UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

വായന/സംസ്കാരം

ഉപേക്ഷിക്കപ്പെട്ട മീന്‍ മുള്ള്; ഹണി ഭാസ്‌കരന്റെ ‘ഉടല്‍ രാഷ്ട്രീയ’ത്തിന്റെ വായന

ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത, വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്ന കഥകളാണ് സാഹിത്യത്തില്‍ ഒരു കാലത്തെ അടയാളപ്പെടുത്തിയിരുന്നെങ്കില്‍ ഇന്ന് ഉടലില്‍ രക്തം പൊടിഞ്ഞിരിക്കുന്നകഥകളാണ് എഴുതപ്പെടുന്നത്. ജീവിതമെന്ന അമൂര്‍ത്തമായ പ്രതീകത്തെ ഉടലെന്ന രൂപകംകൊണ്ട് പുതുക്കി നിര്‍വചിക്കുന്നിടത്താണ് പുതിയ ജീവിതത്തെ എഴുത്തുകാര്‍ പ്രശ്‌നവല്കരിക്കുന്നത്. വിശേഷിച്ചും സ്ത്രീ എഴുത്തുകാര്‍. നിലവിലെ പുരുഷാധിപത്യ സാമൂഹത്തില്‍ പലവിധത്തിലുള്ള സങ്കീര്‍ണമായ അടിച്ചമര്‍ത്തലിനു വിധേയമാകുന്നത് സ്ത്രീശരീരമാണ്. കോയ്മയുടെ ലിംഗം, നിരന്തരം എഴുതിയെഴുതി അടക്കിനിര്‍ത്തുന്നതാണ് പെണ്ണിന്റെ ശരീരമെന്ന തിരിച്ചറിവ് ആ എഴുത്തിനെ മായ്ചുകളയുന്ന, എതിര്‍ക്കുന്ന മറ്റൊരു എഴുത്തിന്റെ സാധ്യതകളുന്നയിക്കുകയും വിധേയപ്പെടാത്ത സത്രീ ശരീരത്തെ സ്വപ്നം കാണുകയും ചെയ്യുന്നു.

 

അത്തരമൊരു സാധ്യതയാണ് ഹണിഭാസ്‌കരന്റെ ‘ഉടല്‍ രാഷ്ട്രീയം’ എന്ന നോവല്‍ ആരായുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ഉടലിനെ നേരിട്ടളയാളപ്പെടുത്തുകയും ഒരു തരത്തില്‍ പ്രത്യക്ഷമായ മുദ്രാവാക്യസ്വഭാവത്തില്‍ സമകാലികമായ ഉടല്‍ പ്രശ്‌നങ്ങളെ ആവിഷ്‌കരിക്കുകയും ചെയ്യുന്ന കഥാശില്പമാണ്. കുറേക്കാലമായി നമ്മുടെ സ്ത്രീ എഴുത്തുകാര്‍ ആഖ്യാനിക്കുന്ന ശൈലിയും ഭാവനകളും ഉപയോഗിച്ചാണ് നോവല്‍ നെയ്‌തെടുത്തിരിക്കുന്നത്. കുടുംബിനി, അച്ഛന്‍, വേശ്യ, ഭാര്യഎന്നിവയുടെ സാമ്പ്രദായികമായ ദ്വന്ദ്വമാതൃകകളിലൂടെ അവയെ മറികടക്കുന്ന പുതിയ സങ്കല്‍പ്പങ്ങളെ തേടുകയാണ് നോവല്‍. സരസ്വതിയമ്മ മുതല്‍ മീരവരെയുള്ള, പാരമ്പര്യവുമായി കണ്ണിചേര്‍ക്കുമ്പോള്‍ കേവലമായൊരു വായനാനുഭവത്തിലാണ് നോവല്‍ നില്‍ക്കുന്നതെന്നു പറയാം. എന്നാല്‍ കുടുംബത്തിനകത്തെ ലൈംഗികതാ സംഘര്‍ഷങ്ങളെ വളരെ സൂക്ഷ്മമായി നോവല്‍ പരിചരിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

 

1
എഴുപതുകളുടെ ചരിത്രത്തെ അടിത്തറയാക്കി വര്‍ത്തമാനകാലത്തിലേക്കു സഞ്ചരിക്കുന്ന, പ്രവാസാനുഭവത്തിന്റെ കഥയായാണ് നോവല്‍ശില്‍പ്പം വളരുന്നത്. കേരളീയമായൊരു പെണ്ണുടല്‍, ഉടല്‍ സ്വാതന്ത്ര്യമുള്ള വൈദേശികാനുഭവത്തിലൂടെ തന്റെ ഉടലിന്റെ സ്വാതന്ത്യം തിരിച്ചറിയുന്നതാണ് കഥയെന്നു പറയാം. വൈദേശിക കേരളീയ ദ്വന്ദ്വത്തിലൂടെ കേരളീയ പെണ്ണിന്റെ ഉടലിനെ നോക്കിക്കാണുകയും അതനുഭവിക്കുന്ന അസ്വാതന്ത്ര്യങ്ങളെ ചൂണ്ടിക്കാണിക്കുകയുമാണ് നോവലിന്റെ സമീപനം. ഇപ്പോള്‍ പോളണ്ടില്‍ ഉദ്യോഗസ്ഥയായി നന്ദനൊപ്പം ജീവിക്കുന്ന വേദ അവളുടെ വര്‍ത്തമാനകാലത്ത് നേരിടുന്ന ഉടലിന്റെ അടിച്ചമര്‍ത്തലുകളിലൂടെയാണ് ഭൂതകാലത്തെ വായിച്ചെടുക്കുന്നത്. ഇപ്പോള്‍ അവളുടെ ശരീരത്തെ അടിച്ചമര്‍ത്തുന്നത്, വെറും ലൈംഗിക ഉപകരണമായി മാറ്റുന്നത് ഭര്‍ത്താവായ നന്ദന്റെ ലൈംഗികതയാണ്. പ്രണയവും സ്‌നേഹവും കൊതിക്കുന്ന വേദ അത് കിട്ടാതെ തന്റെ ജീവിതത്തില്‍ അന്യയാവുന്നു. വേദ ഉള്ളപ്പോള്‍ തന്നെ മറ്റ് സ്ത്രീകളോടും ലൈംഗികതയിലേര്‍പ്പെട്ട് ജീവിക്കുന്ന നന്ദന്റെ ശരീരകാമനകള്‍ പെണ്‍ശരീരത്തെ ലിംഗംകൊണ്ട് തുളഞ്ഞുകയറാനുള്ള ഒന്നുമാത്രമായി കാണുന്നതാണ്. നന്ദനേല്‍പ്പിക്കുന്ന മുറിവുകളാണ് വേദയെ പുതിയ ജീവിതത്തിനായി പ്രേരിപ്പിക്കുന്നത്. അവിടെയാണ് അവളുടെ ഭൂതകാലം വേട്ടയാടലായി കടന്നുവരുന്നത്.

 

കണ്ണൂരിലെ കൊട്ടിയൂരില്‍ സമ്പന്ന നായര്‍ തറവാട്ടിലെ ഏകമകളാണ് വേദശ്രീ. ഫ്യൂഡല്‍ തറവാടുകളിലെ സാമ്പത്തിക മേല്‍ക്കോയ്മയുടെയും ജാത്യധികാരത്തിന്റെയും എല്ലാ പ്രശ്‌നങ്ങളും നിലനിലില്‍ക്കുന്ന തറവാടാണത്. അച്ഛന്‍ ശ്രീധരമേനോന് ഭാര്യയും മകളും വെറും ലൈംഗിക ഉപകരണങ്ങള്‍ മാത്രമാണ്. നാട്ടിലെ എല്ലാ പെണ്ണുങ്ങളും അയാള്‍ക്കങ്ങനെയാണ്. അതിന്റെയെല്ലാ പീഡനങ്ങളും ഏറ്റുവാങ്ങുന്നത് അമ്മയാണ്. അമ്മയുടെ വേദനകളിലൂടയും അച്ഛന്റെ ക്രൂരതകളിലൂടെയും വളരുന്ന വേദ മികച്ച നിലയില്‍ പഠനം പൂര്‍ത്തിയാക്കുകയും എഞ്ചിനീയറിംഗില്‍ റാങ്ക് നേടുകയും കാനഡയില്‍ ഉപരിപഠനത്തിനായി പോവുകയും ചെയ്തു. അങ്ങനെ തന്റെ ജീവിതം സ്വന്തയിഷ്ടപ്രകാരം പണിതെടുക്കുന്ന വേദശ്രീയുടെ വര്‍ത്തമാനകാലാനുഭവങ്ങളും ഭൂതകാലവും സങ്കീര്‍ണമായി ഉന്നയിക്കുന്ന പ്രശ്‌നങ്ങളാണ് നോവലിന്റെ അടിത്തറ.

 

 

ഫ്യൂഡല്‍ അവശിഷ്ടങ്ങള്‍ നിലനില്‍ക്കുന്ന ഗ്രാമജീവിതത്തില്‍ പെണ്ണെന്ന നിലയില്‍ വെറും ശരീരമായി വളരുകയാണ് വേദയുടെ ബാല്യ കൗമാരങ്ങള്‍. ആണ്‍കോയ്മയുടെ നോട്ടങ്ങളും അധികാരവും പെണ്ണുടലിനെ ഞെരിച്ചമര്‍ത്തുന്ന അനുഭവങ്ങളിലൂടെ കടന്നുപോകുന്ന അവള്‍ കൗമാരകാലത്തുതന്നെ ഉടലിന്റെ പ്രതിരോധവും സാധ്യതകളും തിരിച്ചറിയുന്നുണ്ട്. അമ്മയുടെ അനുഭവങ്ങളാണ് വേദ എന്ന സ്ത്രീയെ നിര്‍മിക്കുന്നത്. അമ്മയാകട്ടെ അധികാരിയായ അച്ഛനില്‍ നിന്ന് നിരന്തരം പീഡനങ്ങളേറ്റുവാങ്ങുന്ന, ഉള്ളില്‍ അതിനെതിരേ അമര്‍ഷം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്. ധനപ്രമാണിത്തത്തിന്റെയും ആണ്‍കോയ്മയുടെയും എല്ലാ അഹങ്കാരങ്ങളും സൂക്ഷിക്കുന്ന അച്ഛന്‍ വെറും ലൈംഗിക മൃഗങ്ങളായിട്ടാണ് സ്ത്രീകളെ കാണുന്നത്. കമ്യൂണിസം ശക്തിപ്പെടുന്ന നാട്ടില്‍ അതിനെ എതിര്‍ക്കുന്ന, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന ഫ്യൂഡല്‍ മാടമ്പിത്തരമാണ് അയാള്‍. അവിടുത്തെ കീഴാള സ്ത്രീകളെയെല്ലാം ലൈംഗികമായി ഉപയോഗിക്കന്ന പ്രകൃതം. ലൈംഗികാഭിലാഷങ്ങള്‍ക്കു വിധേയമാക്കുക മാത്രമല്ല മറിച്ച് ശാരീരികമായി ഉപദ്രവിക്കുക കൂടി ചെയ്യുന്നു അയാള്‍ പ്രത്യേകിച്ചും, അവരുടെ മുലകള്‍ കടിച്ചുമുറിക്കും. ആദിവാസിയായ ചെമ്പന്റെ ഭാര്യ വെള്ളക്കയെ കീഴടക്കി ഉപദ്രവിക്കുന്ന കാഴ്ചയ്ക്കു വേദ സാക്ഷിയാകുന്നതോടെയാണ് അച്ഛനുമായുള്ള സംഘര്‍ഷം ആരംഭിക്കുന്നത്. അതോടെ അമ്മയുടെ ശരീരത്തിലേക്ക് പറ്റിച്ചേരുകയാണവള്‍.

 

ഇത്തരം പാഠങ്ങളിലൂടെയാണ് ശരീര രൂപീകരണത്തിന്റെ സംഘര്‍ഷത്തിലേക്കവള്‍ എറിയപ്പെടുന്നത്. ഋതുമതിയായശേഷം കുളത്തില്‍ കുളിച്ചു നിന്ന തന്നെ അച്ഛന്‍ കാമക്കണ്ണോടെ നോക്കിയതില്‍ നിന്നാണ് ശരീരത്തിന്റെ സംഘര്‍ഷം ആദ്യമായി ആഴത്തില്‍ വേദയറിയുന്നത്. അവിടെ നിന്നാരംഭിച്ച പ്രതിരോധങ്ങളാണ് അവളെ പുതിയ ഒരാളായി കെട്ടുപണി ചെയ്യുന്നത്. രവിമാഷിനെ പ്രണയിച്ച, ശ്രീധരന്‍ ബലാത്കാരം ചെയ്തതിനാല്‍ അയാളെ വിവാഹം ചെയ്യേണ്ടിവന്ന അമ്മ അയാള്‍ ചെയ്യുന്ന ക്രൂരതകളുടെയെല്ലാം അമര്‍ഷം ഒടുവില്‍ പ്രകടിപ്പിക്കുന്നു. ഭര്‍ത്താവായ ശ്രീധരന്റെ കൈപ്പത്തി വെട്ടിമാറ്റിയാണ് അമ്മ പ്രതികരിക്കുന്നത്. അതിന്റെ ശിക്ഷയെന്നോണം അമ്മയെ കൊലപ്പെടുത്തി അയാള്‍ പ്രതികാരം നിര്‍വഹിക്കുന്നു. അമ്മയുടെ മരണത്തോടെ ഒറ്റപ്പെടുന്ന വേദ വീട്ടില്‍ നിന്നും അച്ഛനില്‍ നിന്നും രക്ഷ ആഗ്രഹിക്കുകയും പഠിച്ച് പുറത്തേക്കു പോവുകയും ചെയ്യുന്നു. കാനഡയിലെ ഉപരിപഠനം, തുടര്‍ന്ന് പോളണ്ടിലെ ജോലി… അവളുടെ ജീവിതം ആകെ മാറിമറിയുന്നു.

 

ഇക്കാലത്ത് നാടുമായി പുലര്‍ത്തിയ ബന്ധം രവിമാഷുമായും തന്റെ അച്ഛന്‍ പീഡിപ്പിച്ച വെള്ളക്കയുടെ മകന്‍ ചോമനിലൂടെയും മാത്രം. അടിച്ചമര്‍ത്തപ്പെട്ട കേരളീയ പെണ്‍ജീവിതത്തെ വൈദേശിക ജീവിത്തിലെ ഉടല്‍ സ്വാതന്ത്ര്യത്തിലൂടെ വേദ പൊളിച്ചെഴുതാന്‍ ശ്രമിക്കുന്നു. അടക്കവുമൊതുക്കവുമുള്ള പെണ്‍ശരീരം, ആര്‍ത്തവത്തിന്റെയും മറ്റ് നൂറായിരം വിലക്കുകളിലൂടെയും ഒതക്കപ്പെടുന്ന ശരീരത്തെ അവള്‍ പലരൂപത്തില്‍ തുറന്നിടുന്നു. ഒടുവില്‍ സ്വതന്ത്ര്യത്തിന്റെ നീലാകാശത്ത് പറന്നുനടന്നിട്ടും യാഥാസ്ഥിതികമായ നിലയില്‍ നന്ദനുമായുള്ള വിവാഹം നടക്കുന്നു. അതോടെ അവള്‍ വീണ്ടും അമ്മയെപ്പോലെ ക്രൂരമായ അടിച്ചമര്‍ത്തലിനു വിധേയമാകുന്നു. അച്ഛനെപ്പോല, സ്ത്രീയെ വെറും കാമോപകരണമായിക്കാണുന്ന നന്ദന്‍ അവള്‍ക്കു ചുറ്റും തീര്‍ക്കുന്നത് ജയിലാണ്. ആ ജയിലില്‍ നിന്ന പുറത്തുകടക്കാനാവാതെ ശരീരത്തിന്റെ തിരിച്ചറിവുകളെല്ലാം നഷ്ടമായി ജീവിതത്തിന്റെ വന്ധ്യതയിലേക്ക് എറിയപ്പെടവേ രൂപംകൊള്ളുന്ന ചേതനുമായുള്ള പ്രണയം അവളെ മറ്റൊരാളാക്കുന്നു. അതിന്റെ ബാക്കിയായ സംഭവവികാസങ്ങളിലൂടെയാണ് നോവല്‍ അവസാനിക്കുന്നത്.

 

 

2
അടിമത്തത്തില്‍ നിന്ന് തന്റെ ശരീരം വീണ്ടെടുക്കുന്ന ഒരു പെണ്ണിന്റെ തിരിച്ചറിവാണ് നോവലിന്റെ ഉടല്‍. ശരീരം ഒരു നിര്‍മിതിയാണെന്നും വ്യത്യസ്ത കാലം, സമൂഹം ശരീരത്തെ നിര്‍മിക്കുന്നതിന്റെ മുഴക്കങ്ങള്‍ ചെറിയതോതില്‍ നോവല്‍ വരച്ചിടുന്നു. വളരെ ചുരുങ്ങിയൊരു ലോകമാണ് നോവലിന്റെ ഘടന. കേരളവും വിദേശവും ഉള്‍പ്പെടുന്നുവെങ്കിലും വേദയിലൂടെ കണ്ണിലൂടെ എല്ലാം കാണാനുള്ള ശ്രമം നോവലിന്റെ കാന്‍വാസിനെ ചുരുക്കിയിരിക്കുന്നു. ആണ്‍കോയ്മയാല്‍ ചോരവാര്‍ക്കപ്പെടുന്ന പെണ്ണുടലുകളാല്‍ നിര്‍മിക്കപ്പെട്ട ശില്‍പ്പമാണിത്. വേദ, അവളുടെ അമ്മ, വെള്ളക്ക എന്നീ സ്ത്രീകള്‍ ഒരുഭാഗത്തും ശ്രീധരനും നന്ദനും രവിമാഷും അടങ്ങുന്ന പുരുഷന്മാര്‍ മറുഭാഗത്തും നിലകൊള്ളുന്നു. ഒരു ശരീരമെങ്ങനെയാണ് രൂപംകൊള്ളുന്നതെന്നും ആണ്‍ശരീരം അധികാരത്തിലേക്കും പെണ്‍ശരീരം അടിച്ചമര്‍ത്തലിലേക്കും പോകുന്നതെങ്ങനെയെന്നും നോവല്‍ ആഖ്യാനിക്കുന്നുണ്ട്. എന്നാല്‍ കൗമാരത്തില്‍ തന്നെ തന്റെ ഉടലിന്റെ സാധ്യതകളെക്കുറിച്ചറിയുകയും പിന്നീട് വിദേശവാസത്തിലൂടെ ഉടല്‍, ലൈംഗിക സ്വാതന്ത്ര്യവും കൃത്യമായി മനസിലാക്കുകയും ചെയ്ത വേദ ഒരാളെ പ്രണയിക്കാന്‍ പോലും കഴിയാതെ ‘വെറുമൊരു കേരളീയ പെണ്ണാ’യി ജീവിക്കുന്നിടത്താണ് ഈ ശില്‍പ്പം ദുര്‍ബലമാകുന്നത്.

പെണ്‍ശരീരം ആണ്‍ലൈംഗികതയുടെ സവിശേഷമായ ഉപകരണമാണെന്നും ആണ്‍ശരീരമെന്നത് പെണ്ണിനെ കീഴടക്കാനുള്ള ലൈംഗികതയുടെ, വാസനകളുടെ ഉടല്‍ രൂപമാണെന്നുളള ചിന്തയെ നോവല്‍ ആകമാനം പ്രശ്‌നവല്‍ക്കരിക്കുന്നു. ലൈംഗികത മാത്രം പെണ്ണില്‍ കാണുന്ന ആണ്‍ശരീരം പുല്ലിംഗമായി മാത്രം ചുരുങ്ങുന്നുവെന്നും നോവല്‍ പറയുന്നു. പുല്ലിംഗത്തിന്റെ നോട്ടത്തിനു വിഷയീഭവിക്കുന്നതിനുപ്പുറം തന്റെ ശരീരത്തെ സ്ത്രീയെങ്ങനെയാണ് കണ്ടെത്തുന്നത് എന്ന പ്രശ്‌നമാണ് ഉടല്‍ രാഷ്ട്രീയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. കൗമാരകാലത്ത് കുളിക്കടവില്‍ കുളിച്ചുനിന്നപ്പോള്‍ അച്ഛന്റെ നോട്ടം കണ്ടു ഭയന്ന വേദ തന്റെ ശരീരമെന്താണെന്ന് തിരിച്ചറിഞ്ഞു. പിന്നെയാണവള്‍ പെണ്ണാരാണെന്നും പെണ്‍ശരീരമെന്താണെന്നും അറിയുന്നത്. അതിലേക്ക് വഴിതെളിയിക്കുന്ന വാക്കാണ് വേശ്യ. അമ്മയെ അച്ഛന്‍ വിളിക്കുന്നത് വേശ്യ എന്നാണ്. അവളെ വിളിക്കുന്നത് വേശ്യയ്ക്കു പിറന്ന മകളെന്നും. തന്നെ വേശ്യയെന്നു വിളിച്ച ഭര്‍ത്താവിന്റെ കൈ വെട്ടിമാറ്റിയാണ് അമ്മ അതിനോട് പ്രതികരിക്കുന്നത്. അവിടെ അമ്മ മുരളുന്നുണ്ട്, അതേ ഞാന്‍ വേശ്യയാണ്. തുണി ഉരിയാതെതന്നെ നഗ്‌നയാക്കപ്പെട്ടവള്‍ (പു. 39).

 

പെണ്ണത്തം അതിന്റെ നിര്‍മിതകളെ തിരിച്ചറിയുന്നത് ശരീരത്തിന്മേലുള്ള പുരുഷാധിപത്യത്തിന്റെ കെട്ടുകളെ തിരിച്ചറിയുന്നിടത്താണ്. സ്ത്രീവാദചിന്തകള്‍ ഉന്നയിക്കുന്നത് ഇത്തരത്തില്‍ ശരീരത്തിന്മേല്‍ കടന്നുകയറി സ്ത്രീശരീരത്തെ പല രൂപത്തില്‍ മെരുക്കുന്ന സാമൂഹിക വഴക്കങ്ങളെയാണ്. ശരീരത്തിന്മേല്‍ നിരന്തരം കോയ്മയുടെ ഭാഷകൊണ്ടെഴുതി പുല്ലിംഗത്തിന്റെ ആനന്ദോപകരണമാക്കി അതിനെ ചുരുക്കുന്ന, സ്ത്രീയുടെ ആനന്ദങ്ങളെ നിരാകരിക്കുന്ന ആധിപത്യത്തെയാണ് ചോദ്യം ചെയ്യേണ്ടത്. പുരുഷനെ ലൈംഗികതയുടെ കര്‍ത്താവാക്കുകയും പുല്ലിംഗത്തിന്റെ, ആഹ്ലാദത്തിന്റെ ചരിത്രമായി ശരീരത്തിന്റെ ചരിത്രം മാറുകയും ചെയ്യുന്ന പെണ്‍ – ആണ്‍ലൈംഗികതയുടെ ആഘോഷത്തെ നിര്‍മിക്കുന്ന സുപ്രധാന സ്ഥാപനം കുടുംബമാണ്. കുടുംബത്തിനകത്താണ് സ്ത്രീ ഏറ്റവുമധികം ഞെരിച്ചമര്‍ത്തപ്പെടുന്നതെന്ന വസ്തുതയാണ് നോവല്‍ പങ്കുവയ്ക്കുന്നത്. സൂക്ഷ്മമായ പ്രത്യയശാസ്ത്രപ്രയോഗം കൊണ്ടാണ് വീടിനുള്ളില്‍ സ്ത്രീ വെറും നിസംഗമായ ഉപകരണമായി മാറ്റപ്പെടുന്നതെന്ന് നോവല്‍ കാട്ടിത്തരുന്നുണ്ട്.

3
വേദയുടെ കുടുംബജീവിത്തിന്റെ ശരീര സംഘര്‍ഷങ്ങളെ വിവരിക്കുന്നിടത്താണ്, പൊതുവില്‍ ദുര്‍ബലമായ നോവല്‍ശില്‍പ്പം അതിന്റെ കരുത്ത് വീണ്ടെടുക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്ത്രീ പീഡനങ്ങള്‍ നടക്കുന്നത് പുറത്തല്ല, അകത്താണ്. വീടിന്റെ അകങ്ങളില്‍ നടക്കുന്ന ബലാല്‍ക്കാരങ്ങള്‍. ഇണയുടെ മനസറിയാതെയുള്ള കടന്നുകയറ്റങ്ങള്‍എന്റെ ചിന്തകള്‍ ചിലന്തിവല കൂട്ടാന്‍ തുടങ്ങി (പു. 23). ഒരുപാട് ആവര്‍ത്തിക്കപ്പെട്ടതാണ് ഇത്തരം എഴുത്തുകളെങ്കിലും അവ കൂടുതല്‍ തീക്ഷ്ണമായി വരുന്നത് വേദയുടെ വീടിനകത്ത് അവള്‍ നന്ദന്റെ ശരീരമായി മാത്രം കിടന്നുകൊടുക്കുന്നിടത്താണ്. ലൈംഗികത എങ്ങനെ പുരുഷന്റെ സുഖം നുകരലിനുള്ള ഉപകരണമായിത്തീരുന്നുവെന്ന പ്രശ്‌നമാണ് ഇവിടെ അതരിപ്പിക്കപ്പെടുന്നത്. സുഖം നുകര്‍ന്ന ശേഷം കൂസലില്ലാതെ ഉപേക്ഷിക്കപ്പട്ടെ ശരീരം ഇവിടെ പ്രശ്‌നമാകുന്നു.

 

 

നോവലിലെ സംഘര്‍ഷം വേദയുടെ ഫ്ലാറ്റിലെ കിടപ്പറയാണ്. മൂന്ന് ബിംബങ്ങളിലൂടെയാണ് ഈ പ്രശ്‌നം അവതരിപ്പിക്കുന്നത്. ഒന്ന്, ചോരവാര്‍ന്നു കിടക്കുന്ന ബലിമൃഗം. രണ്ട്, ഭയന്ന പൂച്ചക്കുഞ്ഞ്. മൂന്ന്, ഊണ്‍മേശയില്‍ ഉപേക്ഷിക്കപ്പെട്ട മീന്‍മുള്ള്. മൂന്ന് ബിംബങ്ങളും ചേര്‍ത്തുവയ്ക്കുമ്പോള്‍ കിടപ്പറയിലെ സ്ത്രീശരീരത്തെ അടുത്തുകാണാം. ഈ വീടിന്റെ ഭൂപടത്തില്‍ എങ്ങുമില്ലാത്ത വികാരങ്ങളെ വെറുപ്പിന്റെ എതിര്‍ദിശയിലക്കു മറിച്ചിടാന്‍ തക്കവണ്ണം ഈ ഉടലുകള്‍ക്കിടയില്‍ മറ്റൊന്നുമില്ല. വിഭജിക്കപ്പെട്ട മനസുകള്‍ക്കിടയില്‍ ഒന്നാകുന്ന ഉടല്‍. ഇവിടെ ഞാന്‍ ബലിയാണ്. സുന്ദരമായ മെത്തയില്‍ പ്രണയത്തിന്റെ സമരസപ്പെടലുകളുടെ ചോര വാര്‍ന്നു കിടക്കുന്ന ബലിമൃഗം… ശരീരം ഒരു ബലിയായി കിടക്കയില്‍ വിങ്ങുകയും ഞരമ്പുകളില്‍ ഉഷ്ണരക്തം പടരുകയും ചെയ്യുന്നു. നിശ്വാസങ്ങള്‍ കൂട്ടിയിടിക്കവേ പല്ലുകള്‍ ചുണ്ടുകളില്‍ സ്‌നേഹമില്ലാതെ മറ്റെന്തോ തിരഞ്ഞു നടക്കുന്നു. അകത്തും പുറത്തും ചോരയുടെ രുചി മണം.

നീണ്ട കിതപ്പോടെ നന്ദന്‍ തിരിഞ്ഞുകിടക്കവേ എന്റെ കണ്ണുകളില്‍ എന്തിനോ നനവൂറി (പു. 25). നന്ദന് അവന് തോന്നുമ്പോഴൊക്കെ പ്രവേശിക്കാനുള്ള ഉപകരണം മാത്രമാണ് വേദ. അതിനോട് പൊരുത്തപ്പെടാനാവാതെ പ്രണയവും സ്‌നേഹവും പ്രതീക്ഷിച്ച് വേദ പോരാടുകയാണ്. പക്ഷേ എപ്പോഴും ബലിമൃഗമായി അവള്‍ തളരുന്നു. പലരീതിയില്‍, പലരൂപത്തില്‍ അവള്‍ പൊരുതുന്നു. പക്ഷേ അവളെപ്പോഴും പൂച്ചക്കുഞ്ഞിനെപ്പോലെ ചുരുണ്ടുകൂടുന്നു. ഉടലുകള്‍ അംഗീകരിക്കപ്പെടുന്നത് ഇങ്ങനെയുമാണ്. ശരീരത്തിന്റെ ഒടിവും വളവും അയാളുടെ കണ്ണുകളില്‍ തിളക്കം സൃഷ്ടിക്കുന്ന രാത്രികളില്‍ ഞാനൊരു പൂച്ചക്കുഞ്ഞിനെപ്പോലം ഭയപ്പെടും. സ്‌നേഹത്തിന്റെ അത്തിമരത്തിന്റെ ചോട്ടിലേക്ക് ചുരുണ്ടുകൂടാന്‍ ഒരുങ്ങും മുമ്പേ ആക്രമിക്കപ്പെടും. ഈ പൂച്ചക്കുഞ്ഞ് പലയിടത്തും വരുന്നുണ്ട്. രവിമാഷിന്റെ അമ്മയുടെ മാറില്‍ സുരക്ഷിതയായി ഉറങ്ങുമ്പൊഴൊക്കെ. സ്‌നേഹത്തിനായി വാഞ്ചിക്കുന്ന കരുതലിന്റെ അടയാളമാണ് ഇവിടെ സ്ത്രീയുടെ ഉള്ളിലെ പൂച്ച. ആ സങ്കല്‍പ്പത്തിനെയാണ് കാമത്തിന്റെ വന്യത ആക്രമിക്കുന്നത്. തന്റെ അമ്മയുടെ ജീവിത്തതിലും ഇത്തരത്തിലുള്ള അനുഭവങ്ങളെ ഓര്‍മിക്കുന്നുണ്ട്.

 

ലൈംഗികത രണ്ടു ശരീരങ്ങള്‍ പരസ്പരം നല്‍കുന്ന പ്രണയവും സുരക്ഷിതത്വവുമാണ്. അമ്മയും വേദയും വെള്ളക്കയും ഒക്കെ അറിയുന്ന ലൈംഗികത പക്ഷേ, ആക്രമണമാണ്. ലൈംഗികതയുടെയും പ്രണയത്തിന്റെയും സുരക്ഷിതത്വത്തിനായി അറിയാവുന്ന പെണ്‍ജീവിതങ്ങളിലൂടെ കടന്നുപോവുകയും അവരില്‍ നിന്ന് ഊര്‍ജം തേടുകയും ചെയ്യുന്നു. പക്ഷേ ഓരോ ദിവസത്തെ നന്ദനോടുള്ള ജീവിതവും രതിയും അവളെ കൂടുതല്‍ അരക്ഷിതത്വത്തിലേക്ക് വലിച്ചെറിയുന്നു. ഒടുവിലവള്‍ തിരിച്ചറിയുന്നു, ഊണ്‍മേശമേല്‍ മാംസം കടിച്ചെടുത്തശേഷം ഉപേക്ഷിക്കപ്പെട്ട മീന്‍ മുള്ളാണ് തന്റെ ശരീരമെന്ന്. പ്രണയത്തിന്റെയും കാമത്തിന്റെയും ഭാഷ വായിച്ചെടുക്കുക എളുപ്പമല്ല. സ്‌നേഹത്തിന്റെ ചൂരിനുപകരം ഭക്ഷണം കഴിച്ചു തീര്‍ക്കാന്‍ തിടുക്കം കൂട്ടുന്ന അനുസരണയില്ലാത്തൊരു കുട്ടിയപോലെ അയാള്‍ എന്നെ കഴിച്ചു തീര്‍ത്തു. ഉപേക്ഷിക്കപ്പെട്ട മീന്‍മുള്ള് പോലെ ഞാന്‍ കിടന്നു. അയാള്‍ എന്റെ പ്രണയത്തെയോ പ്രണയത്തിലൂടെയുള്ള തൃഷ്ണയെയോ ശ്രദ്ധിക്കുക പോലും ചെയ്തില്ല… അകവും പുറവും നീറി. എന്നിലേക്കു പ്രവേശിച്ച ശേഷം അയാള്‍ തിരിഞ്ഞു കിടന്നു. പക്ഷേ ഇതാവും ദാമ്പത്യമെന്ന കരുതലോടെ ഞാന്‍ ആ നീറലിനെ, മുഖം തിരിക്കലിനെ ചേര്‍ത്തുപിടിച്ചു (പു.114). ഭക്ഷിച്ച ശേഷമുള്ള മീന്‍ മുള്ള് തിക്താനുഭവത്തിന്റെയും ക്രൂരതയുടെയും ഒറ്റപ്പെടലിന്റെയും അടയാളമാണ്. നിലവിലെ ദാമ്പത്യം അവശേഷിപ്പിക്കുന്നത് ചിലര്‍ ആസക്തിയോടെ ഭക്ഷിക്കുകയും ചിലര്‍ മീന്‍മുള്ളുകളുമായി മാറുന്നുവെന്ന വസ്തുതതയിലേക്കാണ്. ഇവിടെയാണ് തീന്‍മേശയും കിടപ്പറയും തിരിച്ചു പിടിക്കുന്ന പോരാട്ടങ്ങള്‍ പല രൂപത്തിലുണ്ടാകുന്നത്.

ലൈംഗികതയെന്നു പറയുന്നത് അക്രമോത്സുകമായ പ്രവേശനവും പെണ്ണെന്നുപറയുന്നത് കീഴടക്കാനുള്ള ഉപകരണമാണെന്നു വിശ്വസിക്കുയും ചെയ്യുന്ന നന്ദനു മുന്നില്‍ വേദ അരക്ഷിതയാകുന്നു. വേദയെ ഉപയോഗിക്കുന്നതോടൊപ്പം മറ്റു സ്ത്രീകളെയും അയാള്‍ ഉപയോഗിക്കുന്നു. അതോടെ വേദ അയാള്‍ക്ക് വേശ്യ മാത്രമാകുന്നു. നോവലിലെ പ്രധാന ബിബം വേശ്യ എന്നതാണ്. നോവലിന്റെ തുടക്കം മുതലേ അത് കടന്നുവരുന്നുണ്ട്. വേദയുടെ അച്ഛന് അമ്മ വേശ്യയാണ്. അമ്മയെ വേശ്യയെന്നു വിളിക്കുന്ന, തന്നെ വേശ്യയ്ക്കു പിറന്ന മകളെന്നു വിളിക്കുന്നതുകേട്ടാണ് അവള്‍ തന്റെ സ്വത്വത്തെ നിര്‍വചിക്കുന്നതുതന്നെ. നാട്ടിലെ അറിയപ്പെടുന്ന വേശ്യയെ കൂട്ടുകാരി പരിചയപ്പെടുത്തുമ്പോള്‍ അങ്ങനെയുള്ള ആണിനെ എന്താണ് വിളിക്കുന്നതെന്നു ചോദിച്ചാണ് അവള്‍ പ്രതികരിക്കുന്നത്. എന്നും ഫക്കിംഗിനുള്ള വേശ്യയായിട്ടാണ് തന്നെ താലികെട്ടിയിരിക്കുന്നതെന്നു നന്ദന്‍ പ്രഖ്യാപിക്കുന്നിടത്താണ് വേദയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്. എന്നന്നേക്കുമായി ആ ബന്ധം അവസാനിപ്പിക്കേണ്ടതുണ്ടെന്നും അവള്‍ തീരുമാനിക്കുന്നത്. തന്നെ വേശ്യയെന്നു വിളിച്ചപ്പോഴാണ് വേദയുടെ അമ്മ അച്ഛന്റെ കൈവെട്ടിയതെങ്കില്‍ ഇവിടെ വേദ നന്ദന്റെ ലിംഗം മുറിവേല്‍പ്പിക്കുന്നു.

 

ചരിത്രപരമായി തുടരുന്ന ആണിന്റെ അടിച്ചമര്‍ത്തലും പെണ്ണിന്റെ എല്ലാത്തരത്തിലുമുള്ള കീഴടങ്ങലും ഉടല്‍ എന്ന ബിംബത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ചരിത്രപരമായി ഉയരുന്ന പുതിയ ജനാധിപത്യ ബോധങ്ങള്‍ നിലവിലെ ഉടലുകളുടെ ഉടുപ്പുകളെ, വഴക്കങ്ങളെ പൊളിച്ചെറിയുന്നുണ്ട്. പെണ്ണും ആണും മാത്രമല്ല അതൊന്നുമല്ലാത്ത ഉടലുകളും തങ്ങളുടെ സ്വത്വം പ്രഖ്യാപിക്കുന്ന കാലത്ത് ഏറെ ചോദ്യം ചെയ്യപ്പെടുന്നത് കുടുംബം, ലൈംഗികത എന്നീ അചരിത്രവല്കരിക്കപ്പെട്ട സ്ഥാപനങ്ങളാണ്. കിടപ്പറയില്‍ കീഴടക്കലിന്റെ ചോര ഒഴുകാത്ത രതി സാധ്യമാക്കുന്ന, പെണ്‍ശരീരം ഉപേക്ഷിക്കപ്പെട്ട മീന്‍മുള്ളുകളാകാത്ത ബന്ധങ്ങളെ സൃഷ്ടിക്കുന്ന നൈതികകാലത്തിന്റെ പുലരിയിലേക്ക് ജനാല തുറന്നിടുവാന്‍ കീഴടക്കപ്പെടുന്ന ഓരോ ശരീരവും ആഗ്രഹിക്കുന്നു. ആ ആഗ്രഹം ഒരു പോരാട്ടമാണെന്നാണ് ചരിത്രം പറയുന്നത്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍