UPDATES

ചരിത്രത്തില്‍ ഇന്ന്

ചരിത്രത്തില്‍ ഇന്ന്: രണ്ടാം ലോകയുദ്ധത്തിന്‌റെ ഭാഗമായി ബെല്‍ജിയത്തില്‍ ബള്‍ജ് യുദ്ധം തുടങ്ങി

1944 ഡിസംബര്‍ 16 മുതല്‍ 1945 ജനുവരി 25 വരെയാണ് ബെല്‍ജിയത്തില്‍ ബാറ്റില്‍ ഓഫ് ബള്‍ജ് എന്ന യുദ്ധം നടന്നത്.

ഡിസംബര്‍ 16, 1944

1944ല്‍ ഇതേ ദിവസമാണ് ഹിറ്റ്‌ലറുടെ നാസി ജര്‍മ്മനി അതിന്‌റെ അവസാനത്തെ ശക്തമായ ആക്രമണം സഖ്യകക്ഷി സേനയ്‌ക്കെതിരെ നടത്തിയത്. 1944 ഡിസംബര്‍ 16 മുതല്‍ 1945 ജനുവരി 25 വരെയാണ് ബെല്‍ജിയത്തില്‍ ബാറ്റില്‍ ഓഫ് ബള്‍ജ് എന്ന യുദ്ധം നടന്നത്. ബള്‍ജിലെ ആര്‍ഡന്‍സ് വനമേഖലയിലായിരുന്നു യുദ്ധം.

ഈ സമയത്ത് ജര്‍മ്മനിയുടെ അവസ്ഥ പരുങ്ങലിലായിരുന്നു. നാസി ജര്‍മ്മനിയുടെ കടന്നാക്രമണത്തെ അതിജീവിച്ച സോവിയറ്റ് സേന കിഴക്ക് ഭാഗത്ത് നിന്നും മറ്റ് സഖ്യശക്തി (അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്) സേനകള്‍ പടിഞ്ഞാറ് ഭാഗത്ത് നിന്നും ജര്‍മ്മനിയെ ആക്രമിച്ചു. സോവിയറ്റ് സൈന്യം ജര്‍മ്മന്‍ അതിര്‍ത്തിയ്ക്കടുത്ത് എത്തുകയും പാശ്ചാത്യ ശക്തികള്‍ അതിര്‍ത്തി കടക്കുകയും ചെയ്തിരുന്നു. അവസാനവട്ട ശ്രമമെന്ന നിലയ്ക്കായിരുന്നു ജര്‍മ്മനി ബള്‍ജ് യുദ്ധം തുടങ്ങിവച്ചത്.

പാശ്ചാത്യ രാജ്യങ്ങളെ കൂട്ടുപിടിച്ചെങ്കിലും സോവിയറ്റ് യൂണിയന്‌റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചേരിയെ തകര്‍ക്കാന്‍ കഴിയുമോ എന്ന സാദ്ധ്യതയെ പറ്റി ഒരു ഘട്ടത്തില്‍ ഹിറ്റ്‌ലര്‍ ആലോചിച്ചിരുന്നു. 1940 മേയില്‍ ഇതേ പ്രദേശത്ത് ജര്‍മ്മനി അപ്രതീക്ഷിത ആക്രമണം നടത്തിയിരുന്നു. ഇതിന്‌റെ ആവര്‍ത്തനമാണ് 1944ലുണ്ടായത്. 1940ലെ ആക്രമണം വിജയമായിരുന്നു. ചരിത്രം ആവര്‍ത്തിക്കുമെന്ന് ഹിറ്റ്‌ലര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എന്നാല്‍ അമേരിക്കയുടേതടക്കമുള്ള സൈന്യങ്ങള്‍ക്ക് നാസി ആക്രമണം കനത്ത നാശമുണ്ടാക്കി. രണ്ടാംലോക യുദ്ധത്തിനിടെ യുഎസ് സൈന്യത്തിനുണ്ടായ ഏറ്റവും വലിയ നാശനഷ്ടങ്ങളിലൊന്നായിരുന്നു ഇത്. ജര്‍മ്മന്‍ സൈന്യത്തിനും വലിയ നാശമുണ്ടായി. യുഎസ് സൈന്യത്തിന് തിരിച്ചടി നല്‍കി, മ്യൂസ് നദിയുടെ ഭാഗത്തേയ്ക്ക് മുന്നേറ്റം നടത്താന്‍ ജര്‍മ്മന്‍പടയ്ക്ക് കഴിഞ്ഞു.

ww2

ശീതകാലത്തെ മോശം കാലാവസ്ഥ തന്നെ ജര്‍മ്മനി ആക്രമണത്തിന് തിരഞ്ഞെടുക്കുകയായിരുന്നു. സഖ്യശക്തികള്‍ക്ക് നാശം വിതയ്ക്കാന്‍ പറ്റിയ സമയമിതാണെന്ന് ജര്‍മ്മന്‍ സൈന്യം തിരിച്ചറിഞ്ഞു. മോശം കാലാവസ്ഥയില്‍ സഖ്യകക്ഷികളുടെ ഭാഗത്ത് നിന്നുള്ള വ്യോമാക്രമണ സാദ്ധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് ജര്‍മ്മനി വിലയിരുത്തി. എന്നാല്‍ ജനുവരി മദ്ധ്യത്തില്‍ അതിശൈത്യം കുറയുകയും കാലാവസ്ഥ മെച്ചപ്പെടുകയും ചെയ്തപ്പോള്‍ അമേരിക്കന്‍ വ്യോമാക്രമണം പുനരാരംഭിച്ചു.

ഓപ്പറേഷന്‍ വാച്ച് ഓണ്‍ ദ റൈന്‍ എന്ന് ജര്‍മ്മനിയും അര്‍ഡീന്‍സ് പ്രത്യാക്രമണമെന്ന് സഖ്യശക്തികളും ബള്‍ജ് യുദ്ധത്തെ വിളിച്ചു. അഞ്ച് ലക്ഷം ജര്‍മ്മന്‍ സൈനികരും ആറ് ലക്ഷം യുഎസ് സൈനികരും 55,000 ബ്രിട്ടീഷ് സൈനികരുമാണ് ബള്‍ജ് യുദ്ധത്തില്‍ പങ്കെടുത്തത്. ഒരു ലക്ഷം ജര്‍മ്മന്‍ സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയോ കാണാതാവുകയോ ചെയ്തു. 700 ടാങ്കുകളും 1600 യുദ്ധവിമാനങ്ങളും നഷ്ടമായി. സഖ്യശക്തികള്‍ക്ക് 90,000 സൈനികരെ നഷ്ടപ്പെട്ടു. 300 ടാങ്കുകളും 300 വിമാനങ്ങളും നഷ്ടപ്പെട്ടു. ഇത് അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധ വിജയമാണെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ അഭിപ്രായപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍