UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യേശുവിന്റെ ചരിത്രപരമായ അസ്തിത്വത്തിന് ഉത്തരമുണ്ടോ?

Avatar

റാഫേല്‍ ലാറ്റസ്റ്റര്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)

ജീസസ് ഓഫ് നസ്റേത്ത് എന്നു വിളിക്കപ്പെടുന്ന മനുഷ്യന്‍ സത്യത്തില്‍ ജീവിച്ചിരുന്നോ? ഹിസ്‌റ്റോറിക്കല്‍ ജീസസ് എന്നറിയപ്പെടുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ജീവിച്ചിരുന്നോ എന്ന ചര്‍ച്ച നിരീശ്വരവാദികള്‍ക്കിടയില്‍ വിള്ളലുണ്ടാക്കിയിട്ടുണ്ട്. അവിശ്വസനീയവും എളുപ്പത്തില്‍ തള്ളിക്കളയാനുമാവുന്നതായ ‘ക്രൈസ്റ്റ് ഓഫ് ഫെയ്ത്തിനെ’ ( ജലത്തിന് മുകളിലൂടെ നടന്ന വിശുദ്ധ ജീസസ് ) മുറുകെപ്പിടിക്കുന്ന വിശ്വാസികള്‍ ഈ ചര്‍ച്ചകളില്‍ നിന്നും മാറി നില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത്.

നിരവധി സെക്ക്യുലര്‍ പണ്ഡിതന്‍മാര്‍ അവരുടെതായ ഹിസ്‌റ്റൊറിക്കല്‍ ജീസസിന്റെ പതിപ്പുകളുമായ് മുന്നോട്ട് വന്നിട്ടുണ്ട്, പക്ഷെ ബൈബിള്‍ പണ്ഡിതനായ ജെ.ഡി ക്രോസ്സന്‍ പറഞ്ഞതുപോലെ അവയില്‍ ഭൂരിപക്ഷവും ‘ മണ്ടത്തരങ്ങളുടെ ഘോഷയാത്രയായിരുന്നു ‘. ക്രോസ്സന്റെ ജ്ഞാനിയായ യോഗിയും, റോബര്‍ട്ട് ഐസെന്‍മാന്റെ വിപ്ലവകാരിയായ ജീസസും, ബാര്‍ട്ട് എഹ്മ്രാന്റെ കലിയുഗ പ്രവാചകനും കൊമ്പോട് കൊമ്പ് പോരാടുന്നുണ്ടെങ്കിലും പുതിയ നിയമ പണ്ഡിതന്മാര്‍ ഇവയില്‍ നിന്നും ജീസസിന്റെ ചരിത്രപരമായ അസ്തിത്വം മാത്രമേ അംഗീകരിക്കുന്നുള്ളൂ. പക്ഷെ ഇതും ചോദ്യം ചെയ്യപ്പെടാവുന്നതാണ്.

ജീസസിന്റെ ചരിത്രപരമായ അസ്തിത്വത്തെക്കുറിച്ച് കൂടുതലറിയാന്‍ ശ്രമിക്കുന്ന നാം ആദ്യം നേരിടുന്ന പ്രശ്‌നം വിവരങ്ങളുടെ അഭാവമാണ്. ലഭ്യമായ പ്രാഥമിക വിവരങ്ങളെല്ലാം സാങ്കല്‍പ്പിക ക്രൈസ്റ്റ് ഓഫ് ഫെയ്ത്തിനെക്കുറിച്ചുള്ളതാണ്. ആരോപിതമായ സംഭവം നടന്നതിനു പതിറ്റാണ്ടുകള്‍ക്കു ശേഷം ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ വേണ്ടി ക്രിസ്ത്യന്‍ എഴുത്തുകാരന്മാര്‍ രചിച്ചതാണ് ഈ പ്രാഥമിക വിവരങ്ങളെന്നത് ഇവയെ കുമ്പസാരക്കൂട്ടില്‍ നിര്‍ത്താനുള്ള കാരണമാവുന്നു. സുവിശേഷപുസ്തകങ്ങളുടെ രചിയിതാക്കള്‍ തങ്ങളുടെ പേരും, യോഗ്യതയും, അടിസ്ഥാന വിവരങ്ങളോടുള്ള തങ്ങളുടെ വിമര്‍ശനങ്ങളും അതിലുപരി അങ്ങനെയോന്നുണ്ടോ എന്ന വിവരം പോലും പ്രകടിപ്പിക്കുന്നതില്‍ പരാജയപ്പെട്ടിട്ടുള്ളവരാണ്. കെട്ടുകഥകളാല്‍ നിറഞ്ഞതും ചരിത്ര വസ്തുതകളില്‍ നിന്നും അകന്നു നില്‍ക്കുന്നതും പിന്നെ പല പ്രാവശ്യം പലരാലും തിരുത്തപ്പെടുകയും ചെയ്തതുമായ സുവിശേഷ പുസ്തകങ്ങള്‍ക്ക് വിമര്‍ശകര്‍ക്കിടയില്‍ കഥപുസ്തകത്തിന്റെ സ്ഥാനം മാത്രമേയുള്ളൂ എന്നത് തിരുത്തപ്പെടാനാവാത്ത വസ്തുതയാണ്.

സുവിശേഷ പുസ്തകങ്ങളില്‍ നിന്നുള്ള സത്യത്തിന്റെ സ്വര്‍ണ്ണക്കട്ടികള്‍ വേദപുസ്തകപാഠശാലയിലെ പാതിരിമാര്‍ വിലക്കി നിര്‍ത്തിയിട്ടില്ലെങ്കില്‍ കുരുന്നു മനസ്സുകളില്‍ പോലും സംശയത്തിന്റെ ചിരി പടര്‍ത്തുന്നതാണ്. അന്നത്തെ ജുഡീയയും അവിടുത്തെ ജൂതന്മാരും ക്രിസ്ത്യാനികളും കെട്ടുകഥകളിലും അത്ഭുതങ്ങളിലും (ഇന്നും വലിയ മാറ്റമൊന്നുമില്ല) കണ്ണടച്ച് വിശ്വസിച്ചിരുന്നവരായിരുന്നു, അതുകൊണ്ട് തന്നെ വാമൊഴിയായ് പ്രചരിച്ച ഈ കഥകളുടെ ഉറവിടം കണ്ടെത്തുക ശ്രമകരമായ ജോലിയാണ്.

അറാമിക് പശ്ചാത്തലം മാനദണ്ഡമായ് ഉപയോഗിച്ചാലും നമ്മുടെ അന്വേഷണത്തെയത് ലവലേശം മുന്നോട്ട് കൊണ്ടുപോകില്ല. ഒന്നാം നൂറ്റാണ്ടിലെ ജുഡീയയില്‍ ജീസസും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും മാത്രമല്ല അറാമിക് സംസാരിച്ചിരുന്നതെന്ന കാര്യം സംശയാതീതമാണ്. വിവരങ്ങളുടെ ഉറവിടം പലതല്ല എന്നത് വ്യക്തമായ സത്യമായതുകൊണ്ട് തന്നെ പലയിടങ്ങളില്‍ നിന്നുള്ള സ്വതന്ത്ര സാക്ഷ്യപ്പെടുത്തലുകള്‍ നമുക്കിവിടെ സൂക്ഷമതയോടു കൂടി മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ.

ക്രിസ്തുവചനങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട പോളിന്റെ തിരുവെഴുത്തും ജീസസിന്റെ അസ്തിത്വത്തിനു യാതൊരു മാനുഷിക തെളിവുകളും നല്‍കുന്നില്ല. ജീസസിന്റെ ഭൂമിയിലെ ജീവിതവും ഉപദേശങ്ങളും മാറ്റി നിര്‍ത്തിയ പോള്‍ സ്വര്‍ഗീയനായ ജീസസിനെയാണ് വര്‍ണ്ണിച്ചത്. ഒടുവിലത്തെ തിരുവത്താഴത്തെക്കുറിച്ചും ഉയിര്‍ത്തെഴുന്നേല്‍പ്പിനെക്കുറിച്ചുമുള്ള ഭാഗങ്ങളില്‍ പിതാവിന്റെ നേരിട്ടുള്ള വെളിപാടും പഴയ നിയമത്തില്‍ നിന്നുള്ള പരോക്ഷമായ വെളിപാടുകളുമാണ് പോള്‍ ഉപയോഗിച്ചത്(Galatians 1:1112 ).

നമ്മുടെ പക്കലില്ലാത്ത തെളിവുകളും ഇവിടെ വളരെ പ്രധാനമാണ്. ജീസസിന്റെ ദൃക്‌സാക്ഷി വിവരണമോ സമകാലിക വിവരണമോ ഇതുവരെ ലഭ്യമായിട്ടില്ല. കൈയിലുള്ളതാവട്ടെ ജീസസിനെ നേരില്‍ കാണാത്തവര്‍ വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹത്തിന്റെ ജീവിത കഥ വിവരിച്ചതാണ്, അവയില്‍ പലതും പക്ഷപാത സ്വഭാവമുള്ളവയുമാണ്. റോമന്‍ പണ്ഡിതനായ ജോസേഫസിന്റെയും ചരിത്രകാരനായ റ്റാസിറ്റസിന്റെയും വാദമാണ് പ്രധാനപ്പെട്ട മറ്റു രണ്ടു സ്രോതസുകള്‍. പക്ഷെ ജീസസിന്റെ മരണത്തിനു ശേഷം ജനിച്ച ഇവരുടെ എഴുത്തുകള്‍ ക്രിസ്ത്യാനികളാണ് സൂക്ഷിച്ചുവെച്ചിരുന്നതെന്നതും നൂറ്റാണ്ടുകള്‍ക്കു ശേഷമാണ് ഇവ ക്രിസ്ത്യന്‍ പാതിരിമാര്‍ ജീസസ് ജീവിച്ചിരുന്നുവെന്നതിനുള്ള തെളിവായ് ഉപയോഗിച്ചു തുടങ്ങിയതെന്നുള്ളതും ഈ തെളിവുകളെ വിമര്‍ശകര്‍ക്കിടയില്‍ വാദവിഷയമാക്കി മാറ്റാന്‍ കാരണമായി. ഈ വിഷയത്തിലുള്ള അജ്ഞേയതാവാദം (Agnosticism) സ്വതന്ത്ര ചരിത്രകാരനായ റിച്ചാര്‍ഡ് കാരിയരുടെ വാദത്തിന്റെ പിന്തുണയാല്‍ ശക്തിപ്പെട്ടു വരികയാണ്. ദുഷ്ട ശക്തികളാല്‍ വധിക്കപ്പെട്ട സ്വര്‍ഗ്ഗവാസിയിലുള്ള വിശ്വാസത്തില്‍ തുടങ്ങിയ ജീസസ് എന്ന കഥാപാത്രം ചരിത്രത്തിന്റെ ഇടനാഴിയിലെവിടെയോ വെച്ച് മനുഷ്യ രൂപം പ്രാപിക്കുകയായിരുന്നു എന്ന വാദവും ചരിത്ര പുരുഷനായ ജീസസിന്റെ മേല്‍ അയാഥാര്‍ത്ഥമായ കഥകള്‍ കെട്ടിവെക്കുകയായിരുന്നുവെന്നുള്ള പരമ്പരാഗത വാദവും ഭൂരിഭാഗം കെട്ടുകഥകളും ചരിത്രപരമെന്നു തോന്നിപ്പിക്കുന്നതായ കുറച്ചു കഥകളുമുള്ള സുവിശേഷപുസ്തകവുമായ് ഒത്തു പോകുന്നു.

പോളിന്റെ സുവിശേഷം ‘ സ്വര്‍ഗീയവാസിയായ ജീസസ് ‘ രാക്ഷസന്‍മാരാല്‍ കൊല്ലപ്പെട്ടുവെന്ന വാദത്തെയാണ് പിന്തുണക്കുന്നത്, അദ്ദേഹമാരാണെന്ന വിവരം അറിഞ്ഞിരുന്നെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു (1 Corinthians 2:6-10). സുവിശേഷ പുസ്തകപ്രകാരം ജീസസിന്റെ മരണം തങ്ങളുടെ മോക്ഷത്തിലും ദുഷ്ട ശക്തികളില്‍ നിന്നുള്ള രക്ഷയിലും കലാശിക്കുമെന്നു മനസ്സിലാക്കിയ മനുഷ്യര്‍ നടത്തിയ കൃത്യമായിരുന്നു.

മുഖ്യധാരാ പണ്ഡിതന്മാര്‍ക്കിതിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ? അപ്രതീക്ഷിതമെന്നു പറയട്ടെ വളരെക്കുറച്ചു മാത്രം. അടുത്ത കാലത്ത് ബാര്‍ട്ട് എഹ്മ്രനും മൊറീസ് സേസിയും മാത്രമാണ് ജീസസിന്റെ ചരിത്രപരമായ അസ്ഥിത്വത്തെക്കുറിച്ച് പഠനം നടത്തിയിട്ടുള്ളൂ. സുവിശേഷ പുസ്തകത്തിലങ്ങൊളമിങ്ങോളം പരന്നു കിടക്കുന്ന കെട്ടുകഥകളെ മാറ്റി നിര്‍ത്തിയാല്‍ മറ്റുള്ള ഭാഗങ്ങള്‍ വിശ്വസിക്കാമെന്നാണ് ഇവര്‍ പറയുന്നത്. ആരാണീ സാങ്കല്പ്പിക സ്രോതസുകളുടെ രചയിതാവ് ? എപ്പോള്‍ ? എന്താണവര്‍ പറയാന്‍ ശ്രമിച്ചത്? ചരിത്ര വസ്തുതകളെ അതേപോലെ പകര്‍ത്താനാണോ അതോ കെട്ടു കഥകളിലൂടെ സന്ദേശം പ്രചരിപ്പിക്കാനാണോ അവര്‍ ശ്രമിച്ചത് ?

എഹ്മ്രനോ സേസിക്കോ അല്ലെങ്കില്‍ ഏതെങ്കിലും പുതിയ നിയമ പണ്ഡിതനോ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ സാധിക്കില്ല. 

നിലവിലുള്ള സ്രോതസുകളിലെ അവ്യക്തതയും ബൈബിള്‍ ചരിത്രകാരന്മാര്‍ ഉപയോഗിക്കുന്ന മോശം രീതികളും കാരണം ഈ പ്രശ്നം ഒരിക്കലും പരിഹരിച്ചെന്നുവരില്ല. ചുരുക്കിപ്പറഞ്ഞാല്‍ ജീസസിന്റെ ചരിത്രപരമായ അസ്ഥിത്വം കുമ്പസാരക്കൂട്ടിലെ ആട്ടിന്‍കുട്ടിയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍