UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹൈറേഞ്ച് രാഷ്ട്രീയം മലയിറങ്ങുമ്പോൾ

Avatar

സന്ദീപ് വെള്ളാരംകുന്ന്

ഏറെ കൊട്ടിഘോഷിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ച രാഷ്ട്രീയ പരീക്ഷണം അവസാനിപ്പിക്കാൻ ഹൈറേഞ്ച് സംരക്ഷണ സമിതി തീരുമാനിച്ചിരിക്കുന്നു. സമിതിയുടെ നേതൃത്വത്തിൽ എൽഡിഫ് പിന്തുണയോടെ മത്സരിച്ചു വിജയിച്ച ജോയ്സ് ജോർജ് ഇടുക്കി എംപിയായി ഒരു വർഷം പോലും പിന്നിടുന്നതിനു മുമ്പാണ് സമിതിയുടെ രാഷ്ട്രീയ രംഗത്തു  നിന്നു പൊടുന്നനെയുള്ള പിന്മാറ്റമെന്നതാണ് ശ്രദ്ധേയമായ വസ്തുത. സമിതിക്ക് ഒരിക്കലും രാഷ്ട്രീയ താൽപര്യങ്ങളുണ്ടായിരുന്നില്ലെന്നും സംരക്ഷണ സമിതി രാഷ്ട്രീയത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും സമിതി ജനറൽ കണ്‍വീനർ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറയുമ്പോൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എന്തിനു വേണ്ടിയാണ് സമിതി രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന ചോദ്യമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്.

ഗാഡ്ഗിൽ- കസ്തൂരി രംഗൻ റിപ്പോർട്ടുകൾക്കെതിരേ തുടക്കം മുതൽ ശക്തമായ നിലപാടുമായി രംഗത്തെത്തിയതോടെയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി ശ്രദ്ധാകേന്ദ്രമാകുന്നത്. ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കർഷക വിരുദ്ധമല്ലെന്ന നിലപാടുമായി രംഗത്തെത്തിയ മുൻ ഇടുക്കി എം പി പി ടി തോമസിനെതിരേ കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ ഹൈറേഞ്ച് സംരക്ഷണ സമിതി കുരിശു യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തു. കത്തോലിക്കാ സഭയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും എതിർപ്പു ഭയന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസിനെ കോൺഗ്രസ് ഇടുക്കിയിൽ സ്ഥാനാർത്ഥിയാക്കിയെങ്കിലും പച്ചതൊട്ടില്ല. ഹൈറേഞ്ച് സംരക്ഷണ സമിതിയെ ഭയന്ന് കോൺഗ്രസ് നേതൃത്വം പി ടി തോമസിനെ ഇടുക്കിയിൽ  മത്സരിക്കുന്നതിൽ നിന്നു വിലക്കിയെങ്കിലും ഇടുക്കിയിൽ താൻ മത്സരിക്കാൻ തയാറായിരുന്നുവെന്നാണ് പി ടി തോമസ് എപ്പോഴും പറഞ്ഞത്.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രാഷ്ട്രീയ രംഗത്തു നിന്നുള്ള പിന്മാറ്റത്തെക്കുറിച്ച് ഇപ്പോൾ അഭിപ്രായം പറയാനില്ലെന്ന് മുൻ ഇടുക്കി എം പി പി ടി തോമസ് പറയുന്നു. “സമിതി രാഷ്ട്രീയത്തിൽ തുടരുകയോ രാഷ്ട്രീയം ഉപേക്ഷിക്കുകയോ എന്തു വേണമെങ്കിലും ചെയ്തുകൊള്ളട്ടെ. അവരുടെ രാഷ്ട്രീയത്തെ ഞാൻ ഒരിക്കലും ഗൗരവമായി കാണുന്നില്ല.“ പി ടി തോമസ് പറയുന്നു. ഇടുക്കിയിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച സ്ഥാനാർഥിയെ ലഭിക്കാതിരുന്ന ഇടതുപക്ഷമാകട്ടെ ഹൈറേഞ്ച് സംരക്ഷണ സമിതി ലീഗൽ അഡൈ്വസറായ അഡ്വക്കേറ്റ് ജോയ്സ് ജോർജിനെ പിന്തുണയ്ക്കാനാണു തീരുമാനിച്ചത്. ഇതിലൂടെ വരുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിലും പിന്നീടു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഹൈറേഞ്ച് സംരക്ഷണ സമിതിയെ മുന്നിൽ നിർത്തി ഇടുക്കിയിലെ ഭൂരിഭാഗം വരുന്ന ക്രൈസ്തവ വോട്ടുകൾ സ്വന്തമാക്കി നേട്ടമുണ്ടാക്കാമെന്ന ഇടതുപക്ഷത്തിന്റെ ദീർഘകാല ലക്ഷ്യത്തിനുമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പൊടുന്നനെയുള്ള രാഷ്ട്രീയ രംഗത്തു നിന്നുള്ള പിന്മാറ്റത്തോടെ അന്ത്യം കുറിച്ചിരിക്കുന്നത്.

തങ്ങൾ ഉന്നയിച്ച ആവശ്യങ്ങളെല്ലാം നേടിയെടുത്തതിനു ശേഷമാണോ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രാഷ്ട്രീയ രംഗത്തു നിന്നുള്ള പിന്മാറ്റമെന്നു പരിശോധിക്കുമ്പോഴാണ് ഈ വിഷയത്തിലെ പൊള്ളത്തരം പുറത്തു വരുന്നത്. കസ്തൂരി രംഗൻ റിപ്പോർട്ട് പിൻവലിക്കുകയോ ഇടുക്കിയിലെ കർഷകർക്കു മുഴുവൻ പട്ടയം നൽകുകയോ ഇതുവരെ ചെയ്തിട്ടില്ല. അതേ സമയം ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ഒരു കാലത്തും രാഷ്ട്രീയ താൽപര്യങ്ങളുണ്ടായിരുന്നില്ലെന്ന് സമിതി ജനറൽ കണ്വീനർ ഫാദർ സെബാസ്റ്റ്യൻ കൊച്ചപുരയ്ക്കൽ പറയുന്നു. “ഹൈറേഞ്ച് സംരക്ഷണ സമിതി ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടില്ല. പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുകയാണ് ഞങ്ങൾ ചെയ്യുന്നത്. സമിതിക്ക് രാഷ്ട്രീയ താൽപ്യങ്ങൾ ഉണ്ടെന്നു വരുത്തിത്തീർത്തത് മാധ്യമങ്ങളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില നിലപാടുകൾ സ്വീകരിച്ചുവെന്നേയുള്ളൂ. ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുകയെന്നതു തന്നെയാണു ഞങ്ങൾക്കു പ്രധാനം. അതിനിയും തുടരുകയും ചെയ്യും. വരുന്ന തെരഞ്ഞെടുപ്പുകളിൽ എന്തു നിലപാടു സ്വീകരിക്കുമെന്ന് ഇപ്പോൾ പറയാനാവില്ല.“ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറയുന്നു.

ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പൊടുന്നനെയുള്ള നിലപാടു മാറ്റത്തിനു പിന്നിൽ കത്തോലിക്കാ സഭയുടെയും കേരളാ കോൺഗ്രസിന്റെയും താൽപര്യങ്ങളാണെന്ന ആരോപണമാണ് ഇപ്പോൾ ഉയർന്നു കേൾക്കുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഇടതുപക്ഷവുമായി കഴിഞ്ഞ തവണ ഇടുക്കിയിൽ കൂട്ടു ചേർന്നതിൽ കത്തോലിക്കാ സഭയുടെ ഉന്നത നേതൃത്വത്തിന് ശക്തമായ എതിർപ്പുണ്ടായിരുന്നുവെങ്കിലും ഇടുക്കിയിലെ വിശ്വാസികളും സഭാ നേതാക്കളും എതിരാകുമെന്നു ഭയന്ന് മിണ്ടാതിരിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും പിന്നീടു വരുന്ന നിയമസഭാ തെരഞ്ഞടുപ്പിലും ഹൈറേഞ്ച് സംരക്ഷണ സമിതി ഇടതുപക്ഷവുമായി കൂട്ടു ചേരുന്നതിനു തടയിടുന്നതിനാണ് രാഷ്ട്രീയ രംഗത്തു നിന്നുള്ള പിന്മാറ്റമെന്നും പറയപ്പെടുന്നു. ഇടുക്കിയിലെ സിറ്റിംഗ് എംഎൽഎയായ കേരളാ കോൺഗ്രസ് നേതാവ് റോഷി അഗസ്റ്റിനു വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയം ഉണ്ടാകാതിരിക്കാൻ സഭയുടെ നേതൃത്വത്തിൽ മുൻകൂട്ടി തയാറാക്കിയ തിരക്കഥയാണ് രാഷ്ട്രീയ രംഗത്തു നിന്നുള്ള സമിതിയുടെ പൊടുന്നനെയുള്ള പിന്മാറ്റമെന്ന തരത്തിലുള്ള ആരോപണങ്ങളും ഉയർന്നു കേൾക്കുന്നുണ്ട്. ഇപ്പോഴത്തെ ധാരണ പ്രകാരമാണെങ്കിൽ ജോയ്സ് ജോർജ് എംപിയുടെ നേതൃത്വത്തിൽ വരും തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിന്റെ വിജയത്തിനായി പ്രവർത്തിക്കേണ്ടി വരും. എന്നാൽ എക്കാലവും എൽഡിഎഫിനോടു കുരിശു യുദ്ധം പ്രഖ്യാപിച്ചിട്ടുള്ള കത്തോലിക്കാ സഭയ്ക്ക് ഇടതുപക്ഷവുമായി  കൂട്ടുചേരുന്നത് ഒരിക്കലും അംഗീകരിക്കാനുമാവില്ല. കേരളാ കോൺഗ്രസിന് എപ്പോഴും വളക്കൂറുള്ള മണ്ണായ ഇടുക്കി നഷ്ടപ്പെടുകയെന്നത് പാർട്ടിക്കു ചിന്തിക്കാൻ പോലും കഴിയുകയുമില്ല. ഹൈറേഞ്ച് സംരക്ഷണ സമിതി രാഷ്ട്രീയ ലക്ഷ്യങ്ങളുമായി ഇടതുപക്ഷത്തോടൊപ്പം മുന്നോട്ടു പോയാൽ തങ്ങളുടെ കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചു പോകുമെന്ന കേരളാ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും തിരിച്ചറിവാണ് കത്തോലിക്കാ സഭയുടെ നേതൃത്വത്തിൽ രാഷ്ട്രീയ രംഗത്തു നിന്നു സമിതി പിന്മാറുന്നതിലേക്കെത്തിച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം.

 എന്നാൽ ഏറെ കോലാഹലങ്ങളുയർത്തി സ്വന്തം സ്ഥാനാർത്ഥിയെ തന്നെ നിർത്തി വിജയിപ്പിച്ചെടുക്കാൻ തക്കവിധത്തിൽ രാഷ്ട്രീയ ശക്തി കൈവരിച്ച സംഘടന എന്തു നേട്ടമുണ്ടാക്കിയ ശേഷമാണ് രാഷ്ട്രീയം ഉപേക്ഷിക്കുന്നത് എന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമായിട്ടില്ല. കസ്തൂരി രംഗൻ റിപ്പോർട്ടു നടപ്പിലാക്കുന്നതു സംബന്ധിച്ച സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം ഈ മാസം തന്നെ അറിയിച്ചില്ലായെങ്കിൽ കേന്ദ്ര സർക്കാർ തന്നെ അന്തിമ തീരുമാനമെടുക്കുമെന്ന കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം വന്നിട്ടും കസ്തൂരി രംഗൻ-ഗാഡ്ഗിൽ റിപ്പോർട്ടുകളുടെ പേരിൽ യുദ്ധക്കളമായ ഇടുക്കിയിൽ ഈ വിഷയം ഉയർന്നു കേൾക്കുന്നേയില്ല. രാജവെമ്പാലയും പുലിയും ഇറങ്ങുമെന്നും താമസിക്കുന്ന സ്ഥലം വനമായി മാറുമെന്നും പറഞ്ഞ് ജനങ്ങളെ തെരുവിലിറക്കിയവർ ഇത്തരം ചോദ്യങ്ങൾക്ക് എന്ത് ഉത്തരം പറയുമെന്നതാണ് ഇപ്പോഴുയരുന്ന സംശയം.

(അഴിമുഖം പ്രതിനിധിയാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍