UPDATES

ഹിറ്റ്ലറുടെ ‘വന്‍ നശീകരണായുധം’ അമേരിക്കകാരന്‍ വാങ്ങിയത് 1.62കോടി രൂപയ്ക്ക്

അതില്‍ ഒരു ജര്‍മ്മന്‍ സ്വസ്തികയും ഒരു കഴുകനും അഡോള്‍ഫ് ഹിറ്റ്ലറുടെ പേരും ആലേഖനം ചെയ്തിരുന്നു. ഹിറ്റ്ലറുടെ മുഴുവന്‍ പേരുമുള്ള ഏക ഉപകരണം അതായിരിക്കും

പീറ്റര്‍ ഹോളി

റനുള്‍ഫ് റെയ്നര്‍ക്ക് 10 വയസുള്ളപ്പോഴാണ് അയാളുടെ അച്ഛന്‍ ബ്രിഗേഡിയര്‍ സര്‍. റാള്‍ഫ് റെയ്നര്‍ രണ്ടാം ലോകംഹായുദ്ധത്തിന്റെ ഒടുവില്‍, ഞെട്ടിപ്പിക്കുന്ന ഒരു യുദ്ധസ്മാരകവുമായി ജര്‍മ്മനിയില്‍ നിന്നും മടങ്ങിയെത്തിയത് : അഡോള്‍ഫ് ഹിറ്റ്ലര്‍ തന്റെ ജീവിതത്തിന്റെ അവസാന രണ്ടു വര്‍ഷങ്ങളില്‍ ഉപയോഗിച്ചിരുന്ന മൂന്നു പൌണ്ട് ഭാരമുള്ള ചുവന്ന ഒരു ടെലിഫോണ്‍.

“സീമന്‍സ് ആണ് ഫോണ്‍ നിര്‍മ്മിച്ചത്. ജര്‍മ്മന്‍ സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ചതാണെന്ന് അവര്‍ സ്ഥിരീകരിച്ചിട്ടുണ്ട്, ചുവപ്പ് അവര്‍ക്ക് ഇഷ്ടമുള്ള നിറമായിരുന്നു,” റെയ്നര്‍ ചരിത്രപ്രാധാന്യമുള്ള വസ്തുക്കളുടെ ലേലം നടത്തുന്ന Alexander Historical Auctions-നോട് പറഞ്ഞു. “അതില്‍ ഒരു ജര്‍മ്മന്‍ സ്വസ്തികയും ഒരു കഴുകനും അഡോള്‍ഫ് ഹിറ്റ്ലറുടെ പേരും ആലേഖനം ചെയ്തിരുന്നു. ഹിറ്റ്ലറുടെ മുഴുവന്‍ പേരുമുള്ള ഏക ഉപകരണം അതായിരിക്കും.”

“ഒരു ഉപകരണമെന്ന നിലയില്‍ അതന്നു ഉപയോഗിച്ചിരുന്നു എന്നതില്‍ സംശയമില്ല. ഹിറ്റ്ലര്‍ യാത്ര ചെയ്യുന്നിടതെല്ലാം ഒരു സെല്‍ഫോണ്‍ പോലെ,” റെയ്നര്‍ കൂട്ടിച്ചേര്‍ത്തു.

ഹിറ്റ്ലറുടെ ഭൂഗര്‍ഭ ഒളിത്താവളത്തിലെ കത്തിനശിച്ച അവശിഷ്ടങ്ങളില്‍ നിന്നും ആകസ്മികമായാണ് റെയ്നറുടെ അച്ഛന് ഇത് കിട്ടിയതെന്ന് അയാള്‍ പറഞ്ഞു. 1945 മെയ് മാസത്തില്‍ ജര്‍മ്മനി കീഴ്ടങ്ങിയതിനെ തുടര്‍ന്ന് ഭൂഗര്‍ഭ അറയുടെ നിയന്ത്രണമുള്ള റഷ്യന്‍ സൈനിക ഉദ്യോഗസ്ഥര്‍ റാള്‍ഫ് റെയ്നറെ-ബ്രിട്ടീഷ് സൈന്യത്തിലെ വാര്‍ത്ത വിനിമയ ഉദ്യോഗസ്ഥനായിരുന്നു- ഹിറ്റ്ലറുടെ താമസസ്ഥലം കാണാന്‍ ക്ഷണിക്കുകയായിരുന്നു. ഒരു സൌഹൃദസൂചകമായി ഈവ ബ്രൌണിന്റെ കിടക്കയുടെ അരികിലുണ്ടായിരുന്ന ഒരു കറുത്ത ഫോണ്‍ റഷ്യക്കാര്‍ റെയ്നര്‍ക്ക് നല്കി. പക്ഷേ അയാളാ സമ്മാനം നിരസിച്ചു.

“ഹിറ്റ്ലറുടെ ചുവന്ന ടെലിഫോണ്‍ കിടയ്ക്കക്ക് അടുത്തിരിക്കുന്നത് അദ്ദേഹം കണ്ടിരുന്നു, അദ്ദേഹത്തിന് ചുവപ്പുനിറം ഇഷ്ടമായിരുന്നു.” തന്റെ അച്ഛനായിരിക്കും ഒരുപക്ഷേ, ‘കരിഞ്ഞ മാംസം’ മണക്കുന്നുണ്ടായിരുന്ന ‘ഭീതിദമായ ഒരു നരകക്കുഴിപോലെ’ തോന്നിച്ച ആ ഭൂഗര്‍ഭ അറയില്‍ കടന്ന റഷ്യക്കാരനല്ലാത്ത ആദ്യയാള്‍ എന്നും റെയ്നര്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ഡെവോണ്‍ഷൈറിലെ റെയ്നറുടെ വീട്ടില്‍ ആ ഫോണ്‍ ഒരു തുകല്‍ സഞ്ചിയില്‍ 70 കൊല്ലത്തോളം ഇരുന്നു. അച്ഛന്‍ 1977-ല്‍ മരിച്ചപ്പോഴാണ് അത് തനിക്ക് കൈമാറിക്കിട്ടിയതെന്ന് 82-കാരനായ റെയ്നര്‍ പറഞ്ഞു.

“ഹിറ്റ്ലറുടെ പ്രതാപകാലത്തെ ശേഷിപ്പായല്ല എന്റെ അച്ഛന്‍ അതിനെ കണ്ടിരുന്നത്, അയാളുടെ തോല്‍വിയുടെ അടയാളമായിട്ടായിരുന്നു,” അത് ദൌര്‍ഭാഗ്യം കൊണ്ടുവരും എന്നയാള്‍ ഭയന്നിരുന്നു. “അതൊരു പ്രധാന ചരിത്രവസ്തുവാണ് എന്നൊന്നും അദ്ദേഹം കണക്കാക്കിയിരുന്നില്ല.”

ഒടുവിലത് കൈകള്‍ മറിഞ്ഞ് ഞായറാഴ്ച്ച 1.62കോടി രൂപയ്ക്ക് ലേലത്തില്‍ പോയി.

“ഇത് പാര്‍ട്ടിക്ക് സംഭാവന ചോദിക്കാനോ ഹിറ്റ്ലറുടെ വീട്ടിലേക്കുള്ള വിളികള്‍ക്ക് മറുപടി ഉപയോഗിച്ച ഒരു സാധാ ഫോണ്‍ അല്ല, ഇത് ഹിറ്റ്ലറുടെ വിനാശത്തിന്റെ ചലിക്കുന്ന ഉപകരണമായിരുന്നു, വാഹനങ്ങളില്‍, തീവണ്ടിയില്‍, അയാളുടെ കേന്ദ്ര ആസ്ഥാനത്ത്, ഔദ്യോഗിക വസതിയില്‍, ഒടുവില്‍ ബെര്‍ലിനിലെ ഭൂമിക്കടിയിലെ ഗതിമുട്ടിയ നാളുകളില്‍ എല്ലാം ഉപയോഗിച്ച ഒന്നു …” ലേലത്തിലെ വിവരണത്തില്‍ പറയുന്നു.

വാങ്ങിയ ആളുടെ പേര് ലേല സ്ഥാപനം പുറത്തുവിട്ടില്ല. പക്ഷേ അയാളൊരു അമേരിക്കക്കാരനാണ് എന്നു വ്യക്തമാക്കിയിട്ടുണ്ട്.

“ഇത്തരം സാധനങ്ങള്‍ കിട്ടുക അസാധാരണമാണ്, “ലേല സ്ഥാപന അദ്ധ്യക്ഷന്‍ ബില്‍ പനാഗോപ്പൂലോസ് പറഞ്ഞു. “ഹിറ്റ്ലറുടെ മേശവിരി, കിടക്കവിരി, ഇവ ബ്രൌണിന്റെ അടിവസ്ത്രം എന്നിവ വിറ്റുപോയതായി നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഫോണ്‍ പോലെ ഭൂഗര്‍ഭ അറയില്‍ നിന്നും കിട്ടിയ ഒന്നു വളരെ മൂല്യമുള്ള ഒന്നാണ്.”

റഷ്യക്കാര്‍ എത്തുന്നതിന് മുമ്പ് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തില്‍ ജര്‍മ്മന്‍ സേന നിലവറ കത്തിച്ചതിനാല്‍ ഫോണും പഴക്കമുള്ളതുപോലെ തോന്നിക്കും. വായു കടക്കാത്ത നിലവറയില്‍ തീ അധിക നേരം കത്തിയില്ല. ചൂടില്‍ കേടുവന്നെങ്കിലും ചുവന്ന ഫോണ്‍ കത്തിപ്പോയില്ല.

രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികള്‍ കൂട്ടക്കൊല നടത്തിയ ഒരു ഗ്രീക്ക് നഗരത്തില്‍ നിന്നാണ് പെനഗോപുലോസിന്റെ അച്ഛന്‍ വരുന്നത്. ഇതൊരു ‘സര്‍വ്വവിനാശ ആയുധവും’ ‘കുറ്റകൃത്യത്തിന്റെ തെളിവുമാണെന്ന്’ അയാള്‍ പറഞ്ഞു. ഇതൊരു മ്യൂസിയത്തില്‍ വെക്കേണ്ടതാണെന്ന് താനും ഇത് വാങ്ങിയ ആളും കരുതുന്നതായും പനാഗപ്പൂലോസ് പറഞ്ഞു.
“ജര്‍മ്മന്‍ സൈനിക സാധനങ്ങളുടെ കാര്യത്തില്‍ വാങ്ങാനായി എനിക്കു കിട്ടാറുള്ളത് അധികവും ജൂതന്മാരാണ്. നാസീ ചരിത്രം ഓര്‍മ്മയില്‍ നില്‍ക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ, ‘കത്തിച്ചു കളയാതെ ഇത് വില്‍ക്കുന്നതെന്തിനാണ്’ എന്നു ചോദിക്കുന്ന കത്തുകളും കിട്ടിയിട്ടുണ്ട്.”

“ഇത് ചരിത്രമാണ്, നാമിതിനെ സംരക്ഷിക്കണം,” അയാള്‍ പറഞ്ഞു. “യുദ്ധത്തിന്റെ ഭീകരതയെക്കുറിച്ച് ലോകത്തെ ഇതോര്‍മ്മിപ്പിക്കുംഎന്നു ഞാന്‍ കരുതുന്നു.”

ഫോണിന്റെ ആധികാരികതയില്‍ സംശയമില്ലെന്നും ഹിറ്റ്ലറുടെ അടുത്ത വൃത്തങ്ങള്‍ വരെ സ്ഥിരീകരിച്ചിട്ടുണ്ടെന്നുംന്നു ലേല സ്ഥാപനം പറയുന്നു.

പഴക്കമുണ്ടെങ്കിലും അതില്‍ ഭാവിയെ മുന്നില്‍ക്കണ്ടുള്ള ചില സംഗതികള്‍ കാണാം. യാത്ര ചെയ്യുമ്പോള്‍ എവിടേയും കുത്തിവെച്ച് ഉപയോഗിക്കാന്‍ പാകത്തിലായിരുന്നു അതിന്റെ നിര്‍മ്മാണം.

നിലവറയില്‍ നിന്നും ഒരു അല്‍സെഷ്യന്‍ നായയുടെ കളിമണ്‍ പ്രതിമയും ടെയ്നറുടെ അച്ഛന് കിട്ടിയിരുന്നു. ജര്‍മ്മന്‍ പോലീസ് വിഭാഗം, മിക്കവാറും എസ് എസ് മേധാവി ഹെന്‍റിച്ച് ഹിംലര്‍, ഹിറ്റ്ലര്‍ക്ക് നല്കിയ സമ്മാനമാണ് അതെന്ന് കരുതുന്നു.

“ ഒരു കളിമണ്‍ പണിശാല ദാഷ്വു തടങ്കല്‍ പാളയത്തില്‍ ഹിറ്റ്ലര്‍ നടത്തിയിരുന്നു,” റെയ്നര്‍ പറഞ്ഞു.

തടവുകാരെ വെച്ചുണ്ടാക്കിയ ഈ പ്രതിമയ്ക്ക് മറ്റൊരാള്‍ 16.27 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ വാങ്ങി. ഹിറ്റ്ലറുമായി ബന്ധപ്പെട്ട എന്തിനും ആയിരക്കണക്കിന് രൂപ കൂടുതല്‍ നല്കാന്‍ ആളുകള്‍ തയ്യാറാണെന്ന് പനാഗോപ്പൂലോസ് പറയുന്നു.

പ്രക്ഷുബ്ധമായ ചരിത്രകാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന വിചിത്രമായ പല വസ്തുക്കളും 30 കൊല്ലത്തെ ലേലക്കച്ചവടത്തില്‍ കണ്ടിട്ടുണ്ടെന്ന് അയാള്‍ പറഞ്ഞു. അത് കൈകാര്യം ചെയ്യല്‍ അത്ര സന്തോഷമുള്ള കാര്യമല്ല. പക്ഷേ ഒരു യന്ത്രമെന്ന നിലയ്ക്ക്, മറ്റ് പല ജര്‍മ്മന്‍ സൈനിക വസ്തുക്കളും പോലെ ഒരു വൈകാരിക ഭാരം ഇതിനുമേല്‍ ഇല്ലായിരുന്നു എന്നും അയാള്‍ സൂചിപ്പിച്ചു.

“എന്റെ കയ്യില്‍ ജോസഫ് മെങ്ഗെലെയുടെ യുദ്ധാനന്തര പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നു,” പനാഗോപ്പൂലോസ് പറഞ്ഞു. “അതൊരു യാഥാസ്ഥിതിക ജൂത കുടുംബത്തിനാണ് വിട്ടത്. അതെന്നെ തീര്‍ത്തൂം സ്തംഭിപ്പിച്ച ഒന്നായിരുന്നു. കാരണം ചരിത്രത്തിലെ ഏറ്റവും തിന്മ നിറഞ്ഞ മനുഷ്യറുടെ കയ്യെഴുത്തുകളായിരുന്നു അവ.”

“അവയെന്നെ ദിവസങ്ങളോളം അസ്വസ്ഥമാക്കി.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍