UPDATES

ട്രെന്‍ഡിങ്ങ്

മൃദുഭാഷയും സഹാനുഭൂതിയും വേണ്ട; കേരളത്തില്‍ കടുപ്പിച്ചോളാന്‍ ആര്‍ എസ് എസ്

കേന്ദ്രത്തിലെ പോലെ കേരളത്തിലും ബി ജെ പിക്കുള്ളിൽ മിത ഭാഷികൾക്കുമേൽ തീവ്ര ഹിന്ദുത്വ വാദികൾ പിടിമുറുക്കുന്നു

കെ എ ആന്റണി

കെ എ ആന്റണി

കേന്ദ്രത്തിലെ പോലെ കേരളത്തിലും ബി ജെ പിക്കുള്ളിൽ മിതഭാഷികൾക്കുമേൽ തീവ്ര ഹിന്ദുത്വ വാദികൾ പിടിമുറുക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് എംടി, കമൽ വിഷയങ്ങളിൽ ഏറ്റവും ഒടുവിലായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ പരാമർശങ്ങൾ. എംടിക്കും സംവിധായകൻ കമലിനും എതിരെ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ നടത്തിയ കടന്നാക്രമണത്തെ എതിർത്ത് സംസാരിച്ച പാർട്ടി ദേശീയ കൌൺസിൽ അംഗം സി കെ പദ്മനാഭൻ, പാർട്ടിയുടെ സംസ്ഥാന ഘടകം വക്താവ് എം എസ് കുമാർ എന്നിവരെയാണ് കുമ്മനം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ തിരുത്തിയിരിക്കുന്നത്.

എംടി വിഷയത്തിൽ ആദ്യം രാധാകൃഷ്ണൻ പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും ബി ജെ പിയുടേത് അല്ലെന്നും പറഞ്ഞ കുമ്മനം പിറ്റേ ദിവസം തന്നെ നിലപാട് മാറ്റി. ആരും വിമര്‍ശനത്തിന് അതീതർ അല്ലെന്നും വിമർശിക്കാൻ ആർക്കും അവകാശം ഉണ്ടെന്നും പറഞ്ഞതില്‍ ബി ജെ പി സംസ്ഥാന ഘടകത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന ദിശാമാറ്റത്തിന്റെ സൂചനയായി തന്നെ വേണം കാണാൻ. രാധകൃഷ്ണനെ അനുകൂലിച്ചും സി കെ പിയെയും കുമാറിനെയും തള്ളിയും ഉള്ള ഫേസ്ബുക്ക് പോസ്റ്റ് നൽകുന്ന സന്ദേശവും മറ്റൊന്നാവാൻ ഇടയില്ല. പ്രത്യേകിച്ചും, സംസ്ഥാന കൌൺസിൽ അടക്കമുള്ള സമ്മേളനങ്ങൾ കോട്ടയത്ത് ആരംഭിക്കുന്നതിന്റെ തൊട്ടു തലേന്നാണ് പോസ്റ്റ് പ്രത്യക്ഷമായത് എന്നതുകൂടി കണക്കിലെടുക്കുമ്പോൾ.

കുമ്മനം ആർ എസ് എസ് സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയത് ആർ എസ് എസ് നേതാക്കൾ നടത്തിയ ചരടുവലിയുടെ ഭാഗമായി തന്നെ ആയിരുന്നെങ്കിലും സ്ഥാനം ഏറ്റ നാൾ മുതൽ ഒരു മൃദു ഭാഷിയാകാൻ അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നു. പ്രത്യേകിച്ചും, കേരളത്തിലെ തദ്ദേശ സ്ഥാപന-നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു നിയമനം എന്നതിനാൽ.

തിരഞ്ഞെടുപ്പുകളിൽ ബിജെപി നേതൃത്വം നൽകുന്ന എൻ ഡി എ വലിയ മുന്നേറ്റം തന്നെ നടത്തി. ത്രിതല പഞ്ചായത്തുകളിൽ മാത്രമല്ല മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ബി ജെ പി മികച്ച വിജയം നേടി. ഒടുവിൽ കേരളത്തിലെ കിട്ടാക്കനിയായ നിയമസഭാ സീറ്റും നേടി ചരിത്രം രചിച്ചു. എല്ലാം കുമ്മനത്തിന്റെ മുഖ്യ കാർമികത്വത്തിൽ തന്നെ. കോൺഗ്രസിലെ കുടുംബ വഴക്ക് തുടരുന്ന സാഹചര്യത്തിൽ മിതഭാഷിയായി തുടർന്ന് കേരളത്തിൽ കൂടുതൽ വേരോട്ടം നടത്താം എന്ന കുമ്മനത്തിന്റെ സ്വപ്ങ്ങൾക്കു താത്കാലിക വിശ്രമം അനുവദിക്കുന്നതാണ് ആർ എസ് എസ് നേതൃത്വത്തിന്‍റെ പുതിയ തീരുമാനം.

പക്ഷെ, ആറ്റുനോറ്റുണ്ടായൊരുണ്ണി എന്ന് പറഞ്ഞു കേരള നേതാക്കൾക്കിടയിലെ തർക്കത്തിനിടയിൽ വീണുകിട്ടിയ സ്ഥാനമാനമാനങ്ങൾ എറിഞ്ഞുടക്കാൻ (അതും ഇത്രയേറെ നേട്ടങ്ങൾ പാർട്ടിക്കും സംഘടനക്കും ഉണ്ടാക്കികൊടുത്ത ശേഷം) ഇല്ലെന്ന നിലപാടിലേക്കാണ് കാര്യങ്ങൾ കുമ്മനത്തെ കൊണ്ട് ചെന്നെത്തിക്കുന്നതെന്നാണ് പാർട്ടിയിലും സംഘടനയിലും കുമ്മനത്തെ അനുകൂലിക്കുന്ന ചിലരെങ്കിലും അഭിപ്രായപ്പെടുന്നത്. പഴയ കാല തീവ്ര ഹിന്ദുത്വ നിലപാടുകൾ കേരളത്തിൽ പ്രസ്ഥാനത്തിന് നൽകിയത് ക്ഷീണം മാത്രമായിരുന്നു എന്ന് സമ്മതിക്കുന്ന പലരും മോദി യുഗത്തിൽ മാറി ചിന്തിച്ചു തുടങ്ങിയിരിക്കുന്നു എന്ന് കൂടി ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. പോരെങ്കിൽ കേരളത്തിൽ അടുത്ത തിരഞ്ഞെടുപ്പുകൾക്ക് ഇനിയും നാല് വർഷത്തിലേറെ സമയം ഉണ്ടെന്നതിനാൽ ഗുജറാത്തിൽ എന്ന പോലെ എവിടെയും ആർ എസ് എസ് അജണ്ട നടപ്പാക്കി നോക്കിക്കൂടെ എന്ന വാദവും ശക്തമാണെന്ന് മൃദു ഭാഷികൾ സ്വകാര്യമായി പങ്കു വയ്ക്കുന്നുണ്ട്.

സി കെ പി യും സംഘവും ആവശ്യപ്പെടുന്നത് മൃദുഭാഷയും സഹാനുഭൂതിയും ആണെങ്കിലും കേരളത്തിൽ ആർ എസ് എസ്സിന്റെ കേന്ദ്ര നയം നടപ്പാക്കാൻ തന്നെയാണ് ഉദ്ദേശ്യം എന്നു വേണം കരുതാൻ. ഇക്കാര്യങ്ങൾ ഇന്ന് കോട്ടയത്ത് ആരംഭിച്ച ത്രിദിന സമ്മേളങ്ങൾക്കു ശേഷം അറിയാം.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍