UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

കാഴ്ചയില്‍ സുന്ദരന്‍ പുതിയ ഹോണ്ട ജാസ്

ഏതാണ്ട് പത്തുവര്‍ഷം മുമ്പ് തായ്‌ലന്റിലാണ് ആദ്യത്തെ ജാസ് ഓടിച്ചത്. അവിടെ അഞ്ചുലക്ഷം രൂപയില്‍ താഴെയായിരുന്നു ജാസിന്റെ വില. അതുകൊണ്ടു തന്നെ തിരികെ വന്ന് ടെസ്റ്റ് ഡ്രൈവ് റിപ്പോര്‍ട്ട് എഴുതിയപ്പോള്‍ ഇങ്ങനെ കൂടി എഴുതിച്ചേര്‍ത്തു: ‘ജാസ് ഉടനടി ഇന്ത്യയിലും എത്തുകയാണ്. അഞ്ചുലക്ഷം രൂപയോളമായിരിക്കും വില’…

ഏറെ താമസിയാതെ, 2009 ല്‍ ജാസ് ഇന്ത്യയിലും വില്‍പ്പന തുടങ്ങി. പക്ഷേ, വില കേട്ട് ഞാനടക്കം സര്‍വരും ഞെട്ടി. ‘തായ് ജാസി’നെക്കാള്‍ രണ്ടുലക്ഷം രൂപ കൂടുതല്‍! അതോടെ, ജാസിനെ ഇഷ്ടപ്പെട്ടിരുന്ന പലരും പിന്‍വാങ്ങി. അങ്ങനെ വലിയ വിജയമാകാതെ, ജാസ് ഇന്ത്യയില്‍ വില്‍പ്പന തുടര്‍ന്നു.

അതെല്ലാം മറന്നേക്കൂ. പുതിയ ജാസ് എത്തിയിരിക്കുകയാണ്. 75 രാജ്യങ്ങളിലായി 55 ലക്ഷം ജാസുകള്‍ വിറ്റഴിച്ച ഹോണ്ട, ആ വിജയം ഇന്ത്യയിലും ആവര്‍ത്തിക്കുമെന്ന് ഉറപ്പിച്ചു പറയുന്നു. കാഴ്ചയിലും കാര്യക്ഷമതയിലും പഴയ ജാസിനെക്കാള്‍ ബഹുദൂരം മുന്നിലാണ് പുതിയ ജാസ്.

കാഴ്ച
മറ്റൊരു കാറിനുമില്ലാത്ത രൂപമാണ് ജാസിന്. എം.യു.വികളായ മാരുതി എര്‍ട്ടിഗയ്ക്കും ഹോണ്ട മൊബിലിയോയ്ക്കും അടിസ്ഥാന രൂപത്തില്‍ കുറച്ചൊക്കെ സാമ്യം അവകാശപ്പെടാമെങ്കിലും ജാസിന്റെ ഭംഗി ഒന്നു വേറെ തന്നെയാണ്. പ്ലാറ്റ്‌ഫോം തികച്ചും പുതിയതാണ്. ബോഡിപാനലുകളും പുതിയതു തന്നെ. ഹോണ്ട സിറ്റിയെ ഓര്‍മ്മിപ്പിക്കുന്ന ഗ്രില്ലും ഗ്രില്ലിലേക്ക് കടന്നു നില്‍ക്കുന്ന ആംഗുലര്‍ ഹെഡ്‌ലാമ്പുകളും അതിസുന്ദരം. ചിരിക്കുന്ന ചുണ്ടുകള്‍ പോലെ, ഗ്രില്ലിനു താഴെ ഒരു ക്രോമിയം വര. ചെത്തിയെടുത്ത ഫോഗ്‌ലാമ്പ് സ്‌പോട്ട്. വലിയ കറുത്ത എയര്‍ഡാമിനെ ഉള്‍ക്കൊള്ളുന്ന തടിയന്‍ ബംബര്‍. നീളം കുറഞ്ഞ ബോണറ്റ്- ഇതാണ് ജാസിന്റെ മുന്‍ഭാഗം.

സൈഡ് പ്രൊഫൈലില്‍ ജാസ് കൂടുതല്‍ സുന്ദരനാണ്. തടിച്ച ഷോള്‍ഡര്‍ – ബെല്‍റ്റ് ലൈനുകള്‍ ജാസിനുള്ളിലെ കരുത്തുറ്റ യുവാവിനെയാണ് കാട്ടിത്തരുന്നത്. വലിയ ഗ്ലാസ് ഏരിയയും ജാസിനു മാത്രം സ്വന്തം. എ,സി. പില്ലറുകളില്‍ സാമാന്യം വലിയ കോര്‍ണര്‍ ഗ്ലാസുകളുമുണ്ട്.

പിന്‍ഭാഗത്തെ ബൂമറാങ് ടൈപ്പ് ടെയ്ല്‍ ലാംമ്പ് കാണുമ്പോള്‍ വോള്‍വോയുടെ കാറുകള്‍ ഓര്‍മ്മ വന്നാല്‍ അത് യാദൃശ്ചികം മാത്രം. അല്‍പ്പം പിന്നിലേക്ക് തള്ളി നല്‍ക്കുന്ന ബൂട്ട്‌ലിഡില്‍ തടിയന്‍ ക്രോമിയം സ്ട്രിപ്പ് ഉണ്ട്. ചെത്തിമിനുക്കിയ ബംബറിനെ സ്‌പോര്‍ട്ടിയാക്കാന്‍ വേണ്ടതെല്ലാം ഹോണ്ട ചെയ്തിട്ടുണ്ട്.

ഉള്ളില്‍
വളരെ വിസ്തൃതമാണ് ഉള്‍ഭാഗം. ഗ്ലാസ് ഏരിയ വിശാലമായതിനാല്‍ പ്രസന്നത ധാരാളം. പഴയ ജാസിനെക്കാള്‍ 550 മി.മീ നീളം കൂടുതല്‍ ഉള്ളതുകൊണ്ട് ഇന്റീരിയര്‍ സ്‌പേസ് അധികം തോന്നിക്കുകയും ചെയ്യും. വീല്‍ബെയ്‌സും 30 മി.മീ കൂടുതലുണ്ട്, പുതിയ മോഡലിന്. 354 ലിറ്ററാണ് ബൂട്ട്‌സ്‌പേസ്. സീറ്റുകള്‍ മടക്കിയാല്‍ ഇത് 881 ലിറ്ററായി ഉയരും.

ഇന്റീരിയര്‍ ഭംഗിയുള്ളതാണ്. ഡാഷ്‌ബോര്‍ഡ് സിറ്റിയില്‍ നിന്ന് കടം വാങ്ങിയിരിക്കുന്നു. സ്റ്റിയറിംഗ് വീലില്‍ മ്യൂസിക് സിസ്റ്റത്തിന്റെയും ടെലിഫോണിയുടെയും കണ്‍ട്രോളുകളുണ്ട്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ സുന്ദരമാണ്. മീറ്ററുകളുടെ ചുറ്റും ഡ്രൈവിങ്ങ് സ്വഭാവമനുസരിച്ച് മാറുന്ന നിറങ്ങളുണ്ട്; ബ്ലൂ, ഗ്രീന്‍ എന്നിങ്ങനെ.

സെന്റര്‍ കണ്‍സോളിന് പിയാനോ, ബ്ലാക്ക് നിറമാണ്. ടോപ്പ് എന്‍ഡ് മോഡലില്‍ സിറ്റിയില്‍ കണ്ടുവരുന്ന 6.2 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമുണ്ട്. ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റവും ടച്ച്‌സ്‌ക്രീന്‍ മോഡാണ്. 9 കപ്പ് ഹോള്‍ഡറുകള്‍ ഉള്‍പ്പെടെ നിരവധി സ്റ്റോറേജ്‌സ്‌പേസും ജാസിലുണ്ട്.

മുന്നിലും പിന്നിലും ഹെഡ്-ലെഗ് റൂമുകള്‍ക്ക് ഒരു ക്ഷാമവുമില്ല. സീറ്റുകളുടെ അപ്‌ഹോള്‍സ്റ്ററിയും കൊള്ളാം. ഹോണ്ടയുടെ നിലവാരം എല്ലായിടത്തും ദൃശ്യമാണ്.

എഞ്ചിന്‍
1.2 ലിറ്റര്‍ വിടെക് പെട്രോള്‍, 1.5 ലിറ്റര്‍ ഐ ഡി. ടെക് ഡീസല്‍ എഞ്ചിനുകളാണ് ജാസിനുള്ളത്. പെട്രോള്‍ എഞ്ചിന് 5 സ്പീഡ് ഓട്ടോമാറ്റിക് വേരിയന്റുമുണ്ട്. ഡീസല്‍ എഞ്ചിന്‍ 98.6 ബി.എച്ച്.പി.യാണ്. 3600 ആര്‍.പി.എമ്മിലാണ് മാക്‌സിമം പവര്‍ ലഭിക്കുന്നത്. മാക്‌സിമം ടോര്‍ക്കായ 20.3 കി.ഗ്രാം മീറ്റര്‍ ലഭിക്കുന്നത് 1750 ആര്‍.പി.എമ്മിലും. 27.3 കി.മീ/ലിറ്റര്‍ മൈലേജാണ് ഡീസല്‍ എഞ്ചിന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്.

ഡീസല്‍ എഞ്ചിന്‍ മടുപ്പുളവാക്കാത്ത ഡ്രൈവിങ്ങ് സമ്മാനിക്കുന്നുണ്ടെങ്കിലും പെട്രോള്‍ എഞ്ചിന്‍ മോഡലിന് കുറച്ച് ലാഗുണ്ട്. 2500 ആര്‍.പി.എം. വരെ വലിയ പെര്‍ഫോര്‍മന്‍സൊന്നും പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍ മിഡ്‌റേഞ്ച് പെര്‍ഫോര്‍മന്‍സ് മോശമല്ല. ഇത് 89 ബി.എച്ച്.പി. എഞ്ചിനാണ്. 11.2 കി.ഗ്രാം മീറ്ററാണ് ടോര്‍ക്ക്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സും അനായാസ ഷിഫ്റ്റ് ഉറപ്പു നല്‍കുന്നുണ്ട്.

സ്റ്റിയറിംഗിന്റെ കൃത്യതയും ഒന്നാന്തരം ബ്രേക്കിംഗും ജാസിന്റെ പ്ലസ് പോയിന്റുകളാണ്. സസ്‌പെന്‍ഷന്‍ സെറ്റപ്പും നഗരയാത്രയ്ക്ക് ചേരും.

വിധി
കണ്ടുമടുത്ത ഹാച്ച്ബായ്ക്ക് – സെഡാനില്‍ നിന്ന് മോചനം വേണമെങ്കില്‍ ജാസ് നിങ്ങള്‍ക്കുള്ളതാണ്. ഇന്റീരിയര്‍ സ്‌പേസും കാണാനുള്ള ഭംഗിയും മൈലേജുമാണ് ജാസിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. വില: 5.31-8.59 ലക്ഷം രൂപ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍