UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുപിയില്‍ പാര്‍ട്ടി എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള എച്ച് വൈ വി ബിജെപിക്ക് പാരയാകുന്നു

യോഗി ആദിത്യ നാഥിന് ശക്തമായ സ്വാധീനമുള്ള മേഖലയില്‍ എച്ച് വൈ വി, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി എംപി യോഗി ആദിത്യനാഥിന്റെ ഹിന്ദു യുവവാഹിനി എന്ന സംഘടന ബിജെപിക്ക് തലവേദനയാകുന്നു. ഗോരഖ്പൂര്‍ എംപിയും കിഴക്കന്‍ യുപിയിലെ പ്രധാന നേതാവുമായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കാതെ പാര്‍ട്ടി അപമാനിച്ചുവെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയാണ് ഹിന്ദു യുവ വാഹിനി (എച്ച് വൈ വി). കിഴക്കന്‍ യുപിയിലെ 64 സീറ്റുകളിലാണ് എച്ച് വൈ വി മത്സരിക്കുന്നത്. കുശിനഗര്‍, മഹറാഗഞ്ച് ജില്ലകളില്‍ ആറ് സ്ഥാനാര്‍ത്ഥികളെ എച്ച് വൈ വി പ്രഖ്യാപിച്ച് കഴിഞ്ഞു. തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘടങ്ങളില്‍ സംസ്ഥാനത്തെ താരപ്രചാരകനാക്കി ബിജെപി ഇറക്കാന്‍ ഉദ്ദേശിക്കുന്നത് വര്‍ഗീയ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയിട്ടുള്ള യോഗി ആദിത്യനാഥാണ്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല, ഇലക്ഷന്‍ മാനേജ്‌മെന്റ് കമ്മിറ്റിയിലും ആദിത്യനാഥിനെ ഉള്‍പ്പെടുത്തിയില്ലെന്ന് എച്ച് വൈ വി സംസ്ഥാന പ്രസിഡന്റ് സുനില്‍ സിംഗ് പറയുന്നു. ആദിത്യനാഥ് 10 പേരുടെ പട്ടിക കൊടുത്തിരുന്നെങ്കിലും രണ്ട് പേര്‍ക്ക് മാത്രമാണ് സീറ്റ് കിട്ടിയത്. ഇതുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചത്. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ഗോരഖ് പൂരില്‍ ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നത് നിങ്ങളൊരു കേന്ദ്രമന്ത്രിയെ ആണ് വോട്ട് ചെയ്ത് ജയിപ്പിക്കാന്‍ പോകുന്നത് എന്നാണ്. എന്നാല്‍ അതുണ്ടായില്ല. കഴിഞ്ഞ വര്‍ഷത്തെ പരിവര്‍ത്തന്‍ യാത്രയിലും ആദിത്യനാഥിനെ അവഗണിച്ചു – സുനില്‍ സിംഗ് പറയുന്നു. എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കെതിരെ വോട്ട് ചെയ്യാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എച്ച് വൈ വി നേതാവ് വ്യക്തമാക്കി. അതേസമയം എച്ച് വൈ വി നിലപാടിനോട് പ്രതികരിക്കാന്‍ യോഗി ആദിത്യനാഥ് തയ്യാറായിട്ടില്ല.

2002ല്‍ യോഗി ആദിത്യനാഥ് രൂപം നല്‍കിയ സംഘടനയാണ് ഹിന്ദു യുവവാഹിനി. ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ മുഖ്യ പുരോഹിതന്‍ കൂടിയാണ് ആദിത്യനാഥ്. അഞ്ച് തവണ ഗോരഖ്പൂരില്‍ നിന്ന് എംപിയായിട്ടുള്ള 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും രാജ്‌നാഥ് സിംഗിനും ഒപ്പം യുപിയിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകനായിരുന്നു. യോഗി ആദിത്യ നാഥിന് ശക്തമായ സ്വാധീനമുള്ള മേഖലയില്‍ എച്ച് വൈ വി, സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്നത് ബിജെപിയെ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക് ബിജെപിയില്‍ വിശ്വാസമുണ്ടെന്നും എച്ച് വൈ വിയുടെ സാന്നിദ്ധ്യം ഒരു തരത്തിലും ബിജെപിയുടെ വിജയസാദ്ധ്യതകളെ ബാധിക്കില്ലെന്നാണ് പാര്‍ട്ടി സംസ്ഥാന വക്താവ് ചന്ദ്രമോഹന്‍ പറഞ്ഞത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍