UPDATES

ട്രെന്‍ഡിങ്ങ്

ഈ വെളിച്ചം ഇന്ത്യ-പാക് അതിര്‍ത്തിയിലല്ല, സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയില്‍; നാണംകെട്ട് ആഭ്യന്തരമന്ത്രാലയം

പാകിസ്താന്‍, ബംഗ്ലാദേശ് അതിര്‍ത്തികളിലായി 647 കിലോമീറ്റര്‍ നീളത്തില്‍ ഫ്‌ളെഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുമെന്നായിരുന്നു മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്

കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവരുടെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഉപയോഗിച്ച ചിത്രം ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ ആകെ നാണംകെടുത്തിയിരിക്കുകയാണ്. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളഡ് ലൈറ്റുകള്‍ തെളിഞ്ഞു നില്‍ക്കുന്നതിന്റെ രാത്രികാല ചിത്രമാണ് നാണക്കേടായിരിക്കുന്നത്. കാരണം എന്താണെന്നോ! ഈ ചിത്രം ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലേതല്ല, സ്‌പെയിന്‍-മൊറോക്കോ അതിര്‍ത്തിയിലേതാണ്. ഏതോ വെബ്‌സൈറ്റില്‍ നിന്നും എടുത്ത് ചേര്‍ത്തത്.

സംഭവം വിവാദമായതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആഭ്യന്തരമന്ത്രാലായം. ഇതുസംബന്ധിച്ച് ബിഎസ്ഫ് അധികൃതരോടു വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം സെക്രട്ടറി രാജീവ് മെഹര്‍ഷി പറഞ്ഞു. മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുവന്ന അബദ്ധമാണെങ്കില്‍ ഞങ്ങള്‍ മാപ്പ് ചോദിക്കുമെന്നും മെഹര്‍ഷി പറഞ്ഞു. ചിത്രം എങ്ങനെ വന്നുവെന്ന് ബിഎസ്എഫ് അധികൃതര്‍ വിശദീകരിക്കുമെന്നാണ് ആഭ്യന്തരമന്ത്രാലയം പറയുന്നത്. എന്നാല്‍ ഉത്തരം നല്‍കാനാവാതെ വെപ്രാളപ്പെടുകയാണ് ബിഎസ്എഫ് ഉദ്യോഗസ്ഥരെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ദരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2006 ല്‍ സ്പാനിഷ് ഫോട്ടോഗ്രഫറായ സാവിയേര്‍ മോയാനോ പകര്‍ത്തിയ ചിത്രമാണ് ഇന്ത്യന്‍ ആഭ്യന്ത്രമന്ത്രാലയം ഇന്ത്യന്‍ അതിര്‍ത്തിയിലേതെന്നു പറഞ്ഞു നല്‍കിയിരിക്കുന്നതെന്ന് altnews.in റിപ്പോര്‍ട്ട് ചെയ്യുന്നു. ആഫ്രിക്കയുടെ വടക്കന്‍ തീരത്ത് സ്‌പെയിന്‍ അധിനിവേശത്തിലുള്ള മെലീയയില്‍ മൊറോക്കോയുമായി അതിര്‍ത്തി പങ്കിടുന്നിടത്ത് സ്‌പെയിന്‍ നിര്‍മിച്ചിരിക്കുന്ന മെലീയ അതിര്‍ത്തി വേലിയില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്‌ളെഡ് ലൈറ്റുകള്‍ തെളിഞ്ഞുകിടക്കുന്ന ചിത്രമാണ് മോയാനോ പകര്‍ത്തിയത്.

പാകിസ്താന്‍, ബംഗ്ലാദേശ് അതിര്‍ത്തികളിലായി 647 കിലോമീറ്റര്‍ നീളത്തില്‍ ഫ്‌ളെഡ്‌ലൈറ്റുകള്‍ സ്ഥാപിക്കുമെന്നായിരുന്നു മോദി സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇന്ത്യയിലേക്കുള്ള തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം തടയാന്‍ വേണ്ടിയാണ് വിളക്കുകള്‍ സ്ഥാപിക്കുമെന്നു പറഞ്ഞത്. ഈ വര്‍ഷം വിളക്കുകള്‍ സ്ഥാപിക്കുന്നത് പൂര്‍ത്തിയാക്കുമെന്ന വാര്‍ത്തയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അഭിമാനകരമായ നേട്ടമെന്ന നിലയില്‍ വലിയ പ്രചാരം കൊടുത്തിരുന്നു. എല്‍എഡി ബള്‍ബുകള്‍ ആയിരിക്കും ഈ വിളക്കു വേലിക്ക് ഉപയോഗിക്കുന്നതെന്നതും വാര്‍ത്തയാക്കിയിരുന്നു.

അതേസമയം ഇതേ ചിത്രം ഇതിനു മുമ്പും ബിജെപി അനുകൂല വലതുസംഘടനകള്‍ പലഘട്ടങ്ങളിലും ഉപയോഗിച്ചിട്ടുള്ളതായി വാര്‍ത്തകളുണ്ട്. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ സര്‍ക്കാര്‍ നിര്‍മിച്ച വിളക്കുവേലി എന്ന നിലയിലായിരുന്നേ്രത അവരും ഈ ചിത്രം ഉപയോഗിച്ചിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍