UPDATES

സിനിമ

തമിഴില്‍ ഇറങ്ങിയാല്‍ കയ്യടിക്കും; മലയാളത്തിലാണെങ്കില്‍ കല്ലെറിയും-ഹോംലി മീല്‍സ് സംവിധായകന്‍ സംസാരിക്കുന്നു

Avatar

ഒരു നല്ല സിനിമ ഉണ്ടെഴുന്നേറ്റ സംതൃപ്തിയോടെയാണ് ‘ഹോംലി മീല്‍സി’ന്റെ പ്രേക്ഷകര്‍ തിയേറ്റര്‍ വിടുന്നത്. പഴകിയ ചേരുവകളൊന്നും ചേര്‍ക്കാതെ പുത്തന്‍ അനുഭവങ്ങളുടെ കൂട്ടുകള്‍ ചേര്‍ത്ത് തയ്യാറാക്കിയെടുത്ത ഈ സിനിമ തികച്ചും ഫ്രഷ് എന്ന് തന്നെയാണ് എല്ലാവര്‍ക്കും പറയാനുള്ളത്. താരനിരകളും  വന്‍ ബഡ്ജറ്റും ആവശ്യമില്ല ഒരു നല്ല സിനിമ ഉണ്ടാക്കിയെടുക്കാനെന്നും ‘ഹോംലി മീല്‍സ്’ തെളിയിക്കുന്നു. ഈ സന്തോഷങ്ങളെല്ലാം അനൂപ് കണ്ണന്‍ എന്ന സംവിധായകന്റെ സംസാരത്തിലും പ്രകടമാണ്. മമ്മൂട്ടി നായകനായ ‘ജവാന്‍ ഓഫ് വെള്ളിമല’യ്ക്ക് ശേഷം സംവിധാനം ചെയ്ത പരീക്ഷണ ചിത്രം ‘ഹോംലി മീല്‍സി’നെക്കുറിച്ച് അനൂപ് കണ്ണന്‍ അഴിമുഖത്തിനോട് സംസാരിക്കുന്നു. (തയ്യാറാക്കിയത്: നിസ)

ഹോംലി മീല്‍സ് എന്ന പേരുവന്ന വഴി
ഞങ്ങളെല്ലാവരും കൂടിയിരുന്നാലോചിച്ചപ്പോള്‍ യാദൃശ്ചികമായി ഉയര്‍ന്നുവന്ന പേരാണിത്. ഈ സിനിമയുടെ ആദ്യഘട്ട ചര്‍ച്ചയില്‍ തന്നെ നമുക്ക് മനസ്സിലായൊരു കാര്യമുണ്ട്, ഇതില് എരിവുണ്ട്, പുളിയുണ്ട്; കൃത്യമായ മസാലക്കൂട്ടാണ് ഈ സിനിമ. അങ്ങിനെയുള്ളപ്പോള്‍ സിനിമയ്ക്ക് ഒരു പേരിടുമ്പോള്‍ അത് സ്‌നേഹത്തോടെ, വിശ്വാസത്തോടെ വിളമ്പുന്ന നാടന്‍ ഊണ് കഴിക്കുമ്പോള്‍ ഉണ്ടാകുന്നൊരു അനുഭൂതി പകരുന്ന തരത്തിലൊന്നായിരിക്കണം എന്ന് തീരുമാനിച്ചിരുന്നു. പ്രേക്ഷകര്‍ക്കും ഒരു നാടന്‍ ഊണ് കഴിക്കുന്ന ഫീല്‍ ഈ സിനിമ നല്‍കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങിനെയുണ്ടായ ചര്‍ച്ചയില്‍ തിരക്കഥാകൃത്ത് വിപിനാണ് ‘ഹോംലീ മീല്‍സ്’ എന്ന പേര് നിര്‍ദ്ദേശിക്കുന്നത്. 

ബെസ്റ്റ് ഓഫ് അഴിമുഖം 

സപ്തമന്‍… തസ്‌കരവീരന്‍…എന്തര് പ്യേരാഡേ…!
ഒഡേസ സത്യന്‍ ഒരു മഹാസമുദ്രമല്ല
ഉന്മാദവും ഉന്മാദകലയും
കൈരളി തിയേറ്ററിലെ ‘അയ്യപ്പന്‍ പടി’യും ബീനാ പോളിന്റെ രാജിയും
ശങ്കര്‍ രാമകൃഷ്ണന്റെ സിനിമാന്വേഷണ പരീക്ഷകള്‍

ഇത്തരമൊരു കഥയിലേക്ക് വരുന്നതെങ്ങിനെയാണ്?

ഈ സിനിമയുടെ രചയിതാക്കളിലൊരാളായ വിപിനെ യാദൃശ്ചികമായാണ് കണ്ടുമുട്ടുന്നത്. അദ്ദേഹം എഴുതിവച്ചിരുന്ന ഒന്നുരണ്ടു കഥകള്‍ ആദ്യം എന്നോടു പറഞ്ഞു. പക്ഷെ, ഞാന്‍ പൂര്‍ണ്ണമായി തൃപ്തനായില്ല. വീണ്ടും കാണാമെന്നു പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. ഒന്നു രണ്ടുദിവസത്തിനുശേഷം വിപിന്‍ എന്നെ ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം ചെയ്‌തൊരു ടെലിവിഷന്‍ ഷോയിലെ സംഭവങ്ങളെക്കുറിച്ച് എന്നോട് വിവരിച്ചു. അതിലൊരു കഥയുണ്ടായിരുന്നു. കേട്ടപ്പോള്‍ എനിക്കും രസം തോന്നി. കേള്‍ക്കുന്നവരില്‍ താല്‍പര്യം ജനിപ്പിക്കുന്ന കുറെ കാര്യങ്ങള്‍ അതിലടങ്ങിയിട്ടുണ്ടായിരുന്നു. ഞങ്ങള്‍ നേരിട്ടു കണ്ടു. ആ സബ്ജക്ട് വിശദമായി ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. അങ്ങിനെ കൂട്ടായി നടത്തിയ ചര്‍ച്ചകളിലൂടെ രൂപപ്പെട്ടുവന്ന സിനിമയാണ് ഹോംലീ മീല്‍സ്.

വലിയ പരസ്യങ്ങളൊന്നുമില്ലാതെ തന്നെയാണല്ലോ ഹോംലി മീല്‍സ് മുന്നോട്ടു പോകുന്നത്?
മൗത്ത് പബ്ലിസിറ്റി മാത്രമാണ് ഈ സിനിമയ്ക്കുള്ള പ്രധാന പബ്ലിസിറ്റി. ആളുകള്‍ പരസ്പരം പറഞ്ഞു പറഞ്ഞാണ് ഹോംലീ മീല്‍സിന് തിയേറ്ററില്‍ ആളു നിറയുന്നത്. നിലവില്‍ സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ നടത്തുന്ന തരത്തിലുള്ള യാതൊരു തന്ത്രങ്ങളും ഞങ്ങള്‍ നടത്തുന്നില്ല. കാണാന്‍ ഭംഗിയുള്ള ഒരാളുടെ മുഖം പോലും സിനിമയുടെ പോസ്റ്ററുകളില്‍ ഇല്ലല്ലോ എന്നുപോലും പലരും പറഞ്ഞു. ആ കാര്യങ്ങളൊന്നും ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ നിങ്ങള്‍ ഗൗനിക്കേണ്ടതില്ല. ഒരു നല്ല സിനിമ കാണാനാണ് ആഗ്രിഹക്കുന്നതെങ്കില്‍ ‘ഹോംലി മീല്‍സ്’ കാണാന്‍ നിങ്ങള്‍ക്ക് ഒരു പോസ്റ്ററും നോക്കണ്ട, പരസ്യവും കാണണ്ട. നിങ്ങളെ മാക്‌സിമം രസിപ്പിക്കുന്ന സിനിമയാണ് ഇതെന്ന് ഗ്യാരണ്ടി പറയുന്നു.

പ്രേക്ഷകരുടെ അഭിപ്രായം ശ്രദ്ധിച്ചോ?
നമ്മള്‍ എന്തെങ്കിലും വീണ്ടും വീണ്ടും രുചിച്ചു നോക്കണം എന്നാഗ്രഹിക്കുന്നത് അതിന്റെ രുചിയിലുള്ള വ്യത്യസ്തത കൊണ്ടായിരിക്കും. ഈ സിനിമയും വീണ്ടും വീണ്ടും കാണാന്‍ പ്രേക്ഷകന്‍ ആഗ്രഹിക്കുന്നതായി പറയുന്നു. അതിനര്‍ത്ഥം ഞങ്ങളുടെ രുചിക്കൂട്ടും കൃത്യമായിരുന്നു എന്നു തന്നെയാണ്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന പ്രതികരണം സൂചിപ്പിക്കുന്നത്, അവര്‍ക്ക് രുചികരമായൊരു ഊണ് ഞങ്ങള്‍ വിളമ്പി എന്നു തന്നെയാണ്. എല്ലാവരും ഒരേസ്വരത്തില്‍ പറയുന്നൊരു കാര്യമുണ്ട്; ഈ സിനിമ വളരെ ഫ്രഷ് ആണെന്ന്.

സിനിമയുടെ ട്രെയിലര്‍ മുതല്‍ ആ ഫ്രഷ്‌നെസ്സ് ഫീല്‍ ചെയ്യുന്നുണ്ട്
സിനിമ കാണണമെന്ന് പ്രേക്ഷകനെ കൊണ്ട് തീരുമാനിപ്പിക്കാന്‍ നമ്മുടെ കൈയില്‍ എന്തെങ്കിലുമൊരു തുറുപ്പ്ചീട്ട് വേണം. ഞങ്ങള്‍ അതിനായി തയ്യാറാക്കിയതായിരുന്നു സിനിമയുടെ ആ പ്രമോ. പ്രേക്ഷകനെ സിനിമയിലേക്ക് ആകര്‍ഷിക്കുന്ന ഒരു പ്രമോ തന്നെയാണ് ഞങ്ങള്‍ ഒരുക്കിയത്. അത് തന്നെ വിജയകരമായപ്പോള്‍ ഞങ്ങളുടെ ആത്മവിശ്വാസം കൂടി.

ഇതൊരു പരീക്ഷണചിത്രമാണോ?
ഇതൊരു ശ്രമം ആണ്. ഇത്തരം ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കണം. തിയേറ്ററില്‍ വന്നിരുന്ന് സിനിമ കാണണം. പലപ്പോഴും സംഭവിക്കുന്നത് പോലെ കുറ്റങ്ങളും കുറവുകളുമൊക്കെ പറഞ്ഞു നടന്നിട്ട്, ഒടുവില്‍ ചാനലില്‍ വരുമ്പോള്‍ വീട്ടിലിരുന്ന് കണ്ട്, ആഹാ, നല്ല പടം എന്ന് പ്രശംസിക്കുകയല്ല വേണ്ടത്. തിയേറ്ററുകള്‍ ഉപേക്ഷിച്ച് ടിവി സ്‌ക്രീനിനു മുന്നില്‍ സിനിമകള്‍ക്കായി കാത്തിരിക്കുമ്പോള്‍ തകരുന്നത് ഒരു വ്യവസായമാണ്.

മലയാളത്തില്‍ ഇത്തരം പരീക്ഷണചിത്രങ്ങള്‍ക്ക് വേണ്ട പിന്തുണ കിട്ടാറില്ലല്ലോ?
ശരിയാണ്. വളരെ നിര്‍ഭാഗ്യകരവുമാണ് ആ അവസ്ഥ. തമിഴിലും മറ്റും ഇതുമാതിരിയുള്ള സിനിമകള്‍ ഇറങ്ങുമ്പോള്‍ നമ്മള്‍ മലയാളികള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കും. സൂപ്പര്‍ സിനിമ എന്ന് വാഴ്ത്തും, ക്യാരക്ടറൈസേഷനുകളെക്കുറിച്ച് വാചാലരാകും. മലയാളത്തില്‍ ഉണ്ടായാല്‍ പ്രതികരണം നേരെ മറിച്ചാകും. ഇവിടെയും ഇത്തരം സിനിമകള്‍ ഉണ്ടാകുന്നുണ്ട്. പക്ഷേ മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന അവസ്ഥയാണ്. ഈ നിലപാട് മാറണം.

അറിഞ്ഞുകൊണ്ടൊരു റിസ്‌ക് എടുക്കുകയല്ലായിരുന്നോ?
റിസ്‌ക് ആണെന്ന് തോന്നിയിരുന്നില്ല. ഒരു നല്ല സിനിമ ചെയ്യണമെന്ന മോഹം ഉണ്ടായിരുന്നു. നമുക്ക് ഇഷ്ടമുള്ള സിനിമ ചെയ്യണമെങ്കില്‍ ചില കാര്യങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും. ധീരമായ പരിശ്രമം എന്നാണ് പലരും ഈ സിനിമ കണ്ടശേഷം എന്നോട് പറഞ്ഞത്. അതു കേള്‍ക്കുമ്പോള്‍ തോന്നും ഞാന്‍ കാണിച്ചത് ഒരു റിസ്‌ക് തന്നെയായിരുന്നുവെന്ന്. എന്തായാലും ആ റിസ്‌ക് വിജയിച്ചതില്‍ സന്തോഷിക്കുന്നു. വ്യക്തിപരമായി എനിക്കുണ്ടായ നേട്ടമല്ല, ഒരു നല്ല സിനിമ പ്രേക്ഷകര്‍ അംഗീകരിച്ചല്ലോ എന്ന ചാരിതാര്‍ത്ഥ്യമാണ് എന്നെ സംബന്ധിച്ച് മുഖ്യം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍