UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ലിവോ നഗര റൈഡിന് അനുയോജ്യന്‍

പതിറ്റാണ്ടുകള്‍ക്കു മുമ്പ് വിപണിയിലെത്തിയ കൈനറ്റിക് ഹോണ്ടയാണ് ഗിയര്‍ലെസ് സ്‌കൂട്ടര്‍ എന്താണെന്ന് ഇന്ത്യക്കാരനെ പഠിപ്പിച്ചത്. വര്‍ഷങ്ങള്‍ക്കുശേഷം ഈ സെഗ്മെന്റ് ഹോട്ട് സെല്ലിങ് ആക്കിമാറ്റിയത് കൈനറ്റിക്കില്‍ നിന്നും പിരിഞ്ഞശേഷം, ഹോണ്ടയാണ്. എന്നാല്‍ ഗിയര്‍ലെസ് സ്‌കൂട്ടര്‍ രംഗത്തു മാത്രമല്ല എല്ലാ ഇരുചക്ര സെഗ്മെന്റുകളിലും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ് ഹോണ്ട. ഇന്ത്യന്‍ ഇരുചക്രവാഹന വിപണിയില്‍ ഏറ്റവുമധികം ‘ഡിമാന്റുള്ള’ വിഭാഗമാണ് കമ്യൂട്ടര്‍ ബൈക്കുകളിലും ഹോണ്ടയ്ക്ക് പോരാളികളുണ്ട്. അനുദിനം മത്സരം മുറുകുന്ന ഈ വിഭാഗത്തിലേക്ക് യുവത്വം തുളുമ്പുന്നൊരു 110 സിസി ബൈക്കുമായി 2009-ല്‍ ഹോണ്ട എത്തിയത്. കമ്യൂട്ടറുകളുടെ ക്ലീഷെ രൂപത്തോടു എള്ളോളം സാദൃശ്യം പുലര്‍ത്താതിരുന്ന ആ അവതാരത്തിന്റെ പേരായിരുന്നു ‘സി ബി ട്വിസ്റ്റര്‍’. നാട്ടിലെ യുവജനത ഇരുകയ്യും നീട്ടി സ്വീകരിച്ചെങ്കില്‍ക്കൂടിയും വിപണിയില്‍ കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ എന്തുകൊണ്ടോ ട്വിസ്റ്ററിനായില്ല. (നാട്ടില്‍ യുവാക്കള്‍ മാത്രമല്ലല്ലോ ഉള്ളത്! ‘ബാലിശമായ രൂപകല്പനയാവാം’ കുടുംബങ്ങളെയും മദ്ധ്യവയസ്‌കരേയും ട്വിസ്റ്ററില്‍ നിന്നകറ്റിയത് !). ഈയടുത്തിടെ മാത്രം വിപണിയില്‍നിന്നും അപ്രത്യക്ഷമായ ട്വിസ്റ്ററിന് പകരക്കാരനായി ഇപ്പോളിതാ ‘ലിവോ’ എന്ന വാഹനവുമായെത്തുകയാണ് ഹോണ്ട, കമ്യൂട്ടര്‍ വിഭാഗത്തിലും തങ്ങളുടെ ആധിപത്യമുറപ്പിക്കാന്‍…

ലിവോ

താങ്ങാവുന്ന വിലയില്‍ ഒരു ‘പ്രീമിയം’ കമ്യൂട്ടര്‍ അതാണു ലിവോയിലൂടെ ഹോണ്ട ലക്ഷ്യമിടുന്നത്. അതുകൊണ്ടു തന്നെ ഡ്രീം ശ്രേണിക്ക് മുകളിലായാണ് കമ്പനിയുടെ പ്രോഡക്റ്റ് ലൈനപ്പില്‍ ലിവോയുടെ സ്ഥാനം.

കാഴ്ച

വീഴ്ചകളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളുന്നവരാണ് ഹോണ്ട. ട്വിസ്റ്ററില്‍ കണ്ടതുപോലെയുള്ള ഒരു ‘ടിപ്പിക്കല്‍ യൂത്ത് ഓറിയന്റഡ്’ ഡിസൈനല്ല ലിവോയ്ക്ക്. പക്വത രൂപകല്പനയില്‍ പ്രകടം. ഒരേസമയം എക്‌സിക്യൂട്ടീവും സ്‌പോര്‍ട്ടിയുമായ രൂപം ലിവോയെ മറ്റു കമ്യൂട്ടറുകളില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നു. പല ഘടകങ്ങളും മറ്റു പല ഹോണ്ടകളെയും ഓര്‍മ്മിപ്പിച്ചേക്കാം. ഉദാഹരണമായി ഇരുവശങ്ങളിലും സ്യൂഡൊ സ്‌കൂപ്പുകളോടുകൂടിയ സ്‌പോര്‍ട്ടി ട്രപ്പിസോയ്ഡല്‍ ഹെഡ്‌ലാമ്പ് ട്വിസ്റ്ററിനെത്തന്നെ ഓര്‍മ്മിപ്പിക്കുമെങ്കില്‍ വശക്കാഴ്ചയില്‍ ഓര്‍മവരിക അടുത്തിടെയിറങ്ങിയ യൂണിക്കോണ്‍ 160യെയാവും. ബോഡി കളേഡ് മിററുകളുടെ രൂപവും ഹോണ്ട ഉപയോക്താക്കള്‍ക്ക് പരിചിതമായി തോന്നിയേക്കാം. കറുപ്പ് വിന്‍ഡ് ഷീല്‍ഡും അതിനോട് മനോഹരമായി ഇഴുകിച്ചേര്‍ന്നിരിക്കുന്ന ബിക്കിനി ഫെയറിങ്ങും ഡ്യുവല്‍ ടോണ്‍ ഫെന്‍ഡറും ചേര്‍ന്ന് മുന്‍ഭാഗം ഗംഭീരമാക്കുന്നുവെങ്കില്‍ വശക്കാഴ്ചയില്‍ ആദ്യം കണ്ണെത്തുക മസ്‌ക്കുലറായ ഫ്യുവല്‍ ടാങ്കിലാവും. കരുത്ത് വിളിച്ചോതുന്ന രൂപത്തോടുകൂടിയ 8.5 ലിറ്റര്‍ ടാങ്കിലെ ഫൈബര്‍ എക്സ്സ്റ്റന്‍ഷനുകളും അവയിലെ ഹോണ്ടയുടെ 3ഡി ലോഗോയും വാഹനത്തിന്റെ പൗരുഷം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. പിന്നിലെ ചുവന്ന സസ്‌പെന്‍ഷന്‍ സ്പ്രിങ്ങുകള്‍ ആരിലും ട്വിസ്റ്ററിന്റെ സ്മരണകളുണര്‍ത്തും.

ക്രോം ഹീറ്റ് ഷീല്‍ഡോടു കൂടിയ ട്വിന്‍ പീസ് മഫല്‍, ഭംഗിയുള്ള 18 ഇഞ്ച് 6 സ്‌പോക്ക് അലോയ് വീലുകള്‍ എന്നിവ വാഹനത്തിന്റെ ‘പ്രീമിയം ഫീല്‍’ വര്‍ദ്ധിപ്പിക്കുന്നു. ബോഡി ഗ്രാഫിക്‌സിന്റെ കാര്യത്തില്‍ മിതത്വം പാലിച്ചതും നന്നായി. മനോഹരമായ പിന്‍ ഫെന്‍ഡര്‍, അലോയിയില്‍ തീര്‍ത്ത പിന്‍ ഗ്രാബ്‌റെയില്‍ എന്നിവ പിന്‍ഭാഗത്തെ എടുത്തു പറയേണ്ട രൂപകല്പനാ മികവുകളാണ്. ടെയില്‍ ലാമ്പ് ഡിസൈന്‍ മനോഹരമെങ്കിലും എവിടെയോ കണ്ടുമറന്നതു പോലെ തോന്നി. സ്പീഡോമീറ്ററും ഫ്യുവല്‍ ഗേജും നടുവിലായി വിവിധ വാണിംഗ് ലാമ്പുകളുമടങ്ങുന്ന ലളിതമായ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഏത് സമയത്തും മികച്ച വിസിബിലിറ്റിയേകുന്നു. സ്വിച്ച് ഗിയറിന്റെ പ്ലാസ്റ്റിക്ക് ശരാശരിക്കും മുകളില്‍ നിലവാരമുള്ളത്.പഴയ ട്വിസ്റ്ററിന്റെ മറ്റൊരു പ്രധാന പോരായ്മ വീതികുറഞ്ഞ സീറ്റുകളായിരുന്നല്ലോ… എന്നാല്‍ ലിവോയുടെ മികച്ച അപ്‌ഹോള്‍സ്റ്ററിയോടുകൂടിയ വീതിയേറിയ സീറ്റുകള്‍ സപ്പോര്‍ട്ടീവാണ്.

റൈഡ്

എഞ്ചിന്‍ സ്റ്റാര്‍ട്ട് ബട്ടണില്‍ വിരലമര്‍ന്നതും ലിവോ മുരണ്ടുണര്‍ന്നു. മറ്റേതൊരു കമ്യൂട്ടറിനേയും പോലെ ‘അപ്‌റൈറ്റായ’ സീറ്റിങ് പൊസിഷന്‍. ടാങ്ക് ഫല്‍ങ്കുകള്‍ക്കു പിന്നില്‍ കാല്‍മുട്ടുകള്‍ വച്ച് സുഖകരമായിരുന്ന് യാത്ര തുടങ്ങാം…7500 ആര്‍.പി.എമ്മില്‍ 8.25 ബി.എച്ച്.പിയാണ് ലിവോയുടെ റിഫൈന്‍ഡായ 109.19 സിസി സിംഗിള്‍ സിലിണ്ടര്‍ 4 സ്‌ട്രോക്ക് എയര്‍കൂള്‍ഡ് എഞ്ചിന്റെ പരമാവധി കരുത്ത്. 5500 ആര്‍.പി.എമ്മില്‍ ലഭിക്കുന്ന 0.88 കിലോഗ്രാംമീറ്റര്‍, പീക്ക് ടോര്‍ക്കും. സ്മൂത്ത് ഷിഫ്റ്റുകളോടുകൂടിയ 4 സ്പീഡ് ഗിയര്‍ബോക്‌സിന് ‘ഓള്‍അപ്പ്’ കോണ്‍ഫിഗറേഷനാണ്. കരുത്തുറ്റ എഞ്ചിനും മികച്ച പവര്‍ടുവെയിറ്റ് റേഷ്യോയും ചേര്‍ന്ന് വളരെ മികച്ചൊരു പ്രകടനം തന്നെയാണ് ലിവോയ്ക്ക് സമ്മാനിക്കുന്നത്. കുറഞ്ഞ ആര്‍.പി.എമ്മിലും ധാരാളം ടോര്‍ക്ക് ലഭ്യമാവുന്നുവെന്നത് ഇവനെ നഗരത്തിരക്കുകള്‍ക്ക് യോജിച്ചതാക്കും. ഗിയറുകളോരോന്നായി എണ്ണിയെണ്ണി ഇട്ടുകഴിഞ്ഞപ്പോഴേക്കും സ്പീഡോയിലെ സൂചി അറുപതും പിന്നിട്ടിരുന്നു. 0-60 കുതിപ്പ് നന്നേ ആസ്വാദ്യകരമാണ്. ‘ക്രൗച്ച്’ ചെയ്തിരുന്ന് ആക്‌സിലറേറ്റര്‍ പിരിച്ചു പിടിക്കുകയാണെങ്കില്‍ ’86’ വരെ പോവാനും സ്പീഡോമീറ്റര്‍ സൂചി മടിക്കില്ല! 

സാധാരണ സാഹചര്യങ്ങളിലെ എന്‍.വി.എച്ച് ലെവലുകള്‍ മോശമല്ലെങ്കിലും ഉയര്‍ന്ന ആര്‍.പി.എമ്മുകളില്‍ എഞ്ചിനല്‍പം നോയ്‌സിയാവുന്നുണ്ടെന്നത് പറയാതെ വയ്യ. അനായാസമായ ഹാന്റ്‌ലിങ്ങാണിവന്റെ മറ്റൊരു പ്ലസ് പോയന്റ്. വളരെ മികച്ച ‘ബൈറ്റോടുകൂടിയ’ മുന്നിലെ 240മി മീ ഡിസ്‌ക്ക്, പിന്നിലെ 130 മിമീ ഡ്രം ബ്രേക്കുകള്‍ വാഹനത്തെ സദാ വരുതിയില്‍ നിര്‍ത്തുന്നു. കുറച്ച് ഹാര്‍ഡെങ്കിലും സസ്‌പെന്‍ഷന്‍, (മുന്നില്‍ ടെലസ്‌കോപ്പിക്ക് ഫോര്‍ക്കുകള്‍, പിന്നില്‍ ഡ്യുവല്‍ ഷോക്കുകള്‍, ബോക്‌സ് സെക്ഷന്‍ സ്വിംഗ് ആം) ട്രാഫിക്കിലും ഹൈവേകളിലും ഒരുപോലെ കാര്യക്ഷമമാണ്. പിന്‍സീറ്റിലെ യാത്രാസുഖവും തരക്കേടില്ല. 

മറ്റേതൊരു പുതു തലമുറ ഹോണ്ടയേയും പോലെ കമ്പനിയുടെ പേറ്റന്റഡ് ടെക്‌നോളജിയായ ‘എച്ച്.ഇ.ടിയുമയാണ്’ ലിവോയുമെത്തുന്നത്. തന്മൂലം ലീറ്ററിന് ഏതാണ്ട് 74 കിമീ. മൈലേജാണ് ലിവോ വാഗ്ദാനം ചെയ്യുന്നത്. 58,918 രൂപയാണ് വാഹനത്തിന്റെ കൊച്ചി എക്‌സ് ഷോറൂം വില.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍