UPDATES

ചരിത്രത്തില്‍ ഇന്ന്

1888 ജനുവരി 13: നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റി രൂപീകരിക്കാന്‍ തീരുമാനം

‘ഭൂമിശാസ്ത്രപരമായ അറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ഒരു സൊസൈറ്റി’ രൂപീകരിക്കുന്നതിനായി 33 പര്യവേക്ഷകരും ശാസ്ത്രജ്ഞരും വാഷിംഗ്ടണ്‍ ഡിസിയിലെ ലാഫയേറ്റെ സ്‌ക്വയറിലുള്ള കോസ്‌മോ ക്ലബില്‍ ഒത്തുകൂടി.

1888 ജനുവരി 13ന്, യാത്രയില്‍ താല്‍പര്യമുള്ള വരേണ്യ അക്കാദമിക് പണ്ഡിതര്‍ക്കും സമ്പന്ന രക്ഷാധികാരികള്‍ക്കും വേണ്ടിയുള്ള ക്ലബായാണ് നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റി ആരംഭിച്ചത്. 1888 ജനുവരി 13ന്, ‘ഭൂമിശാസ്ത്രപരമായ അറിവുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി ഒരു സൊസൈറ്റി’ രൂപീകരിക്കുന്നതിനായി 33 പര്യവേക്ഷകരും ശാസ്ത്രജ്ഞരും വാഷിംഗ്ടണ്‍ ഡിസിയിലെ ലാഫയേറ്റെ സ്‌ക്വയറിലുള്ള ഒരു സ്വകാര്യ ക്ലബായ കോസ്‌മോ ക്ലബില്‍ ഒത്തുകൂടി. ഭരണഘടനയും സംഘടനയുടെ പദ്ധതിയും തയ്യാറാക്കിയതിനെ തുടര്‍ന്ന് 1888 ജനുവരി 27ന് നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റി രൂപീകരിക്കപ്പെട്ടു. ഗാര്‍ഡിനെര്‍ ഗ്രീന്‍ ഹുബ്ബാര്‍ഡ് ആയിരുന്നു ആദ്യ പ്രസിഡന്റ്. തുടര്‍ന്ന് 1897 ല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി മരുമകന്‍ അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ തിരഞ്ഞെടുക്കപ്പെട്ടു.

യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ വാഷിംഗ്ടണ്‍ ഡിസിയില്‍ ആസ്ഥാനമുള്ള നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റി (എന്‍ജിസ്) ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ലാഭേച്ഛയില്ലാത്ത ശാസ്ത്ര, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്. ഭൂമിശാസ്ത്രം, പുരാവസ്തുശാസ്ത്രവും നാച്യുറല്‍ സയന്‍സും, പാരിസ്ഥിതിക, ചരിത്ര സംരക്ഷണങ്ങളുടെ പ്രോത്സാഹനം, ലോക സംസ്‌കാരത്തിന്റെയും ചരിത്രത്തിന്റെയും പഠനം എന്നിവ സൊസൈറ്റിയുടെ താല്‍പര്യങ്ങളില്‍ പെടുന്നു. സംഘടന ശാസ്ത്രീയ ഗവേഷണവും പര്യവേഷണവും പ്രോത്സാഹിപ്പിക്കുന്നു. ഇംഗ്ലീഷിലും നാല്‍പത് പ്രാദേശിക ഭാഷകളിലും പതിപ്പുകളുള്ള നാഷണല്‍ ജ്യോഗ്രഫിക് (2015ല്‍ റൂപ്പര്‍ഡ് മഡ്രോക് വാങ്ങി) എന്ന മാസിക സൊസൈറ്റി പ്രസിദ്ധീകരിക്കുന്നു. നിരവധി ഭാഷകളിലും രാജ്യങ്ങളിലുമായി മറ്റ് ആനുകാലികങ്ങള്‍, പുസ്തകങ്ങള്‍, സ്‌കൂള്‍ ഉല്‍പന്നങ്ങള്‍, ഭൂപടങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനവും വെബ്-സിനിമ സംരംഭങ്ങളും അവരുടെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു. ഭൂമിശാസ്ത്ര വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അവരുടെ വിദ്യാഭ്യാസ ഫൗണ്ടേഷന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റുകള്‍ നല്‍കുന്നു. അവരുടെ ഗവേഷണ, പര്യവേഷണ കമ്മിറ്റി, ശാസ്ത്രീയ ഗവേഷണത്തിനും പര്യവേഷണത്തിനുമായി 11,000 ഗ്രാന്റുകള്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്.

1888 ഒക്ടോബറിലാണ്, പിന്നീട് നാഷണല്‍ ജ്യോഗ്രഫിക് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ട ദ നാഷണല്‍ ജ്യോഗ്രഫിക് മാസിക ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. സൊസൈറ്റി രൂപീകരിക്കപ്പെട്ട ഒമ്പത് മാസങ്ങള്‍ക്ക് ശേഷം, നികുതിരഹിത നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയില്‍ ചേര്‍ന്നതിന്റെ ഭാഗമായാണ് അതിന്റെ ഔദ്ധ്യോഗിക മാസിക പുറത്തിറങ്ങിയത്. 1910 ഫെബ്രുവരി പത്തുമുതല്‍ (21-ാം വാല്യം, നമ്പര്‍ രണ്ട്) മുതല്‍ പുറംചട്ടയ്ക്ക് ചുറ്റും ട്രേഡ്മാര്‍ക്കായ പ്രസിദ്ധമായ ആ മഞ്ഞവര ഉപയോഗിക്കപ്പെട്ടു തുടങ്ങി. ഭൂമിശാസ്ത്രം, ജനകീയ ശാസ്ത്രം, ലോക ചരിത്രം, സംസ്‌കാരം, സമകാലിക സംഭവങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലുള്ള ലേഖനങ്ങള്‍, ലോകത്തിലെ നാനാഭാഗങ്ങളില്‍ നിന്നും പ്രപഞ്ചത്തില്‍ നിന്നുമുള്ള ചിത്രങ്ങള്‍ എന്നിവ മാസികയില്‍ ഉള്‍ക്കൊള്ളുന്നു. ലോകത്തെമ്പാടുമുള്ള വിവിധ രാജ്യങ്ങളിലുള്ള നാല്‍പത് പ്രാദേശിക ഭാഷകളില്‍ ഇപ്പോള്‍ നാഷണല്‍ ജ്യോഗ്രഫിക് മാസിക പതിപ്പുകളിറക്കുന്നു. ഇപ്പോള്‍, ഇംഗ്ലീഷിലും മറ്റ് ഭാഷകളിലുമായി 6.8 ലക്ഷം കോപ്പികളാണ് വിറ്റഴിയുന്നത്. ഏകദേശം 60 ദശലക്ഷം വായനക്കാര്‍ മാസികയ്ക്കുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

https://youtu.be/IRrQhhw3jYs

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍