UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്യാടന്‍ മുഹമ്മദോ അതോ ‘ആര്യന്‍’ മുഹമ്മദോ?

Avatar

കെ പി ശശി

തന്റെ മുതുമുത്തച്ഛന്‍മാര്‍ ഹിന്ദുക്കളായിരുന്നു എന്ന പ്രഖ്യാപനവുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ് രംഗത്തെത്തിയിരിയ്ക്കുന്നു. ഫേസ്ബുക്കില്‍ ഇത് സംഘപരിവാറുകാര്‍ക്കിടയില്‍ വലിയ ആഘോഷത്തിന് വകയായി. ‘പിള്ളാരെ ഞങ്ങള്‍ പറഞ്ഞതല്ലെ, നിങ്ങള്‍ ഞങ്ങളില്‍ നിന്നും ഉയിര്‍കൊണ്ടതാണെന്ന്,’ എന്നവര്‍ ഊറ്റം കൊണ്ടു. പക്ഷെ ചില മുസ്ലീങ്ങളുടെ ഇടയിലെങ്കിലും ഇത് വിരോധവും ആശയക്കുഴപ്പവും ഉണ്ടാക്കിയിട്ടുണ്ട്.

ഹൈന്ദവാശയങ്ങള്‍ ഒരു മതമായി രൂപം കൊള്ളുന്നതിന് മുമ്പ് തന്നെ ക്രൈസ്തവ, ഇസ്ലാം മതങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ പിന്തുടര്‍ന്നിരുന്നു എന്ന തിരിച്ചറിവാണ് ഈ ചര്‍ച്ചയില്‍ നിന്നും പ്രധാനമായും ഉരുത്തിരിഞ്ഞ് വരേണ്ടത്. അതുവരെ സിന്ധു നദീതടത്തിന് ചുറ്റും രൂപപ്പെട്ട ഒരു സംസ്‌കാരത്തെ പരാമര്‍ശിക്കാനുള്ള ഒരു വാക്ക് മാത്രമായിരുന്നു ‘ഹിന്ദു.’ അതൊരു മതമായിരുന്നില്ല. കഴിഞ്ഞ കുറച്ച് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ ഹൈന്ദവത ഒരു മതമായി മാറിയതിന് ശേഷം ചിലര്‍ ഇസ്ലാമിലേക്കോ ക്രിസ്ത്യന്‍ മതത്തിലേക്കോ മതം മാറിയിരിയ്ക്കാം. ഐതീഹ്യങ്ങളെ വിശ്വസിക്കാമെങ്കില്‍ കേരളത്തിലെ ക്രൈസ്തവതയുടെ ആരംഭകാലത്ത് സ്വയം അതിലേക്ക് മതം മാറപ്പെട്ട ബ്രാഹ്മണര്‍, ഹിന്ദുക്കളാണെന്ന് ആ സമയത്ത് വിളിയ്ക്കപ്പെട്ടിരുന്നില്ല. അവര്‍ ബ്രാഹ്മണര്‍ എന്ന് മാത്രമാണ് വിശേഷിപ്പിയ്ക്കപ്പെട്ടിരുന്നത്. പ്രചാരത്തിലുള്ള കഥകള്‍ പ്രകാരം സെയിന്റ് തോമസിന്റെ സ്വാധീനത്തില്‍ ക്രിസ്ത്യന്‍ സമുദായത്തിലേക്ക് മതം മാറപ്പെട്ടത് ഏഴ് ബ്രാഹ്മണ കുടുംബങ്ങളാണ്. ആ ‘ബ്രാഹ്മണ’ രില്‍ പെട്ടവരാണ് തങ്ങളെന്ന് പല സുറിയാനി ക്രിസ്ത്യാനികളും ഇപ്പോഴും ഊറ്റം കൊള്ളാറുണ്ട്. പക്ഷെ ഹിന്ദു മതത്തില്‍ നിന്നാണ് തങ്ങള്‍ മതം മാറിയതെന്ന് അവര്‍ക്കിപ്പോഴും തോന്നുന്നതേയില്ല.

ആദിവാസി, ദളിത് സമുദായങ്ങളില്‍ നിന്നാണ് ഭൂരിപക്ഷം ക്രിസ്ത്യാനികളും മുസ്ലീങ്ങളും വന്നിട്ടുള്ളത്. ആ സമയത്ത് നിലനിന്നിരുന്ന ജാതീയ അടിച്ചമര്‍ത്തലിന്റെ പശ്ചാത്തലത്തില്‍ ഇസ്ലാം മതവും ക്രിസ്ത്യന്‍ മതവുമാണ് ഭേദം എന്ന് ദളിതുകള്‍ കരുതിയത് കൊണ്ട് മാത്രമാണ് ഇത് സംഭവിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ മേല്‍ ജാതിക്കാര്‍ ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്തതിന്റെ അനുപാതം മറ്റ് സംസ്ഥാനങ്ങളിലേക്കാള്‍ കേരളത്തിലാണ് കൂടുതല്‍. വടക്കന്‍ കേരളത്തിലുള്ള കാപ്പാട് കടല്‍ തീരം വഴിയാണ് ആര്യന്മാര്‍ ഒഴികെയുള്ള മിക്ക വിദേശികളും കേരളത്തിലേക്ക് കടന്നുകയറിയത് എന്നതാണ് ഇതിന്റെ ചരിത്രപരമായ കാരണമായി എനിക്ക് തോന്നുന്നത്. ഒരുമാതിരി എല്ലാ കേരളീയര്‍ക്കും ഇപ്പോഴും വിദേശികളെ കാണുമ്പോള്‍ ഒരു അധമബോധമുണ്ട്. പക്ഷെ ആര്യന്മാര്‍ മറ്റൊരു മാര്‍ഗത്തിലൂടെയാണ് ഇവിടെ പ്രവേശിച്ചത്. ഒരു കാര്യം ഉറപ്പാണ് മറ്റ് ഏത് ജാതിയില്‍ നിന്നാണ് ക്രിസ്ത്യന്‍, മുസ്ലീം സമുദായങ്ങളിലേക്ക് ആളുകള്‍ മതമാറ്റപ്പെട്ടതെങ്കിലും, അത് ഹൈന്ദവത എന്ന ഒരു മതത്തില്‍ നിന്നായിരുന്നില്ല. അവര്‍ അവരുടെ ജാതിയില്‍ നിന്ന് തന്നെയാണ് വന്നത്. ജാതി മേല്‍ക്കോയ്മയുടെ മുകള്‍ത്തട്ടില്‍ ബ്രാഹ്മണ്യത്തെ പ്രതിഷ്ഠിച്ചുകൊണ്ട്, പില്‍ക്കാലത്തുണ്ടായ ജാതികളുടെ ഒരു കുട മാത്രമാണ് ഹിന്ദു മതം.

സംഘപരിവാര്‍ അവകാശപ്പെടുന്ന യഥാര്‍ത്ഥ സ്വത്വത്തെ സംബന്ധിച്ച അവകാശവാദം പരസ്പര ബന്ധിതമാണ്. മൂന്നു തരം സ്വത്വങ്ങളെയാണ് സംഘപരിവാര്‍ ആഘോഷിയ്ക്കുന്നത്: 1. അഖണ്ഡ ഭാരതം എന്ന ഐതീഹ്യത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയതയിലും പൗരാണിക ചരിത്രം മുതല്‍ ഒരു രാജ്യമായിരുന്നു ഇന്ത്യ എന്ന പാരമ്പര്യത്തിലും അടിസ്ഥാനമാക്കിയുള്ളത് 2. പൗരാണിക കാലം മുതല്‍ വിവിധ മതങ്ങളെ ഒന്നായി ബന്ധിപ്പിയ്ക്കുന്ന ഹിന്ദു സംസ്‌കൃതി 3. ഈ പ്രദേശത്തിന്റെ പൊതു ഭാഷ സംസ്‌കൃതീകരിച്ച ഹിന്ദിയാണെന്ന വിശ്വാസം. ദൗര്‍ഭാഗ്യവശാല്‍ ഈ മൂന്നു സ്വത്വത്തെയും ലഭ്യമായ ചരിത്രം ന്യായീകരിക്കുന്നില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യയിലേക്ക് വരുമ്പോള്‍, പിന്നീട് ഇന്ത്യയെന്ന് വിളിയ്ക്കപ്പെട്ട പല രാജ്യങ്ങള്‍ നിലവിലുണ്ടായിരുന്നു. അവര്‍ ഒരു വാണിജ്യ കമ്പനിയായ ‘ഈസ്റ്റ് ഇന്ത്യ കമ്പനി’ എന്ന പേരിലാണ് ഇവിടെ എത്തിയത്. ഇപ്പോള്‍ ‘കേരളം’ എന്ന വിളിയ്ക്കപ്പെടുന്ന സ്ഥലത്ത് കോളനി വാഴ്ചക്കാര്‍ എത്തുമ്പോള്‍ ഇവിടെ മൂന്നു രാജ്യങ്ങള്‍ നിലവിലുണ്ടായിരുന്നു. സാമൂതിരി ഭരിച്ചിരുന്ന കോഴിക്കോടും കൊച്ചി മഹാരാജാവും തിരുവിതാംകൂര്‍ മഹാരാജാവും. ഇന്ത്യയെന്ന ഇപ്പോള്‍ വിളിയ്ക്കപ്പെടുന്ന ഭൂവിഭാഗത്തില്‍ ഇതു പോലെ നിരവധി സ്വതന്ത്ര രാജ്യങ്ങള്‍ നിലനിന്നിരുന്നു. ഒരു ചരിത്രകാരന്‍ ഇന്ത്യ എന്ന രാജ്യത്തിന് ഒരു പാട് പൗരാണിക ചരിത്രമുണ്ട് എന്ന് എഴുതകയാണെങ്കില്‍ അത് നുണകളുടെ ഒരു ഭാണ്ഡമാണെന്ന് നമ്മള്‍ മനസിലാക്കണം. ഇവിടത്തെ ദളിതുകളുടെയും മുസ്ലീങ്ങളുടെയും ആദിവാസികളുടെയും ചരിത്രം തമസ്‌കരിയ്ക്കുന്നതില്‍ കോളനി വാഴ്ചക്കാലത്തെ ചരിത്രകാരന്മാരും സ്വതന്ത്ര ഇന്ത്യയിലെ മേല്‍ ജാതിക്കാരായ ചരിത്രകാരന്മാരും പരസ്പരം സഹായിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ കോളനി വാഴ്ചയ്‌ക്കെതിരായി മുസ്ലീങ്ങളും ആദിവാസികളും നടത്തിയ നിരവധി സമരങ്ങള്‍ നമ്മുടെ ചരിത്ര വിദ്യാര്‍ത്ഥികള്‍ പഠിയ്ക്കുന്നില്ല. പില്‍ക്കാലത്ത് മാത്രം ഉയിര്‍ക്കൊണ്ട മേല്‍ ജാതിക്കാരുടെ നേതൃത്വത്തിലുള്ള സ്വതന്ത്രസമര ചരിത്രം മാത്രം അവര്‍ പഠിയ്ക്കുന്നു. പക്ഷെ ബ്രിട്ടീഷുകാരുടെ നേതൃത്വത്തിലുണ്ടായ ഒരു ‘കമ്പനി’ യുടെ ഭാഷ മാത്രമാണ് യഥാര്‍ത്ഥ ‘ഇന്ത്യ’ എന്നതാണ് ഇവിടെ ശ്രദ്ധിയ്‌ക്കേണ്ട മുഖ്യ പ്രശ്‌നം. ഇപ്പോള്‍ നരേന്ദ്ര മോദി അതിനെ മറ്റൊരു ‘കമ്പനി’ ആക്കി മാറ്റാന്‍ തത്രപ്പെടുകയാണ്. ഒരു വാണിജ്യ മനോഭവത്തോടെ ഈ രാജ്യത്തുള്ള മുഴുവന്‍ വിഭവങ്ങളും കൊള്ളയടിയ്ക്കാന്‍ ആഗോള കമ്പനികളെയും വിദേശ താല്‍പര്യങ്ങളെയും അദ്ദേഹം ക്ഷണിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഈ പ്രക്രിയയില്‍ ഇന്ത്യ മഹാരാജ്യം എന്ന സ്ഥാപനം അതിവേഗം ആഗോള കുത്തകകളുടെ കീഴ്ഘടകം ആയി മാറിക്കൊണ്ടിരിക്കുകയാണ്.

കോളനി വാഴ്ചയ്ക്ക് ശേഷം സ്വതന്ത്ര ഇന്ത്യ സ്വീകരിച്ച ചിഹ്നം ആശോക ചക്രം ചാര്‍ത്തിയ ദേശീയ പതാക ആയിരുന്നു. നമ്മുടെ നാണയങ്ങളിലെ മൂന്ന് സിംഹങ്ങള്‍ ആശോക ചക്രവര്‍ത്തിയുടെ ചരിത്രത്തിന്റെ സൂചകങ്ങളാണ്. ഓരോ സിംഹവും അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ ഓരോ വിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അശോക ചക്രവര്‍ത്തിയുടെ കാലത്ത് ഇന്ത്യ എന്ന ഒന്ന് നിലനിന്നിരുന്നില്ല. പക്ഷെ ഈ അശോക ചക്രവര്‍ത്തി ആരാണെന്ന് മനസിലാക്കുന്നത് വളരെ പ്രധാനപ്പെട്ട വിഷയമാണ്.  ഇവിടത്തെ ഭൂരിപക്ഷം ദളിതരെയും ആദിവാസികളെയും കൊന്നൊടുക്കിയ യുദ്ധ ഭ്രാന്തനായിരുന്നു അദ്ദേഹം. ആയിരക്കണക്കിന് ദ്രാവിഡരെ കൊന്നൊടുക്കി ക്ഷീണിച്ചപ്പോള്‍ ആ മേല്‍ ജാതി ചക്രവര്‍ത്തി ബുദ്ധമതത്തെ പുണര്‍ന്നു. അദ്ദേഹം ആത്മീയതുടെ വക്താവാകുകയും ശ്രീലങ്ക ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ മതപരിവര്‍ത്തനത്തിനായി ഉയര്‍ന്ന ജാതിക്കാരായ ബുദ്ധമത അനുയായികളെ അയയ്ക്കുകയും ചെയ്തു. സമീപകാല ചരിത്രത്തില്‍, ബുദ്ധമത അനുയായികളായി പരിവര്‍ത്തനം ചെയ്യപ്പെട്ട ഈ ആര്യന്മാര്‍ രണ്ട് ലക്ഷത്തോളം ദ്രാവിഡ തമിഴരെ കാശാപ്പ് ചെയ്യുന്നതിന് ഉപകരണമായി തീരുകയും ചെയ്തു. പക്ഷെ ചോദ്യം ഇവിടെയാണ്. സ്വതന്ത്ര ഇന്ത്യയുടെ രാജ്യത്വം നിര്‍ണയിക്കുന്നതിനായി ആശോകന്റെ മുദ്രകള്‍ എന്തിന് തിരഞ്ഞെടുക്കപ്പെട്ടു? ഈ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തില്‍ ഏറ്റവും നീചമായി ദ്രാവിഡരെ കീഴടക്കിയ ആളാണ് അദ്ദേഹമെന്നതാണ് എനിക്ക് ചൂണ്ടിക്കാണിയ്ക്കാന്‍ പറ്റുന്ന ഒരേ ഒരു കാരണം.

ഇന്ത്യയില്‍ ബുദ്ധമതം രൂപം പ്രാപിയ്ക്കുന്ന കാലത്ത്, മേല്‍ ജാതിക്കാര്‍ തന്നെ അവരെ അടിച്ചോടിച്ചതായി കാണാം. മേല്‍ ജാതിക്കാരെ സംബന്ധിച്ചിടത്തോളം ജാതി വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ആളാണ് ബുദ്ധന്‍. ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആര്യന്മാര്‍ അവരെ തന്നെ വിവിധ രൂപങ്ങളില്‍ ചിട്ടപ്പെടുത്തിയെടുത്തു. കോളനി വാഴ്ചക്കാലത്ത്, വര്‍ഷങ്ങളോളം ആദിവാസികളുടെയും ദളിതുകളുടെയും സ്വന്തമായിരുന്ന ദൈവങ്ങളെയും വിശ്വാസങ്ങളെയും കീഴ്‌പ്പെടുത്തിക്കൊണ്ട് അവര്‍ ഹൈന്ദവതയെ പുനര്‍സൃഷ്ടിയ്ക്കുകയും രൂപപ്പെടുത്തുകയും ചെയ്തു. ഈ ആശയം ഒരേ സമയം സവര്‍ണര്‍ക്കും ബ്രിട്ടീഷുകാര്‍ക്കും ഗുണം ചെയ്തു. ഹിന്ദുക്കളെയും മുസ്ലീങ്ങളെയും വിഭജിച്ചു ഭരിയ്ക്കുന്നതാണ് സൗകര്യപ്രദമെന്ന് ബ്രിട്ടീഷുകാര്‍ കണ്ടെത്തി. ‘വിഭജിച്ചു ഭരിക്കുന്നതിന്റെ’ ഗുണം സ്വതന്ത്ര ഇന്ത്യയിലെ ഭരണാധികാരികളും തിരിച്ചറിഞ്ഞു.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഞങ്ങള്‍ക്കെന്താ പോസിറ്റീവ് എനര്‍ജിയില്ലേ? – അയിത്ത കേരളം ചോദിക്കുന്നു
സംസ്ഥാന എ.ഡി.ജിപിയുടെ ജാതി ചോദിക്കുമ്പോള്‍
എല്ലാവരുടെയും മുത്തവിലിയാന്‍ – കേരളം കണ്ടു പഠിക്കേണ്ട കാര്യങ്ങള്‍
ഈ ജാതി തീരത്ത് തരരുത് ഇനിയൊരു ജന്മം കൂടി
അഡ്വ. ജയശങ്കറിന്റെ രാഖിയും ളാഹ ഗോപാലന്റെ ഫ്യൂഡല്‍ സമീപനങ്ങളും: എവിടെ ദളിത് ബുദ്ധിജീവികള്‍?

സംസ്‌കൃതീകരിച്ച ഹിന്ദിയാണ് സംഘ പരിവാര്‍ മുറുകെ പിടിയ്ക്കുന്ന മൂന്നാമത്തെ സ്വത്വം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ സംസ്‌കൃതം മാതൃഭാഷയായി ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം വെറും 49,736 മാത്രമാണ്. പക്ഷെ ഇന്ത്യയില്‍ സന്താളി മാതൃഭാഷയായി ഉപയോഗിയ്ക്കുന്ന ആദിവാസികളുടെ എണ്ണം 52,16,325 (കൂടതല്‍ വിവരങ്ങള്‍ക്ക് സത്യ സാഗര്‍ എഡിറ്റ് ചെയ്ത ‘വനം, ഭൂമി, ജലം, ആകാശം – സാമൂഹിക അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ഇന്ത്യയുടെ തനത് ജനതയുടെ സമരങ്ങള്‍’ എന്ന പുസ്തകം കാണുക). പക്ഷെ ഹിന്ദിയും സന്താളിയും തമ്മിലുള്ള ഔദ്യോഗിക നിലവാരം ഉടമയും അടിമയും തമ്മിലുള്ള ബന്ധം പോലെയാണ്. സംസ്‌കൃതീയ ഹിന്ദിയുടെ അധിനിവേശം തമിഴ്‌നാട്ടിലെ ദ്രാവിഡര്‍ ചെറുത്തു. പക്ഷെ ഹിന്ദിയുടെ അധിനിവേശം ഉത്തരേന്ത്യയിലെ തന്നെ പല ഭാഷകളെയും അടിച്ചമര്‍ത്തി എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു ഹിന്ദി സിനിമയിലെ കഥാപാത്രം ഭോജ്പുരി കലര്‍ന്ന ഹിന്ദി സംസാരിയ്ക്കുന്നെങ്കില്‍, അത് ആ സിനിമയിലെ മറ്റൊരു കഥാപാത്രത്തിലൂടെ അടിച്ചമര്‍ത്തപ്പെട്ട ഒരു ഭാഷാ സംസ്‌കാരത്തെ അവഹേളിയ്ക്കുന്നതിന് വേണ്ടി മാത്രമാണ്. പ്രാദേശിക ഭാഷകള്‍ക്ക് മേലുണ്ടായ ഹിന്ദിയുടെ കോളനിവല്‍ക്കരണം ഒഡിഷയിലെ ആദിവാസി ഭാഷകള്‍ക്ക് മേല്‍ ഒറിയ നടത്തിയ അധിനിവേശത്തിന് സമാനമാണെന്ന് വേണമെങ്കില്‍ പറയാം. രണ്ടും തമ്മിലുള്ള സാമ്യം യാദൃശ്ചികമല്ല. പ്രാദേശിക സംസ്‌കാരങ്ങള്‍ക്ക് മേലുള്ള ഭാഷാപരമായ കടന്നുകയറ്റമായിരുന്നു രണ്ടും നിര്‍വഹിച്ചത്.

ഈ സാഹചര്യത്തില്‍, ഉപഭൂഖണ്ഡത്തിന്റെ തനത് ചരിത്രം വീണ്ടെടുക്കാനാണ് കീഴാള ചരിത്രം എഴുതുന്നവര്‍ ശ്രമിയ്‌ക്കേണ്ടത്. ഈ പ്രദേശത്തിന്റെ വൈവിദ്ധ്യമാര്‍ന്ന സംസ്‌കാരത്തിന് പുതിയ അര്‍ത്ഥങ്ങള്‍ നല്‍കാന്‍ അത് സഹായിക്കും. ഹിന്ദുത്വവും ക്രിസ്തീയതയും ഇസ്ലാമിനും ഒന്നും അവകാശപ്പെടാനാവാത്ത തനത് ബോധങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും നീക്കിയിരുപ്പുകള്‍ സംരക്ഷിയ്ക്കുക എന്നതാണ് ഏറ്റവും നിര്‍ണായകം. സംഘപരിവാര്‍ വളരെ ഊര്‍ജ്ജസ്വലമായി സ്വാംശീകരിച്ചുകൊണ്ടിരിക്കുന്നത് ഈ സംസ്‌കാരമാണ്. ആഗോളീകരണത്തിന്റെ ഏറ്റവും വലിയ ഇരയും ഈ സംസ്‌കാരമാണ്.

പൗരസമൂഹത്തിന്റെ ബോധത്തെ രൂപപ്പെടുത്തുന്നതിനായുള്ള നുണകള്‍ രാഷ്ട്രീയക്കാരും മുഖ്യധാരാ മാധ്യമങ്ങളും മാത്രമല്ല പ്രചരിപ്പിക്കുന്നത്. ബഹുമാന്യരായ അക്കാദമിക് ചരിത്രകാരന്മാരും ഇത് വ്യാപകമായി ഉപയോഗിയ്ക്കുന്നുണ്ട്. ആര്‍ എസ് എസ് നിയമിച്ച ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍, രാമായണവും മഹാഭാരതവും പുരാണങ്ങളല്ല എന്ന് പറഞ്ഞപ്പോള്‍, ചരിത്രം ഇന്ത്യയില്‍ മറ്റൊരു രൂപത്തില്‍ എത്തിനില്‍ക്കുന്നു എന്ന ആലോചന വരുന്നത് വിവേകചിത്തങ്ങളില്‍ മാത്രമാണ്. നമ്മള്‍ എന്തായിരുന്നു, നമ്മള്‍ ഇപ്പോള്‍ എങ്ങനെയാണ്, നമ്മള്‍ ഭാവിയില്‍ എങ്ങനെയായിരിയ്ക്കണം എന്തതൊക്കെ നല്ല കാര്യപ്രാപ്തിയുള്ള, നിങ്ങളുടെ മനസും ശരീരവും ഭരിയ്ക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിയ്ക്കുന്ന ഒരു സംഘടനയുടെ നിയന്ത്രണത്തിലാണ് ഉള്ളത്.

ഇത്തരം വസ്തുതകളെല്ലാം നിലനില്‍ക്കെ കേരള മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പ്രസ്താവനയെ സംശയിക്കേണ്ട കാരണങ്ങളൊന്നും നിലനില്‍ക്കുന്നില്ല. ഒരു പക്ഷെ, ഹിന്ദുമതം ഒരു മതമായി സംഘടിയ്ക്കപ്പെട്ടതിന് ശേഷമായിരിയ്ക്കാം അദ്ദേഹത്തിന്റെ പൂര്‍വീകര്‍ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടത്. അതിനാല്‍, സംഘപരിവാറിന് ആഹ്ലാദിക്കാനും മുസ്ലീങ്ങള്‍ക്ക് അസ്വസ്ഥരാവാനും അവകാശമില്ല. അഥവാ മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളില്‍ നിന്നാണ് വന്നതെന്ന അനുമാനത്തിന്റെ പുറത്ത് സംഘപരിവാര്‍ സന്തോഷം പ്രകടിപ്പിക്കുകയാണെങ്കില്‍ അവര്‍ ഒരു പ്രധാന ചോദ്യത്തിനും കൂടി ഉത്തരം പറയണം: മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഹിന്ദുക്കളില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെങ്കില്‍ അവരെ ഒറ്റപ്പെടുത്താനും വിദേശികള്‍ എന്ന് മുദ്രകുത്താനും നിങ്ങള്‍ക്ക് എന്തവകാശം? ഗുജറാത്തിലും മുസഫര്‍നഗറിലും കാന്ദമാലിലും മറ്റ് നിരവധി സ്ഥലങ്ങളിലും അവര്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് എന്തുകൊണ്ടാണ്?

ഈ ഭൂപ്രദേശത്തെ ആദ്യമായി ആക്രമിച്ച ആര്യന്മാരുടെ മേല്‍ക്കോയ്മയില്‍ വിശ്വസിയ്ക്കുന്നവരാണ് ആര്‍ എസ് എസും ഹിറ്റലറുമെന്ന് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പിന്നീട് ഇന്ത്യ എന്ന് ഭൗതീകമായി മാത്രമല്ല ബൌദ്ധികമായും വിശേഷിപ്പിയ്ക്കപ്പെട്ട ഈ ഉപഭൂഖണ്ഡത്തിലെ യഥാര്‍ത്ഥ തനത് സംസ്‌കാരത്തെ തകര്‍ത്തെറിഞ്ഞത് ആര്യന്മാര്‍ എന്ന് വിളിയ്ക്കപ്പെടുന്ന ഈ ആദ്യ അധിനിവേശ ശക്തികളാണ്. ഇവിടുത്തെ തനത് ജനയുടെ ഭൂമി ആര്യന്മാര്‍ കൈയേറിയത് അമേരിക്കക്കാര്‍ റെഡ് ഇന്ത്യക്കാരുടെ ഭൂമി കൈയേറിയതിന് സമാനമായ ഒരു പ്രക്രിയ ആയിരുന്നു. ആര്‍ എസ് എസുകാര്‍ ആദിവാസികളെ വനവാസികള്‍ എന്ന് വിശേഷിപ്പിയ്ക്കുമായിരിയ്ക്കും. പക്ഷെ അവരാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ആദിമനിവാസികള്‍ എന്ന് അംഗീകരിയ്ക്കാന്‍ ഒരു ആര്‍ എസ് എസുകാരനും തയ്യാറാവില്ല. ആര്യന്മാരുടെ മേല്‍ക്കോയ്മയെ കുറിച്ചുള്ള പൊതുബോധം ദ്രാവിഡരിലേക്കും പടര്‍ന്നിരിയ്ക്കുന്നു എന്നതാണ് വിനാശകരും. തെക്കെ ഇന്ത്യയില്‍ ‘ആര്യന്‍’ എന്ന് പേരുള്ള ഹോട്ടലുകളില്‍ എറ്റവും ശുദ്ധവും വൃത്തിയുള്ളതുമായ ഭക്ഷണം ലഭിയ്ക്കുമെന്നാണ് സങ്കല്‍പമെങ്കിലും അവരുടെ അടുക്കളകളില്‍ കയറി നോക്കിയാല്‍ നിങ്ങള്‍ ഞെട്ടിപ്പോവും. തെക്കെ ഇന്ത്യയിലെ വാണീജ്യ സിനിമകളില്‍ മാത്രമല്ല സമാന്തര സിനിമകളിലും ഈ ആര്യന്‍ മേല്‍ക്കോയ്മയുടെ പ്രതിഫലനങ്ങള്‍ കാണാനാവും. മലയാളത്തില്‍ പുറത്തിറങ്ങിയ ‘ആര്യന്‍’ എന്ന് പേരുള്ള ഹിറ്റ് സിനിമ, വിദ്യാസമ്പന്നരായ എല്ലാ ദ്രാവിഡരും ഒരു പരാതിയുമില്ലാതെ പണം മുടക്കി കണ്ട ഒന്നാണ്.

മറ്റ് ചില ചോദ്യങ്ങള്‍ കൂടി ഇവിടെ ഉന്നയിക്കപ്പെടേണ്ടതുണ്ട്: ക്രിസ്തീയ, ഇസ്ലാം മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ടവരില്‍ ഭൂരിപക്ഷം വരുന്ന ദളിതരുടെയും ആദിവാസികളുടെയും പെരുമാറ്റ രീതികളും അതേ മതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട മേല്‍ ജാതിക്കാരുടെ പെരുമാറ്റ രീതികളും തമ്മില്‍ എന്തെങ്കില്‍ വ്യത്യാസം ഉണ്ടോ എന്നുള്ളതാണ് ആദ്യ ചോദ്യം. ക്രിസ്തീയ സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട കാന്ദമാലിലെ ദളിത് ക്രിസ്ത്യാനികളുടെയും ആദിവാസി ക്രിസ്ത്യാനികളുടെ പെരുമാറ്റ രീതികളും കേരളത്തില്‍ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട മേല്‍ ജാതിക്കാരുടെ പെരുമാറ്റവും പരിശോധിക്കുമ്പോള്‍, ഇവ തമ്മില്‍ പ്രകടമായ വ്യത്യാസം ഉണ്ടെന്ന് സംശയിക്കാനുള്ള എല്ലാ കാരണങ്ങളും എനിക്കുണ്ട്. ആര്യാടന്‍ ഒരു മുന്നോക്ക ജാതിയില്‍ പെട്ട കുടുംബത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ട ആളാണെങ്കില്‍, അദ്ദേഹത്തിന്റെ പ്രഖ്യാപനത്തിന്റെ നിലവാരം മനസിലാക്കാവുന്നതേയുള്ളു. പക്ഷെ എന്നോട് തന്നെ ഞാന്‍ ആവര്‍ത്തിയ്ക്കുന്ന ഒരു അവസാന ചോദ്യം ബാക്കി നില്‍ക്കുന്നു: ആര്യന്‍, ആര്യാടന്‍ എന്നീ വാക്കുകള്‍ തമ്മില്‍ ഭാഷാ ശാസ്ത്രപരമായി എന്തെങ്കിലും ബന്ധം ഉണ്ടോ?

(പ്രമുഖ ചലചിത്ര സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ് കെ പി ശശി)
കടപ്പാട്: http://www.countercurrents.org/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍