UPDATES

ചരിത്രത്തില്‍ ഇന്ന്

ഏപ്രില്‍ നാല്: മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കൊല്ലപ്പെട്ടു (1968), ഹിമാചലിലെ കാംഗ്രയില്‍ ഭൂകമ്പം: 20000ത്തിലധികം മരണം (1905)

മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റെ മരണവാര്‍ത്ത പുറത്ത് വന്നതോടെ യുഎസിലെ എല്ലാ നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. രക്ഷപ്പെട്ട പ്രതി ജെയിംസ് ഏള്‍ റേ പിന്നീട് കിംഗിന്റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി.

ലോകം

1968 ഏപ്രില്‍ നാലിന്, ടെന്നിസിയിലെ മെംഫിസില്‍ വച്ച് അമേരിക്കയിലെ കറുത്തവര്‍ഗ്ഗക്കാരുടെ പൗരാവകാശങ്ങള്‍ക്കായി പോരാടിയ ഡോ.മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ കൊല്ലപ്പെട്ടു. കുറഞ്ഞ വേതനത്തിനും മോശം തൊഴില്‍ സാഹചര്യങ്ങള്‍ക്കുമെതിരായ പ്രതിഷേധങ്ങള്‍ നയിക്കുന്നതിനിടയിലാണ് ഡോ. കിംഗ് കൊല്ലപ്പെട്ടത്. അദ്ദേഹം ഹോട്ടലിലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഒരാള്‍ ഒളിച്ചിരുന്ന് വെടിവെക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിലാണ് വെടിയേറ്റത്. മെംഫസിലെ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹം മരിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. അദ്ദേഹത്തിന് 39 വയസായിരുന്നു. ഹവായിയിലായിരുന്ന യുഎസ് പ്രസിഡന്റ് ലിണ്ടന്‍ ജോണ്‍സണ്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി രാജ്യത്തേക്ക് മടങ്ങി.

മരണവാര്‍ത്ത പുറത്തുവന്നതോടെ യുഎസിലെ എല്ലാ നഗരങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടു. രക്ഷപ്പെട്ട പ്രതി ജെയിംസ് ഏള്‍ റേ പിന്നീട് കിംഗിന്റെ കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തി. ക്രിസ്ത്യന്‍ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള അഹിംസാത്മക നിസ്സഹകരണത്തിലുടെ പൗരാവകാശ പ്രക്ഷോഭങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന്റെ പേരിലാണ് മാര്‍ട്ടിന്‍ ലോഥര്‍ കിംഗ് അറിയപ്പെടുന്നത്. 1955ലെ മോണ്ടിഗോമറി ബസ് ബഹിഷ്‌കരണത്തിലൂടെയാണ് അദ്ദേഹം ദേശീയ നേതാവായി ഉയര്‍ന്നത്. 1963ല്‍ വാഷിംഗ്ടണില്‍ നടന്ന റാലിക്ക് നേതൃത്വം നല്‍കിയ അദ്ദേഹം, അവിടെ വച്ച് തന്റെ വിഖ്യാതമായ ‘എനിക്കൊരു സ്വപ്‌നമുണ്ട്’ പ്രസംഗം നടത്തിയത്. ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന് സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സമ്മാനിച്ചു.

എനിക്കൊരു സ്വപ്നമുണ്ട് – മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്‍റെ പ്രസംഗം (1963 ഓഗസ്റ്റ്‌ 28)

ഇന്ത്യ

1905 ഏപ്രില്‍ നാല് – ഹിമാചല്‍ പ്രദേശിലെ കാംഗ്രയില്‍ ഭൂകമ്പം: 20000ത്തിലധികം പേര്‍ മരിച്ചു

1905 ഏപ്രില്‍ നാലിന് ഹിമാചല്‍ പ്രദേശിലെ കാംഗ്ര താഴ്‌വരയില്‍ റിച്ചര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായി. ഭൂകമ്പത്തില്‍ 20,000 ത്തിലേറെ പേര്‍ മരിച്ചു. ധരംശാല, കാംഗ്ര, മക്ലോഡ്ഗഞ്ച് പട്ടണങ്ങളിലെ കെട്ടിടങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം പ്രദേശത്തെ ഒരു ലക്ഷം കെട്ടിടങ്ങള്‍ തകരുകയും വലിയ വെള്ളപ്പൊക്കത്തിന് ഭൂകമ്പം കാരണമാകുകയും ചെയ്തു. ലോവര്‍ ഹിമാലയത്തിലുള്ള ദൗലാദാര്‍ പര്‍വതനിരകളിലെ മിക്ക പ്രദേശങ്ങളും ഭൂകമ്പത്തെ തുടര്‍ന്ന് അപ്രാപ്യമായി.

53,000 കന്നുകാലികള്‍ മരിക്കുകയും ബാധിത പ്രദേശത്തെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിച്ചിരുന്ന കുന്നിന്‍ പള്ളകളിലൂടെയുള്ള നീര്‍ച്ചാലുകള്‍ക്ക് വമ്പിച്ച കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രദേശത്തെ കൃഷി താറുമാറായി. ഭൂകമ്പമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി വന്ന സാമ്പത്തിക ചിലവ് അക്കാലത്തെ 2.9 ദശലക്ഷം രൂപയായിരുന്നു. 1900 കളുടെ തുടക്കത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ തകര്‍ത്ത ഏറ്റവും ഭീതിതമായ പ്രകൃതിക്ഷോഭങ്ങളില്‍ ഒന്നായിരുന്നു അത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍