UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യ സ്നേഹത്തിന്‍റെ നിലയ്ക്കുന്ന സമയ സൂചികള്‍- ഡോ. ഇക്ബാലിന്‍റെ എച്ച് എം ടി ഓര്‍മ്മ

Avatar

രാകേഷ് നായര്‍

പരീക്ഷയില്‍ പാസ്സായതിന്, അല്ലെങ്കില്‍ പിറന്നാളിന്; ഇതുപോലെ ഏതെങ്കിലുമൊരു വിശിഷ്ട മുഹൂര്‍ത്തത്തിന് സമ്മാനമായി ഒരു എച്ച് എം ടി വാച്ച് കിട്ടിയിരുന്ന കാലമുണ്ടായിരുന്നു. മൊബൈല്‍ ഫോണുകളിലും  സ്മാര്‍ട്ട് വാച്ചുകളിലും നമ്മള്‍ ലഹരി കണ്ടെത്തുന്നതിനും മുമ്പ്. കാറെന്നാല്‍ അംബാസിഡര്‍ എന്നു വിശ്വസിച്ചിരുന്നതുപോലെ വാച്ചെന്നാല്‍ എച്ച് എം ടിയെന്ന് നമ്മള്‍ വിശ്വസിച്ചിരുന്നു. പക്ഷെ എവിടെയോ ആര്‍ക്കോ പിഴച്ചു. എച്ച് എം ടി വാച്ചുകളുടെ നല്ലനേരം ആരുടെയോ പിഴകള്‍കൊണ്ട് അവസാനിച്ചു. തെറ്റിയോടുന്നൊരു സെക്കന്‍ഡ് സൂചിപോലെയായി ആ കമ്പനി. എന്നന്നേക്കുമായി ഇപ്പോഴിതാ നിലയ്ക്കുന്നു; കുറെ ഓര്‍മ്മകള്‍ ബാക്കിയാക്കിക്കൊണ്ട്. ആ ഓര്‍മ്മകളിലേക്ക് ഒരോഹരി പകുത്തിടുകയാണ് കേരള യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും പ്രശസ്ത ആരോഗ്യ പ്രവര്‍ത്തകനുമായ ഡോ.ബി. ഇക്ബാല്‍.

മുസ്ലിം വിവാഹത്തിന് ചെറുക്കന് പെണ്ണു വീട്ടുകാര്‍ ഒരു വാച്ച് സമ്മാനിക്കുന്ന പതിവുണ്ട്. എന്റെ വിവാഹത്തിന് എനിക്കായും ഒരു വാച്ച് കാത്തിരിപ്പുണ്ടായിരുന്നു. ഗോള്‍ഡന്‍ കളറിലുള്ള, പേര്‍ഷ്യയില്‍ നിന്നു കൊണ്ടു വന്ന വിലകൂടിയ ഒരെണ്ണം. ഞാനാ സമയത്ത് പരിഷത്തിന്റെ സജീവപ്രവര്‍ത്തകനാണ്. ആഢംബരങ്ങളിലൊന്നും താല്‍പര്യമില്ല. വിവാഹസമ്മാനമായി കിട്ടുന്ന വാച്ചും കെട്ടിനടക്കുന്നത് എനിക്ക് ചിന്തിക്കാനേ വയ്യ. മാത്രമല്ല റിസ്റ്റ് വാച്ചുകളോട് ഒട്ടും പഥ്യവുമില്ല. ഇതൊക്കെ പറഞ്ഞ് പെണ്‍വീട്ടുകാരെ മുഷിപ്പിക്കാനും പറ്റില്ലല്ലോ. ആ സാഹചചര്യത്തില്‍ നിന്ന് രക്ഷപ്പെടാനായി വാച്ച് ഉപയോഗിക്കുന്ന ശീലം എനിക്കില്ലെന്ന് പെണ്‍വീട്ടുകാരോട് പറയേണ്ടി വന്നു. അതവര്‍ വിശ്വസിച്ചു.

പിന്നീട് ഞാന്‍ വാച്ച് ഉപയോഗിക്കാന്‍ തുടങ്ങുന്നത് 1977 മുതലാണ്. ആദ്യമായി എനിക്കൊപ്പം കൂടിയ സമയവാഹകന്‍ എച്ച് എം ടിയുടെ ഒരു പോക്കറ്റ് വാച്ചാണ്. എന്റെ അടുത്ത സുഹൃത്ത് വി ജി മന്‍മോഹനാണ് (മന്‍മോഹന്‍ ടി എം തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്നു) എന്നെയും എച്ച് എം ടി വാച്ചിനെയും തമ്മില്‍ അടുപ്പത്തിലാക്കുന്നത്. തിരുവനന്തപുരത്തെ ഓവര്‍ ബ്രിഡ്ജിന് സമീപമുള്ള എച്ച് എം ടിയുടെ ഔട്ട്‌ലെറ്റില്‍ നിന്നാണ് മന്‍മോഹന്‍ ആ പോക്കറ്റ് വാച്ച് വാങ്ങി എനിക്ക് തരുന്നത്. അന്ന് 400 രൂപയായിരുന്നു വില.

നീണ്ട ഇരുപത്തിയൊമ്പത് വര്‍ഷം കാലത്തിന്റെ ചലനം ഞാന്‍ അറിഞ്ഞിരുന്നത് ആ എച്ച് എം ടി പോക്കറ്റ് വാച്ചിന്റെ സൂചികളിലൂടെയായിരുന്നു. എച്ച് എം ടിയുടെ വാച്ച് ഇഷ്ടപ്പെടാന്‍ ഒന്നില്‍ക്കൂടുതല്‍ കാരണങ്ങള്‍ എനിക്കുണ്ടായി. ഒന്നാമത്, ഇതൊരു പൊതുമേഖല സ്ഥാപനത്തിന്റെ ഉത്പന്നം. അതിന്റെ ഭംഗി, കൈയിലൊതുങ്ങുന്ന പ്രകൃതം. സ്വര്‍ണ്ണനിറത്തിലുള്ളതായിരുന്നു എന്റെ പോക്കറ്റ് വാച്ച്. മഹാത്മാവിന്റെ ഉടലിന്റെ ഭാഗമെന്നോണം അദ്ദേഹത്തിന്റെ മടിക്കുത്തില്‍ സ്ഥിരം സാന്നിധ്യമായിരുന്ന പോക്കറ്റ് വാച്ചുപോലെ തന്നെ തോന്നിക്കുമായിരുന്നു എന്റെ വാച്ചും. പലരും ഇതെന്നോട് പറഞ്ഞിട്ടുമുണ്ട്. അക്കാലമത്രയും എനിക്കത് എന്തെങ്കിലും തകരാര്‍ മൂലം റിപ്പയറിംഗിന് കൊടുക്കേണ്ടതായും വന്നിട്ടില്ല എന്നകാര്യവും സ്മരിക്കുകയാണ്. ഇടയ്ക്ക് അതിന്റെ ഗോള്‍ഡന്‍ കളര്‍ മങ്ങുമ്പോള്‍ അവയൊന്നു പൂശാന്‍ കൊടുക്കും എന്നത് മാത്രമാണ് ആകെ ചെയ്തിരുന്നത്. കേരള യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ആയിരുന്ന കാലത്തും എനിക്കൊപ്പം ആ വാച്ചുണ്ടായിരുന്നു. മീറ്റിംഗുകള്‍ക്കും പ്രസംഗങ്ങള്‍ക്കുമിടയില്‍ സൗകര്യമായി സമയം നോക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നു. നമ്മുടെ വസ്ത്രധാരണത്തിന് ഏറെ അനുയോജ്യമായി കൊണ്ടുനടക്കാവുന്നതായിരുന്നു എന്റെ കൈയിലുണ്ടായിരുന്നത്. മറ്റ് ചില കമ്പനികളുടെ പോക്കറ്റ് വാച്ച് നമ്മളുപയോഗിക്കുന്ന ഷര്‍ട്ടിനൊപ്പം ചേരില്ല. നെഹ്‌റുവൊക്കെ ഉപയോഗിച്ചിരുന്ന പോക്കറ്റ് വാച്ച് കണ്ടിട്ടില്ലേ. അവ അത്തരം സ്യൂട്ടുകള്‍ക്കൊക്കെയേ ചേര്‍ന്നുകിടക്കൂ. 

സാധാരണ ഒരു വാച്ചിനോടുള്ള അടുപ്പത്തിനപ്പുറം എനിക്ക് എച്ച് എം ടിയോട് തോന്നിയതിന് കാരണം ആദ്യം സൂചിപ്പിച്ചതുപോലെ അതൊരു പൊതുമേഖല ഉത്പന്നമായതുകൊണ്ടാണ്. ഒരു വാച്ചിലൂടെപോലും നമുക്ക് രാജ്യസ്‌നേഹം പ്രകടമാക്കാമെന്ന് തോന്നി. വഴിയെ ഞാനതിന്റെ അനൗദ്യോഗിക പ്രചാരകനായി മാറി. സൗഹൃദവലയത്തിനുള്ളില്‍ നിന്ന് പലപ്പോഴും പറയുമായിരുന്നു എച്ച് എം ടിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ എനിക്ക് താല്‍പര്യമുണ്ടെന്ന്. ഞാന്‍ ഈ വാച്ചിനെക്കുറിച്ചും എച്ച് എം ടി കമ്പനിയെക്കുറിച്ചുമൊക്കെ സംസാരിക്കാം അതൊക്കെ വിഡിയോയില്‍ എടുത്ത് പ്രചരിപ്പിക്കണമെന്ന്.  പറഞ്ഞതിലൊക്കെ ചെറിയൊരു തമാശ കലര്‍ന്നിരുന്നെങ്കിലും ഉള്ളില്‍ നിന്നുവന്ന ആഗ്രഹമായിരുന്നു അത്. ഈ മികച്ച ഉത്പന്നം; അത് ജനങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലേണ്ടത് തന്നെയായിരുന്നു.

എന്നെ വളരെ വേദനിപ്പിച്ചാണ് 2006ല്‍, വളരെക്കൊല്ലങ്ങളായി എന്റെ സന്തസഹചാരിയായിരുന്ന ആ പോക്കറ്റ് വാച്ച് നഷ്ടപ്പെടുന്നത്. കൃത്യമായി ഓര്‍മ്മയില്ല, എങ്കിലും തിരുവനന്തപുരെത്ത ചൈത്രം ഹോട്ടലില്‍ വച്ചാണ് ഞങ്ങള്‍ തമമ്മില്‍ പിരിഞ്ഞുപോകുന്നതെന്ന് തോന്നുന്നു. എന്റെ ജീവിതത്തില്‍ നിന്നു തന്നെ എന്തോ അടര്‍ന്നുപോയതുപോലെയായിരുന്നു ആ നഷ്ടം. പകരം എനിക്ക് ഒരെണ്ണം വേണം. തിരുവനന്തപുരത്തുള്ള കൃഷ്ണന്‍ നായര്‍ വാച്ച ഹൗസ് തൊട്ട് കേരളത്തിന്റെ പലഭാഗങ്ങളിലും എച്ച് എം ടി പോക്കറ്റ് വാച്ചിനുവേണ്ടി ഞാന്‍ കയറി ഇറങ്ങി. ആ സമയത്ത് എവിടെ വാച്ച് കട കണ്ടാലും അവിടെ കേറും. എച്ച് എം ടിയുടെ പോക്കറ്റ് വാച്ച് തിരക്കും. നിരാശയോടെ തിരികെ പോകാനായിരുന്നു വിധി. ഇതിനിടയില്‍ എന്നെത്തേടി പല വാച്ചുകളും വന്നു. എന്റെ സഹപ്രവര്‍ത്തകനായിരുന്ന ന്യൂറോസര്‍ജന്‍ ഡോ. കെ ജയകുമാര്‍ വാങ്ങി തന്ന വിലകൂടിയ ടൈറ്റന്‍ പോക്കറ്റ് വാച്ച് ഉപയോഗിക്കാന്‍ എന്റെ മനസ്സനുവദിച്ചില്ല. ആമസോണില്‍ നിന്ന് ഞാന്‍ തന്നെ വേറെ വാച്ചുകള്‍ വാങ്ങി. അവയും എനിക്ക് സന്തോഷം തന്നില്ല. എനിക്ക് വേണ്ടപ്പെട്ടവനെ തിരക്കിയുള്ള യാത്ര അതിനാല്‍ അവസാനിപ്പിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം ഞാന്‍ എച്ച് എം ടി കമ്പനിക്ക് ആവശ്യമറിയിച്ച് ഒരു ഇ-മെയില്‍ അയച്ചു. അതിന് ഫലമുണ്ടായി. എറണാകുളത്ത് ജോസ് ജംഗ്ഷനിലുള്ള ഷോറൂമില്‍ ഞാന്‍ തിരക്കുന്ന വാച്ച് ഉണ്ടെന്ന് റിപ്ലേ കിട്ടി. ജോസ് ജംഗ്ഷനില്‍ ആ ഷോപ്പ്  കണ്ടുപിടിക്കാന്‍ നന്നേ പാടുപെട്ടു. ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലായിട്ടായിരുന്നു അത്  പ്രവര്‍ത്തിച്ചിരുന്നത്. പുറത്ത് നിന്നു വരുന്നൊരാള്‍ക്ക് കണ്ടുപിടിക്കാന്‍ നല്ലോണം ബുദ്ധിമുട്ടണം. അന്നവിടെ കയറിച്ചെന്ന എന്നെ കണ്ട് ജീവനക്കാര്‍ അത്ഭുതപ്പെട്ടു. എന്റെ പൂതി തന്നെയാണ് അവരെ അത്ഭുതപ്പെടുത്തിയത്. വാച്ച് ആവിശ്യമുണ്ടെന്നറിയച്ചതിനെത്തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്ന് എനിക്കായി എറണാകുളത്ത് എത്തിച്ചതാണ് കുറച്ച് പീസ്.

അങ്ങിനെ കുറച്ച് വര്‍ഷങ്ങളായി ഞാന്‍ തേടി നടന്ന മോഹം സഫലമായി. 1200 രൂപക്ക് പുതിയൊരെണ്ണം വാങ്ങി. മന്മോഹനും ഒരു വാച്ച് വാങ്ങി നല്‍കി. കടം വീട്ടലല്ല, ഒരു സന്തോഷം. പുതിയതായി വാങ്ങിയ വാച്ചുമായി ഞാനൊരിക്കല്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയി. ഭക്ഷണസമയത്ത് യാദൃശ്ചികമായി വരന്റെ അടുത്താണ് എനിക്ക് ഇരിപ്പിടം കിട്ടിയത്. അതും ഒരു മുസ്ലിം കല്യാണമായിരുന്നു. എന്റെ പോക്കറ്റ് വാച്ച് കണ്ടപ്പോള്‍ ആ പയ്യന് കൗതുകമായി. അതിന്റെ ഭംഗിയും ഒതുക്കുവും അയാളെ എന്റെ വാച്ചിന്റെ ആരാധകനാക്കി. അയാള്‍ക്ക് പെണ്‍ വീട്ടുകാരുടെ സ്‌നേഹസമ്മനമായി ലഭിച്ച വാച്ച് കാണിച്ചു. രണ്ട് ലക്ഷം രൂപയാണ് ആ വാച്ചിന്റെ വില. ചെറിയൊരു വിഷമത്തോടെ ആ പയ്യന്‍ പറഞ്ഞു- ഇതുപോലൊരു വാച്ചായിരുന്നു കിട്ടിയതെങ്കില്‍…!

ബെസ്റ്റ് ഓഫ് അഴിമുഖം 

കടലുണ്ടിപ്പുഴയെ വീണ്ടെടുക്കേണ്ടതുണ്ട്
ലോകത്തിലെ ഏറ്റവും വില പിടിച്ച മണ്ണില്‍ നിന്ന്‍ കേരളത്തെ ഇറക്കി വിടുമോ?
ഒരുവട്ടം കൂടിയാ പഴയ വിദ്യാലയ അഥവാ ചിരിച്ചു ചിരിച്ചു മരണം
വേനലില്‍ നിന്നിറങ്ങി നടക്കുന്ന പച്ച മണങ്ങള്‍
ചിത്രാ അയ്യരുടെ ആനക്കാര്യങ്ങള്‍

ഇങ്ങിനെ പല ഓര്‍മ്മകളും തന്ന് എച്ച് എം ടി വാച്ച് എന്റെ മറ്റൊരു ഹൃദയതാളമായി മുഴങ്ങിക്കൊണ്ടിരുന്നു. ആ സ്പന്ദനം നിലയ്ക്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞദിവസം പത്രവാര്‍ത്തകളിലൂടെ അറിയേണ്ടി വന്നത്. എച്ച് എം ടി വാച്ച് കമ്പനി അടച്ച് പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.

1961 ല്‍ പ്രവര്‍ത്തനം ആരംഭിച്ച എച്ച് എം ടി വാച്ച് കമ്പനി ഇന്ത്യന്‍ വ്യവസായ വളര്‍ച്ചയുടെ പ്രതീകമായും സമയ കൃത്യതയുടെ പര്യായമായും ഒരു കാലത്ത് അറിയപ്പെട്ടിരുന്ന സ്ഥാപനമാണ്. ജീവനക്കാര്‍ക്ക് ശമ്പളം പോലും കൊടുക്കാന്‍ നിവൃത്തിയില്ലാതെ 2000 മുതല്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ടാണത്രെ കമ്പനി പൂട്ടുന്നത്. എന്റെ നോട്ടത്തില്‍ മികച്ച നിലവാരവുമുള്ള വാച്ചുകളാണ് എച്ച് എം ടി മാര്‍ക്കറ്റ് ചെയ്തിരുന്നത്. എന്നാല്‍ പ്രചാരണത്തിന്റെ കുറവും സര്‍ക്കാരിന്റെ പൊതുമേഖല കമ്പനികളോടുള്ള ശത്രുതാ മനോഭാവും കോര്‍പ്പറേറ്റ് പ്രീണനവും മാത്രമാണ് എച്ച് എം ടിയുടെ അടച്ച് പൂട്ടലിന് കാരണം. എന്തായാലും ഒരു കാലഘട്ടമാണ് ഇവിടെ നിലയ്ക്കാന്‍ പോകുന്നത്. എന്നപ്പോലെ ഒരുപാടുപേരുടെ ജീവിതചലനത്തില്‍ ഭാഗഭാക്കായിരുന്ന എച്ച് എം ടി വാച്ചുകള്‍, കുറെ സ്മൃതികള്‍ ബാക്കിയാക്കി ഓട്ടം നിര്‍ത്തുകയാണ്. നിലനില്‍ക്കേണ്ടിയിരുന്ന ഒരു സ്ഥാപനം ആരുടെയെല്ലാമോ പിടിപ്പുകേടുകൊണ്ട് പൂട്ടേണ്ടി വരുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. ഒപ്പം ഒരു പ്രാര്‍ത്ഥനയും- ബാക്കിയാകുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കെങ്കിലും പൂട്ടുവീഴാതിരിക്കട്ടെ.

ടെക്‌നോളജി ഓരോ നിമിഷവും അപ് ടു ഡേറ്റഡായി കൊണ്ടിരിക്കുന്ന ഇന്നുകളില്‍ ഒരുപക്ഷേ നമ്മളിലെത്രപേരുണ്ടാകും ഡോ. ഇക്ബാലിനെപോലെ ഈ നഷ്ടത്തില്‍ മനസ്സ് വിതുമ്പുന്നവര്‍?  ആപ്പിളിന്റെ പുതിയ ഐ വാച്ചുകള്‍ വിപണിയിലിറങ്ങിയത് രണ്ടുദിവസം മുമ്പാണ്. ആ വാര്‍ത്തയ്ക്ക് മുന്നില്‍ എച്ച് എം ടി പൂട്ടുന്നതിന് എന്ത് പ്രസക്തി! ഒരു പൊതുമേഖല സ്ഥാപനം കൂടി പൂട്ടി എന്ന നിസ്സംഗതയ്ക്കപ്പുറം ഭൂരിപക്ഷത്തിനെ  ബാധിക്കുന്ന ഒന്നും ഈ വാര്‍ത്തയില്‍ കാണില്ല. എന്നാലും ചിലര്‍ മാറി നില്‍ക്കുന്നുണ്ട്. ആദ്യമായി കിട്ടിയ സമ്മാനം, ആദ്യമായി സ്വന്തമാക്കിയത്, ആദ്യമായി ഉപഹാരമായി നല്‍കിയത്; എന്നൊക്കെ പറയാന്‍ ഒരു എച്ച എം ടി വാച്ചിന്റെ ഓര്‍മ്മകള്‍ കൂടെയുള്ളവര്‍. അവര്‍ക്ക് ഈ വാര്‍ത്ത വേദനയുണ്ടാക്കുക തന്നെ ചെയ്യും. അവര്‍ക്ക് അത് വെറുമൊരു വാച്ചല്ല. ഭൂതകാലത്തിലേക്ക് തിരികെ നടക്കാനുള്ള പടിക്കെട്ടുകള്‍ കൂടിയാണ്. സമയം പുറകോട്ട് സഞ്ചരിക്കുന്നത് വാച്ചുകളില്‍ മാത്രമാണല്ലോ!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍