UPDATES

ഓഫ് ബീറ്റ്

ഞങ്ങള്‍ ഗോരഖ്‌നാഥന്റെ സ്വന്തം മുസ്ലീം യോഗിമാര്‍; ഇന്നിത് പറയാന്‍ പേടിയാണ്

നേരത്തെ മുസ്ലീം യോഗികള്‍ ഗോരഖ്‌നാഥ് ക്ഷേത്രം സന്ദര്‍ശിക്കുകയും ‘ബന്ധാരെ’ എന്ന ചടങ്ങ് നടത്തുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ഷേത്രവുമായുള്ള അവരുടെ ബന്ധം മുറിഞ്ഞ് പോയിരിക്കുന്നു.

കിഴക്കന്‍ ഉത്തര്‍പ്രദേശില്‍, നാഥ് വിഭഗത്തിലെ അംഗങ്ങളെ പോലെ കാവി ഗുഡ്രി അല്ലെങ്കില്‍ കാന്ത ധരിച്ച് തങ്ങളുട സാരംഗിയുമായി ഗ്രാമങ്ങള്‍ തോറും അലഞ്ഞ് നടന്ന്, ഗോരഖ്‌നാഥന്റെ സ്വാധീനത്തില്‍ ഗോപീചന്ദ്രയും രാജ ബര്‍ത്താരിയും എങ്ങനെ സന്യാസിമാരായി എന്ന് വിവരിക്കുന്ന നാടോടിപ്പാട്ടുകള്‍ പാടുന്ന മുസ്ലീം യോഗികള്‍ നിരവധി ഗ്രാമങ്ങളില്‍ താമസിക്കുന്നു. ഗ്രാമീണര്‍ അവര്‍ക്ക് ഭക്ഷണവും വസ്ത്രവും ഭിക്ഷയായി നല്‍കുകയും തങ്ങളുടെ പാട്ടുകളില്‍ ഗോരഖ്‌നാഥനെ സ്തുതിക്കുന്നത് വികാരവായ്‌പ്പോടെ കേട്ടിരിക്കുകയും ചെയ്യുമായിരുന്നു.

ആരാണ് ഈ യോഗികള്‍? ഗോരഖ്‌നാഥന്റെ സ്വാധീനമുള്ള നാഥ് അവാന്തരവിഭാഗവുമായി ഇവര്‍ക്ക് എന്താണ് ബന്ധം? വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അവരുടെ ചരിത്രം അറിയാവൂ. ഒരിക്കല്‍ ഇത്തരം മുസ്ലീം യോഗികള്‍ ഒരു സാധാരണ കാഴ്ചയായിരുന്നു. പക്ഷെ, ഇപ്പോഴല്ല.

നാഥ് വിഭാഗത്തെ കുറിച്ചുള്ള തന്റെ പുസ്തകത്തില്‍ പ്രമുഖ ഹിന്ദു എഴുത്തുകാരനായ ഹസാരി പ്രസാദ് ദ്വിവേദി, ഈ മുസ്ലീം യോഗി വിഭാഗത്തെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ‘നാഥ് വിഭാഗത്തെ പിന്തുടരുന്ന പലരും കുടുംബ ജീവിതം സ്വീകരിച്ചവരാണ്. എല്ലാ നെയ്ത്ത് സമുദായങ്ങളിലും ഉള്‍പ്പെടെ രാജ്യത്തെമ്പാടും ഇത്തരം സമൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അവരില്‍ മുസ്ലീം യോഗികളും ഉള്‍പ്പെടുന്നു. പഞ്ചാബില്‍, ഇത്തരം യോഗി കുടുംബങ്ങളെ റാവല്‍ എന്നാണ് വിളിക്കുന്നത്. ഭക്ഷണം സമ്പാദിക്കുന്നതിനായി അവര്‍ ഭിക്ഷ തെണ്ടുകയും മന്ത്രികവിദ്യകള്‍ പ്രദര്‍ശിപ്പിക്കുകയും, കൈനോക്കി ഭാവി പ്രവചിക്കുകയും ചെയ്യും. ബംഗാളിലാകട്ടെ, ജൂഗികള്‍ അല്ലെങ്കില്‍ ജോഗികള്‍ എന്ന് വിളിക്കപ്പെടുന്ന നിരവധി സമുദായങ്ങളുണ്ട്. അവധ്, കാശി, മഗദ, ബംഗാള്‍ എന്നിവടങ്ങളിലെമ്പാടുമായി വലിയ ഒരു വിഭാഗം യോഗികള്‍ പടര്‍ന്നുകിടക്കുന്നു. അധികവും പരുത്തി നൂല്‍ നൂല്‍ക്കുന്നവരോ നെയ്ത്തുകാരോ ആയി ജോലി ചെയ്യുന്ന ഇവര്‍ക്കെല്ലാം കുടുംബമുണ്ട്. ബ്രാഹ്മണ്യ സംവിധാനത്തില്‍ അവര്‍ക്കൊരു സ്ഥാനവുമില്ല.’

ബംഗാളിലെ രംഗ്പൂര്‍ ജില്ലയിലെ യോഗികള്‍ വസ്ത്രം നെയ്ത്തുകാരും ചായം മുക്കുന്നവരും ചുണ്ണാമ്പ് ഉല്‍പാദിപ്പിക്കുന്നവരുമാണെന്ന് ദ്വിവേദി എഴുതുന്നു. ഇവര്‍ക്കിടയില്‍ ഗോരഖ്‌നാഥും ധീര്‍നാഥും ഛായാനാഥും രഘുനാഥും സുപ്രധാന സ്ഥാനം വഹിക്കുന്നവരാണ്. അവരുടെ ഗുരുക്കന്മാരും പുരോഹിതന്മാരും ബ്രഹ്മണരല്ല, മറിച്ച് സ്വന്തം സമുദായത്തില്‍ നിന്നുള്ളവരാണ്. ദീക്ഷ സ്വീകരിക്കുന്ന സമയത്ത് ഒരു കഠാര ഉപയോഗിച്ച് ചെവി തുളച്ചുണ്ടാക്കുന്ന ദ്വാരത്തില്‍ വട്ടത്തിലുള്ള കമ്മലുകള്‍ ധരിക്കുന്ന പാരമ്പര്യം ഇവര്‍ക്കുണ്ട്. മരണത്തിന് അവര്‍ സമാധി എന്നാണ് പറയുക.

പഞ്ചാബിലെ റാവലുകളെ പോലെ തന്നെ ഹൈദരാബാദില്‍ നിന്നുള്ള നാഥ് യോഗികളായ ഡാവ്രിമാരും കുടുംബ ജീവിതം സ്വീകരിച്ചവരാണ്. കൊങ്കണ്‍ മേഖലയിലുള്ള ഗോസായിമാരും ഈ വിഭാഗവുമായി ബന്ധപ്പെട്ടവരാണെന്ന് അവകാശപ്പെടുന്നു. ഇവരുമായി ബന്ധപ്പെട്ട മറ്റ് സമുദായങ്ങള്‍ ബരാര്‍, ഗുജറാത്ത, മഹാരാഷ്ട്ര, കര്‍ണാടക, ദക്ഷിണേന്ത്യയുടെ മറ്റ് ഭാഗങ്ങള്‍ എന്നിവിടങ്ങളിലായി പടര്‍ന്ന് കിടക്കുന്നു.

1891 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ 214,546 യോഗികള്‍ ഉണ്ടെന്നാണ് ‘ഗോരഖ്‌നാഥ് ആന്റ് ദ കന്‍പതാ യോഗീസ്’ എന്ന തന്റെ പുസ്തകത്തില്‍ ജോര്‍ജ്ജ് വെസ്റ്റണ്‍ ബ്രിഗ്‌സ് പറയുന്നത്. ആഗ്രയിലെ അവാധ് പ്രവിശ്യയില്‍ മാത്രം 5,139 ഓഹാറുകളും 28,816 ഗോരഖ്‌നാഥുമാരും 78,387 യോഗികളും ഉണ്ടായിരുന്നു. ധാരാളം മുസ്ലീം യോഗികളും ഉണ്ടായിരുന്നതായി ആ കണക്കുകളില്‍ പറയുന്നു. പഞ്ചാബില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആ വര്‍ഷം 38,137 മുസ്ലീം യോഗികളാണ് ഉണ്ടായിരുന്നത്.

1921 ലെ സെന്‍സസ് പ്രകാരം, 629,978 ഹിന്ദു യോഗികളും 31,158 മുസ്ലീം യോഗികളും 141,132 ഹിന്ദു ഫക്കീര്‍മാരും ഉണ്ടായിരുന്നു എന്നാണ് കണക്ക്. എന്നാല്‍ പിന്നീട് വന്ന സെന്‍സസുകളില്‍ സമുദായങ്ങളെ തിരിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായില്ല. തന്റെ പുസ്തകത്തില്‍ ഈ സമൂഹത്തെ കുറിച്ച് വളരെ വിസ്തൃതമായ വിശദീകരണങ്ങളാണ് ബ്രിഗ്‌സ് നല്‍കിയിട്ടുള്ളത്.

ഗോരഖ്‌നാഥന്റെയും ഭര്‍ത്താരിയുടെയും ഭക്തരാണെന്ന് സ്വയം പ്രഖ്യാപിക്കുന്നവരും നാഥ് വിഭാഗവുമായി സ്വയം ബന്ധപ്പെടുത്തുന്നവരുമായ മുസ്ലീം യോഗിമാര്‍ ഇപ്പോഴും ഉണ്ട്. ഗോരഖ്പൂര്‍, കുശിനഗര്‍, ദേവാരിയ, സന്ത് കബീര്‍ നഗര്‍, അസംഗഢ്, ബല്‍റാംപൂര്‍ എന്നീ ഗ്രാമങ്ങളിലാണ് അവര്‍ ജീവിക്കുന്നത്. പക്ഷെ സമുദായത്തിനകത്ത് നിന്നും പുറത്തു നിന്നുമുള്ള സമ്മര്‍ദങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനാല്‍ അവര്‍ തങ്ങളുടെ പാരമ്പര്യം ഇപ്പോള്‍ ഉപേക്ഷിക്കുകയാണ്. സാമുദായിക കലാപങ്ങളും വിഭാഗീയതയും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കാവി ധരിക്കാന്‍ യോഗിമാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഈ പാരമ്പര്യത്തെ യുവതലമുറ തള്ളിക്കളയുകയും ഭിക്ഷാടനത്തിന്റെ മറ്റൊരു രൂപമാണ് ഇതെന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നു. മറുവശത്താകട്ടെ, തങ്ങള്‍ രാഷ്ട്രീയ വിദ്വേഷത്തിന് അടിസ്ഥാനമാക്കിയിരിക്കുന്ന അതേ ആചാരവും തത്വശാസ്ത്രവും ഈ മുസ്ലീം യോഗികള്‍ പിന്തുടരുന്നതിനാല്‍ ഇവരെ ഒരു ഭീഷണിയായി ഹിന്ദുത്വ വാദികള്‍ കാണുന്നു.

2007ല്‍ ഞാന്‍ മുസ്ലീം യോഗികളെ കുറിച്ച് ഗവേഷണം ആരംഭിച്ച സമയത്ത്, ഗോരഖ്പൂരിലെ ബാദ്‌ഗോ ഗ്രാമത്തില്‍ താമസിക്കുന്ന മുസ്ലീം യോഗികളെ കുറിച്ച് ഒരു സന്ത് കബീര്‍ പാന്ത് അനുയായി എനിക്ക് വിവരം നല്‍കി. ഞങ്ങള്‍ അവിടെ എത്തുകയും ഗ്രാമത്തിന് പുറത്തുള്ള നിരവധി യുവാക്കളുമായി സംസാരിക്കുകയും ചെയ്തു. മുസ്ലീങ്ങളായിട്ടും യോഗിമാര്‍ കാവി വസ്ത്രം ധരിക്കുന്നതില്‍ തങ്ങള്‍ക്കുള്ള പുച്ഛം അവര്‍ പ്രകടിപ്പിച്ചു. യോഗിമാര്‍ ഈ ആചാരം അവസാനിപ്പിച്ചെങ്കില്‍ എന്നവര്‍ ആഗ്രഹം പ്രകടിപ്പിച്ചു. അവരെല്ലാവും ഹിന്ദുക്കളായിരുന്നു എന്ന് മാത്രമല്ല അവരില്‍ ചിലര്‍ ഹിന്ദു യുവ വാഹിനിയുടെ പ്രവര്‍ത്തകരുമായിരുന്നു.

ബാഗ്‌ദോ ഗ്രാമത്തിലെ 75 കുടുംബങ്ങളില്‍ ഏകദേശം 24 എണ്ണം യോഗിമാരുടേതാണ്. ബക്ഷീഷ് അവരില്‍ ഒരാളാണ്. ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ അദ്ദേഹം വയലില്‍ പണിയെടുക്കുകയായിരുന്നു. 35കാരനായ ഈ യോഗിയുടെ പിതാവ് ദില്‍ഷാഫിയും ഭാര്യപിതാവ് അലി ഹസനും യോഗിമാരാണ്. ഭര്‍ത്താരിയെയും ഗോപിചന്ദിനെയും പ്രകീര്‍ത്തിക്കുന്ന ഗാനങ്ങളും കബീര്‍ ഭജനുകളും അവരാണ് ബക്ഷീഷിനെ പഠിപ്പിച്ചത്.

ബക്ഷീഷിന് സ്വന്തമായി കൃഷിഭൂമിയില്ല. സമുദായത്തിലെ മറ്റ് അംഗങ്ങള്‍ക്ക് ഇഷ്ടമല്ലാത്തതിനാല്‍ യോഗിയായി തുടരാന്‍ അദ്ദേഹം ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ രണ്ട് തലമുറയായി കുടുംബ സ്വത്തായ ഒരു സാരംഗി അദ്ദേഹത്തിന്റെ കൈവശമുണ്ടെങ്കിലും അത് ഞങ്ങളെ കാണിക്കാന്‍ അദ്ദേഹം തയ്യാറായില്ല. വളരെ നിര്‍ബന്ധിച്ചപ്പോള്‍ കുടുംബ വീട്ടിലേക്ക് പോയിരിക്കുന്ന ഭാര്യ സാരംഗി മുറിയില്‍ വച്ച് പൂട്ടി താക്കോലുമായി പോയിരിക്കുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. തന്റെ അസാന്നിധ്യത്തില്‍ ഭര്‍ത്താവ് സാംരഗിയുമായി തെരുവില്‍ ഭക്തിഗാനങ്ങളും ഭജനുകളും പാടി നടക്കുന്നത് അവര്‍ക്ക് ഇഷ്ടമല്ല.

ബക്ഷീഷും മറ്റ് യോഗിമാരും ഈ പാരമ്പര്യം അവസാനിപ്പക്കണം എന്നും മറ്റ് ജോലികള്‍ തേടിപ്പോകണമെന്നുമാണ് ഗ്രാമത്തലവന്‍ മുക്താര്‍ അഹമ്മദിന്റെയും അഭിപ്രായം. ഇവര്‍ സാരംഗി ഉപേക്ഷിക്കുകയും പണിയായുധങ്ങള്‍ കൈയിലെടുക്കുകയും ചെയ്യുമെന്ന പ്രതീക്ഷയില്‍ അവര്‍ക്ക് താന്‍ തൊഴില്‍ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വളരെ നേരത്തെ നിര്‍ബന്ധത്തിന് ശേഷം, രാജപദവി ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച രാജഭര്‍തൃഹരിയുടെ നാടോടിക്കഥ പറയുന്ന ഒരു ഭജന്‍ ഞങ്ങള്‍ക്ക് വേണ്ടി പാടാമെന്ന് ബക്ഷീഷ് സമ്മതിച്ചു. ജാപ്പ് എന്ന് അദ്ദേഹം വിളിക്കുന്ന ഗോരഖ്‌നാഥിനെ പ്രകീര്‍ത്തിക്കുന്ന ഒരു പദം അദ്ദേഹം മൂളി.

സമീപ ഗ്രാമത്തിലുള്ള യോഗി ഹമീദ് വളരെ നന്നായി പാടുമെന്ന് ഞങ്ങള്‍ക്ക് വിവരം കിട്ടി. ഹമീദിന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ ഞങ്ങളെ സ്വീകരിച്ചു. ഹമീദ് നാല് വര്‍ഷം മുമ്പ് മരിച്ചുപോയി എന്ന് ഞങ്ങളോട് പറഞ്ഞു. തന്റെ ജീവിതകാലത്തുടനീളം അദ്ദേഹം ഗോപിചന്ദിന്റെയും ഭര്‍ത്താരിയുടെയും ഭജനുകള്‍ പാടിയിരുന്നു. വളരെ പഴയ ഒരു സാരംഗി അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നു. യുവാക്കള്‍ ഈ പാരമ്പര്യവുമായി മുന്നോട്ട് പോകാനുള്ള തയ്യാറല്ലാത്തതിനാല്‍ തന്റെ സാരംഗി എന്തു ചെയ്യും എന്ന് രോഗിയായി തീര്‍ന്നപ്പോള്‍ അദ്ദേഹം ഭാര്യയോട് ചോദിച്ചു. അയാല്‍ പാരമ്പര്യം തുടരും എന്ന പ്രതീക്ഷയില്‍ ഹമീദ് തന്റെ സാരംഗി ‘പട്ടിദാറി’ന് നല്‍കി. വീട്ടുസാധനങ്ങള്‍ വില്‍ക്കുന്ന ഒരു തെരുവ് കച്ചവടക്കാരനാണ് ഹമീദിന്റെ പുത്രന്‍.

മടക്കയാത്രയില്‍ ബാഗ്‌ദോ ഗ്രാമത്തില്‍ നിന്നുള്ള കാലു ജോഗിയെ ഞങ്ങള്‍ കണ്ടുമുട്ടി. ബംഗാളിലെ രാജ ഗോപിചന്ദിന് ഗോരഖപൂരില്‍ ഉണ്ടായിരുന്ന സ്വാധീനത്തെ കുറിച്ചുള്ള ഒരു നാടോടി ഗാനം അദ്ദേഹം പാടിക്കൊണ്ടിരിക്കുകയായിരുന്നു. യോഗി പാരമ്പര്യത്തെ കുറിച്ചുള്ള ഒരു പഠനത്തിലാണ് ഞങ്ങള്‍ എന്ന് പറഞ്ഞപ്പോള്‍, ഞങ്ങള്‍ക്ക് വേണ്ടി പാടാമെന്ന് അദ്ദേഹം മനസില്ലാമനസ്സോടെ സമ്മതിച്ചു. എന്താണ് യോഗിയുടെ വേഷം ധരിക്കാത്തതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം ഒന്ന് മടിച്ചു. സാരംഗി താഴെ വച്ച ശേഷം അദ്ദേഹം ചോദിച്ചു, ‘ഞാന്‍ എന്ത് ചെയ്യണമെന്നാണ് നിങ്ങള്‍ പറയുന്നത്? എന്തെങ്കിലും സംഭവിച്ചാല്‍ എന്ത് ചെയ്യും?’

‘എന്ത് സംഭവിക്കാന്‍?’

‘നിങ്ങള്‍ക്ക് മനസിലാവില്ല?’ അദ്ദഹം പറഞ്ഞു.

വളരെ നിര്‍ബന്ധിച്ചപ്പോള്‍ തന്റെ ഗുഡ്രി ധരിക്കാനും തലയില്‍ ഒരു കാവി സാഫ കെട്ടാനും അദ്ദേഹം തയ്യാറായി. അദ്ദേഹം സാരംഗി വായിക്കാന്‍ ആരംഭിച്ചതോടെ തടയാനായി അദ്ദേഹത്തിന്റെ ഭാര്യ പുറത്തേക്ക് വന്നു. പേടിക്കേണ്ടന്ന് ഭാര്യയോട് പറഞ്ഞ ശേഷം സാരംഗിയുടെ ചില തന്തികള്‍ മുറുക്കി അദ്ദേഹം പാടാന്‍ ആരംഭിച്ചു.

‘അരേ രാം കി മായി ബന്‍വ ബേജ്വാലു
ഭാരത് കെ ദേഹ്ലു രാജഗഢി
ബാദ്വ മായി രാം കഹിയ ലെ ആയിയാന്‍
അരെ പാട്ജഹാര്‍ ബായിയെ മേന്‍ ഫുല്‍വോ ന ഫുലേല
ബാന്‍വ്രോണ്‍ നെ ഖിലേല
ബാദ്വ മായി രാം കഹിയാ ലെ ആയിയാന്‍’

(അമ്മേ! നിങ്ങള്‍ രാമനെ കാട്ടിലേക്കയയ്ക്കുകയും ഭരതന് സിംഹാസനം നല്‍കുകയും ചെയ്തു. അതെന്നെ ദുഃഖിപ്പിക്കുന്നു. എന്നാണ് രാമന്‍ മടങ്ങിയെത്തുക? അദ്ദേഹമില്ലാതെ മറ്റൊന്നും എന്നെ സന്തോഷിപ്പിക്കുന്നില്ല. പൂന്തോട്ടത്തില്‍ പൂക്കള്‍ വിടരുകയോ വണ്ടുകള്‍ അവയുടെ ചുറ്റും മൂളുകയോ ചെയ്യുന്നില്ല. അമ്മ എന്നോട് പറയൂ, രാമനെന്താണ് മടങ്ങിയെത്തുക?)

രാമന്‍ നാടുകടത്തപ്പെട്ടതിനെ കുറിച്ചുള്ള ഒരു ഭജനാണിത്. ഗോപീചന്ദ്-ഭര്‍ത്താരി നടോടിക്കഥകള്‍ക്ക് പുറമെ കേള്‍വിക്കാരുടെ ആവശ്യപ്രകാരം യോഗികള്‍ ഭജനും ആലപിക്കാന്‍ തുടങ്ങി. ചിലര്‍ ശങ്കര-പാര്‍വതി വിവാഹത്തെ കുറിച്ചു രാമകഥയും പാടി. പക്ഷെ ഗോരഖ്‌നാഥനും ഗോപിചന്ദനും ഭര്‍ത്താരിക്കുമായിരുന്നു എപ്പോഴും പ്രാധാന്യം.

‘ഇത് മോശം കാലമാണ്. ഞങ്ങള്‍ മുസ്ലീങ്ങളാണെങ്കിലും ഞങ്ങളുടെ വീടുകളില്‍ ഖുറാനൊപ്പം രാമായണവും സൂക്ഷിക്കുന്നു. ബാബ ഗോരഖ്‌നാഥന്റെയും അദ്ദേഹത്തിന്റെ ശിക്ഷ്യന്മാരായ ഗോപിചന്ദ്, ഭര്‍ത്താരി എന്നിവരുടെയും കഥകള്‍ ഞങ്ങള്‍ വിവരിക്കുന്നു. മുമ്പ് ഞങ്ങള്‍ യോഗിമാര്‍ മാത്രമായിരുന്നു. ഞങ്ങള്‍ ഹിന്ദുക്കളാണോ മുസ്ലീങ്ങളാണോ എന്ന് ആരും ഞങ്ങളോട് ചോദിച്ചില്ല. പക്ഷെ ഇന്ന് വല്ലാത്ത പേടിയാണ്. എവിടെപ്പോയാലും ഞങ്ങളുടെ ജാതി ഏതാണ് എന്നാണ് ചോദ്യം,’ എന്ന് മറ്റൊരു യോഗിയായ ഖാസിം പറയുന്നു.

‘എന്തെങ്കിലും അഹിതമായത് സംഭവിക്കുമെന്നോ അല്ലെങ്കില്‍ എന്തുകൊണ്ടാണ് ഞങ്ങള്‍ കാവി ധരിക്കുന്നതെന്നോ അതുമല്ലെങ്കില്‍ എന്തുകൊണ്ടാണ് സാരംഗിയില്‍ ഞങ്ങള്‍ ഗോരഖ്‌നാഥനെ സ്തുതിക്കുന്നതെന്നോ ആരെങ്കിലും ചോദിക്കുമെന്ന് ഞങ്ങള്‍ ഭയക്കുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാനിന്ന് സാരംഗി കൈകൊണ്ട് തൊടുന്നത്.’

‘കെഹു നാ ചിംഗി ഗോപിചന്ദ്
കെഹു നാ ചിംഗി
മാ നാ ചിംഗി
ബാഹിന നാ ചിംഗി
ജോഗി കാ സുരാതിയ നാഹിന്‍ വിര്‍ന
ബാഹിന്യ നഹീം ചിംഗേലെ’

(ഗോപീചന്ദ് ഒരു യോഗിയായി മാറി. ഒരു യോഗിയുടെ വേഷത്തില്‍ വീട്ടില്‍ മടങ്ങിയെത്തി അദ്ദേഹം ഭിക്ഷ തേടി. അദ്ദേഹത്തിന്റെ അമ്മയോ സഹോദരിയോ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല.)

ഗോരഖ്പൂരിലെ മറ്റ് ചില ഗ്രാമങ്ങളായ ബിതി, മഹേഷ്പൂര്‍, സെമ്ര, ചേക്രി എന്നിവിടങ്ങളില്‍ നാഥ് പാരമ്പര്യം മുന്നോട്ട് കൊണ്ടു പോകുന്ന മുസ്ലീം യോഗികളെ കുറിച്ച് കാലു ജോഗി ഞങ്ങളോട് പറഞ്ഞു.

2008ല്‍, മുസ്ലീം യോഗികളെ കാണുന്നതിനായി ദേവാരിയ ജില്ലയിലെ രുദ്രപൂര്‍ പ്രദേശത്തെ ജഗത് മാന്‍ജ ഗ്രാമത്തിലേക്ക് ഞങ്ങള്‍ പോയി. പതിനഞ്ച് യോഗി കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. സലാവുദ്ദീനെ അവിടെ വച്ച് ഞങ്ങള്‍ പരിചയപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഷാഫി ഒരു യോഗിയാണ്. വീട്ടില്‍ ഷാഫി ഒറ്റയ്ക്കല്ല. അദ്ദേഹം പാടുന്നത് കേള്‍ക്കാന്‍ സാധിക്കുമോ എന്ന് സലാവുദ്ദീനോട് ചോദിച്ചപ്പോള്‍ അദ്ദേഹം അസ്വസ്ഥനായി. അദ്ദേഹം അത് സമ്മതിക്കില്ലെന്ന് സലാവുദ്ദീന്‍ പറഞ്ഞു. ‘അത് അപമാനമായി കരുതപ്പെടുന്നു. അതിനാല്‍ ഞാന്‍ പിതാവിനെ ജോലിക്കായി അകലേക്ക് അയച്ചു,’ അദ്ദേഹം പറഞ്ഞു.

താന്‍ ഒരു ഗായകസംഘത്തിന് രൂപം നല്‍കിയതായും വിവാഹവേളകളില്‍ പാടാറുണ്ടെന്നും ഗ്രാമത്തിലെ മറ്റൊരു മുസ്ലീം യോഗിയായ കാസിം എന്ന് വിളിക്കപ്പെടുന്ന ഡോ. ദുര്‍ഗ പറഞ്ഞു. ‘ഞങ്ങള്‍ക്ക് കൃഷി ചെയ്യാന്‍ ഭൂമിയില്ല. പിന്നെ എങ്ങനെയാണ് ഞങ്ങള്‍ ജീവിക്കുക?’ അദ്ദേഹം ചോദിക്കുന്നു. ഞങ്ങള്‍ വേണ്ടി പാടാന്‍ കാസിമിനോട് ആവശ്യപ്പെട്ടപ്പോള്‍, ഒരു കുട്ടിയോട് തന്റെ സാരംഗി എടുത്തുവരാന്‍ പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം അത് വേണ്ടെന്ന് വെക്കുകയായിരുന്നു.

മുസ്ലീം യോഗികള്‍ വായിക്കുന്ന സാരംഗി ഗോപിചന്ദ് കണ്ടുപിടിച്ചതാണെന്നാണ് വിശ്വാസം. പല്ലവരുമായി ബന്ധമുണ്ടായിരുന്ന ബംഗാളിലെ രാജ മാണിക്ചന്ദ്രയുട പുത്രനാണ് ഗോപിചന്ദ്.

പഞ്ചാബ് സര്‍വകലാശാല ലൈബ്രറിയിലുള്ള ലിഖിതരേഖകളുടെ അടിസ്ഥാനത്തില്‍ ഗോപീചന്ദും അമ്മയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍ ‘ഉഡാസ് ഗോപിചന്ദ് ഗാഥ, ഗോരഖ്പാഡ്’ എന്നൊരു അദ്ധ്യായം തന്റെ പുസ്തകത്തില്‍ ഡോ. മോഹന്‍ സിംഗ് എഴുതിയിട്ടുണ്ട്. മിക്ക മുസ്ലീം യോഗികളും തങ്ങളുടെ പാട്ടുകളില്‍ ഈ ഭാഗം വിവരിക്കുന്നു. ചില പാട്ടുകളില്‍ ഗോപിചന്ദിനെ ബംഗാളിലെ രാജാവായി ചിത്രീകരിക്കുന്നു. ഗോരഖ്‌നാഥില്‍ നിന്നും ദീക്ഷ സ്വീകരിച്ച അദ്ദേഹത്തിന്റെ അമ്മ, മകന്‍ രാജാവായതിന് ശേഷം യോഗിയാവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്നാണ് കഥ.

മുസ്ലീം യോഗികള്‍ പാടുന്ന ഭര്‍ത്താരി ചരിതം ആദ്യം പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത് ഹൗറയിലെ ദൂത്‌നാഥ് പ്രസായിരുന്നു. ഉജ്ജെയിനിയിലെ രാജാവായിരുന്ന ഇന്ദ്രസെന്നിന്റെ ചെറുമകനും രാജ ചന്ദ്രസെന്നിന്റെ പുത്രനുമായിരു്‌നന ഭര്‍ത്താരി എന്നാണ് പുസ്തകത്തില്‍ പറയുന്നത്.

സിംഹള രാജകുമാരിയായിരുന്ന സാംദേയിയെ ആണ് രാജ ഭര്‍ത്താരി വിവാഹം കഴിച്ചത്. ഗോരഖ്‌നാഥിനെ കണ്ടതോടെ ഭര്‍ത്താരി ഒരു യോഗിയായി മാറി. ഭര്‍ത്താരിയും സാംദേയിയും തമ്മിലുള്ള സംഭാഷണങ്ങള്‍ നടോടിപ്പാട്ടുകളിലുണ്ട്. അത്തരം പാട്ടുകളിലൊന്നില്‍, വിവാഹബന്ധം മറക്കുകയും യോഗിയായി തീരുകയും ചെയ്തതിന് ഭര്‍ത്താരിയെ സാംദേയി കുറ്റപ്പെടുത്തുന്നു.

‘ഭര്‍ത്താരിയുടെ ജീവചരിത്രവുമായി ബന്ധപ്പെട്ട രണ്ട് പുസ്തകങ്ങളാണ് യോഗികളുടെ കൈയിലുള്ളത്,’ എന്ന് കുശിനഗര്‍ ഗ്രാമത്തിലെ 72 കാരനായ യോഗി സര്‍ദാര്‍ ഷാ ഞങ്ങളോട് പറഞ്ഞു. ഭര്‍ത്താരി ചരിതവും ഭര്‍ത്താരി ഹരിയും. രണ്ടാമത്തെ പുസ്തക പ്രകാരം പിംഗ്ലയാണ് ഭര്‍ത്താരിയുടെ ഭാര്യ. അതാണ് യഥാര്‍ത്ഥമെന്ന് ഷാ കരുതുന്നു. മസ്ലീം യോഗികള്‍ ഒറ്റയ്‌ക്കോ അല്ലെങ്കില്‍ നാലോ അഞ്ചോ പേരടങ്ങുന്ന ഒരു സംഘമായോ ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ കറങ്ങി നടക്കുമെന്ന് ഷാ ഞങ്ങളോട് പറഞ്ഞു. ചെറുപ്പകാലത്ത് അദ്ദേഹം ദീര്‍ഘദൂരം സഞ്ചരിച്ചിട്ടുണ്ട്.

ഗോരഖ്‌നാഥുമായുള്ള ബന്ധത്തിന്റെ പേരില്‍ മുസ്ലീം യോഗികള്‍ക്ക് പശ്ചിമ ബംഗാളില്‍ നല്ല ബഹുമാനം ലഭിക്കാറുണ്ട്. ഭിക്ഷയായി വലിയ തുകകള്‍ ആളുകള്‍ നല്‍കുന്നു. പക്ഷെ സര്‍ക്കാരിന്റെ ഉദാസീനത അദ്ദേഹത്തെ അസ്വസ്ഥനാക്കുന്നു. ‘നിലവാരമില്ലാത്ത പാട്ടുകള്‍ പാടുന്നവര്‍ ആഘോഷിക്കപ്പെടുമ്പോള്‍, ഞങ്ങളെ പോലുള്ള യഥാര്‍ത്ഥ കലാകാരന്മാരെ ശ്രദ്ധിക്കാന്‍ ആരുമില്ലാതാകുന്നു,’ അദ്ദേഹം പറഞ്ഞു.

ഈ ആത്മീയ ആചാരത്തിന്റെ ഭാഗമാകാന്‍ സര്‍ദാര്‍ ഷായുടെ പുത്രനോ ചെറുമകനോ തയ്യാറായില്ല. ഒരു ടാക്‌സി ഡ്രൈവറായ അദ്ദേഹത്തിന്റെ മകന് ഗോപിചന്ദ്-ഭര്‍ത്താരി നാടോടിക്കഥയിലോ സാരംഗി വായിക്കുന്നതിലോ ഒരു താല്‍പര്യവുമില്ല. മാത്രമല്ല, ഈ പരിപാടി നിറുത്താന്‍ അദ്ദേഹം തന്റെ പിതാവിനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. പക്ഷെ താന്‍ ജീവിച്ചിരിക്കുന്നിടത്തോളം ഈ പാരമ്പര്യം നിലനിറുത്തും എന്ന ദൃഢനിശ്ചയത്തിലാണ് ഷാ.

നേരത്തെ മുസ്ലീം യോഗികള്‍ ഗോരഖ്‌നാഥ് ക്ഷേത്രം സന്ദര്‍ശിക്കുകയും ‘ബന്ധാരെ’ എന്ന ചടങ്ങ് നടത്തുകയും ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ഷേത്രവുമായുള്ള അവരുടെ ബന്ധം മുറിഞ്ഞ് പോയിരിക്കുന്നു. 1935ല്‍ ദിഗ്വിജയ് നാഥ് മഹന്തായി തിരഞ്ഞെടുക്കപ്പെട്ടതോടെ ഗോരഖ്‌നാഥ ക്ഷേത്രം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കേന്ദ്രമായി മാറി. മഹന്ത് അവൈദ്യനാഥും മഹന്ത് ആദിത്യനാഥും ആ പാരമ്പര്യം പിന്തുടര്‍ന്നു. ഇത്തരം സാഹചര്യങ്ങളില്‍ നാഥ് സമൂഹത്തില്‍ നിന്നും മുസ്ലീം യോഗികള്‍ അകന്നുനില്‍ക്കുന്നത് സ്വാഭാവികം മാത്രം.

ഗോരഖ്‌നാഥും നാഥ് അവാന്തരവിഭാഗവും
ശിവനാണ് നാഥ് വിഭാഗം സ്ഥാപിച്ചതെന്നാണ് വിശ്വാസം. ശിവന്റെ ശിഷ്യനായിരുന്ന മത്സ്യേന്ദ്രനാഥ് തന്റെ ജ്ഞാനം അദ്ദേഹത്തിന്റെ ശിഷ്യനായ ഗോരഖ്‌നാഥിന് കൈമാറുകയായിരുന്നു.

ഗോരഖ്‌നാഥ് പ്രോത്സാഹിപ്പിച്ച പന്ത്രണ്ട് വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് നാഥ് വിഭാഗം. ഈ വിഭാഗത്തില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ പേരിനൊപ്പം നാഥ് എന്ന് ചേര്‍ക്കുന്നു. കാത് കുത്തുന്നതിനാല്‍ കന്‍പാത എന്നും ഗോരഖ്‌നാഥന്റെ വിശ്വാസികളായതിനാല്‍ ഗോരഖ്‌നാഥികളെന്നും ഇവരെ വിളിക്കുന്നു.

‘ഗോരഖ്‌നാഥിന്റെ വിവരങ്ങളില്‍ ചരിത്രപരത വളരെ കുറവാണ്. ഈ വിഭാഗത്തിന്റെ ആശയങ്ങള്‍ മാത്രമാണ് നാടോടിപാട്ടുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്. മറ്റൊരു വിവരങ്ങളും അതിലില്ല,’ എന്ന് ഹസാരി പ്രസാദ് ദ്വിവേദി എഴുതുന്നു.

ഗോരഖ്‌നാഥിന്റെ സമയത്ത് സമൂഹത്തില്‍ നിരവധി കലാപങ്ങള്‍ നടന്നിരുന്നതായി അദ്ദേഹം പറയുന്നു. മുസ്ലീങ്ങളുടെ വരവ് ആരംഭിച്ചിരുന്നു. ബുദ്ധ ആചാരങ്ങള്‍ മാന്ത്രിക പ്രകടനങ്ങളിലേക്കും ദുര്‍മന്ത്രവാദത്തിലേക്കും വ്യതിചലിച്ചിരുന്നു. ബ്രഹ്മണരുടെ മേല്‍ക്കോയ്മ സ്ഥാപിക്കപ്പെട്ടിരുന്നെങ്കിലും ബുദ്ധമതക്കാരുടെ ശൈവരുടെയും ഒരു വലിയ സമൂഹം അത് അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. ഗോരഖ്‌നാഥ് ഈ വിഭാഗങ്ങളെയെല്ലാം സംഘടിപ്പിക്കുകയും യോഗയുടെ പാതയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. നിരവധി മുസ്ലീങ്ങള്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്നു.

ബഹുദൈവ ആരാധനയുടെയും തീവ്രവാദത്തിന്റെയും അടിസ്ഥാനത്തില്‍ ബ്രാഹ്മണ വിശ്വാസത്തിലും ബുദ്ധമതത്തിലും സംഭവിച്ച വ്യതിയാന ഐക്യത്തിന്  അടിത്തറയിട്ട അദ്ദേഹം മതവിവേചനത്തെയും മറ്റ് അനാചാരങ്ങളെയും എതിര്‍ത്തു. അതിന്റെ ഫലമായി സനാതന ധര്‍മ്മത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തപ്പെട്ട തൊട്ടുകൂടാത്ത ജാതികളിലെ അംഗങ്ങള്‍ വലിയ തോതില്‍ നാഥ് വിഭാഗത്തില്‍ ചേര്‍ന്നു. അനുയായികളില്‍ ഭൂരിപക്ഷവും ചാതുര്‍വര്‍ണ്യത്തിന് എതിരായിരുന്നു.

ഗോരഖ്‌നാഥ് എഴുതി എന്ന് വിശ്വസിക്കപ്പെടുന്ന നാല്‍പത് പുസ്തകങ്ങള്‍ ഡോ. പിതാംബര്‍ ദത്ത് ബാര്‍ത്വാള്‍ കണ്ടെത്തിട്ടുണ്ട്. ഇവയില്‍ ഭൂരിപക്ഷവും സംസ്‌കൃതത്തിലും ബാക്കി ഹിന്ദിയിലുമാണ്. ഗോരഖ്‌നാഥിന്റെ വചനങ്ങള്‍ ഗോരഖ്ബാണി എന്ന പേരില്‍ ബര്‍ത്വാള്‍ സമാഹരിച്ചിട്ടുണ്ട്. സാധന അല്ലെങ്കില്‍ ധ്യാനത്തെ കുറിച്ചാണ് സംസ്‌കൃത പുസ്തകത്തില്‍ ഗോരഖ്‌നാഥ് സംസാരിക്കുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തെയും മതവിശ്വാസത്തെയും കുറിച്ചുള്ള വ്യാഖ്യാനങ്ങളാണ് അദ്ദേഹത്തിന്റെ വചനങ്ങളും കാവ്യങ്ങളും. ഗോരഖ്‌നാഥും അദ്ദേഹത്തിന്റെ ഗുരു മത്സ്യേന്ദ്രനാഥും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് ഗോരഖ്‌നാഥിന്റെ ഹിന്ദി കൃതികളെന്ന് ഹസാരി പ്രസാദ് ദ്വിവേദി പറയുന്നു.

സന്ത് കബീര്‍, ദാദു ദയാല്‍, മുല്ല ദൗദ്, മാലിക് മുഹമ്മദ് ജെയ്‌സി എന്നിവരില്‍ ഗോരഖ് നാഥ് ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ഓഷോ രജനീഷ് ഗോരഖ്ബാണിയില്‍ നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ഇവയൊക്കെ പുസ്തകങ്ങളും ഓഡിയോ റെക്കോഡുകളുമായി ലഭ്യമാണ്.

ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ 12 മതനേതാക്കളെ തിരഞ്ഞെടുക്കാന്‍ പ്രസിദ്ധ ഹിന്ദി കവി സുമിത്രാനന്ദ പന്ത് തന്നോട് ആവശ്യപ്പെട്ട കാര്യം ഓഷോ ഓര്‍ക്കുന്നുണ്ട്. കൃഷ്ണന്‍, പതഞ്ജലി, ബുദ്ധന്‍, മഹാവീരന്‍, നാഗാര്‍ജ്ജുനന്‍, ശങ്കര്‍, ഗോരഖ്, കബീര്‍, നാനാക്, മിര്‍, രാമകൃഷ്ണന്‍ എന്നിവരുടെ പേരുകളാണ് ഓഷോ പറഞ്ഞത്. ഈ പട്ടിക ഏഴും പിന്നീട് അഞ്ചും അതിന് ശേഷം നാലുമായി വെട്ടിക്കുറയ്ക്കാന്‍ അതിന് ശേഷം പന്ത് ആവശ്യപ്പെട്ടു. കൃഷ്ണന്‍, പതഞ്ജലി, ബുദ്ധന്‍, ഗോരഖ്‌നാഥന്‍ എന്നിവരുടെ പേരുകളാണ് ഓഷോ തിരഞ്ഞെടുത്തത്. വീണ്ടും വെട്ടിക്കുറച്ച് മൂന്നുപേരെ തിരഞ്ഞെടുക്കാന്‍ പന്ത് ആവശ്യപ്പെട്ടപ്പോള്‍ ഓഷോ വിസമ്മതിച്ചു. എന്തുകൊണ്ട് ഗോരഖ്‌നാഥനെ ഉപേക്ഷിച്ചുകൂടാ എന്ന് പന്ത് ചോദിച്ചു. ‘അദ്ദേഹത്തിനെ എനിക്ക് ഉപേക്ഷിക്കാനാവില്ല. കാരണം, ഗോരഖ്‌നാഥ് രാജ്യത്ത് പുതിയ പന്ഥാവ് വെട്ടിത്തുറക്കുകയും പുതിയ മതം സ്ഥാപിക്കുകയും ചെയ്തു. അദ്ദേഹം ഇല്ലായിരുന്നെങ്കില്‍ കബീറും നാനാക്കും ഉണ്ടാകുമായിരുന്നില്ല. അതുപോലെ ദാദുവും വാജിദും ഫരീദും മീരയും ഉണ്ടാവുമായിരുന്നില്ല. ഇന്ത്യയിലെ സൂഫി പാരമ്പര്യം മുഴുവന്‍ ഗോരഖിനോട് കടപ്പെട്ടിരിക്കുന്നു. അന്തരാത്മാവ് കണ്ടെത്താന്‍ സഹായിക്കുന്നതില്‍ അദ്ദേഹത്തിന്റെ സൂക്തങ്ങളോട് കിടപിടിക്കാന്‍ ആരെക്കൊണ്ടും സാധിച്ചിട്ടില്ല.’

(ഗോരഖ്പൂര്‍ ചലച്ചിത്രോത്സവത്തിന്റെ സംഘാടകരില്‍ ഒരാളായ മനോജ് സിംഗ് ഹിന്ദിയിലെഴുതിയ ലേഖനം. thewire.in ഇംഗ്ലീഷിലാക്കി പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍