UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തേജ് ബഹാദൂറിന് സുഹൃത്തുക്കളായി ഐ എസ് ചാരന്മാരുമുണ്ടാകാം; ഗുരുതര ആരോപണങ്ങളുമായി ആഭ്യന്തര മന്ത്രാലയം

ബിഎസ്എഫ് ജവാന്മാര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വെളിപ്പെടുത്തിയ സൈനികനാണു തേജ് ബഹാദൂര്‍ യാദവ്

സൈനിക ക്യാമ്പുകളിലെ ദുരവസ്ഥ സോഷ്യല്‍ മീഡിയയിലൂടെ തുറന്നു കാട്ടിയ ബി എസ് എഫ് ജവാന്‍ തേജ് ബഹാദുര്‍ യാദവിനെതിരേ ഇപ്പോള്‍ പുതിയ ആരോപണവുമായി ആഭ്യന്തര മന്ത്രാലയം തന്നെ രംഗത്തു വന്നിരിക്കുന്നു.സൈനിക ക്യാമ്പുകളില്‍ ജവാന്മാര്‍ക്ക് നല്ല ഭക്ഷണംപോലും ലഭിക്കുന്നില്ലെന്നു തെളിവു സഹിതം തേജ് ബഹാദൂര്‍ സോഷ്യല്‍ മീഡിയ വഴി പുറത്തെത്തി്ച്ചിരുന്നു. ഇതിനു പിന്നാലെ സൈന്യത്തിന്റെ ഭാഗത്തു വന്ന ന്യായീകരണം, തേജ് ബഹാദൂര്‍ മദ്യപാനിയും മാനസിക നിലയില്‍ തകരാറുള്ളയാളും ആണെന്നായിരുന്നു. സംഭവത്തിനു പിന്നാലെ തേജ്ബഹാദൂറിനെ സ്ഥലം മറ്റുകയും ചെയ്തിരുന്നു.

ഇപ്പോള്‍ തേജ്ബഹാദൂറിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളില്‍ അഞ്ഞൂറിലേറേ പേര്‍ പാകിസ്താനില്‍ നിന്നുള്ളവര്‍ എന്നതായിരുന്നു. ഈ വിഷയം തന്നെയാണ് ആഭ്യന്തര മന്ത്രാലയവും ഏറ്റെടുത്തിരിക്കുന്നത്.

തേജ് ബഹദൂര്‍ യാദവിന് പാകിസ്ഥാനില്‍ 500ഓളം സുഹൃത്തുക്കളുണ്ടെന്നും അതില്‍ ഐ.എസ്.ഐ ചാരന്മാരുമുണ്ടാവാമെന്നൊക്കെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ആരോപണം. അദ്ദേഹത്തിന്റെ പേരില്‍ 39 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടെന്നും അതുവഴിയാണ് എല്ലാ വിവാദങ്ങളും സജീവമായി നിലനിര്‍ത്തുന്നതെന്നും ആഭ്യന്തരമന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോടു പറഞ്ഞു. തേജ് ബഹദൂര്‍ യാദവിന്റെ അകൗണ്ട് വിശദമായി പരിശോധിച്ചാല്‍ മനസിലാവും അദ്ദേഹത്തിന്റെ 17% ഫേസ്ബുക്ക് സുഹൃത്തുക്കളും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. ഇതിലെത്രപേര്‍ക്ക് പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടെന്ന് ആര്‍ക്കറിയാം. അദ്ദേഹത്തിന്റെ പേരില്‍ 39 വ്യാജ അക്കൗണ്ടുകളുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. അതുവഴിയാണ് ഈ വിവാദങ്ങളെല്ലാം സജീവമായി നിലനിര്‍ത്തുന്നതെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.

തേജ് ബഹാദൂര്‍ യാദവ് ഇപ്പോള്‍ എവിടെയുണ്ടെന്നതു വ്യക്തമല്ല. ജവാന്മാര്‍ക്ക് അനുവദിക്കുന്ന ഭക്ഷ്യസാധനങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറിച്ചുവില്‍ക്കുകയാണെന്നും ജവാന്മാര്‍ക്ക് കൃത്യമായി ഭക്ഷണം പോലും ലഭിക്കുന്നില്ലെന്നുമുള്ള സെല്‍ഫി വീഡിയോ പുറത്തു വിട്ടതിനു പിന്നാലെ ഇദ്ദേഹത്തെ കാണാന്‍ ഇല്ലായിരുന്നു. നിയന്ത്രണരേഖയ്ക്ക് അടുത്ത് പോസ്റ്റില്‍ ്ഡ്യൂട്ടിയില്‍ ആയിരിക്കുമ്പോഴായിരുന്നു തേജ് ബഹാദൂര്‍ വീഡിയോ പുറത്തുവിട്ടത്. ഇയാള്‍ ഇപ്പോള്‍ ബിഎസ്എഫിന്റെ രഹസ്യ സങ്കേതത്തിലാണ് ഉള്ളതെന്നാണു ഭാര്യയും ബന്ധുക്കളും പറയുന്നത്. ഇവര്‍ കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാന്‍ ഒരുങ്ങുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍