെ ക്വാജ മൊനുദ്ദീന്‍ ചിസ്തി ദര്‍ഗയില്‍ റംസാന്‍ കാലമായ ഒക്ടോബര്‍ പതിനൊന്നിന് ഒരു ഭക്ഷണപാത്രം പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിക്കുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് സംഭവ സ്ഥലത്തുനിന്നും മൂന്ന് ബോംബുകള്‍ കൂടി കണ്ടെടുത്തു. 2017 മാര്‍ച്ച് എട്ടിന് ജയ്പൂര്‍ കോടതി കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരണെന്ന് പ്രഖ്യാപിക്കുകയും ആര്‍എസ്എസ് നേതാവ് അസീമാനന്ദയെയും മറ്റ് ആറുപേരെയും കുറ്റവിമുക്തരാക്കുകയും ചെയ്തു.

സുനില്‍ ജോഷി കൊലപാതകം (2007)
മിക്ക ഹിന്ദുത്വ വലതുപക്ഷ തീവ്രവാദി ആക്രമണങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ആരോപിക്കപ്പെടുന്ന ഒരു തീവ്രവാദി ഹിന്ദു സംഘടനയുടെ നേതാവ് സുനില്‍ ജോഷി 2007 ഡിസംബര്‍ ഒമ്പതിന് വെടിയേറ്റ് മരിച്ചു. മധ്യപ്രദേശിലെ ദേവാസിലെ ചൗന ഖദാന്‍ പ്രദേശത്തെ ഒളിത്താവളത്തിലേക്ക് നടന്നു പോകുന്നതിനിടെയാണ് സുനില്‍ ജോഷിക്ക് വെടിയേറ്റത്. വിവിധ തീവ്രവാദി ആക്രമണങ്ങളില്‍ പ്രതികളായ പ്രഗ്യ സിംഗ് താക്കൂര്‍, ലോകേഷ് ശര്‍മ്മ, സന്ദീപ് ദാംഗെ, രാംജി കലസന്‍ഗ്ര, രാജേന്ദ്ര ഫയല്‍വാന്‍, ധാന്‍ സിംഗ്, അമിത് ചൗഹാന്‍, അസീമാനന്ദ എന്നിവരെല്ലാം ഈ സംഘത്തിലെ അംഗങ്ങളായിരുന്നു.

ഏതെങ്കിലും വിശാല ഹിന്ദുത്വ തീവ്രവാദ ഗൂഢാലോചനയുടെ ഭാഗമാണ് സുനില്‍ ജോഷിയുടെ കൊലപാതകമെന്നതിന് തങ്ങള്‍ക്ക് തെളിവുകളൊന്നും ലഭിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി എന്‍ഐഎ കേസ് മധ്യപ്രദേശ് പോലീസിന് കൈമാറി. പ്രഗ്യ സിംഗ് താക്കൂറിനോട് ജോഷി അപമര്യാദയായി പെരുമാറുന്നതില്‍ അസന്തുഷ്ടരായ സ്വന്തം സംഘടനയിലെ അംഗങ്ങള്‍ തന്നെയാണ് അയാളെ വകവരുത്തിയതെന്ന് ഏജന്‍സി ആരോപിച്ചിരുന്നു. 2017 ഫെബ്രുവരി ഒന്നിന് അവസാനിച്ച വിചാരണയില്‍ പ്രഗ്യ സിംഗ് താക്കൂര്‍ ഉള്‍പ്പെടെയുള്ള എട്ട് പ്രതികളെയും കോടതി വെറുതെ വിട്ടു.

മലേഗാവ്, മൊദാസ ഇരട്ട സ്‌ഫോടനം (2008)
മഹാരാഷ്ട്രയിലെ മലേഗാവിലും ഗുജറാത്തിലെ മൊദാസയിലും 2008 സെപ്തംബര്‍ 29ന് ഇരട്ട സ്‌ഫോടനം നടന്നു. സ്ഥലത്ത് നിറുത്തിയിട്ടിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ചിരുന്ന ബോംബുകളാണ് ഇരുസ്ഥലത്തും പൊട്ടിത്തെറിച്ചത്. രണ്ട് സംഭവങ്ങളിലുമായി എട്ടുപേര്‍ കൊല്ലപ്പെട്ടു.

പ്രഗ്യ സിംഗ് ടാക്കൂറിനെയും കരസേന ഉദ്യോഗസ്ഥനായ ലഫ്റ്റന്റ് കേണല്‍ പ്രസാദ് ശ്രീകാന്ത് പുരോഹിതനെയും മഹാരാഷ്ട്ര പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് കേസ് അന്വേഷിച്ച എന്‍ഐഎ പ്രഗ്യ സിംഗ് ടാക്കൂറിനെതിരായ കുറ്റങ്ങള്‍ പിന്‍വലിച്ചു. കേസില്‍ വിചാരണ കേള്‍ക്കുന്ന പ്രത്യേക കോടതി ഇതില്‍ തീരുമാനം എടുത്തിട്ടില്ല. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മൊദാസ സ്‌ഫോടന കേസ് എന്‍ഐഎ അവസാനിപ്പിച്ചു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍