UPDATES

വിദേശം

അറപ്പുളവാക്കുന്ന വാക്കാണോ ഗേ? അഫ്ഗാനിസ്ഥാനില്‍ അങ്ങനെ തന്നെയാണ്

Avatar

ടിം ക്രെയ്ഗ്
(വാഷിംഗ്‌ടണ്‍ പോസ്റ്റ്)

അഫ്ഗാനിസ്ഥാനില്‍ എവിടെയെങ്കിലും സ്വവര്‍ഗാനുരാഗികളെപ്പറ്റിയുള്ള സൂചനകളോ ചിഹ്നങ്ങളോ കാണണമെന്നുണ്ടെങ്കില്‍ കാബൂള്‍ യൂണിവേഴ്സിറ്റിയിലെ ഫൈന്‍ ആര്‍ട്സ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് തുടങ്ങാന്‍ ഏറ്റവും പറ്റിയ ഇടം. ഇടനാഴികളില്‍ മുഴുവനും ചിത്രങ്ങളും ശില്പങ്ങളും കൊണ്ട് മനോഹരമായിരിക്കുന്നു. കാബൂളിലെ കലാകാരന്മാര്‍ സ്മാര്‍ട്ട്ഫോണുകളിലൂടെ ഇന്റെര്‍നെറ്റിന്റെ അപാരമായ സാധ്യതകള്‍ ഉപയോഗിച്ച് കലയുടെ പുതിയ സാധ്യതകള്‍ അന്വേഷിക്കുകയും അത് തങ്ങളുടെ സൃഷ്ടികളിലേക്ക് പകര്‍ത്തുകയും ചെയ്യുന്നു. ഇങ്ങനെയാണെങ്കില്‍ അവരില്‍ ചില നല്ല കലാകാരന്മാര്‍ കബൂളിനും അഫ്ഗാനിസ്ഥാനും പുറത്ത് തങ്ങളുടെ പ്രശസ്തി എത്തിക്കുമെന്നതില്‍ സംശയമില്ല.

പക്ഷേ, സ്വവര്‍ഗലൈംഗികതയെപ്പറ്റി ചോദിച്ചാല്‍ കഥ മാറും. സിനിമ വിദ്യാര്‍ഥിയായ മിര്‍വായിസ് ഒസ്മാനിയോട് ഇതെപ്പറ്റി ചോദിച്ചപ്പോള്‍ കിട്ടിയ ഉത്തരം “അഫ്ഗാനിസ്ഥാനില്‍ സ്വവര്‍ഗാനുരാഗികള്‍ ഒരാളു പോലുമില്ല” എന്നാണ്.

“ഇത് നൂറു ശതമാനം ഇസ്ലാമിന് വിരുദ്ധമാണ്. അഫ്ഗാനിസ്ഥാനില്‍ സ്വവര്‍ഗാനുരാഗികളെന്ന് കേട്ടാല്‍ സഹിഷ്ണുതയോടെ ആരും കേട്ടിരിക്കില്ല”. ഒമര്‍ തുടരുന്നു. ഒമറിന് ഇരുപത്തൊന്ന് വയസ്സാണ് പ്രായം. കാബൂളില്‍ മണിക്കൂറുകളോളം യൂടൂബില്‍ വീഡിയോകള്‍ കാണുകയും ഹോളിവുഡ് സിനിമകള്‍ കാണുകയും റാപ്പ് മ്യൂസിക്ക് കേള്‍ക്കുകയും ചെയ്യുന്ന യുവതലമുറയുടെ പ്രതിനിധിയാണ് ഒമര്‍.

മനുഷ്യാവകാശ സംഘടനകളെ സംബന്ധിച്ച് ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വവര്‍ഗാനുരാഗി വിരോധമുള്ള രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. അഫ്ഗാന്‍ സര്‍ക്കാരിന്‍റെ കീഴിലുള്ള പ്രദേശങ്ങളില്‍ മുഴുവന്‍ സ്വവര്‍ഗാനുരാഗവും സ്വവര്‍ഗ ലൈംഗികതയും ക്രിമിനല്‍ കുറ്റമാണ്. അഫ്ഗാനിസ്ഥാന്‍ സുപ്രീംകോടതിയുടെ കണക്കനുസരിച്ച് ആയിരക്കണക്കിന് മനുഷ്യരാണ് ഇപ്പോഴും ഇതിന്റെ പേരില്‍ ജയിലില്‍ കിടക്കുന്നത്.

ഒമര്‍ മതീന്‍ അന്‍പത്തി മൂന്നുപേരെ വെടിവച്ചു കൊന്നതിന് ശേഷം അമേരിക്കന്‍ രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും അഫ്ഗാനിസ്ഥാനും അഫ്ഗാനിലെ സ്വവര്‍ഗ ലൈംഗികത പാപമായി കരുതുന്ന സാമൂഹിക അവസ്ഥയും ഇസ്ലാം മതത്തിനുള്ളിലെ ഇടുങ്ങിയ വിശ്വാസങ്ങളും നിറഞ്ഞുനില്‍ക്കുകയാണ്.

ഓര്‍ലാണ്ടോ നൈറ്റ് ക്ലബ്ബില്‍ അന്‍പത്തി മൂന്നുപേരെ കൊന്നൊടുക്കിയ മതീന്‍ അഫ്ഗാന്‍ വംശജനായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്ത വ്യക്തിയായിരുന്നു മതീന്റെ പിതാവ്. ഒമര്‍ മതീന്റെ പിതാവായ സിദ്ദിക്കി മതീന്റെ വാക്കുകള്‍ പ്രകാരം ഒമര്‍ സ്വവര്‍ഗാനുരാഗി വിരുദ്ധനാണ്. മിയാമി ബീച്ചില്‍ രണ്ട് പുരുഷന്മാര്‍ ചേര്‍ന്ന് ചുംബിക്കുന്നത് കണ്ട തന്‍റെ മകന്‍ ദേഷ്യത്തോടെ അതിനെപ്പറ്റി സംസാരിച്ചിരുന്നു എന്നും സിദ്ദിക്കി പറയുന്നു. പക്ഷേ മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒമര്‍ പതിവായി സ്വവര്‍ഗാനുരാഗികള്‍ക്കുള്ള ക്ലബ്ബുകള്‍ സന്ദര്‍ശിക്കുകയും ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുകയും ചെയ്തിരുന്ന ആളാണ്‌.

അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയായ ട്രംപ് നടത്തിയ പ്രസംഗത്തില്‍ മുസ്ലിം കുടിയേറ്റക്കാര്‍ക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. അമേരിക്കയിലെ സ്വവര്‍ഗാനുരാഗികള്‍ കരുതിയിരിക്കണമെന്നും അമേരിക്കയിലേക്ക് കുടിയേറി എത്തിയ മുസ്ലിം മതക്കാര്‍ സ്വവര്‍ഗാനുരാഗ വിരുദ്ധമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് വന്നേക്കാമെന്നും ട്രംപ് പറഞ്ഞു. ഇതേ തരത്തിലുള്ള ചര്‍ച്ചകള്‍ തന്നെയാണ് യൂറോപ്പിലും നടന്നുകൊണ്ടിരിക്കുന്നത്.

മറ്റ് ഇസ്ലാമിക രാഷ്ട്രങ്ങളില്‍ പക്ഷേ ഇതിന് വിപരീതമാണ് കാര്യങ്ങള്‍. അവിടങ്ങളില്‍ നഗരങ്ങളില്‍ ജീവിക്കുന്ന യുവത്വം സ്വവര്‍ഗാനുരാഗികളെ സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. പക്ഷേ അഫ്ഗാനിസ്ഥാന്‍ മാത്രം ഇപ്പോഴും പല വര്‍ഷങ്ങള്‍ പിറകിലാണ്.

ഒമര്‍ മതീന് അഫ്ഗാനിസ്ഥാനില്‍ താരപരിവേഷം തന്നെയാണ് ഇപ്പോഴുള്ളത്.

“ക്ലബ്ബിനുള്ളില്‍ കടന്ന സ്ഥിതിക്ക് കുറഞ്ഞത് രണ്ടായിരം ആളുകളെയെങ്കിലും അദ്ദേഹം കൊല്ലണമായിരുന്നു”- കാബൂള്‍ സ്വദേശിയായ ഷാക്കിര്‍ വാഹിദ് പറയുന്നു.

“മതീന്‍ ചെയ്തത് തന്നെയാണ് ശരി. ഇതൊരുതരം ജിഹാദാണ്‌.ഒരാണിന് മറ്റൊരു ആണിന്‍റെ കൂടെ എങ്ങനെ ജീവിക്കാന്‍ പറ്റും”- പത്തൊന്‍പതു വയസ്സുകാരനായ കോച്ചായി സങ്കര്‍ പറയുന്നു.

പക്ഷേ അഫ്ഗാനിസ്ഥാന്‍റെ ചരിത്രം മറ്റൊന്നാണ്. ഒരേ ലിംഗത്തില്‍ പെട്ടവരോട് പണ്ടുമുതല്‍ തന്നെ അഫ്ഗാനിസ്ഥാനില്‍ ശാരീരികമായ അടുപ്പം പുലര്‍ത്തിയിരുന്ന ആളുകള്‍ ഉണ്ടായിരുന്നു എന്നുള്ളതിന് തെളിവുകളുണ്ട്.

മൊത്തം ജനസംഖ്യയില്‍ 99%ആളുകളും ഇസ്ലാം മതവിശ്വാസികള്‍ ആയിരിക്കുകയും അത്രതന്നെ ആളുകള്‍ ഇസ്ലാം സംസ്കാരം തുടരുകയും ചെയ്യുന്ന ഒരു രാജ്യത്തില്‍ മറിച്ചൊരു ധാരണ ഉണ്ടാകുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അഫ്ഗാന്‍ പ്രാദേശിക സംസ്കാരം പഠിക്കുന്ന സ്ഥാപനമായ അഫ്ഗാന്‍ സെന്ററിന്റെ എക്സിക്യുട്ടീവ് ഡയറക്റ്റര്‍ വഹീദ് വഫ പറയുന്നു.

“എത്ര വര്‍ഷം മതം ഇവിടെ സ്വാധീനം ചെലുത്തുന്നുവോ അത്രയും വര്‍ഷം ഇതിലൊന്നും ഒരു മാറ്റവും ഉണ്ടാകാന്‍ പോകുന്നില്ല.ഇരുന്നൂറു വര്‍ഷത്തോളം സെക്കുലര്‍ രാജ്യമായിരുന്നിട്ട് കഴിഞ്ഞ വര്‍ഷമല്ലേ അമേരിക്ക പോലും സ്വവര്‍ഗ വിവാഹം നിയമമാക്കി അംഗീകരിച്ചത്?” വാഫ ചോദിക്കുന്നു.

അഫ്ഗാനിസ്ഥാനില്‍ താന്‍ ഗേ ആണെന്ന് വെളിപ്പെടുത്തി മുന്‍പോട്ടു വന്ന ഒരേയൊരാള്‍ നെമാത് സാദത് ആയിരുന്നു. പക്ഷേ കൊലപ്പെടുത്തുമെന്നുള്ള ഭീഷണികളെ തുടര്‍ന്ന് താമസിയാതെ അദ്ദേഹത്തിന് നാട് വിടേണ്ടി വന്നു.

അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന ഇത്തരം വിവേചനങ്ങള്‍ക്കെതിരെ അന്താരാഷ്ട്ര സമൂഹം അണിനിരക്കണമെന്നും സ്വവര്‍ഗ പ്രണയത്തെ ക്രിമിനല്‍ കുറ്റമായി കാണുന്ന നിയമങ്ങള്‍ ഒഴിവാക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ്‌ ഗാനിയുടെ മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും സാദത്തുമായി സിഎന്‍എന്‍ ജേര്‍ണലിസ്റ്റായ ക്രിസ്റ്റെയ്ന്‍ അമേന്പോര്‍ നടത്തിയ അഭിമുഖത്തില്‍ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഇക്കാര്യത്തില്‍ അഭിപ്രായം ന്നയിക്കാന്‍ വൈറ്റ് ഹൌസ് തയ്യാറായില്ലെങ്കിലും സ്വവര്‍ഗഅനുരാഗികളുടെയും ലിംഗമാറ്റം ആഗ്രഹിക്കുന്നവരുടെയും പ്രശ്നങ്ങള്‍ ആഗോളതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു.

“ഞങ്ങള്‍ മുസ്ലിം ആണ്. ഇതൊരു മുസ്ലീം രാഷ്ട്രവും. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്ക് ഒരിക്കലും ഇത്തരം സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കാന്‍ കഴിയില്ല”- കാബൂളിലെ ഒരു ബാര്‍ബര്‍ ഷോപ്പിലിരുന്ന് അഫ്ഗാന്‍ പൌരനായ നാസിര്‍ സുലിമന്‍സാദ പറഞ്ഞു. അദ്ദേഹമിത് പറയുമ്പോള്‍ “ഇല്ലില്ല ഞങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ല” എന്ന് അദ്ധേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ സംഭാഷണത്തില്‍ ഇടപെട്ടുകൊണ്ട് ഉറക്കെ പറയുന്നുണ്ടായിരുന്നു.

വിദ്യാഭ്യാസത്തിനും അല്ലാത്ത ആവശ്യങ്ങള്‍ക്കുമായി നിരന്തരം വിദേശരാജ്യങ്ങളിലേക്ക് യാത്രകള്‍ ചെയ്യുന്ന കാബൂള്‍ സ്വദേശികള്‍ പറയുന്നത് കാബൂളില്‍ സ്വവര്‍ഗാനുകാരികളോടുള്ള വെറുപ്പ് അനുദിനം കൂടിക്കൂടി വരുന്നതായാണ് തങ്ങള്‍ക്ക് തോന്നുന്നതെന്നാണ്.

“2001 മുതല്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ സ്വകാര്യതയെപ്പറ്റി മനസ്സിലാക്കി വരുന്നുണ്ട്.പക്ഷേ. തീര്‍ച്ചയായും വിദ്യാഭ്യാസം വളരെ പ്രധാനമാണ്. കാരണം വിദ്യാഭ്യാസം ലഭിച്ചാല്‍ മാത്രമേ അവര്‍ക്ക് അവരുടെ അവകാശങ്ങളെപ്പറ്റി മനസ്സിലാകുകയുള്ളൂ. അത് മനസ്സിലാകാത്തിടത്തോളം കാലം അവര്‍ക്ക് സ്വകാര്യതയെപ്പറ്റി മനസ്സിലാകണം എന്നില്ല. ഒരിക്കലെങ്കിലും രാജ്യത്തിന് പുറത്തേക്ക് അവര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചാല്‍ അവര്‍ക്കിതൊക്കെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ പറ്റും”- അഫ്ഗാനിസ്ഥാനിലെ സാഫി എയര്‍ലൈന്‍സില്‍ അറ്റന്‍ഡറായ ഹസീബ് ആരിയ പറയുന്നു.

“മുസ്ലിമുകള്‍ക്ക് ആകെ രണ്ട് വഴിയേ ഉള്ളൂ. ഒന്നുകില്‍ ഒരു ഗേ ആകുക അല്ലെങ്കില്‍ ഒരു മുസ്ലിം ആകുക.രണ്ടും ആകുക എന്നത് എളുപ്പമല്ല.സാധിക്കുന്നതുമല്ല”.- അഗ്രിക്കള്‍ച്ചര്‍ വിദ്യാര്‍ഥിയായ ഇനയത്തുള്ള പറയുന്നു.

അഫ്ഗാനിസ്ഥാനിലെ വിശ്വാസം അനുസരിച്ച് വിവാഹം കഴിഞ്ഞാല്‍ ഒരാള്‍ക്ക് മറ്റൊരാളെ നിയന്ത്രിക്കാന്‍ സാധിക്കണം.സാധാരണ അഫ്ഗാനിസ്ഥാനില്‍ പുരുഷന്മാര്‍ സ്ത്രീകളെ നിയന്ത്രിക്കുകയാണ് പതിവ്. പക്ഷേ ഇത്തരം കല്യാണങ്ങള്‍ നടന്നാല്‍ ആര് ആരെയാണ് നിയന്ത്രിക്കുക? ‘സമത്വം’ എന്നൊക്കെ പറഞ്ഞ് ജീവിതം മുന്നോട്ട് കൊണ്ടുപോകുവാന്‍ സാധിക്കുമോ? ഇതാണ് അഫ്ഗാനിസ്ഥാനിലെ ഒട്ടുമിക്ക ചെറുപ്പക്കാരുടെയും സംശയം.

“അഫ്ഗാനിസ്ഥാനിലെ ഗേ അവകാശങ്ങളെപ്പറ്റി സംസാരിക്കുന്നതിനുമുന്‍പ് ഇവിടെയുള്ളസ്ത്രീകളുടെ അവകാശങ്ങളെപ്പറ്റി നമുക്ക് സംസാരിക്കേണ്ടിയിരിക്കുന്നു. അവരാണ് ഏറ്റവും കൂടുതല്‍ ചൂഷണത്തിനും നിര്‍ബന്ധപൂര്‍വമുള്ള വിവാഹങ്ങള്‍ക്കും വിധേയമാകുന്നത്”- ഔട്ട് റൈറ്റ് ആക്ഷന്‍ ഇന്റര്‍നാഷനലിന്റെ മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെവിന്‍ ഷൂമാക്കര്‍ പറയുന്നു.

പക്ഷേ അതൊരിക്കലും എളുപ്പമാകുമെന്ന് തോന്നുന്നില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍