UPDATES

ഓഫ് ബീറ്റ്

വരൾച്ചയിൽ വറ്റിയ ഡാമിൽ ‘മിതാനി സാമ്രാജ്യത്തിന്റെ’ അവശേഷിപ്പ്, കണ്ടെത്തിയത് 3,400 വർഷം പഴക്കമുള്ള കൊട്ടാരം

മേഖലയിൽ കണ്ടെത്തിയ ഏറ്റവും പ്രാധാന്യമുള്ള ചരിത്രാവശിഷ്ടങ്ങളാണ് ഇവയെന്നും ഗവേഷകർ പറയുന്നു.

ഇറാഖിന്റെ വടക്കന്‍ മേഖലകളിൽ വരൾച്ച രൂക്ഷമായതോടെ വറ്റിപ്പോയ ഡാമിൽ തെളിഞ്ഞത് 3400 വർഷം പഴക്കമുള്ള ചരിത്രം. കുര്‍ദിസ്ഥാനിലെ മൊസുളിലെ ഡാമിലാണ് കൊട്ടാര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മിതാനി സാമ്രാജ്യത്തിന്റെ ഇനിയും നശിക്കാത്ത ശേഷിപ്പാണ് ചരിത്ര പ്രസിദ്ധമായ ടൈഗ്രീസ് നദിയുടെ ഭാഗമായ ഡാമിന്റെ ജലത്തിനടിയിൽ നിന്നും വര്‍ഷങ്ങൾക്കിപ്പുറം നാടകീയമായി തെളിയുന്നത്.

വരൾച്ചയുടെ ഫലമായി കണ്ടെത്തിയ ചരിത്ര ശേഷിപ്പുകൾ മിതാനി സാമ്രാജ്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ലഭിച്ച ഏറ്റവും വലിയ പുരാവസ്തു പര്യവേഷണമാണ് ഇതെന്ന് കുര്‍ദിസ്ഥാനിലെ പുരാവസ്തു ഗവേഷകന്‍ ഹസന്‍ അഹമ്മദ് കാസിം പറഞ്ഞു.

ബിസി 15-14 കാലഘട്ടത്തിൽ‌ വടക്കൻ മൊസോപ്പൊട്ടോമിയ- സിറിയ മേഖലകളിലായിരുന്നു മിതാനി സാമ്രാജ്യം. ഇവരുടെ നിർമിതിയായ കിമൂനി (ഗവേഷകരുടെ വിശേഷണം) കൊട്ടാകത്തിന്റെ ശേഷിപ്പുകളാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. മേഖലയിൽ കണ്ടെത്തിയ ഏറ്റവും പ്രാധാന്യമുള്ള ചരിത്രാവശിഷ്ടങ്ങളാണ് ഇവയെന്നും ഗവേഷകർ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറയുന്നു.

നദിയില്‍ നിന്ന് 65 അടി ഉയരമാണ് കൊട്ടാരത്തിന് ഉള്ളത്. മണ്‍ കട്ടകള്‍കൊണ്ടാണ് മേല്‍ക്കൂര. എന്നാൽ ഇത് കെട്ടിടത്തിന്റെ സന്തുലിതാവസ്ഥയ്ക്കായി പിന്നീട് നിര്‍മ്മിച്ചതാണെന്നാണ് വിലയിരുത്തൽ. രണ്ട് മീറ്ററോളം കനത്തിലാണ് ചുമരുകള്‍. ചുവപ്പും നീലയും നിറത്തിലുള്ള ചുമര്‍ ചിത്രങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ബിസി 15-14 കാലത്ത് ഇത്തരം ചിത്രങ്ങള്‍ സാധാരണമായിരുന്നെങ്കിലും അപൂർവമായാണ് അവയെ സുരക്ഷിതമായി ലഭിക്കുന്നത്. പ്രദേശത്ത് നിന്ന് മിതാനി കാലഘട്ടത്തിലെ ചുമര്‍ ചിത്രം ലഭിച്ച രണ്ടാമത്തെ സ്ഥലമാണ് കിമൂനിയെന്നും അവര്‍ വ്യക്തമാക്കി.

ഡാമിൽ ഇത്തരമൊരു ശേഷിപ്പ് 2010 ൽ തന്നെ കണ്ടെത്തിയിരുന്നെങ്കിലും വെള്ളം നിറഞ്ഞതോടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിയാതിരിക്കുകയായിരുന്നു. വീണ്ടുമൊരു വരൾച്ചാ കാലം കടന്നെത്തിയപ്പോഴാണ് ഇതു സംബന്ധിച്ച കൂടുതൽ വിശദാശംങ്ങളിലേക്ക് വെളിച്ചം വീശുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍