UPDATES

ഡിജിപിയെ പൂര്‍ണവിശ്വാസമാണെന്ന് ആഭ്യന്തരമന്ത്രി

അഴിമുഖം പ്രതിനിധി

ഡിജിപി ബാലസുബ്രഹ്മണ്യത്തെ പൂര്‍ണവിശ്വാസമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ ഡിജിപി ബാലസുബ്രഹ്മണ്യം ശ്രമിക്കുന്നതായുള്ള ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജിന്റെ ആരോപണത്തെ തള്ളിയാണ് ചെന്നിത്തല ഇന്ന് മാധ്യമപ്രവര്‍ത്തകരോട് ഡിജിപിയില്‍ തനിക്കുള്ള വിശ്വാസം രേഖപ്പെടുത്തിയത്. ഡിജിപിയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരമൊരു കാര്യത്തിന് കൂട്ടുനില്‍ക്കാത്തയാളാണ് അദ്ദേഹമെന്ന് മനസ്സിലാകുമെന്നും തനിക്ക് അദ്ദേഹത്തില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ശോഭ സിറ്റിയില്‍ അദ്ദേഹം പോയത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും കേസില്‍ നിന്ന് ആരെയും രക്ഷിക്കാനുള്ള നീക്കം നടത്താനല്ലെന്നും ഡിജിപിയെ ന്യായീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഇന്നലെ ചാനലുകളില്‍ വാര്‍ത്ത വന്നപ്പോള്‍ തന്നെ താന്‍ ഡിജിപിയെ വിളിച്ചിരുന്നെന്നും തന്റെ നിരപരാധിത്വം തെളിയിക്കുന്നൊരു കുറിപ്പ് അദ്ദേഹം നല്‍കിയെന്നും ചെന്നിത്തല പറഞ്ഞു. ഈ വിശദീകരണം തൃപ്തികരമാണ്. പി സി ജോര്‍ജ് പറഞ്ഞപോലെ തെളിവുകള്‍ അദ്ദേഹത്തിന്റെ കൈവശം ഉണ്ടെങ്കില്‍ അത് കൈമാറിയാല്‍ പരിശോധിക്കാമെന്നും ചെന്നിത്തല അറിയിച്ചു. ഈ കേസില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കേസ് അന്വേഷണത്തില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. നിസാമിനെതിരെ കാപ്പ ചുമത്താത്തിനെതിരെ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും നടപടികള്‍ പൂര്‍ത്തിയാക്കി മാത്രമെ കാപ്പ ചുമത്താന്‍ സാധിക്കൂവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം ഡിജിപി കേസില്‍ അട്ടിമറി നടത്താന്‍ ശ്രമിച്ചതിന്റെ ശക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും നാളെ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും ഈ തെളിവുകള്‍ കൈമാറുമെന്നും ജോര്‍ജ് വ്യക്തമാക്കി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍