UPDATES

വിദേശം

ലോകരാജ്യങ്ങളെ അതിശയിപ്പിച്ച ഇന്ത്യയുടെ എയര്‍ലിഫ്റ്റ്; ഗള്‍ഫ് യുദ്ധം/ഓര്‍മ്മ

Avatar

ജോയ് ഏനാമാവ്

(ഇറാഖിന്റെ കുവൈറ്റ് അധിനിവേശത്തിന് ഇന്ന് 26 വര്‍ഷം തികയുന്നു. 1990 ആഗസ്റ്റ് 2നായിരുന്നു ഇറാഖി പട്ടാളം കുവൈറ്റിലേക്ക് പ്രവേശിച്ചത്. ഗള്‍ഫില്‍ നടക്കുന്ന യുദ്ധം എന്നതിലുപരി സ്വന്തം മണ്ണില്‍ നടക്കുന്ന അധിനിവേശമായാണ് മലയാളിക്കത് അനുഭവപ്പെട്ടത്. ഗള്‍ഫ് മലയാളികള്‍  ഇപ്പോള്‍ മറ്റൊരു അതിജീവന പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍, അന്ന് ഗള്‍ഫ് യുദ്ധം മാതൃഭൂമിക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്ത ജോയി ഏനാമാവ് തന്റെ അനുഭവങ്ങളും യുദ്ധത്തിന്റെ പിന്നിലെ രാഷ്ട്രീയവും മലയാളികള്‍ കടന്നുപോയ പ്രതിസന്ധികളും അവതരിപ്പിക്കുകയാണ് ഈ ലേഖന പരമ്പരയില്‍. ആദ്യ ലേഖനങ്ങള്‍ ഇവിടെ വായിക്കാം- നമ്മള്‍ പോരാടാത്ത ഒരു യുദ്ധത്തിന്റെ ഓര്‍മ്മകള്‍ഇറാഖിന്റെ കുവൈറ്റ് അധിനിവേശം; ചില അമേരിക്കന്‍ ഇടപാടുകള്‍ആ യുദ്ധം ഇവര്‍ നേരില്‍ക്കണ്ടു; തൃശൂരിലെ വിജയനും ഡോ. ത്രേസ്യയും)

ഇന്ത്യ ലോക ശക്തികളെപ്പോലും അതിശയിപ്പിച്ചുകൊണ്ട് കുവെത്തിലുണ്ടായിരുന്ന പതിനായിരക്കണക്കിനു ഇന്ത്യക്കാരെ ഒരു പോറലുമേല്‍ക്കാതെ ജന്മനാട്ടിലെത്തിച്ച് ചരിത്രം സൃഷ്ടിച്ചു. ഇന്നു വരെ ലോകം കണ്ടിട്ടില്ലാത്ത ദൗത്യം. രണ്ടര പതിറ്റാണ്ടു പിന്നിട്ട മഹാപ്രതിസന്ധിയും ആശങ്കകളും ഏറ്റവും കുടുതല്‍ ബാധിച്ച കുടിയേറ്റ തൊഴില്‍സമൂഹം മലയാളികളുടേതായിരുന്നു. 

ഇറാഖും കുവൈത്തുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചു. യുദ്ധകാലത്ത് ബാഗ്ദാദ് സന്ദര്‍ശിച്ച രാഷ്ട്രനേതാക്കള്‍ വെനിസ്വലയിലെ ഭരണാധികാരി ഷാവേസും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയായിരുന്ന ഐ.കെ.ഗുജ്‌റാളും ആയിരുന്നു. സദ്ദാം ഹുസൈനെ നേരില്‍ കണ്ട് ഗുജ്‌റാള്‍ ഇന്ത്യയുടെ ആശങ്കകള്‍ അറിയിച്ചു. ലക്ഷക്കണക്കിനു ഇന്ത്യക്കാരുടെ സുരക്ഷിത്വമായിരുന്നു പ്രധാന വിഷയം.

ഇന്ത്യ ഒരിക്കലും അപലപിക്കുന്നു എന്ന വാക്ക് ഇറാഖ്-കുവൈത്ത് പ്രശ്‌നത്തെപ്പറ്റിയുള്ള പരമാര്‍ശരേഖകളില്‍ ഉപയോഗിച്ചില്ല. രണ്ടു കാരണങ്ങള്‍ കൊണ്ടായിരുന്നു ഇതെന്ന് വിദേശകാര്യമന്ത്രാലയത്തില്‍ ഗള്‍ഫ് കാര്യവിഭാഗം മേധാവി കെ.പി. ഫാബിയന്‍ അന്ന് വിശദീകരിച്ചു- ഒന്നര ലക്ഷത്തിലേറെയുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ, ഇരു രാജ്യങ്ങള്‍ തമ്മില്‍ ഒത്തു തീര്‍പ്പു സാധ്യത അടഞ്ഞിട്ടില്ലെന്ന വിശ്വാസം. ഒത്തു തീര്‍പ്പു ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ത്യ സന്നദ്ധ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ ഒരു നിലപാടു ഇന്ത്യ സ്വീകരിച്ചതുകൊണ്ടാകണം ഈ രണ്ടു രാജ്യങ്ങളുമായി ഇപ്പോഴും നല്ല ബന്ധം കാത്തു സൂക്ഷിക്കാനാകുന്നത്. ഇന്ത്യയുടെ ചേരിചേരാ നയം പ്രകീര്‍ത്തിക്കപ്പെട്ട നാളുകള്‍. അധിനിവേശകാലത്ത് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ബാഗ്ദാദ് അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വന്നിറങ്ങിയ ദൃശ്യംകണ്ട് ലോകശക്തികള്‍ അന്തിച്ചു പോയി. അന്തര്‍ദേശിയ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് ഇത് ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത്.


റുവായ്ഷിദില്‍ ഭക്ഷണ സാധനത്തിനായി കൈ നീട്ടുന്ന ഇന്ത്യന്‍ അഭയാര്‍ത്ഥികള്‍

കുവെത്തിലെ വിദേശ കൂലിത്തൊഴിലാളികള്‍ മുഴുവന്‍ രക്ഷപ്പെട്ട് പ്രാണനും കൊണ്ട് ഓടിയെത്തിയിരുന്നത് ജോര്‍ദ്ദാന്റെ അതിര്‍ത്തിയായ റുവായ്ഷിദിലേക്കായിരുന്നു. തീരെ ചെറിയൊരു പട്ടണമായിരുന്നു റുവായ്ഷിദ്. കൂടിയാല്‍ ആയിരത്തിനു താഴെ മാത്രം ജനസംഖ്യ. എന്നാല്‍, ദിവസങ്ങള്‍ക്കകം ഇവിടെ ഒഴുകിയെത്തിയത് പതിനായിരക്കണക്കിനാളുകളായിരുന്നു. 

കയ്യില്‍ കിട്ടിയത് മാത്രം എടുത്തു പ്രാണനും കൊണ്ട് രക്ഷപ്പെട്ടവരില്‍ പലരും ഉടുതുണിക്കു മറുതുണിയില്ലാത്തവരായിരുന്നു. ഇന്ത്യക്കാരായ ഒരു ലക്ഷത്തി എഴുപത്തി രണ്ടായിരം അഭയാര്‍ത്ഥികളെ വിമാനം വഴി ജന്മനാട്ടിലെത്തിച്ച എയര്‍ ഇന്ത്യ ചരിത്രത്തില്‍ സ്ഥാനം നേടി.  59 ദിവസംകൊണ്ട് 488 തവണ പറന്നായിരുന്നു ഇതു സാധിച്ചത്. ലോക ചരിത്രത്തില്‍ ഇത്രയും വലിയ ഒഴിപ്പിക്കല്‍ മുന്‍പൊരിക്കലും നടന്നിട്ടില്ല. ഓരോ വിമാനത്തിലും 300 പേരെ വീതം ദിനംപ്രതി പത്തു തവണയാണ് അമ്മാനിലെ ക്യൂന്‍ അലിയ അന്തര്‍ദേശിയ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്കു വിമാനങ്ങള്‍  പറന്നുയര്‍ന്നത്.

എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച ക്യാപ്റ്റന്‍ വിജയന്‍ നായരുടെ പങ്കു ഏറെ ശ്രദ്ധേയമായി. അന്ന് ഒഴിപ്പിക്കല്‍ നടക്കുമ്പോള്‍ വിജയന്‍ നായര്‍ എടുത്ത ചിത്രങ്ങളാണ് പിന്നീട് മാദ്ധ്യമങ്ങള്‍ക്കും മറ്റു രേഖകള്‍ക്കുമായി ഉപയോഗപ്പെട്ടത്. ഈ ചിത്രങ്ങള്‍ വിജയന്‍ നായരുടെ മരണാനന്തരവും അദ്ദേഹത്തിന്റെ ഭാര്യയും കടുംബവും ഒരു നിധിപോലെ സൂക്ഷിക്കുന്നു. (അദ്ദേഹത്തിന്റെ ശേഖരത്തിലെ ചിത്രങ്ങളാണ് ഈ ലേഖനത്തിനായും ഉപയോഗിച്ചിരിക്കുന്നത്.)


വിജയന്‍ നായര്‍ അമ്മാനിലെ ഏയര്‍ ഇന്ത്യാ ഓഫീസില്‍

ഇന്ത്യക്കാരെ മുഴുവന്‍ ആവുന്നത്ര പെട്ടെന്ന് മരുഭൂമിയിലെ ദുരിതവാസത്തില്‍ നിന്നും രക്ഷിക്കണമെന്ന ഒരൊറ്റ ചിന്തയായിരുന്നു വിജയന്‍ നായര്‍ക്കുണ്ടായിരുന്നത്. ഇതിനായി രാപകല്‍ അദ്ദേഹവും സഹപ്രവര്‍ത്തകരും യത്‌നിച്ചു. എയര്‍ ഇന്ത്യക്കു ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും അഭിനന്ദനങ്ങള്‍ കിട്ടി. ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ്‌സിലും ഇന്ത്യയുടെ ഔദ്യോഗിക വിമാനകമ്പനി കടന്നു കൂടി. ദിനം പ്രതി കുവെത്ത് സിറ്റിയില്‍ നിന്നും 80 ലേറെ ബസ്സുകള്‍ ഇന്ത്യക്കാരെ കയറ്റി ബാഗ്ദാദ് വഴി ജോര്‍ദ്ദാനിലേക്കു പോയ്‌ക്കൊണ്ടിരുന്നു. 2000 കിലോമീറ്ററുകള്‍ താണ്ടിയുള്ള ഈ യാത്ര സുരക്ഷിതമാക്കിയത് സഖ്യ സേനയേക്കാള്‍ കൂടുതലായി ഇറാഖി പട്ടാളക്കാരായിരുന്നു. കുവെത്തില്‍ നിന്നും ജോര്‍ദ്ദാനിലേക്കു ഹൈവേ-80 വഴി പോകാമായിരുന്നെങ്കിലും ഈ റോഡ് യുദ്ധഭൂമിയായി മാറിയിരുന്നതുകൊണ്ടായിരുന്നു ഇന്ത്യക്കാരുടെ ബസ് യാത്ര ബാഗ്ദാദിലൂടെ ആക്കിയത്.

ഈ അടുത്തകാലത്ത് പ്രദര്‍ശന ശാലയിലെത്തിയ ‘എയര്‍ ലിഫ്റ്റ്’ എന്ന ഹിന്ദി സിനിമ കുവെത്തിലെ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ഐതിഹാസിക ഒഴിപ്പിക്കലിന്റെ യഥാര്‍ത്ഥ സംഭവങ്ങളെ പ്രതിപാദിക്കുന്നതാണ്. എയര്‍ ഇന്ത്യയുടെ ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച ക്യാപ്റ്റന്‍ വിജയന്‍ നായരുടെ പങ്കു പ്രത്യേകം പരമാര്‍ശിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. 

(തുടരും)

(മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍