UPDATES

മരട് വിവാദത്തിലെ ഹോളിഫെയ്ത്ത് ബില്‍ഡേഴ്‌സ് സര്‍ക്കാരിന്റെ ജനനി പദ്ധതിക്കായി നിര്‍മ്മിക്കുന്ന ഫ്ലാറ്റ് സമുച്ചയവും വിവാദത്തില്‍, നിര്‍മാണം പാറമടയുടെ ആഘാതമേറ്റ ഭൂമിയിലെന്ന് ആക്ഷേപം

സർക്കാർ ഭൂമി പരിസരത്ത് ഉണ്ടായിരിക്കെ എന്തിന് ഈ പ്രദേശത്തെ സർക്കാർ പദ്ധതിയുടെ ഭാഗമാക്കുന്നുവെന്നാണ് ആക്ഷേപം

മരട് ഫ്ളാറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പങ്കാളിത്തത്തോടെ, സംസ്ഥാന സര്‍ക്കാരിന്റെ ഭവനം ഫൗണ്ടേഷന്റെ കീഴിലുള്ള ജനനി പദ്ധതിയില്‍ നിര്‍മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിനെതിരേയും പരാതി. പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്തിലെ ചുണ്ടമലപ്പുറം വാര്‍ഡില്‍ പോഞ്ഞാശ്ശേരിയില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഫ്ളാറ്റിനെതിരേയാണ് പ്രദേശവാസികള്‍ ഉള്‍പ്പെടെ പരാതി ഉയര്‍ത്തിയിരിക്കുന്നത്. നിര്‍മാണത്തിന് അനുയോജ്യമല്ലാത്ത ഭൂമിയിലാണ് ഈ ഫ്ളാറ്റ് കെട്ടിപ്പൊക്കിയിരിക്കുന്നത് എന്നതാണ് പരാതി.

2017 -ലാണ് പോഞ്ഞാശ്ശേരിയില്‍ ആംഗ്ലോ-ഇന്ത്യന്‍ പട്ടയ ഭൂമിയിലായി ഫ്ളാറ്റ് നിര്‍മാണം ആരംഭിച്ചത്. 14 നിലകളിലായി 74 ഫ്ളാറ്റുകളാണ് ഇവിടെ നിര്‍മിക്കുന്നത്. തുച്ഛവരുമാനക്കാരായ തൊഴിലാളികള്‍ക്കു വേണ്ടിയാണ് ജനനി പദ്ധതിയുടെ കീഴില്‍ പോഞ്ഞാശ്ശേരി സ്‌കീം എന്ന പേരില്‍ സര്‍ക്കാര്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതിയായി ഹോളിഫെയ്ത്ത് പറയുന്നത്, സെപ്തംബര്‍ അവസാനത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കി ഫ്ളാറ്റ് സമുച്ചയം സര്‍ക്കാരിന് കൈമാറുമെന്നാണ്.

തൊഴില്‍ വകുപ്പിന്റെ കീഴിലുള്ള ഭവനം ഫൗണ്ടേഷന്‍ ഓഫ് കേരളയുടെ ആഭിമുഖ്യത്തില്‍ അടിമാലി, പാലക്കാട് എന്നിവിടങ്ങളിലായി അസംഘടിത/ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി നിര്‍മിച്ചു നല്‍കിയിരിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ ഭാഗമായി തന്നെയുള്ള പദ്ധതിയാണ് പോഞ്ഞാശ്ശേരിയിലും നടപ്പാക്കുന്നതെന്നു സര്‍ക്കാര്‍ പറയുമ്പോള്‍, ഇവിടുത്തെ നിര്‍മാണം വിവാദത്തില്‍ ആക്കുന്നത് ഹോളിഫെയ്ത്തിന്റെ പങ്കാളിത്തവും ഫ്ളാറ്റ് നിര്‍മിക്കാന്‍ തെരഞ്ഞെടുത്ത ഭൂമിയുമാണ്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഭവനം പദ്ധതിയുടെ ഡയറക്ടര്‍ ആയിരിക്കുന്ന സമയത്താണ് ഹോളി ഫെയ്ത്തിന് പോഞ്ഞാശ്ശേരി സ്‌കീമിന്റെ ചുമതല കൈമാറുന്നതെന്ന ആക്ഷേപം ഉണ്ട്. നിര്‍മാണത്തിനായി സര്‍ക്കാര്‍ ഏറ്റെടുത്ത രണ്ടേക്കര്‍ ഭൂമി ഒരു റിട്ടയേര്‍ഡ് ഐഎഎസ്സുകാരന്റെ പേരിലുള്ളതായിരുന്നുവെന്ന ആക്ഷേപവുമുണ്ട്. ഈ ഭൂമി, കൈമാറരുതെന്ന വ്യവസ്ഥയില്‍ കൃഷിക്കും താമസത്തിനും മാത്രമായി ആംഗ്ലോ ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് പതിച്ചു നല്‍കിയ പട്ടയ ഭൂമിയാണ്. ഇതെങ്ങനെയാണ് ഐഎഎസ് ഓഫീസറുടെ കൈകളില്‍ എത്തിയതെന്ന് വ്യക്തമല്ല. പട്ടയം കിട്ടിയവര്‍ വ്യവസ്ഥകള്‍ ലംഘിച്ച് വിറ്റ ഭൂമി ഐഎഎസ് ഓഫിസര്‍ വാങ്ങിയതാണെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇപ്പോള്‍ നിര്‍മാണം നടക്കുന്ന ഭൂമിയില്‍ നിന്നും അധികം അകലെയല്ലാതെ സര്‍ക്കാരിന്റെ പുറമ്പോക്ക് ഭൂമി കിടക്കുമ്പോള്‍ തന്നെയാണ്, അതുപേക്ഷിച്ച് സ്വകാര്യ വ്യക്തിയുടെ കൈയില്‍ നിന്നും സര്‍ക്കാര്‍ പദ്ധതിക്കായി ഭൂമിയേറ്റെടുത്തിരിക്കുന്നതെന്നാണ് ഐഎഎസ് ലോബിയുടെ ചില കള്ളക്കളികള്‍ ഇതിനു പിന്നില്‍ നടന്നിട്ടുണ്ടെന്ന ആക്ഷേപത്തിന് കാരണമായിരിക്കുന്നത്.

2014 വരെ പ്രവര്‍ത്തിച്ചിരുന്നൊരു പാറമടയുടെ തൊട്ടടുത്തായാണ് ഈ ഭൂമി. 2014 ല്‍ കേസും മറ്റുമായി ബന്ധപ്പെട്ട് പാറമടയുടെ പ്രവര്‍ത്തനം നിര്‍ത്തിയതാണെങ്കിലും വര്‍ഷങ്ങളോളം ഇവിടെ പാറ പൊട്ടിക്കല്‍ നടന്നു വന്നതാണ്. അതിന്റെതായ ആഘാതം ഏറ്റിട്ടുള്ള ഭൂമിയില്‍ തന്നെ 14 നില ഫ്ളാറ്റ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നിലെന്താണെന്ന് വ്യക്തമല്ല. അതിനുപുറമെ ഈ ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ പോലും അകലെയല്ലാതെ മറ്റൊരു ക്വാറി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഒരു കാലത്ത് വെങ്ങോലയുടെ അടയാളമായി ഉയര്‍ന്നു നിന്നിരുന്ന ചുണ്ടമലയെ മൊത്തത്തില്‍ തകര്‍ത്തുകൊണ്ട് വ്യാപകമായി മാറിയ ക്വാറികള്‍ പോഞ്ഞാശ്ശേരിയിലാകെ വലിയ പാരിസ്ഥിതികാഘാതങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവിടെ തന്നെ 14 നിലയുള്ള ഒരു ഫ്ളാറ്റ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നിര്‍മിക്കുന്നത്. പ്രദേശമാകെ കടുത്ത ജലചൂഷണത്തിലേക്ക് തള്ളിവിട്ടുകൊണ്ട് വലിയ തോതില്‍ കരിങ്കല്‍ ഖനനം നടത്തിക്കൊണ്ടിരിക്കുന്ന ക്വാറി, പ്രസ്തുത ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്നും ഏകേദേശം 750 മീറ്റര്‍ മാത്രം ദൂരത്താണെന്നിരിക്കെ തന്നെ, ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെ സര്‍ക്കാര്‍ ഫ്ളാറ്റ് പണിയുന്നത് എന്തിനാണെന്ന ചോദ്യമാണ് പ്രദേശവാസികള്‍ക്കുള്ളത്. നാടിന് ഭീഷണിയായി മാറിയിരിക്കുന്ന ഈ ക്വാറിക്കെതിരേ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ഇതുവരെയായിട്ടും ഭരണതലത്തില്‍ നിന്നും നടപടികള്‍ ഉണ്ടായിട്ടില്ല. “ഇവിടെ ജലചൂഷണം വര്‍ദ്ധിക്കുകയാണ്. നിലവില്‍ താമസിക്കുന്നവര്‍ക്കു പോലും കുടിവെള്ളം കിട്ടാത്ത അവസ്ഥയാണ്. അതിനിടയില്‍ തന്നെയാണ് സര്‍ക്കാര്‍ ഒരു ഫ്ളാറ്റ് കൂടി നിര്‍മിക്കുന്നത്. അവിടെ താമസിക്കാന്‍ വരുന്നവര്‍ക്കും കുടിവെള്ളം വേണമല്ലോ? അതിനെന്ത് ചെയ്യും. ഇപ്പോഴത്തെ അവസ്ഥ തന്നെ തുടരുകയാണെങ്കില്‍ വെള്ളം കിട്ടാത്ത കാലത്തിലേക്ക് അധികം പോകേണ്ടി വരില്ല. ഇതൊന്നും സര്‍ക്കാരും ഉദ്യോഗസ്ഥരും മനസിലാക്കുന്നില്ലേ? ഫ്ളാറ്റിനു വേണ്ടി കുഴല്‍ക്കിണര്‍ കുത്താനാണ് തീരുമാനം എന്നു കേട്ടു. അവിടെ ഇനിയും ഭൂമി കുഴിച്ചാല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം ഭീകരമായിരിക്കും. എല്ലാം കൂടി ഇടിഞ്ഞു പൊളിഞ്ഞു വീഴാന്‍ വലിയ താമസമൊന്നും വേണ്ടി വരില്ല. മനുഷ്യന് ജീവിക്കാനാണോ അതോ കൊല്ലാനാണോ സര്‍ക്കാര്‍ ഓരോരോ പദ്ധതിയുമായി വരുന്നത്? പൊട്ടിച്ചു പൊട്ടിച്ച് ഇനിയൊന്നും പൊട്ടിക്കാനില്ലാതെ കടലുപോലെ വലിയ കുഴിയുമായി കിടക്കുന്ന പാറമടയാണ് ഈ ഫ്ളാറ്റിന്റെ അടുത്തുള്ളത്. ഇവിടെ പാറ പൊട്ടിക്കുമ്പോള്‍ പോഞ്ഞാശ്ശേരി ജംഗ്ഷനില്‍ വരെ ശബ്ദം കേള്‍ക്കും. ഈ ഫ്ളാറ്റില്‍ കയറി നിന്നാല്‍ പാറ മട കാണം. അത്രയടുത്താണ്. അപ്പോള്‍ തന്നെ കാര്യങ്ങളുടെ അപകടം മനസിലാക്കാകുന്നതല്ലേയുള്ളൂ. ജനങ്ങളുടെ സംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ ആദ്യം ആ പാറമട പൂട്ടണം“, നാട്ടുകാരനായ ജബ്ബാറിന്റെ വാക്കുകളാണ്.

അംഗ്ലോ-ഇന്ത്യന്‍ പട്ടയ ഭൂമിയിലെ സര്‍ക്കാര്‍ ഫ്ളാറ്റ് നിര്‍മാണം കോടതി കയറിയ വിഷയം കൂടിയാണ്. കെട്ടിട നിര്‍മാണത്തിനു മുന്നോടിയായി മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു അത്. ആ സംഭവത്തില്‍ നാട്ടുകാര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത് ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സിനെയാണ്. രണ്ടേക്കര്‍ ഭൂമിയില്‍ നിന്നും ആയിരക്കണക്കിന് ലോഡ് മണ്ണ് സമീപത്തുണ്ടായിരുന്ന പൂട്ടിപ്പോയ പാറമടയിലേക്ക് അടിച്ചത് നിയമവിരുദ്ധമായിരുന്നുവെന്നതാണ് ഹോളി ഫെയ്ത്തിനെതിരേയുള്ള പരാതി. മണ്ണ് നീക്കം ചെയ്യുന്നത് അപകടം ഉണ്ടാക്കുമെന്നു ചൂണ്ടിക്കാണിച്ച് വലിയ പ്രതിഷേധങ്ങളും സമരങ്ങളും ഹോളി ഫെയ്ത്തിനെതിരേ നടന്നിരുന്നു. എല്ലാ അനുമതിയോടും കൂടിയാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നായിരുന്നു ഹോളി ഫെയ്ത്ത് പ്രതിനിധികള്‍ നാട്ടുകാരോട് ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍, ഇവിടെ നിന്നും ലോഡ് കണക്കിന് മണ്ണ് മാറ്റിയാല്‍ അത് താഴത്തെ ഭൂമിക്കും അവിടെ സ്ഥിതി ചെയ്യുന്ന വീടുകള്‍ക്കും ആഘാതം ഉണ്ടാക്കുമെന്ന പരാതിയില്‍ നാട്ടുകാര്‍ ഉറച്ചു നില്‍ക്കുകയും പഞ്ചായത്ത്, റവന്യൂ, മൈംനിഗ് ആന്‍ഡ് ജിയോളജി വകുപ്പുകളെ വിഷയത്തില്‍ ഇടപെടീപ്പിക്കുകയും ചെയ്തു. ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ പരിശോധനയില്‍ യാതൊരു രേഖകളോ അനുമതിയോ ഇല്ലാതെയാണ് ഹോളി ഫെയ്ത്ത് മണ്ണ് നീക്കം ചെയ്യുന്നതെന്നു ബോധ്യപ്പെടുകയുണ്ടായി. ഇതിനിടയില്‍ നാട്ടുകാര്‍ ഹൈക്കോടതയില്‍ നല്‍കിയ ഹര്‍ജിയില്‍ മണ്ണ് നീക്കം ചെയ്യുന്നതിന് സ്റ്റേ നല്‍കി. മണ്ണ് എടുക്കുന്നതില്‍ മാത്രമല്ല, പ്രവര്‍ത്തനരഹിതമായ പാറമടയില്‍ അത് നിക്ഷേപിച്ചതിലും നിയമലംഘനം ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പാറമടയുമായി ബന്ധപ്പെട്ട് ഇപ്പോഴും കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. താത്കാലികമായാണ് അവിടെ മണ്ണ് നിക്ഷേപിക്കുന്നതെന്നും മറ്റൊരിടത്തേക്ക് പിന്നീട് മാറ്റുമെന്നുമായിരുന്നു ബില്‍ഡേഴ്സ് കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ ഒരിക്കല്‍ നിക്ഷേപിച്ചിടത്തു നിന്നും മണ്ണ് വീണ്ടും മാറ്റുകയാണെങ്കില്‍ അതും പാരിസ്ഥിതികാഘാതം ഉണ്ടാക്കുമെന്നു ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ കമ്പനിയുടെ ഉദ്ദേശത്തെ എതിര്‍ത്തു. നിയമലംഘനം നടത്തി മണ്ണി നീക്കം ചെയ്തതിന് ഹോളി ഫെയ്ത്തില്‍ നിന്നും കനത്ത പിഴ ഈടാക്കിയതാണെന്നും പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.

നാട്ടുകാരില്‍ നിന്നും പ്രതിഷേധങ്ങള്‍ ശക്തമായതോടെയാണ് ഇതൊരു സര്‍ക്കാര്‍ പ്രൊജക്ട് ആണെന്ന ബോര്‍ഡുമായി ഹോളി ഫെയ്ത്ത് എത്തിയതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ഷംനാദ് പറയുന്നത്. “ഹൈക്കോടതി സ്റ്റേ ഉണ്ടായിട്ടും സര്‍ക്കാരില്‍ നിന്നും ബില്‍ഡിംഗ് പെര്‍മിറ്റ് കിട്ടിയതോടെ ഹോളിഫെയ്ത്ത് നിര്‍മാണവുമായി മുന്നോട്ടു പോയി. അതിനു വേണ്ടിയാണ് ഇതൊരു സര്‍ക്കാര്‍ പ്രൊജക്ട് ആണെന്ന ബോര്‍ഡ് അവര്‍ വച്ചത്. അതോടെ നാട്ടുകാരുടെ പ്രതിഷേധം തണുത്തുവെന്നും പറയാം. പിന്നീട് വലിയ എതിര്‍പ്പുകളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോഴവര്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന ഘട്ടത്തിലാണ്. സര്‍ക്കാര്‍ അവരില്‍ നിന്നും ഈ പദ്ധതി ഏറ്റെടുക്കുകയും ചെയ്യും. പക്ഷേ, എങ്ങനെയുള്ള സ്ഥലത്താണ് ഇത്ര വലിയ ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നതെന്നതാണ് ഓര്‍ക്കേണ്ടത്. കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി ദുരന്തങ്ങള്‍ എത്ര ഭീകരമാണെന്ന് മനസിലാക്കിയ ജനത കൂടിയാണ് നമ്മളിപ്പോള്‍'”; ഷംനാദ് പറയുന്നു.

ഫ്ളാറ്റിനോട് ചേര്‍ന്ന് താമസിക്കുന്ന വീട്ടുകാരും പദ്ധതിക്കെതിരേ പരാതി പറയുന്നുണ്ട്. ഫ്ളാറ്റ് നിര്‍മാണത്തോടെ തങ്ങളുടെ വാസസ്ഥലങ്ങള്‍ അപകടഭീഷണി നേരിടുകയാണെന്നതാണ് ഇവരുടെ പരാതി. വീടിന്റെ ഭിത്തികളും മതിലുകളും തള്ളി വരുന്നുണ്ടെന്ന ആശങ്കയും താമസക്കാര്‍ പങ്കുവെയ്ക്കുന്നു. ഉയര്‍ന്ന പ്രദേശമായതുകൊണ്ട് ഇവരുടെ ആശങ്കകള്‍ ദിനംപ്രതി കൂടിക്കൂടി വരികയുമാണ്. നിയമപരമായ നടപടികള്‍ സ്വീകരിക്കുന്ന കാര്യവും ഇവര്‍ ആലോചിക്കുന്നുണ്ട്.

അതേസമയം ഈ ആശങ്കകളും പരാതികളൊന്നും അടിസ്ഥാനമില്ലാത്തതാണെന്ന നിലപാട് ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് പറയുന്നത്. ഇവിടെ ഫ്ളാറ്റ് നിര്‍മിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നവുമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പാരിസ്ഥിതികാഘാതത്തിനുള്ള സാധ്യകള്‍ ഒട്ടുമില്ലാത്ത ഭൂമിയില്‍ തന്നെയാണ ഫ്ളാറ്റ് നിര്‍മിച്ചിരിക്കുന്നതെന്നും ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ആന്‍ഡ് ഡെവലപ്മെന്റ് പ്രവൈറ്റ് ലിമിറ്റഡിന്റെ ജനറല്‍ മാനേജര്‍ ജിജോ പറയുന്നു. മുന്‍പൊരു പാറമട അടുത്തായി ഉണ്ടായിരുന്നതാണെങ്കിലും അത് വര്‍ഷങ്ങളായി പ്രവര്‍ത്തനമില്ലാതെ കിടക്കുന്നതാണെന്നും നിലവില്‍ പ്രവര്‍ത്തിക്കുന്ന പാറമട ഫ്ളാറ്റ് സമുച്ചയത്തില്‍ നിന്നും ആഘാത പരിധിക്കും അപ്പുറമാണ് സ്ഥിതി ചെയ്യുന്നതെന്നുമാണ് ജിജോ പറയുന്നത്. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ടതായി ഒന്നും തന്നെയില്ല. ഇവിടെ ഇത്തരമൊരു പദ്ധതി വരുന്നതിനെ എതിര്‍ക്കുന്ന ചിലരാണ് അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ പറഞ്ഞ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നതെന്നും ഹോളി ഫെയ്ത്ത് ജനറല്‍ മാനേജര്‍ പറയുന്നു.

തങ്ങള്‍ക്ക് ഈ പ്രൊജക്ട് കിട്ടിയതിനിടയില്‍ കള്ളത്തരങ്ങള്‍ നടന്നിട്ടുണ്ടെന്ന ആരോപണവും ഹോളി ഫെയ്ത്ത് നിഷേധിക്കുകയാണ്. “മിഡില്‍ ക്ലാസ് താമസക്കാര്‍ക്കുള്‍പ്പെടെ ഞങ്ങള്‍ നിര്‍മിച്ചിട്ടുള്ള ഫ്ളാറ്റുകളും അപ്പാര്‍ട്ടുമെന്റുകളും പലതുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തനം കണ്ട് ബോധിച്ചതുകൊണ്ടു മാത്രമാണ് സര്‍ക്കാര്‍ ഈ പദ്ധതി ഏല്‍പ്പിച്ചത്. അതിന്റെതായ എല്ലാ ഉത്തരവാദിത്വത്തോടെയുമാണ് പദ്ധതിയുമായി മുന്നോട്ടു പോയതും. ഇപ്പോള്‍ അവസാനവട്ടത്തിലാണ്. സെപ്തംബര്‍ 30-നകം നിര്‍മാണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് കൈമാറി ഞങ്ങള്‍ ഇറങ്ങും. ഒരുഘട്ടത്തില്‍ പോലും നിര്‍മാണത്തില്‍ കാലതാമസം വരുത്തുകയോ മറ്റ് ഉത്തരവാദിത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഈ ഘട്ടം വരെ ആരുടെ ഭാഗത്തു നിന്നും എതിര്‍പ്പുകളോ പ്രതിഷേധങ്ങളോ ഉണ്ടായിട്ടുമില്ല. മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചില എതിര്‍പ്പുകള്‍ ഉണ്ടായി എന്നത് ശരിയാണ്. ഭൂമിയുടെ പ്രതലം നിരപ്പാക്കിയാല്‍ മാത്രമേ നിര്‍മാണം നടത്താന്‍ കഴിയൂ. അതിനു വേണ്ടി മണ്ണ് നീക്കം ചെയ്യേണ്ടി വന്നിരുന്നു. എന്നാല്‍ നാട്ടുകാര്‍ ആ പ്രവര്‍ത്തിയെ തെറ്റിദ്ധരിച്ചു. മല മൊത്തം ഞങ്ങള് ഇടിച്ചു നിര്‍ത്താന്‍ പോവുകയാണെന്ന തരത്തില്‍ ചില തെറ്റിദ്ധാരണകള്‍ പരന്നു. പിന്നീട് അതെല്ലാം പരിഹരിക്കുകയും സുഗമമായി നിര്‍മാണം മുന്നോട്ടു പോവുകയുമാണ് ഉണ്ടായത്. ഇപ്പോള്‍ മരടിലെ ഫ്ളാറ്റ് വിവാദത്തിന്റെ പേരില്‍ ഞങ്ങള്‍ ചെയ്യുന്നതിലും ചെയ്തതിലും എല്ലാം കള്ളത്തരങ്ങളുണ്ടെന്ന തരത്തില്‍ വലിയ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗം തന്നെയാണ് പോഞ്ഞാശ്ശേരിയിലും വിവാദം ഉണ്ടാക്കുന്നത്. സര്‍ക്കാരിന്റെ ഭൂമിയില്‍, സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഞങ്ങള്‍ ഒരു പ്രൊജക്ട് ചെയ്തു കൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ബാക്കിയെല്ലാ ആരോപണങ്ങളും അവഗണിക്കുകയാണ് വേണ്ടത്”; ജിജോ പറയുന്നു.

പാര്‍ക്കിംഗിനായി രണ്ട് നിലകള്‍ ഉള്‍പ്പെടെ മൊത്തം 14 നിലകളാണ് പോഞ്ഞാശ്ശേരി സ്‌കീമില്‍ ഉള്ളത്. 12 നിലകളിലായി 76 ഫ്ളാറ്റുകളാണ് താമസക്കാര്‍ക്കായി നിര്‍മിച്ചിരിക്കുന്നത്. രണ്ട് കിടപ്പ് മുറികള്‍, അടുക്കള, ബാല്‍ക്കണി എന്ന രീതിയിലാണ് ഓരോ ഫ്ളാറ്റും ഡിസൈന്‍ ചെയ്തിരിക്കുന്നത്. തുച്ഛവരുമാനക്കാരായ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള പാര്‍പ്പിട സമുച്ചയം എന്നു പറയുമ്പോഴും ജനനി പദ്ധതി പ്രകാരമുള്ള ഈ ഫ്ളാറ്റുകള്‍ സ്ഥിരവരുമാനം ഉള്ളവര്‍ക്കാണ് ലഭിക്കുക. വെങ്ങോല പഞ്ചായത്തിലും എറണാകുളം ജില്ലയിലും ഉള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. 15 ലക്ഷം രൂപയാണ് ഒരു ഫ്ളാറ്റിന്റെ വില നിശ്ചയിച്ചിരിക്കുന്നത് (ഇത് വ്യത്യാസപ്പെടാന്‍ സാധ്യതയുണ്ട്). മൂന്നുലക്ഷം രൂപ ആദ്യം നല്‍കണം. ബാക്കി തുക കുറഞ്ഞ പലിശ നിരക്കില്‍ വായ്പ്പയായി സര്‍ക്കാര്‍ ലഭ്യമാക്കും. ഈ വായ്പ്പ മുടങ്ങാതെ അടയ്ക്കുക എന്ന ലക്ഷ്യത്തിലാണ് സ്ഥിര വരുമാനക്കാര്‍ക്ക് മാത്രം ഫ്ളാറ്റുകള്‍ നല്‍കുന്നത്.

പദ്ധതിയുടെ ലക്ഷ്യങ്ങള്‍ സദുദ്ദേശപരമാണെങ്കിലും ഇത്രയും ജനങ്ങള്‍ക്ക് താമസിക്കാന്‍ വേണ്ടി ഒരു പാര്‍പ്പിട സമുച്ചയം നിര്‍മിക്കാന്‍ അപകടം പതിയിരിക്കുന്ന ഒരു ഭൂമി തന്നെ തെരഞ്ഞെടുത്തതിലെ ഉദ്ദേശം സംശയാസ്പദം തന്നെയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് പറയാനുള്ള മറുപടി എന്താണെന്നറിയാന്‍ പ്രസ്തുത പദ്ധതിയിലെ ഉദ്യോഗസ്ഥരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍