UPDATES

സിനിമ

ഹോളിവുഡ് രാഷ്ട്രീയം പറയാന്‍ പഠിച്ചത് ഇപ്പോളാണോ ?

ഐക്യപ്പെടലുകളും രാഷ്ട്രീയം പറയുന്നതുമെല്ലാം അമേരിക്കന്‍ ലിബറല്‍ സമൂഹത്തിന്‍റെ തീരെ ചെറിയ ലോകത്ത് ഒതുങ്ങുന്നതാണെന്നും ജനാധിപത്യത്തെയും ബഹുസ്വരതയേയും കുറിച്ചുള്ള ഈ എലൈറ്റ് ആശങ്കകള്‍ക്ക് അതിനപ്പുറത്തുള്ള വലുപ്പമൊന്നും ഇല്ലെന്നും നമുക്കറിയാം. എന്നാല്‍ വിമത ശബ്ദങ്ങള്‍ ഉയരുന്നു എന്നത് വലിയ സാധ്യതയാണ്.

“ഒരു കുടിയേറ്റക്കാരനായത് കൊണ്ട് തന്നെ എനിക്ക് ഒരു തരത്തിലുള്ള മതിലുകളും അംഗീകരിക്കാനാവില്ല” – മെക്‌സിക്കന്‍ നടന്‍ ഗെയില്‍ ഗാര്‍സിയ ബെര്‍ണല്‍ ഇത് പറഞ്ഞപ്പോള്‍ ഓസ്കര്‍ വേദിയില്‍ വലിയ കയ്യടി ഉയര്‍ന്നു. മെക്‌സിക്കോ അതിര്‍ത്തിയില്‍ ട്രംപ് ഗവണ്‍മെന്റിന്റെ മതില്‍ നിര്‍മ്മാണ പദ്ധതിയെ ഉദ്ദേശിച്ചാണ് ഗെയില്‍ ഇക്കാര്യം പറഞ്ഞത്. ചെഗുവേരയുടെ മോട്ടോര്‍സൈക്കിള്‍ ഡയറീസ് എന്ന അനുഭവക്കുറിപ്പുകളെ ആധാരമാക്കി അതേപേരില്‍ വാള്‍ട്ടര്‍ സാലസ് സംവിധാനം ചെയ്ത സ്പാനിഷ് ചിത്രത്തില്‍ ചെ ആയത് ഗെയില്‍ ആയിരുന്നു. മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതിലും ഏഴ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരുടേയും അഭയാര്‍ത്ഥികളുടേയും പ്രവേശനം തടയാനുള്ള തീരുമാനവുമെല്ലാം ഓസ്‌കര്‍ വേദിയില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

പരിപാടിയുടെ അവതാരകന്‍ ജിമ്മി കെമ്മല്‍ തുടങ്ങിയത് തന്നെ രാജ്യം വിഭജിച്ച് നില്‍ക്കുമ്പോള്‍ നമുക്കിന്നിവിടെ ഒരുമിച്ചിരിയ്ക്കാം’ എന്ന് പ്രഖ്യാപിച്ചാണ്. പിന്നീട് ഇടയ്ക്കിടെ ട്രംപിനെതിരെ വിമര്‍ശനങ്ങളും പരിഹാസങ്ങളുമുയര്‍ന്നു. ട്രംപിന്റെ ട്വീറ്റുകളൊന്നും കാണുന്നില്ലല്ലോ എന്ന് പറഞ്ഞ് ജിമ്മി കെമ്മല്‍ ഒരു ട്വീറ്റും വേദിയില്‍ നിന്ന് ട്രംപിന് അയച്ചു. വെളുത്തവരുടെ അപ്രമാദിത്വമുണ്ടാവാറുള്ള ഓസ്‌കര്‍ പുരസ്‌കാര ചടങ്ങില്‍ ഇത്തവണ ആഫ്രിക്കന്‍, ഏഷ്യന്‍ വംശജരായ കറുത്ത വര്‍ഗക്കാര്‍ നിറഞ്ഞിരുന്നു. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ആദ്യം പ്രഖ്യാപിച്ചത്. മൂണ്‍ലൈറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് മഹെര്‍ഷ അലി മികച്ച സഹനടനായി. ശക്തമായ രാഷ്ട്രീയ പ്രഖ്യാപനവും ഹോളിവുഡിന്റെ ചരിത്രപരമായ കടമയുമായി അത്. ഓസ്‌കര്‍ നേടുന്ന, മുസ്ലീം സമുദായത്തില്‍ പെട്ട ആദ്യ നടനായി മഹെര്‍ഷ അലി. മികച്ച സഹനടനും മികച്ച സഹനടിയും മികച്ച ചിത്രത്തിന്റെ സംവിധായകരുമെല്ലാം കറുത്തവര്‍ഗക്കാരാണ് എന്നത് ശ്രദ്ധേയം. വംശീയ വിദ്വേഷം നിറഞ്ഞ അമേരിക്കയുടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇത്തരം തിരഞ്ഞെടുപ്പുകള്‍ കലാപരമായ മികവിനൊപ്പം രാഷ്ട്രീയ മാനങ്ങളുമുണ്ട്.

ഏറ്റവുമൊടുവില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ തെറ്റിപ്പോയി. ലാ ലാ ലാന്‍ഡിനാണ് ആദ്യം പുരസ്‌കാരം പ്രഖ്യാപിച്ചത്. ആറ് പുരസ്‌കാരങ്ങള്‍ വാങ്ങിയ ചിത്രത്തിന്റെ ഏഴാമത്തെ പുരസ്‌കാരം വാങ്ങാന്‍ വേദിയിലെത്തിയ അണിയറ പ്രവര്‍ത്തകര്‍ അത് വാങ്ങിക്കഴിഞ്ഞ ശേഷമാണ് പുരസ്‌കാരം പ്രഖ്യാപിച്ചവര്‍ തെറ്റ് തിരുത്തിയത്. സോറി, നിങ്ങള്‍ക്കല്ല അത് മൂണ്‍ലൈറ്റിനാണ് എന്ന് തിരുത്തിയപ്പോള്‍ അത് മറ്റൊരു രാഷ്ട്രീയ പ്രഖ്യാപനമായി. അറിയാതെ സംഭവിച്ച തെറ്റ് തിരുത്തിയതാണെങ്കിലും ബോധപൂര്‍വമായി വരുത്തിയ തെറ്റ് ബോധപൂര്‍വം തിരുത്തിയതാണെങ്കിലും സംഗതി നന്നായി.

മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം അസ്ഗര്‍ ഫര്‍ഹാദിയുടെ സെയില്‍സ്മാന് തന്നെ നല്‍കിയത് ബോധപൂര്‍വമുള്ള ഒരു രാഷ്ട്രീയ തിരഞ്ഞെടുപ്പായാണ് തോന്നിയത്. തന്റേതടക്കമുള്ള മുസ്ലീം രാജ്യങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിച്ചാണ് സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദി ചടങ്ങില്‍ നിന്ന് വിട്ടുനിന്നത്. ഫര്‍ഹാദിയുടെ സന്ദേശം ചടങ്ങില്‍ വായിച്ചിരുന്നു. തന്‌റേതെടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെ അപമാനിച്ചതിനാലാണ് പ്രതിഷേധസൂചകമായി ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതെന്ന് ഫര്‍ഹാദി വ്യക്തമാക്കി.

ഹോളിവുഡിന്റെ ഈ രാഷ്ട്രീയ പ്രഖ്യാപനങ്ങളേയും സാമൂഹ്യബോധത്തേയും ബഹുസ്വരതയ്ക്ക് ഇടം നല്‍കുന്ന നടപടികളെയും അതിന് സാധുത നല്‍കുന്ന അമേരിക്കന്‍ ജനാധിപത്യത്തേയുമെല്ലാം പ്രശംസിക്കുമ്പോഴും മറ്റ് രാജ്യങ്ങളിലെ ജനാധിപത്യ വ്യവസ്ഥിതികളെ അമേരിക്ക എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മനുഷ്യത്വവിരുദ്ധമായ ചെയ്തികളെ മഹത്വവത്കരിച്ച ചരിത്രമാണ് ഹോളിവുഡിന് കൂടുതലായും പറയാനുള്ളത് എന്നതും ഓര്‍ക്കേണ്ടതുണ്ട്. അത് കൂടുതലും പുറംലോകത്തെത്തിച്ചത് മറ്റ് രാജ്യങ്ങളിലെ അമേരിക്കന്‍ ഇടപെടലുകള്‍ക്ക് വീരനായക പരിവേഷം നല്‍കിയുള്ള കഥകളാണ്. മറിച്ചുള്ള ശബ്ദങ്ങള്‍ അവിടെ നിന്ന് ഇതുവരെ വന്നിട്ടില്ലെന്നല്ല. സിനിമയിലും സിനിമയ്ക്ക് പുറത്തുമെല്ലാം ഹോളിവുഡ് അത് ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ മഹത്വവത്കരണമാണ് പ്രകടമായിരുന്നത്. ഇത്തവണത്തെ അക്കാഡമി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമ്പോള്‍ മഹത്തായ അമേരിക്കയെ തിരിച്ചുകൊണ്ടുവരണമെന്ന തരത്തിലുള്ള ആവശ്യങ്ങള്‍ ഉയരുന്നത് കേട്ടു. അമേരിക്കന്‍ ജനാധിപത്യത്തിന് ആന്തരികമായി എന്തൊക്കെ മഹത്വമുണ്ടെങ്കിലും പുറംലോകത്തെ ജനാധിപത്യങ്ങളെ സംബന്ധിച്ച് അതിന് വലിയ മഹത്വമൊന്നുമില്ല. അമേരിക്ക അവരുടെ രാജ്യത്ത് നടപ്പാക്കിയ ജനാധിപത്യം തന്നെയാണ് കറുത്ത വര്‍ഗക്കാരോടും മുസ്ലീങ്ങളോടും എങ്ങനെയാണ് പെരുമാറുന്നത് എന്നതിന് ചരിത്രത്തിലേയ്ക്ക് ഊളിയിടേണ്ട കാര്യമില്ല. വര്‍ത്തമാനം തന്നെ പറയുന്നത് അതാണ്.

ഇത്തരം പ്രവണതകളോട് സര്‍ഗാത്മകമായി കലഹിക്കുന്നതില്‍ അമേരിക്കന്‍ സിനിമ എന്ത് പങ്ക് വഹിച്ചു എന്ന ചോദ്യമുണ്ട്. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്‍റെ ദി ബ്രിഡ്ജ് ഓഫ് സ്പൈസ് പോലെയുള്ള ചിത്രങ്ങള്‍ കൊട്ടിഘോഷിക്കപ്പെടുന്ന അമേരിക്കന്‍ ലിബറല്‍ ജനാധിപത്യത്തിന്‍റെയും സമൂഹത്തിന്‍റെയും ആള്‍ക്കൂട്ട മനശാസ്ത്രവും മാസ് ഹിസ്റ്റീരിയയും അതില്‍ പ്രോത്സാഹിപ്പിക്കുകയും അതില്‍ നിന്ന് കരുത്ത് നേടുകയും ചെയ്യുന്ന അമേരിക്കന്‍ ഭരണകൂടത്തെയും തുറന്ന് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇത് ഹോളിവുഡിന്‍റെ പൊതുവായ രാഷ്ട്രീയത്തിന് വിരുദ്ധമായിരുന്നു. ബുദ്ധിയും സംസ്കാരവും ഇലാത്ത, സ്വേച്ഛാധിപത്യങ്ങള്‍ക്ക് കീഴില്‍ കഴിഞ്ഞുകൂടുന്ന മറ്റ് രാജ്യങ്ങളിലെ ജനങ്ങളെ കുറിച്ച് തന്നെയാണ് ഹോളിവുഡ് എക്കാലവും ആശങ്കപ്പെട്ടത്. ഭ്രാന്തമായ പ്രവൃത്തികള്‍ യാതൊരു കാപട്യത്തിന്‍റെയും ലേബല്‍ ഒട്ടിക്കാതെ അവതരിപ്പിക്കുന്ന ഒരു വ്യക്തി പ്രസിഡന്റ് ആയപ്പോള്‍, അല്ലെങ്കില്‍ തങ്ങളുടെ ജനാധിപത്യവും ഭീഷണി നേരിടുന്നതായ അനുഭവം ഉണ്ടായപ്പോഴാണ് ഹോളിവുഡിന് അല്‍പ്പം രാഷ്ട്രീയം പറഞ്ഞാല്‍ കൊള്ളാം എന്ന്‍ തോന്നിയിരിക്കുന്നത്.

ലോക പൊലീസായ അമേരിക്കയുടെ സിനിമയെ അമേരിക്കന്‍ ഇംഗ്ലീഷ് സിനിമ എന്നതിന് പകരം ലോകസിനിമയായും ഓസ്‌കര്‍ ലോകത്തെ പരമോന്നത പുരസ്‌കാരമായും കാണുന്ന പ്രവണത നമുക്കിടയിലുണ്ട്. അതുകൊണ്ട് ഒരു ചലച്ചിത്ര പ്രവര്‍ത്തകനെ സംബന്ധിച്ച ഏറ്റവും പരമോന്നത ബഹുമതിയും അംഗീകാരവും ഓസ്‌കര്‍ ആണെന്ന അബദ്ധധാരണ നമുക്കുണ്ടാവുന്നത്. എന്നാല്‍ ഒരു വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം ഒഴിച്ചാല്‍ അത് അമേരിക്കന്‍ സിനിമകളില്‍ കേന്ദ്രീകരിക്കുന്നതും ഇംഗ്ലീഷ് സിനിമകള്‍ക്കുള്ളതും മാത്രമാണ്. അതിന്റെ ആഗോള മാര്‍ക്കറ്റ് കണക്കിലെടുത്ത് അതിനെ ലോകസിനിമയായി വ്യഖ്യാനിക്കാന്‍ ശ്രമിക്കുന്നതിലാണ് തെറ്റ്.

ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയോ ബിജെപിയേയോ ദേശീയ പുരസ്‌കാര ദാന ചടങ്ങിലോ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലോ ഒന്ന് വിമര്‍ശിച്ച് നോക്കുക, അപ്പോഴറിയാം വിവരം. അത്രയെങ്കിലും ഭേദപ്പെട്ടൊരു ജനാധിപത്യം അമേരിക്കയിലുണ്ടെന്ന് പറയാം. ഹോളിവുഡ് എന്ന ഒറ്റ സിനിമാ ഇന്‍ഡസ്ട്രി അമേരിക്കയില്‍ എങ്ങനെയാണോ അതുപോലെയാണ് വിവിധ ഭാഷകളിലെ സിനിമാ വ്യവസായമായി വിഭജിക്കപ്പെട്ട് നില്‍ക്കുന്ന ഇന്ത്യന്‍ സിനിമ എന്ന് പറയാനാവില്ല. ഭരണകൂടവുമായുള്ള അതിന്‍റെ ബന്ധങ്ങളും തീര്‍ത്തും വ്യത്യസ്തമാണ്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിന് ശേഷമാണ് അമേരിക്കന്‍ ഭരണകൂടം പ്രതിഷേധം അര്‍ഹിക്കുന്ന ഒന്നായി ഹോളിവുഡിന് തോന്നിയത്. നേരത്തെ ജോര്‍ജ് ഡബ്ല്യു ബുഷിന്റെ ഇറാഖ് അധിനിവേശം അടക്കമുള്ള മനുഷ്യത്വരഹിതമായ ഇടപെടലുകളെ രൂക്ഷമായി വിമര്‍ശിച്ച് മൈക്കിള്‍ മൂറിനെ പോലെയുള്ള ആക്ടിവിസ്റ്റുകളായ ഡോക്യുമെന്ററി സംവിധായകര്‍ സജീവമായി രംഗത്തുണ്ടായിരുന്നെങ്കിലും ഹോളിവുഡില്‍ നിന്ന് അത്ര ശക്തമായ ശബ്ദമുയര്‍ന്നില്ല. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ വംശവേറിയും ഇസ്ലാമോഫോബിയയും ട്രംപ് ഉണ്ടാക്കിയെടുത്ത ഒന്നല്ല. അത് കാലങ്ങളായി അവിടുത്തെ സമൂഹത്തില്‍ ശക്തമാണ്. ഹോളിവുഡ് അതിനെ പ്രതിരോധിക്കാന്‍ കാര്യമായി എന്തെങ്കിലും ഇതുവരെ ശ്രമിച്ചിട്ടുമില്ല.

സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണവും അതിന് ശേഷമുള്ള അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യവുമായി ബന്ധപ്പട്ടാണ് മൈക്കള്‍ മൂര്‍ 9/11 എന്ന ചിത്രമെടുത്തത്. അതേസമയം ഇറാഖ് യുദ്ധം പ്രമേയമായ ഹര്‍ട്ട് ലോക്കര്‍ അടക്കമുള്ള മിക്ക ചിത്രങ്ങളും യുദ്ധത്തില്‍ പങ്കെടുത്ത സൈനികരുടെ മാനസിക പ്രശ്‌നങ്ങളാണ് പ്രമേയമാക്കിയത്. അതും പറയേണ്ട കാര്യം തന്നെ. 2003ലെ ഓസ്‌കര്‍ പുരസ്‌കാര ദാന ചടങ്ങ് നടന്നത് ഇറാഖ് അധിനിവേശം തുടങ്ങുന്ന സമയത്താണ്. മികച്ച ഡോക്യുമെന്‍ഡറിക്കുള്ള പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മൈക്കിള്‍ മൂര്‍ ഇങ്ങനെ പറഞ്ഞു. ഭ്രമാത്മകമായ കാരണങ്ങളാല്‍ മനുഷ്യരെ യുദ്ധത്തിന് വിടുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. “ഞങ്ങള്‍ ഈ യുദ്ധത്തിന് എതിരാണ്….നിങ്ങളെ ഓര്‍ത്ത് ഞങ്ങള്‍ ലജ്ജിക്കുന്നു, മിസ്റ്റര്‍ ബുഷ്, ലജ്ജിക്കുന്നു” – മൈക്കള്‍ മൂറിന്‌റെ വാക്കുകളുടെ കരുത്തുണ്ടായിരുന്ന വാക്കുകളൊന്നും 89ാമത് ഓസ്‌കര്‍ വേദിയില്‍ കേട്ടില്ലെങ്കിലും പ്രതീക്ഷ നല്‍കുന്ന രീതിയില്‍ ഹോളിവുഡ് അതിന്റെ സാമൂഹ്യ രാഷ്ട്രീയ ജാഗ്രത ഒരിക്കല്‍ കൂടി പ്രകടിപ്പിച്ചു എന്ന് ആശ്വസിക്കാം. പലരും പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത് അഭയാര്‍ഥികള്‍ക്കാണ്. ഇത്തരം ഐക്യപ്പെടലുകളും രാഷ്ട്രീയം പറയുന്നതുമെല്ലാം അമേരിക്കന്‍ ലിബറല്‍ രാഷ്ട്രീയത്തിന്‍റെ തീരെ ചെറിയ ലോകത്ത് ഒതുങ്ങുന്നതാണെന്നും ജനാധിപത്യത്തെയും ബഹുസ്വരതയേയും കുറിച്ചുള്ള ഈ എലൈറ്റ് ആശങ്കകള്‍ക്ക് അതിനപ്പുറത്തുള്ള ആശങ്കകളൊന്നും ഇല്ലെന്നും നമുക്കറിയാം. എന്നാല്‍ വിമത ശബ്ദങ്ങള്‍ ഉയരുന്നു എന്നത് വലിയ സാധ്യതയാണ്.

സുജയ് രാധാകൃഷ്ണന്‍

സുജയ് രാധാകൃഷ്ണന്‍

സബ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍