UPDATES

ട്രെന്‍ഡിങ്ങ്

ഹിന്ദു ഭീകരതയില്ലെന്ന് പറയുന്ന മോദിക്ക് അറിയുമോ ഗ്രഹാം സ്റ്റെയ്ന്‍സ് അടക്കം സംഘ് ഭീകരതയ്ക്ക് ഇരയായവരെ; പ്രധാനമന്ത്രി മറച്ചുപിടിക്കുന്ന ഹിന്ദുത്വഭീകരതയുടെ ചരിത്രം

ഹിന്ദുത്വഭീകരതയുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിക്കുന്നതില്‍ പ്രോസിക്യൂഷന്‍ താല്‍പര്യക്കേട് കാണിക്കുന്നുവെന്ന് ആരോപണം നീതിപീഠത്തിന്റെ ഭാഗത്തുനിന്ന് തന്നെ ഉണ്ടാകുമ്പോഴാണ് മോദിയുടെ വെല്ലുവിളി

ആയിരം വര്‍ഷത്തിനിടയില്‍ ഹിന്ദു ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവം ഉണ്ടായിട്ടുണ്ടോ എന്നാണ് കഴിഞ്ഞ ദിവസം വിദര്‍ഭയില്‍ നടന്ന പൊതുയോഗത്തില്‍ പ്രധാനമന്ത്രി ചോദിച്ചത്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമായ ഹിന്ദുമതത്തിന് മേല്‍ ഭീകരത ആരോപിക്കുന്ന കോണ്‍ഗ്രസിനെ ശിക്ഷിക്കണമെന്നും പൊതുയോഗത്തില്‍ പ്രധാനമന്ത്രി വോട്ടര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു. പ്രത്യക്ഷത്തില്‍ വര്‍ഗീയ പ്രചാരണം നടത്തിയെന്നത് മാത്രമല്ല, ഹിന്ദുത്വ ഭീകരതയുടെ സമീപകാല ചരിത്രവും മറച്ചുപിടിച്ചാണ് പ്രധാനമന്ത്രി വര്‍ഗീയ ധ്രുവികരണം വെച്ചുള്ള ആരോപണം ഉന്നയിച്ചതെന്നതാണ് വസ്തുത. മോദി അധികാരത്തില്‍വന്നതിന് ശേഷം ഹിന്ദുത്വ ഭീകര സംഘടനകള്‍ക്കെതിരായ അന്വേഷണം മന്ദഗതിയിലാക്കുകയോ അട്ടിമറിക്കപ്പെടുകയോ ചെയ്തു എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഹിന്ദുത്വ ഭീകരതയില്ലെന്ന ആര്‍എസ്എസ്സിന്റെ വാദങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്.

രണ്ടാഴ്ച മുമ്പാണ് സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസിലെ പ്രതികളെ എന്‍ഐഎ കോടതി വെറുതെവിട്ടത്. ഇതേക്കുറിച്ച് പേരെടുത്ത് പറയാതെ തന്നെ ഹിന്ദുത്വ ഭീകരത വെറും കെട്ടുകഥയാണെന്ന് സ്ഥാപിക്കാന്‍ തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ 68 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ തെളിവുകളുടെ അഭാവത്തില്‍ ആരും ശിക്ഷിക്കപ്പെടാത്തതിലുള്ള രോഷം പങ്കുവെച്ചാണ് ജഡ്ജി ജഗ്ദീപ് സിംങ് തന്റെ വിധിന്യായം എഴുതിയതെന്ന കാര്യത്തെക്കുറിച്ച് പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ സര്‍ക്കാരോ ഇതുവരെ പ്രതികരിച്ചുമില്ല. ഈ കേസില്‍ ഉള്‍പ്പെട്ടവര്‍ പ്രത്യക്ഷത്തില്‍ തന്നെ സംഘ്പരിവാര്‍ ബന്ധമുളളവരാണെന്ന് നേരത്തെ തന്നെ വ്യക്തമായതാണ്.

സംഝോത എക്‌സ്പ്രസ് സ്‌ഫോടനത്തില്‍ പങ്കാളിയായിരുന്നുവെന്ന് ആദ്യം പറഞ്ഞത് കേസിലെ പ്രതിയായിരുന്ന അസീമാനന്ദ തന്നെയായിരുന്നു. കുറ്റാന്വേഷകര്‍ക്ക് മുന്നില്‍ നടത്തിയ മൊഴി പിന്നീട് ഇയാള്‍ തിരുത്തുകയായിരുന്നു. അത് മാത്രമല്ല, അസീമാനന്ദ ചെയതത്. കാരവന്‍ മാഗസിന്‍ നടത്തിയ അന്വേഷണത്തിനിടയില്‍ ആര്‍ എസ് എസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് സ്‌ഫോടനം ആസുത്രണം ചെയതതെന്ന കാര്യം ഇയാള്‍ വിശദീകരിക്കുന്നുണ്ട്. സ്‌ഫോടനം നടത്തേണ്ടത് ആവശ്യമാണ്, എന്നാല്‍ അങ്ങനെ ചെയ്യുമ്പോള്‍ അതുമായി ആര്‍എസ്എസ്സിനെ ബന്ധപ്പെടുത്തരുതെന്നാണ് മോഹന്‍ ഭാഗവത് നിര്‍ദ്ദേശിച്ചതെന്ന് കാര്യവും വിശദാംശങ്ങളോടെ അദ്ദേഹം വിവരിച്ചത്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം എന്‍ഐഎ നടത്തിയുമില്ല. നിരവധി സാക്ഷികളാണ് ഈ കേസില്‍ മൊഴിമാറ്റിയത്. ആര്‍ എസ് എസ്സിന്റെ രണ്ടാമത്തെ സര്‍സംഘ്ചാലക് ആയിരുന്ന എം എസ് ഗോള്‍വാല്‍ക്കറിന്റെ ജന്മശതാബ്ദിയുടെ അവസരത്തില്‍ ആ സംഘടന ആദരിച്ച വ്യക്തികളില്‍ ഒരാളായിരുന്നു അസീമാനന്ദ.

ഹിന്ദുത്വ ഭീകരര്‍ കുറ്റാരോപിതരായ മാലേഗാവ് സ്‌ഫോടന കേസിന്റെ കഥയും മറ്റൊന്നല്ല. ഇസ്ലാമിക ഭീകര സംഘടനകളാണ് സ്‌ഫോടനം നടത്തിയതെന്ന് ആദ്യം ആരോപിക്കപ്പെട്ടതെങ്കിലും പിന്നീട് അഭിനവ് ഭാരത് പോലുള്ള ഹിന്ദുത്വ ഭീകര സംഘടനകളുടെ പങ്കാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ കേസിന്റെ അന്വേഷണം മോദി സര്‍ക്കാര്‍ വന്നതിന് ശേഷം മന്ദഗതിയിലാക്കാന്‍ നിര്‍ദ്ദേശം ഉണ്ടായിരുന്നതായി പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെയാണ് ആരോപണം ഉന്നയിച്ചത്. ഹിന്ദുത്വ ഭീകരത ആരോപിക്കപ്പെട്ട മെക്ക മസ്ജിദ് സ്‌ഫോടന കേസിന്റെ വിചാരണ വേളയില്‍ 66 സാക്ഷികളാണ് പിന്നീട് മൊഴിമാറ്റിയത്. കുറ്റാരോപിതരെ വെറുതെ വിട്ടതിന് ശേഷം ജഡജി ജസ്റ്റിസ് കെ രവീന്ദര്‍ റെഡ്ഢി രാജിവെയ്ക്കുകയും ചെയ്തു. ഇതിന്റെ കാരണം ഇപ്പോഴും ദുരൂഹമായി തുടരുകയും ചെയ്യുന്നു.

ഹിന്ദുത്വ ഭീകര സംഘടനയായ അഭിനവ് ഭാരതുമായി ബന്ധപ്പെട്ട നിരവധി ആളുകള്‍ ആര്‍എസ്എസ്സുമായി സജീവ ബന്ധം പുലര്‍ത്തിയിരുന്നവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയതാണ്. ഭീകരപ്രവര്‍ത്തനവുമായി ആരോപണ വിധേയനായ സുനില്‍ ജോഷി ആര്‍എസ്എസ്സിന്റെ പ്രമുഖനായ നേതാവായിരുന്നു. ഇയാള്‍ പിന്നീട് 2007 ദുരൂഹമായി കൊല്ലപ്പെടുകയായിരുന്നു.
മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങള്‍ രണ്ടാം തരം പൗരവകാശങ്ങളോടെ മാത്രമാണ് ഇന്ത്യയില്‍ ജീവിക്കേണ്ടത് എന്ന് എഴുതിയ ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘ ചാലക് എം എസ് ഗോള്‍വല്‍ക്കറടക്കമുള്ളവരുടെ ആശയങ്ങളാണ് ഇന്ത്യയില്‍ അരങ്ങേറിയ ന്യുനപക്ഷ വിരുദ്ധ കലാപങ്ങള്‍ക്ക് സൈദ്ധാന്തിക അടിത്തറ നല്‍കിയതെന്ന് വ്യക്തമാണ്. ഗോള്‍വല്‍ക്കറാണ് തന്റെ മാര്‍ഗദര്‍ശിയെന്ന് നേരത്തെ തന്നെ പറയുകയും അദ്ദേഹത്തിന്റെ ജീവചരിത്രം എഴുതുകയും ചെയ്തിട്ടുണ്ട് നരേന്ദ്ര മോദി.

ഇന്ത്യയില്‍ സ്വാതന്ത്ര്യത്തിന് ശേഷം നടന്ന വര്‍ഗീയ കലാപങ്ങളില്‍ ആര്‍എസ്എസ്സിനുള്ള പങ്ക് നിരവധി അന്വേഷണ കമ്മീഷനുകള്‍ കണ്ടെത്തിയതാണ്. അതൊക്കെ മാറ്റി നിര്‍ത്തിയാല്‍ സമീപകാല ചരിത്രത്തില്‍ ഹിന്ദുത്വ സംഘടനകള്‍ ഉള്‍പ്പെട്ട ഭീകര പ്രവര്‍ത്തനം കൃസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്ന ഗ്രഹാം സ്‌റ്റെയിന്‍സിന്റെ കൊലപാതകമായിരുന്നു. അദ്ദേഹത്തെയും രണ്ട കുട്ടികളെയും തീവെച്ച് കൊലപ്പെടുത്തിയത് സംഘപരിവാര്‍ സംഘടനയായ ബംജ്‌റഗ് ദളിന്റെ പ്രവര്‍ത്തകന്‍ ധരം സിങായിരുന്നു. ഇയാളെ കോടതി ശിക്ഷിക്കുകയും ചെയ്തു. ആയിരം വര്‍ഷത്തെ ചരിത്രം തിരയുന്നതിനിടയില്‍ കാണാതെ പോയതാണ് ഹിന്ദുത്വ ഭീകരതയുടെ ഈ അത്രയൊന്നും പഴക്കമില്ലാത്ത കഥ. വിശ്വഹിന്ദു പരിഷത്തിന്റെയും ആര്‍എസ്എസ്സിന്റെയും ബജ്‌റംഗ് ദളിന്റെയും പ്രവര്‍ത്തകര്‍ മോഡിയുടെ ഭരണകാലത്ത് മുസ്ലീങ്ങളെ തീവെച്ചും, കുത്തിയും കൊലപ്പെടുത്തിയതിന്റെ വംശഹത്യ കഥകളും ആയിരം വര്‍ഷത്തെ ഹിന്ദു ചരിത്രം പറയുന്നതിനിടയില്‍ മറച്ചുവെയ്ക്കുകയായിരുന്നു. പിന്നീട് കന്ദമഹാലിലും, മുസഫര്‍ നഗറിലും അങ്ങനെ നിരവധി ഉത്തരേന്ത്യന്‍ പട്ടണങ്ങളിലും നടന്ന വര്‍ഗീയ കലാപങ്ങളില്‍ മോദിയുടെ ആദര്‍ശം പേറുന്ന സംഘടനകള്‍ നടത്തിയ ‘പ്രവര്‍ത്തനങ്ങളെ’ ഭീകരപ്രവര്‍ത്തനത്തിന്റെ നിര്‍വചനങ്ങളില്‍ പെടുത്താത്തതുകൊണ്ടാവും ഇന്ത്യന്‍ പ്രധാനമന്ത്രി പരാമര്‍ശിച്ചുമില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍