UPDATES

വാര്‍ത്തകള്‍

എക്സിറ്റ് പോളില്‍ ആര് ജയിക്കും? വോട്ടെടുപ്പിന് ശേഷമുള്ള സര്‍വെകളുടെ ചരിത്രം നല്‍കുന്ന സൂചനകള്‍

യുപിഎയുടെയും കോണ്‍ഗ്രസിന്റെയും സീറ്റുകള്‍ പ്രവചിക്കുന്നതില്‍ എക്‌സിറ്റ് പോളുകള്‍ പലപ്പോഴും പരാജയപ്പെട്ടു എന്നതാണ് ചരിത്രം

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ഇന്ന് പൂര്‍ത്തുകയാകും. അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലങ്ങളില്‍ ആറ് മണിക്ക് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എക്‌സിറ്റ് പോളുകളുടെ ഫലങ്ങള്‍ വിവിധ ഏജന്‍സികളും ചാനലുകളും പുറത്തുവിട്ടു തുടങ്ങും. കേരളത്തിലെ പ്രമുഖ ചാനലുകളെല്ലാം എക്‌സിറ്റ് പോളുകള്‍ നടത്തിയിട്ടുണ്ട്.

അഭിപ്രായ സര്‍വെകളെക്കാള്‍ എക്‌സിറ്റ് പോളുകള്‍ക്ക് വിശ്വാസ്യത കൂടുതലുണ്ടെന്നാണ് പൊതുവില്‍ കണക്കാക്കപ്പെടുന്നത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ആര്‍ക്ക് വോട്ടുചെയ്തുവെന്ന് പറയുന്നത് ശരിയാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പൊതുവേയുള്ള ധാരണ. വോട്ടെടുപ്പിന് മുമ്പ് പലകാരണങ്ങളാലും സര്‍വ്വെയില്‍ വെളിപ്പെടുത്താറുള്ള കാര്യങ്ങള്‍ ശരിയാകണമെന്നില്ല. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ അങ്ങനെയാകാറില്ലെന്നുമാണ് പൊതുധാരണ. എന്നാല്‍ എക്‌സിറ്റ് പോളുകളുടെ ചരിത്രം പറയുന്നതെന്താണ്.

80 കളുടെ അവസാനത്തോടെയാണ് ഇന്ത്യയില്‍ അഭിപ്രായസര്‍വെകള്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പ് വിദഗ്ദനും മാധ്യമപ്രവര്‍ത്തകനുമായ പ്രണോയ് റോയ് ആണ് ഇതിന് തുടക്കം കുറിച്ചത്. എക്‌സിറ്റ് പോളുകള്‍ സജീവമായത്, 1996 ലെ തെരഞ്ഞെടുപ്പ് മുതലാണ്. ദേശീയ രാഷ്ട്രീയം അനിശ്ചിതത്വത്തിലായ കാലഘട്ടം കൂടിയായിരുന്നു അത്. സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡവലപിങ് സൊസൈറ്റീസ് നടത്തിയ സര്‍വെ ദൂരദര്‍ശനാണ് സംപ്രേഷണം ചെയ്തത്. ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്നായിരുന്നു അന്നത്തെ എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. അത് ഏകദേശം ശരിയാവുകുയം ചെയ്തു. ബിജെപിയായിരുന്നു അന്ന് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. വാജ്‌പേയ് ആദ്യമായി പ്രധാനമന്ത്രിയായത് ഈ തെരഞ്ഞെടുപ്പിന് ശേഷമാണ്. എന്നാല്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് 13 ദിവസത്തിന് ശേഷം അദ്ദേഹത്തിന് സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നു. പിന്നീട് 11 മാസം ദേവഗൗഡയും അതിന് ശേഷം ഐ കെ ഗുജ്‌റാളും പ്രധാനമന്ത്രിമാരായി.

1990 കളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ കൂടുതലായി എത്തിയതോടെയാണ് എക്‌സിറ്റ് പോളുകളും അഭിപ്രായ സര്‍വെകളും വ്യാപകമായത്. 1998 ഓടെ പ്രധാനപ്പെട്ട സ്വകാര്യ ടെലിവിഷന്‍ ചാനലുകളും എക്‌സിറ്റ് പോളുകള് സംപ്രേഷണം ചെയ്തു തുടങ്ങി. സിഎസ്ഡിഎസ്, ഡിആര്‍എസ് എസി നെല്‍സണ്‍ സിവോട്ടര്‍ തുടങ്ങി വിവിധ ഏജന്‍സികള്‍ സര്‍വെകളും എക്‌സിറ്റ് പോളുകളും നടത്തി.

1998 ലെ എക്‌സിറ്റ് പോളുകള്‍ എന്‍ഡിഎയ്ക്കാണ് മുന്‍തൂക്കം നല്‍കിയത്. 214 മുതല്‍ 249 സീറ്റുകള്‍ വരെ എന്‍ഡിഎയ്ക്ക് പ്രവചിക്കപ്പെട്ടു. കോണ്‍ഗ്രസ് സഖ്യത്തിന് 145-164 സീറ്റുകളും ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്‍ഡിഎയ്ക്ക് 252 ഉം കോണ്‍ഗ്രസിന് 166 സീറ്റുകളുമാണ് അന്നത്തെ തെരഞ്ഞെടുപ്പില്‍ ലഭിച്ചത്. 1999 ലെ തെരഞ്ഞൈടുപ്പില്‍ എന്‍ഡിഎയ്ക്ക് 300 ലധികം സീറ്റുകള്‍ ലഭിക്കുമെന്നായിരുന്നു മിക്ക സര്‍വെകളും പ്രവചിച്ചത്. ഇത്രയും സീറ്റുകള്‍ ലഭിച്ചില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം. എന്നാല്‍ മൂന്നാം മുന്നണിയുടെ സീറ്റ് പ്രവചിക്കുന്നതില്‍ എല്ലാ എക്‌സിറ്റ് പോളുകളും പരാജയപ്പെട്ടു. 34 മുതല്‍ 95 സീറ്റുകള്‍ വരെയായിരുന്നു അന്ന് മൂന്നാം മുന്നണിയ്ക്ക് പ്രവചിച്ചിരുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ 113 സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസിന് കിട്ടിയ സീറ്റുകളുടെ എണ്ണം ഏകദേശം കൃത്യമായി തന്നെയാണ് പ്രവചിച്ചത്.

2004 ലാണ് എക്‌സിറ്റ് പോളുകള്‍ പൂര്‍ണമായും പരാജയപ്പെടുന്നത്. ഇന്ത്യ തിളങ്ങുന്നു എന്ന ബിജെപിയുടെ പ്രചരണത്തിന്റെ അടിസ്ഥാനത്തിലായിരുന്ന എന്‍ഡിഎ അന്ന് തെരഞ്ഞെടുപ്പിനെ നേരിട്ടത്. വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നായിരുന്നു എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എന്‍ഡിഎയ്ക്ക് 200 സീറ്റുകള്‍ പോലും ലഭിച്ചില്ല. 189 സീറ്റുകളായിരുന്നു അന്ന് എന്‍ഡിഎയ്ക്ക് ലഭിച്ചത്. കോണ്‍ഗ്രസ് സഖ്യത്തിന് 222 സീറ്റുകളും ലഭിച്ചു. ആദ്യം ഇടതുപക്ഷത്തിന്റെയും പിന്നീട് സമാജ് വാദി പാര്‍ട്ടിയുടെയും പിന്തുണയോടെ കോണ്‍ഗ്രസ് അന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കി വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടു.

2009 ലും എക്‌സിറ്റ് പോളും പൂര്‍ണമായുും പരാജയപ്പെട്ടു. എന്‍ഡിഎയ്ക്കും യുപിഎയ്ക്കും ഏകദേശം സമാനമായ സീറ്റുകളായിരുന്നു അന്ന് എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. എസി നെല്‍സണ്‍ യുപിഎയ്ക്ക് 199 ഉം എന്‍ഡിഎയ്ക്ക് 197 ഉം സീറ്റുകള്‍ ലഭിക്കുമെന്ന് പറഞ്ഞു. എന്നാല്‍ യുപിഎയ്ക്ക് 262 സീറ്റുകളാണ് അന്ന് ലഭിച്ചത്. എന്‍ഡിഎയ്ക്ക് ലഭിച്ചതാകട്ടെ 159 സീറ്റുകള്‍ മാത്രം. എക്‌സിറ്റ് പോളുകളുടെ വിശ്വാസ്യത തകര്‍ത്ത രണ്ട് തെരഞ്ഞെടുപ്പുകളായിരുന്നു 2004ലേയും 2009 ലേയും.

2014 ല്‍ എന്നാല്‍ സ്ഥിതി വ്യത്യസ്തമായി. മോദി തരംഗത്തെ കൃത്യമായി മനസ്സിലാക്കി സര്‍വെ നടത്തുന്നതില്‍ ഏജന്‍സികള്‍ വിജയിച്ചു. 291 സീറ്റുകള്‍ ബിജെപിയ്ക്കും 340 സീറ്റുകള്‍ എന്‍ഡിഎയ്ക്കും പ്രവചിക്കുന്ന തരത്തില്‍ കൃത്യത പുലര്‍ത്തിയ സര്‍വെകള്‍ ഉണ്ടായി. ബിജെപിക്ക് 282 സീറ്റുകളാണ് 2014 ല്‍ ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ എക്‌സിറ്റ് പോളുകള്‍ വീണ്ടും പരാജയപ്പെട്ടു. 97 മുതല്‍ 135 സീറ്റുകളായിരുന്നു യുപിഎയ്ക്ക് പ്രവചിക്കപ്പെട്ടത്. എന്നാല്‍ കോണ്‍ഗ്രസിന് 44 ഉം യുപിഎയ്ക്ക് 59 ഉം സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്.

2019ലെ എക്‌സിറ്റ് പോളുകളുടെ യാഥാര്‍ത്ഥ്യം എന്താണെന്നറിയാന്‍ 23 വരെ കാത്തിരിക്കണം.

Read More: ബിഷപ്പുമാര്‍ക്കടക്കം വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുള്ളതിന്റെ വിവരങ്ങളാണ് ‘വ്യാജരേഖ’യിലെന്ന് ആരോപണം; വൈദികനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി പോലീസ് പള്ളിയില്‍; സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍