UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്ലീസ്, ‘ഹിന്ദു സ്ത്രീ’കളെ ഇങ്ങനെ ഉദ്ധരിക്കരുത്

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ സംസ്‌കാരം അന്യം നിന്നുപോയ ഒരു ജീവിയാണോ? അതോഅത്യാസന്ന നിലയില്‍ കിടക്കുന്ന ഒരു രോഗിയോ? ഗോവയിലെ ബിജെപി നേതാക്കളുടെ ചര്‍ച്ചകള്‍ കേട്ടാല്‍ സ്വാഭാവികമായും ഒരാള്‍ക്ക് തോന്നുക ഇങ്ങനെയൊക്കെയായിരിക്കും. ബി ജെ പിയുടെ സാംസ്കാരിക ശുദ്ധീകരണ വാദം രാജ്യത്തിന്‍റെ പല ഇടങ്ങളില്‍ പല തലങ്ങളില്‍ നടക്കുന്നു എന്നതിന്‍റെ തെളിവാണ് ഗോവന്‍ നിയമ സഭയില്‍ ഈയിടെ നടന്ന ചര്‍ച്ച. 

ഇറക്കം കുറഞ്ഞ സ്‌കര്‍ട്ടുകള്‍ ധരിച്ച് പബില്‍ പോവുകയോ ബിക്കിനി ധരിച്ച് കടല്‍തീരത്ത് എത്തുകയോ ചെയ്യുന്ന സ്ത്രീകള്‍, ഹിന്ദുക്കള്‍ വളര്‍ത്താനും സംരക്ഷിക്കാനും ശ്രമിക്കുന്ന ഹൈന്ദവ സംസ്‌കാരത്തിന് അപമാനകരമാണെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള ഗോവ സര്‍ക്കാരിലെ ഒരു മുതിര്‍ന്ന മന്ത്രി കഴിഞ്ഞ മാസം അഭിപ്രായപ്പെട്ടിരുന്നു. 2000 രൂപ പ്രവേശന ഫീസ് ചുമത്തിക്കൊണ്ട് ഗോവയില്‍ ഒരു സ്വകാര്യ ‘ബിക്കിനി ബീച്ച്’ സ്ഥാപിക്കണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് നിയമസഭയിലെ ഒരു സഹപ്രവര്‍ത്തകന്‍ മന്ത്രിയുടെ അഭിപ്രായത്തെ ഇപ്പോള്‍ പിന്തുണച്ചിരിക്കുകയാണ്. വിനോദ സഞ്ചാര വകുപ്പിന് അധിക വരുമാനം കണ്ടെത്താനുള്ള മാര്‍ഗ്ഗത്തോടൊപ്പം ഇത് ഇന്ത്യന്‍ സംസ്‌കാരത്തെയും സ്ത്രീകളുടെ അഭിമാനത്തേയും സംരക്ഷിക്കുമെന്ന് അദ്ദേഹം ഉറപ്പാക്കുന്നു.

സംസ്ഥാന ടൂറിസം മന്ത്രി വളരെ ഉചിതമായ രീതിയില്‍ തന്‍റെ സഹപ്രവര്‍ത്തകന്റെ പരാമര്‍ശത്തെ വ്യക്തിപരമായ കാഴ്ചപ്പാട് എന്ന പേരില്‍ തള്ളിക്കളഞ്ഞെങ്കിലും, ‘സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇന്ത്യ ഒരു ആഗോളശക്തിയായി മാറൂ’, എന്ന് പ്രവചിച്ചുകൊണ്ട് തന്റെ ആശയം പരിപോഷിപ്പിക്കാനുള്ള ശ്രമമാണ് നിയമസഭ സാമാജികന്‍ നടത്തിയത് എന്ന് വ്യാഖ്യാനിക്കുകയാണ് ചെയ്തത്. ആയതിനാല്‍ അത് സംരക്ഷിക്കപ്പെടുകയും നിലനിറുത്തപ്പെടുകയും ചെയ്യണം എന്ന് സാരം.

അധികാരത്തിലിരിക്കുന്ന പുരുഷന്മാര്‍, തീര്‍ത്തും അരോചകമായ രീതിയില്‍ സ്ത്രീകളുടെ സ്വഭാവ സവിശേഷതകളും വസ്ത്രധാരണ രീതികളെയും പൊതു ഇടങ്ങളിലുള്ള അവരുടെ പ്രാപ്യതയെയും നിയന്ത്രിക്കുന്നതിനായി ‘ഇന്ത്യന്‍ സംസ്‌കാരം’ എന്ന ആകുലത ഉപയോഗിക്കുമ്പോള്‍, ഇത്തരം സമീപനങ്ങളിലും വ്യാഖ്യാനങ്ങളിലും കാണപ്പെടുന്ന അടിസ്ഥാന ആക്രമണത്വരയില്‍ നിന്ന് ശ്രദ്ധ മാറിപ്പോവുകയാണ് സാധാരണ സംഭവിക്കാറ്. പക്ഷെ സംരക്ഷണത്തിന്റെ ഭാഷ സംസാരിക്കുന്ന ഈ ആക്രമണത്വര, കൂടുതല്‍ തീവ്രമായ പുരുഷ അടിച്ചമര്‍ത്തുലുകളില്‍ നിന്നുണ്ടാവുന്ന സംഘര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തീവ്രതയില്‍ മാത്രമാണ് വ്യത്യസ്തമായിരിക്കുന്നത്. അല്ലാതെ അതിന്റെ അടിസ്ഥാന സ്വഭാവത്തിലല്ല. ഈ സംരക്ഷണത്തിന്റെ ഭാഷയെ ഒരു സാമ്പത്തിക വ്യഖ്യാനത്തില്‍ എങ്ങനെ ഒളിപ്പിച്ച് ഉപയോഗിക്കാമെന്നാണ് ലാവൂ മാമലെദാറിന്റെ ‘ബിക്കിനി ബീച്ച്’ ആശയവും കാണിക്കുന്നത്. 

വിശാലമായ ചരിത്രവും സാമ്പ്രദായിക വിരുദ്ധമായ ജീവിതരീതികളുമുള്ള ഗോവ തന്നെയാണ് ഇന്ത്യയെ സംരക്ഷിക്കാനെന്ന പേരിലുള്ള ഇത്തരം പരദേശ സ്പര്‍ധയും ലൈംഗിക വ്യാപാരവും നടപ്പിലാക്കാന്‍ പറ്റിയ സ്ഥലം. എന്നാല്‍ ഈ തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് ഔദ്യോഗികമായി പ്രവര്‍ത്തിക്കാനാവാത്ത വിധം അജയ്യമായ വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ഈ രാജ്യമെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. പക്ഷെ പബ്ബുകളിലും ബീച്ചുകളിലും സ്ത്രീകളുടെ ധരിക്കേണ്ട വസ്ത്രങ്ങളുടെ ശരി തെറ്റുകളെ കുറിച്ച് ഒരു സംസ്ഥാന നിയമസഭ ഇത്രയും ദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തുന്നത് രാജ്യത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് പ്രത്യേകിച്ച് ഗുണമൊന്നും ചെയ്യില്ല- പ്രത്യേകിച്ചും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന പ്രത്യക്ഷ അതിക്രമങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പാര്‍ലമെന്റിന്റെ കൂട്ടായ ശ്രമം അടിയന്തിരമായിരിക്കുന്ന ഈ ഘട്ടത്തില്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍