UPDATES

നല്ലത് ചെയ്താൽ പക അച്ചനോടും; ചോദ്യം ചെയ്താൽ വിശ്വാസികൾക്ക് വിലക്ക്

പാലക്കാട് കഞ്ചിക്കോടുള്ള കൊയ്യാമരക്കോട് ഹോളി ഫാമിലി ലത്തീന്‍ കത്തോലിക്ക പള്ളിയുമായി ബന്ധപ്പെട്ട വിവാദം

ഏതാനും പേര്‍ക്ക് കുറെയധികം പേരെ തങ്ങളുടെ ചൊല്‍പ്പടിക്കു നിര്‍ത്താന്‍ ഉപകരിക്കുന്ന ഏറ്റവും നല്ല ആയുധമാണ് മതം എന്നു പറയാറുണ്ട്. എല്ലാ മതമേലധ്യക്ഷന്മാരും തങ്ങളുടെ വിശ്വാസികളെ ഈതരത്തില്‍ തന്നെയാണു നയിച്ചുകൊണ്ടുപോകുന്നതും. തങ്ങളുടെ തെറ്റുകളെയും വീഴ്ച്ചകളെയും ചോദ്യം ചെയ്യുകയോ എതിര്‍ക്കുകയോ ചെയ്താല്‍ ഒരുവനെ ശിക്ഷിക്കാന്‍ മതം കൃത്യമായി എങ്ങനെ ഉപയോഗിക്കാം എന്നവര്‍ക്കറിയാം.

ഏവര്‍ക്കും ഇഷ്ടമായിരുന്ന ഒരു പള്ളി വികാരിയെ ഒന്നു രണ്ടുപേരുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി അനാവശ്യമായ ശിക്ഷകള്‍ക്കു വിധേയമാക്കിയതിനെ ചോദ്യം ചെയ്തു എന്നതിന്റെ പേരില്‍ ആറു കുടുംബങ്ങളെ സഭയില്‍ നിന്നും വിലക്കുകയും പൊലീസ് കേസ് ചുമത്തിക്കുകയും ചെയ്തു എന്നതാണ് പാലക്കാട് കഞ്ചിക്കോടുള്ള കൊയ്യാമരക്കോട് ഹോളി ഫാമിലി ലത്തീന്‍ കത്തോലിക്ക പള്ളിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു കേട്ട വിവാദം. ബിഷപ്പിന്റെയും അദ്ദേഹത്തിന്റെ ആശ്രിതരായ വികാരിമാരുടെയും പ്രവര്‍ത്തികളെ ചോദ്യം ചെയ്ത ആറു കുടംബങ്ങളെയാണു സഭയില്‍ നിന്നും വിലക്കിയത്. എന്നാല്‍ കോടതി ഉത്തരവു പ്രകാരം ഇവരെ വിലക്കിയ നടപടി തത്കാലത്തേക്ക് മരവിപ്പിക്കുകയും കേസ് പൂര്‍ത്തിയാകുന്നതുവരെ പള്ളിയില്‍ നടക്കുന്ന എല്ലാ പ്രാര്‍ത്ഥനകളിലും അനുബന്ധ ചടങ്ങുകളിലും ഇവര്‍ക്ക് പങ്കെടുക്കാവുന്നതുമാണ്.

സഭയ്‌ക്കെതിരെയോ വിശ്വാസത്തിനെതിരെയോ എന്തെങ്കിലും പ്രവര്‍ത്തി ചെയ്തതിനായിരുന്നില്ല ഞങ്ങളെ വിലക്കിയത്. പുരോഹിതന്മാരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചതിനായിരുന്നു. അതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ നിയമപോരാട്ടം നടത്തിയത്. ദൈവത്തിന്റെ ദാസന്മാരാണെന്നു പറയുകയും നല്ലതു ചെയ്യാനും പറയാനും ഓരോ വിശ്വാസിയേയും ഉപദേശിക്കുകയും ചെയ്യുന്ന വികാരിമാരും ബിഷപ്പും തന്നെ ദൈവത്തിനു നിരക്കാത്ത പ്രവര്‍ത്തികള്‍ ചെയ്താല്‍ അവര്‍ ശിക്ഷിക്കപ്പെടണം. അതുവരെ ഈ പോരാട്ടം തുടരുകയും ചെയ്യും. ലയോണ ജോണ്‍ പറയുന്നു. മൂവ്‌മെന്റ് ഫോര്‍ ദി റീസ്‌റ്റോറേഷന്‍ ഓഫ് ജസ്റ്റീസിന്റെ പ്രസിഡന്റുകൂടിയായ ജോണ്‍ ഇതുവരെ നടന്ന കാര്യങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു പറയുകയാണ്.

വളായറിനിപ്പുറം പാലക്കാട് വിവിധ പ്രദേശങ്ങളിലായി കഴിയുന്ന തമിഴ് ക്രിസ്ത്യാനികള്‍ രണ്ടുകൊല്ലം മുമ്പാണു കേരളത്തിലുള്ളവര്‍ക്കായി പ്രത്യേകം ഒരു രൂപത വേണമെന്ന ആവശ്യം ഉന്നയിക്കുകയും അതിന്‍പ്രകാരം ഇവിടെയുള്ള 12 ഓളം പള്ളികളെ കോയമ്പത്തൂര്‍ രൂപതയില്‍ നിന്നും മാറ്റി സുല്‍ത്താന്‍ പേട്ട രൂപതയുടെ കീഴില്‍ ആക്കുകയും ചെയ്തത്. അന്തോണി സ്വാമി പീറ്റര്‍ ആബിന്‍ ആയിരുന്നു സുല്‍ത്താന്‍ പേട്ട രൂപതയുടെ ബിഷപ്പ്. പുതിയ രൂപത ഉണ്ടായതോടെ ഇവിടെ ഉണ്ടായിരുന്ന വികാരിമാരില്‍ പലരും കോയമ്പത്തൂരിലേക്കു മടങ്ങിപ്പോവുകയുണ്ടായി. അതോടെ സുല്‍ത്താന്‍ പേട്ട രൂപതയ്ക്കു കീഴിലുള്ള പള്ളികളില്‍ വികാരിമാരുടെ കുറവ് ഉണ്ടായി. ഇതു പരിഹരിക്കാനാണു വികാരിമാരെ നിശ്ചിത കാലയാളവില്‍ പുറത്തു നിന്നും നിയമിക്കാന്‍ തീരുമാനമായത്. അതിന്‍ പ്രകാരമാണ് റൊസ്‌മേനിയന്‍ സന്യാസ സഭയിലെ ഫാദര്‍ മരിയ എഫ്രേമിനെ കൊയ്യാമരക്കോട് ഹോളി ഫാമിലി പള്ളിയില്‍ വികാരിയായി നിയമിച്ചത്.

പത്തെഴുപതു വര്‍ഷത്തിനുമേല്‍ പഴക്കമുണ്ട് കൊയ്യാമരക്കോട് പള്ളിക്ക്. പക്ഷേ കാര്യമായ വികസന പ്രവര്‍ത്തനങ്ങളൊന്നും നടന്നിരുന്നില്ല. അതിലേറ്റവും വലിയ പ്രശ്‌നം സെമിത്തേരിയായിരുന്നു. മഴക്കാലമായാല്‍ അതൊരു വെള്ളക്കെട്ടാണ്. മൃതദേഹങ്ങള്‍ അടക്കേണ്ടത് ആ വെള്ളക്കെട്ടിലായിരുന്നു. സണ്‍ഡേ സ്‌കൂള്‍ ഒന്നും കാര്യമായി പ്രവര്‍ത്തിച്ചിരുന്നില്ല. ഇങ്ങനെയെല്ലാമുള്ള അവസ്ഥയിലാണ് എഫ്രേം അച്ചന്‍ കോയമ്പത്തൂര്‍ ചാവടിയില്‍ നിന്നും (റൊസ്‌മേനിയന്‍ സന്യാസ സഭയുടെ കേന്ദ്രം അവിടെയാണ്. റോമാണ് അവരുടെ ആസ്ഥാനം) ഇവിടെ എത്തുന്നത്. മൂന്നുവര്‍ഷത്തേക്കായിരുന്നു അച്ചന്റെ നിയമനം. വിശ്വാസികളെ ഞെട്ടിക്കുന്നതായിരുന്നു അച്ചന്റെ പ്രവര്‍ത്തികള്‍. ഇത്രയും വര്‍ഷം കെട്ടുകിടന്ന ഒരു പള്ളി അച്ചന്‍ വളരെ പെട്ടെന്നായിരുന്നു ഉയര്‍ത്തിക്കൊണ്ടു വന്നത്. സത്യം പറഞ്ഞാല്‍ എഴുപതുവര്‍ഷത്തെ പുരോഗതി അച്ചന്‍ ഒന്നരക്കൊല്ലം കൊണ്ട് ഉണ്ടാക്കി. ദേശീയപാതയുടെ നിര്‍മാണം നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥരെ കണ്ടു സംസാരിച്ചു അതിനോടു ചേര്‍ന്നുള്ള സിമിത്തേരി മണ്ണിട്ട് ഉയര്‍ത്തി വെള്ളക്കെട്ട് ഉണ്ടാകുന്നത് ഒഴിവാക്കി, ചെറിയൊരു കപ്പോളയും അവിടെ സ്ഥാപിച്ചു. പള്ളി കോമ്പൗണ്ടില്‍ ഒരു കല്യാണ ആഡിറ്റോറിയം പണിയിച്ചു. സണ്‍ഡേ സ്‌കൂള്‍ കാര്യക്ഷമമാക്കി. ഞാനിവിടെ നിന്നും പോകുന്നതിനു മുമ്പ് പുതിയ പള്ളിയും നിങ്ങള്‍ക്കു നിര്‍മിച്ചു നല്‍കും എന്നായിരുന്നു എഫ്രേം അച്ചന്‍ പറഞ്ഞിരുന്നത്. പുതിയ പള്ളിക്കുള്ള ശിലാസ്ഥാപനവും നടത്തിയിരുന്നു.

ശത്രുക്കള്‍ ഉണ്ടാകുന്നു
വിശ്വാസികളുടെയെല്ലാം സ്‌നേഹവും ഇഷ്ടവും അച്ചനുണ്ടായിരുന്നെങ്കിലും എഫ്രേം അച്ചനോട് അസൂയയും താത്പര്യമില്ലായ്മയും ഉള്ള മറ്റു ചിലരുണ്ടായിരുന്നു. അവര്‍ പുരോഹിതന്മാരായിരുന്നു. ബിഷപ്പിന്റെ അടുത്ത ആളുകളായിരുന്ന ഫാദര്‍ ലോറന്‍സ്, ഫാദര്‍ മറിയം പാപ്പു എന്നിവര്‍ക്കായിരുന്നു എഫ്രേം അച്ഛനോട് എതിര്‍പ്പ്. ഇരുവരെയും പിന്തുണയ്ക്കുന്ന ഏതാനും കുടംബങ്ങളും ഇടവകയില്‍ ഉണ്ടായിരുന്നു. ഫാദര്‍ ലോറന്‍സ് ബിഷപ്പിന്റെ അകൗണ്ടന്റും മറയ പാപ്പു മാനേജറും ആയിരുന്നു. പള്ളിയില്‍ മലയാളം കുര്‍ബാന അര്‍പ്പിക്കാന്‍ ആദ്യ സമയങ്ങളില്‍ വന്നിരുന്നത് ലോറന്‍സ് അച്ചനായിരുന്നെങ്കിലും മലയാളം പഠിച്ചെടുത്തതോടെ അതും താന്‍ തന്നെ നിര്‍വഹിച്ചുകൊള്ളാമെന്നു എഫ്രേം അച്ചന്‍ പറഞ്ഞതോടെ അവരുടെ വൈരാഗ്യം ഇരട്ടിയായി.

ഫാദര്‍ എഫ്രേമിനെ പുറത്താക്കുന്നു
മൂന്നുവര്‍ഷത്തേക്ക് നിയമിച്ച എഫ്രേം അച്ചനെ ഒന്നരവര്‍ഷം കഴിഞ്ഞപ്പോള്‍ പെട്ടെന്നു പള്ളിയില്‍ നിന്നും മാറ്റി. എന്തിനു മാറ്റിയെന്നോ അച്ചന്‍ ചെയ്ത തെറ്റ് എന്താണെന്നോ ഞങ്ങള്‍ ഇടവകക്കാര്‍ക്ക് ആര്‍ക്കും മനസിലായില്ല. യാതൊരു വിശദീകരണവും സഭയില്‍ നിന്നും ഉണ്ടായതുമില്ല. പലവട്ടം വിവരം തിരക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബിഷപ്പ് ഞങ്ങളെ കാണാന്‍പോലും കൂട്ടാക്കിയില്ല. ഒടുവില്‍ ഫാദര്‍ എഫ്രേം എവിടെയാണെന്നു ഞങ്ങള്‍ കണ്ടെത്തി. അച്ചന്‍ ശിക്ഷ നടപടിയെന്നോണം സസ്‌പെന്‍ഷന്‍ കിട്ടി ഡിണ്ടിഗല്ലിലെ ഒരു മലയടിവാരത്തിലുള്ള ആശ്രമത്തില്‍ ആണുള്ളതെന്നു കണ്ടെത്തി. ഒരു സൗകര്യങ്ങളുമില്ലാത്ത ഒരാശ്രമം. ഒരു ജയില്‍ ജീവിതം പോലെ. അച്ചന് അങ്ങനെയൊരു ശിക്ഷ കിട്ടാന്‍ കാരണം സുല്‍ത്താന്‍ പേട്ട ബിഷപ്പ് നല്‍കിയ ചില വിവരങ്ങളായിരുന്നു. അച്ചന്‍ പല തെറ്റുകളും ചെയ്‌തെന്നു കാണിച്ചു റൊസ്‌മേനിയന്‍ സന്യാസ സഭയുടെ റോമിലുള്ള ആസ്ഥാനത്തിലേക്ക് ബിഷപ്പ് മെയില്‍ അയച്ചു. അതിന്‍പ്രകാരമായിരുന്നു അച്ചനെ സസ്‌പെന്‍ഡ് ചെയ്തത്. ആരാണ് അതിനു പിന്നില്‍ കളിച്ചതെന്നു ഞങ്ങള്‍ക്കു വ്യക്തമായിരുന്നു.

പള്ളി അടച്ചിടുന്നു
ഫാദര്‍ എഫ്രേമിനു പകരക്കാരനായി പുതിയ വികാരിയെ പള്ളിയില്‍ നിയമിക്കാന്‍ തീരുമാനമായി. പക്ഷേ വിശ്വാസികള്‍ അതിനെ എതിര്‍ത്തു. എഫ്രേം അച്ചനെതിരേയുള്ളത് വ്യാജ ആരോപണങ്ങളാണെന്നും അദ്ദേഹത്തെ തന്നെ വീണ്ടും ഇടവക വികാരിയായി നിയമിക്കണമെന്നും പത്തു മുന്നൂറോളം വരുന്ന ഇടവകക്കാര്‍ ആവശ്യപ്പെട്ടു. ഇതിലൊരു തീരുമാനം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു ഞങ്ങള്‍ പ്രതിഷേധം ഉയര്‍ത്തി. ഇതോടെ ബിഷപ്പ് കടുത്ത നിലപാടിലേക്ക് എത്തി. വിശ്വാസികളെ ഒരു പാഠം പഠിപ്പിക്കാനെന്ന വണ്ണം അദ്ദേഹം പള്ളി പൂട്ടിയിട്ടു. ബിഷപ്പിനെതിരേ നിന്ന മുന്നൂറോളം കുടുംബങ്ങള്‍ മാപ്പ് പറയണമെന്നും ഞങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ തെറ്റാണെന്ന് വാര്‍ത്താസമ്മേളനം വിളിച്ചു ഏറ്റു പറയണമെന്നും ആവശ്യപ്പെട്ടു. ഇതിനു സമ്മതിക്കാതെ വിശ്വാസികള്‍ വിവിധ സമരരൂപങ്ങള്‍ക്കു നേതൃത്വം നല്‍കി. ആദ്യം പള്ളിയങ്കണത്തില്‍ നിരാഹാര സമരം നടത്തി. ആ സമരം ബിഷപ്പ് ഹൗസിലേക്കു മാറ്റി. അവിടെ ഉപവാസ സമരം നടത്തി. തുടര്‍ന്നു കളക്ട്രേറ്റു മാര്‍ച്ച് നടത്തി. ഞങ്ങളുടെ പരാതി റോമില്‍ വരെ എത്തി. ജില്ല കളക്ട്രറുടെ നേതൃത്വത്തില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിയെങ്കിലും ബിഷപ്പും കൂട്ടരും വിരുദ്ധനിലപാടില്‍ നിന്നു.

രണ്ടു മാസത്തില്‍ കൂടുതല്‍ ഒരു പള്ളി അടച്ചിടാന്‍ പാടില്ല. അങ്ങനെ വന്നാല്‍ ബിഷപ്പിനുനേരെ ചോദ്യം ഉയരും. ആറു മാസത്തോളം പള്ളി അടഞ്ഞു കിടന്നതോടെ എങ്ങനെയെങ്കിലും പള്ളി തുറക്കണമെന്നായി ബിഷപ്പ്. പക്ഷേ വിശ്വാസികള്‍ ഉറച്ചു നിന്നു. അതോടെ ബിഷപ്പ് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഈ കേസ് കീഴ്‌ക്കോടതിക്കു വിട്ടു. എന്നാല്‍ കീഴ്‌ക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ അവര്‍ മറ്റൊരു തന്ത്രം പയറ്റി. ഫാദര്‍ ലോറന്‍സിന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ ചില ഇടവകക്കാരെ കൊണ്ട് കോടതിയില്‍ പരാതി നല്‍കിയത് ഏതാനും പേര്‍ തങ്ങളുടെ ആരാധാനസ്വാതതന്ത്ര്യത്തെ തടയുന്നു എന്നുപറഞ്ഞായിരുന്നു. ഇതനുസരിച്ചു കോടതി പള്ളിക്കു പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവായി. പള്ളി തുറക്കാന്‍ പൊലീസ് സഹായത്തോടെ നടത്തിയ നീക്കം വിശ്വാസികള്‍ എതിര്‍ത്തു. പൊലീസ് ചിലരുടെ ആജ്ഞ നടപ്പിലാക്കാനെന്നോണം നടത്തിയ പ്രവര്‍ത്തികള്‍ വലിയ ലാത്തിച്ചാര്‍ജില്‍ കലാശിച്ചു. ഞങ്ങളുടെ വീടു കയറിവരെ പൊലീസ് തല്ലി. വൃദ്ധരെയും കുട്ടികളെയും വരെ ഉപദ്രവിച്ചു. പൊലീസ് തന്നെ പള്ളിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്തിട്ട് ആ കുറ്റം ഞങ്ങളുടെ തലയില്‍ കെട്ടി. ഇതു കൂടാതെ ഞാനടക്കം പലരുടെയും പേരില്‍ കള്ളക്കേസുകള്‍ വന്നു. യാതൊരു തെളിവും ഇല്ലെന്നിരിക്കെ ബിഷപ്പിനെ ആക്രമിക്കാന്‍ ശ്രമിച്ചതും പള്ളിയില്‍ നാശനഷ്ടം ഉണ്ടാക്കിയതായുമൊക്കെ കാണിച്ച് എനിക്കെതിരേ കേസ് ചുമത്തി. നാല്‍പ്പതോളം കേസുകളാണ് എനിക്കെതിരേ ഉണ്ടായത്.

സഭയില്‍ നിന്നും പുറത്താക്കുന്നു
ബിഷപ്പിനെതിരേയുള്ള പോരാട്ടങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെന്നുകണ്ട് എന്റേതടക്കം ഒമ്പതു കുടുംബങ്ങളിലെ അംഗങ്ങളെ സഭയില്‍ നിന്നും വിലക്കി കൊണ്ടാണ് അവര്‍ പിന്നീടു പക വീട്ടിയത്. ബിഷപ്പിന്റെയും അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ള പുരോഹിതന്മാരുടെയും ദുഷ്പ്രവര്‍ത്തികള്‍ ചൂണ്ടിക്കാണിച്ച് റോമിലേക്കടക്കം നിരവധി ഇമെയിലുകള്‍ ഞങ്ങള്‍ അയച്ചു. ആര്‍ച്ച് ബിഷപ്പിനും കര്‍ദിനാളിനുമൊക്കെ പരാതി അയച്ചു. പക്ഷേ ആരും മറുപടി അയച്ചില്ല. ഏതാണ്ട് 800 ഓളം ഇ-മെയിലുകളാണ് ഞങ്ങള്‍ അയച്ചത്. ഇതെല്ലാം ബിഷപ്പിന് ഞങ്ങളോടുള്ള വിരോധം ഇരട്ടിയാക്കിയിരുന്നു. ബിഷപ്പ് എനിക്കെതിരേ പത്തുലക്ഷം രൂപയുടെ മാനനഷ്ടക്കേസും നല്‍കി.

കോടതിയിലേക്ക്
അകാരണമായി സഭയില്‍ നിന്നും വിലക്കിയതിനെതിരേ ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചു. കഴിഞ്ഞ ആഴ്ച്ച കോടതി വിലക്കിനു സ്‌റ്റേ നല്‍കി. കേസ് പൂര്‍ത്തിയാകുന്നതുവരെ ഞങ്ങള്‍ക്കു പളളിയില്‍ എല്ലാവിധ ആരാധാന സ്വാതന്ത്ര്യങ്ങളും അനുവദിക്കണമെന്നു കോടതി ഉത്തരവിട്ടു .High court verdict (1)

സിബിഐ അന്വേഷിക്കണം
പള്ളിയുമായി ബന്ധപ്പെട്ട് നടന്ന എല്ലാ പ്രശ്‌നങ്ങളെയും കുറിച്ച് സിബിഐ അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഇതിനായി പ്രധാനമന്ത്രിക്കടക്കം ഞങ്ങള്‍ പരാതി നല്‍കി. കേസ് അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐക്കു സമ്മതമാണ്. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. പക്ഷേ സര്‍ക്കാര്‍ അനങ്ങുന്നില്ല. സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാനായാണ് ഇപ്പോള്‍ ഞങ്ങളുടെ പോരാട്ടം. തെറ്റു ചെയ്തവര്‍ ചോദ്യം ചെയ്യപ്പെടണം. ഇവിടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചവരെയാണു ക്രൂശിലേറ്റുന്നത്. അത് അനുവദിക്കപ്പെടാന്‍ പാടില്ല. എത്രവലിയ പുരോഹിതനായാലും ചെയ്ത തെറ്റിനു ശിക്ഷിക്കപ്പെടണം– ജോണ്‍ പറഞ്ഞു നിര്‍ത്തുന്നു .information to the press

ഇതെല്ലാം വ്യാജപ്രചരണം
എന്നാല്‍ പള്ളിക്കെതിരേയും തനിക്കെതിരേയും നടക്കുന്നത് വ്യാജപ്രചരണങ്ങളാണെന്നാണു ബിഷപ്പ് പീറ്റര്‍ അബിന്‍ മാധ്യമങ്ങളോടു പറയുന്നത്. ഫാദര്‍ എഫ്രേമിനെ തങ്ങളല്ല സസ്‌പെന്‍ഡ് ചെയ്തതെന്നും അതിനുള്ള അധികാരം അദ്ദേഹത്തിന്റെ സഭയ്ക്കു മാത്രമാണുള്ളതെന്നും ബിഷപ്പ് പറയുന്നു. ഫാദര്‍ എഫ്രേം ട്രാന്‍സ്ഫര്‍ ഓഡര്‍ വാങ്ങിപ്പോവുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ഇപ്പോള്‍ ദിണ്ടിഗല്ലിലെ ആശ്രമത്തിലുള്ള ഫാദര്‍ എഫ്രേം ഈ കാര്യങ്ങളെല്ലാം നിഷേധിക്കുന്നുണ്ട്.

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍