UPDATES

ട്രെന്‍ഡിങ്ങ്

മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ്; ഭരണകൂടഭീകരതയും മാധ്യമഗൂഢാലോചനയുമെന്നു മംഗളം

മംഗളം ചാനലിനെ തകര്‍ക്കാന്‍ മാധ്യമസിന്‍ഡിക്കേറ്റ്

ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്റെ രാജിയിലേക്കു നയിച്ച ഫോണ്‍സംഭാഷണ വാര്‍ത്തയുടെ പേരില്‍ മംഗളം ചാനല്‍ സിഇഒ അടക്കം അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായ സംഭവം ഭരണകൂട ഭീകരതയും മാധ്യമഗൂഢാലോചനയും ആണെന്ന ആരോപണവുമായി മംഗളം പത്രം. ശശീന്ദ്രന്റെ കുടുക്കിയത് ഹണി ട്രാപ്പിലൂടെയാണെന്നു സിഇഒ അജിത് കുമാര്‍ തന്നെ സ്ഥിരീകരിക്കുകയും സംഭവത്തില്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.

ചൊവ്വാഴ്ച സിഇഒ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തതില്‍ നിന്നും മന്ത്രിയെ കുടുക്കിയത് ഗൂഢാലോചനയാണെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും വെളിപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ചാനല്‍ ചെയര്‍മാന്‍ സാബു വര്‍ഗീസ്, അവതാരക ലക്ഷ്മി മോഹന്‍ എന്നിവരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചിരുന്നു. സാബു വര്‍ഗീസ്, അജിത് കുമാര്‍ എന്നിവരടക്കം ഒമ്പതുപേരാണ് പൊലീസില്‍ ചോദ്യം ചെയ്യലിനായി ഹാജരായത്. ഇതില്‍ നാലുപേരെ വിട്ടയക്കുകയും അജിത് കുമാര്‍, കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ എംബി സന്തോഷ്, ന്യൂസ് കോര്‍ഡിനേറ്റര്‍ ഋഷി കെ മനോജ്, ന്യൂസ് എഡിറ്റര്‍മാരായ എസ് വി പ്രദീപ്, ഫിറോസ് സാലി മുഹമ്മദ്, മഞ്ജിത് വര്‍മ എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.

എന്നാല്‍ ഈ അറസ്റ്റ് മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയനുസരിച്ചാണെന്നും ഇതു പകവീട്ടല്‍ ആണെന്നുമാണ് മംഗളം ആരോപിക്കുന്നത്. ശശീന്ദ്രന്റെ സ്വഭാവദൂഷ്യത്തിന് ഇരയയ പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്താതെയാണു പൊലീസ് ഇപ്പോള്‍ മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതെന്നും മംഗളം കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം പോലും മറികടന്നാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്ന വെളിപ്പെടുത്തലും മംഗളം നടത്തുന്നുണ്ട്.
മന്ത്രിയായിരുന്ന എ കെ ശശീന്ദ്രന്‍ തന്നോട് മോശമായി പെരുമാറിയെന്നു കാണിച്ചു മാധ്യമപ്രവര്‍ത്തക ഡിജിപിക്കു നല്‍കിയ പരാതി ഉന്നതര്‍ ഇടപെട്ട് മുക്കിയെന്നും എ കെ ശശീന്ദ്രന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും മംഗളം പറയുന്നു. മൊഴി നല്‍കാന്‍ എത്തിയ മംഗളത്തിന്റെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് ആസൂത്രിതമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് അവവരുടെ ഭാഷ്യം.

മംഗളത്തിനെതിരേ മറ്റു മാധ്യമങ്ങള്‍ സംഘടിതമായി നടത്തിയ ഏകപക്ഷീയമായ ആക്രമണങ്ങള്‍ക്കൊടുവിലാണ് തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി കേസ് എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരിക്കുന്നതെന്ന ആരോപണവും മംഗളം ഉയര്‍ത്തുന്നു. ഒരു മന്ത്രിയുടെ രാജിയിലേക്ക് വഴി തെളിച്ച ബ്രേക്കിംഗ് ന്യൂസ് നല്‍കി ചാനല്‍ രംഗത്തേക്കു വന്ന മംഗളത്തെ മുളയിലേ നുള്ളണമെന്ന വാശിയില്‍ മറ്റു ചാനലുകള്‍ ശശീന്ദ്രനെ അനുകൂലിച്ചു മംഗളത്തിനെതിരേ കൂട്ടയാക്രമണം നടത്തുകയായിരുന്നു. മാധ്യമമര്യാദകളും പൂര്‍വകാല ചെയ്തികളും മറന്നുള്ള ആക്രമണമായിരുന്നു മറ്റു മാധ്യമസിന്‍ഡിക്കേറ്റ് നടത്തിയതെന്നും മംഗളം കുറ്റപ്പെടുത്തുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍