UPDATES

വിദേശം

ഹോങ്കോങ്ങ് പ്രതിഷേധം; തോല്‍വിയുടെ 4 കാരണങ്ങള്‍ (തോല്‍ക്കാഞ്ഞതിന്റെയും)

Avatar

ഇഷാന്‍ തരൂര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഹോങ്കോങ്ങിലെ ജനാധിപത്യവാദ പ്രതിഷേധങ്ങള്‍ പതുക്കെ മാഞ്ഞുപോകുന്നു. പ്രതിഷേധക്കാരുടെ ചില തമ്പുകളും, ചില വഴികളിലെ ഉപരോധവും ഒഴിച്ചാല്‍ ഈ തിരക്കുപിടിച്ച ഏഷ്യന്‍ വന്‍ഗരത്തില്‍ ജീവിതം മിക്കവാറും സാധാരണ നിലയിലായി. നഗരഹൃദയം കയ്യേറിയ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ക്ക് മേല്‍ ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ പതിഞ്ഞ കഴിഞ്ഞയാഴ്ചയില്‍ നിന്നും എത്രയോ വ്യത്യസ്തമായ സ്ഥിതി.

പ്രാദേശിക സര്‍ക്കാരുമായുള്ള സാവധാനത്തിലുള്ള ചര്‍ച്ചാ പ്രക്രിയ തുടങ്ങാനിരിക്കുന്നു. പ്രതിഷേധക്കാര്‍ക്കെതിരായ വിമര്‍ശനങ്ങള്‍ കൂടുതല്‍ ഉച്ചത്തിലായി. പക്ഷേ ഇതിനര്‍ത്ഥം പ്രതിഷേധക്കാര്‍ മിക്കവരും കോളേജ്- ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, തോറ്റെന്നാണോ? എന്തുകൊണ്ട് പ്രതിഷേധം തോറ്റിരിക്കാം, അല്ലെങ്കില്‍ തോറ്റില്ലായിരിക്കാം എന്നതിന്റെ ചില കാരണങ്ങളാണിനി പറയുന്നത്.

പ്രതിഷേധം തോറ്റതിന്റെ 4 കാരണങ്ങള്‍

പ്രതിഷേധം കൊണ്ട് ഒന്നും നേടാനായില്ല 
ഈ പരിശ്രമങ്ങള്‍ക്കെല്ലാമൊടുവിലും നിരവധി ജാഥകള്‍ നടത്തി, കനത്ത മഴയിലും പിടിച്ചുനിന്നു, എത്രയോ വെള്ളക്കുപ്പികള്‍ വിതരണം ചെയ്തു. പ്രധാന വഴികളില്‍ എത്രയോ മണിക്കൂറുകള്‍ ചിലവിട്ട വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നുപോലും നേടാനായില്ല. ഹോങ്കോങ്ങിലെ പ്രധാന നേതാവ്, ചീഫ് എക്‌സിക്യൂട്ടീവ് ല്യൂങ് ചുങ്‌യിങ്ങ് ഇപ്പൊഴും ആ പദവിയില്‍ തുടരുന്നു;. സ്വമേധയാ രാജിവെക്കാനുള്ള ലക്ഷണവുമില്ല. ബീജിംഗിന്റെ പക്കല്‍നിന്നും യഥാര്‍ത്ഥത്തിലുള്ള സാര്‍വത്രിക സമ്മതിദാനാവകാശം നേടിയെടുക്കാനുള്ള ജനാധിപത്യവാദികളുടെ ആഗ്രഹവും, എന്നത്തേയുംപോലെ സഫലീകരിക്കാന്‍ ഇടയില്ലാത്ത ഒരു സ്വപ്നമായി നിലനില്‍ക്കാനാണ് സാധ്യത. പ്രതിഷേധത്തിന്റെ സംഘാടകരായ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇപ്പോള്‍, സമരം കുറച്ചെങ്കിലും വിജയിച്ചെന്നു അനുയായികളെ ബോധ്യപ്പെടുത്താന്‍ ഹോങ്കോങ്ങ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്താനുള്ള ശ്രമത്തിലാണ്. അതെത്രത്തോളം നേട്ടമുണ്ടാക്കുമെന്ന് കണ്ടുതന്നെ അറിയണം.

അധികൃതരുടെ സംയമനവും ക്ഷമയും
പ്രതിഷേധത്തിന്റെ മുഖ്യ സമരോര്‍ജ്ജം ഹോങ്കോങ്ങ് സര്‍ക്കാരിന്റെയും പോലീസിന്റെയും എടുത്തുചാടിയുള്ള പ്രതികരണമായിരുന്നു; ആദ്യം സെപ്റ്റംബര്‍ 26നു 17കാരനായ വിദ്യാര്‍ത്ഥി നേതാവ് ജോഷ്വ വോങ്ങിനെ കുറച്ചു നേരത്തേക്ക് തടവിലാക്കി. രണ്ടു ദിവസത്തിനുശേഷം ഹോങ്കോങ്ങ് സര്‍ക്കാര്‍ കാര്യാലയത്തിന് സമീപം സമരക്കാര്‍ക്ക് നേരെ 87 വട്ടം കണ്ണീര്‍വാതകം പ്രയോഗിച്ചു. ഈ അടിച്ചമര്‍ത്തല്‍ നടപടി ഹോങ്കോങ്ങുകാരിലെ വലിയൊരു വിഭാഗത്തെ പ്രതിഷേധത്തോടടുപ്പിക്കുകയും, ഈ മുന്‍ ബ്രിട്ടീഷ് കോളനിയിലെ സ്ഥിതിഗതികളെ സുഖകരമല്ലാത്തൊരു ചരിത്ര പശ്ചാത്തലത്തില്‍ കൊണ്ടുവരികയും ചെയ്തു; ബീജിംഗിലെ ടിയാനന്മെന്‍ ചത്വരത്തില്‍ 1989ല്‍ ജനാധിപത്യവാദികളായ വിദ്യാര്‍ത്ഥിപ്രക്ഷോഭകര്‍ക്ക് നേരെ ചൈന നടത്തിയ അടിച്ചമര്‍ത്തലിന്റെ ഓര്‍മ്മയിലേക്ക്.

പക്ഷേ അതിനുശേഷം പ്രതിഷേധം ശക്തി പ്രാപിച്ചിട്ടും അധികൃതര്‍ ക്ഷമയും സംയമനവും പാലിച്ചു. (വെള്ളിയാഴ്ച സമരക്കാര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളില്‍ ഹോങ്കോങ്ങ് പോലീസിന്റെ പങ്ക് എത്ര മാത്രമുണ്ടെന്ന് വെളിവായിട്ടില്ല). നഗരത്തിലെ ചില പ്രധാന നിരത്തുകള്‍ സമരക്കാര്‍ക്ക് കയ്യൊഴിഞ്ഞു കൊടുത്ത സര്‍ക്കാര്‍ അവ സുഗമമാക്കാന്‍ നീക്കങ്ങളൊന്നും നടത്തിയില്ല. കഴിഞ്ഞ ആഴ്ചയുടെ ഒടുവില്‍ തീരുന്ന അവധിക്കുശേഷം പഠനത്തിനും ജോലിക്കുമായി തിരിച്ചുപോകാനിരുന്ന പ്രതിഷേധക്കാര്‍ക്കായി കാത്തിരിക്കാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചത്. സര്‍ക്കാരിന്റെ ക്ഷമ, ജനാധിപത്യവാദി പ്രതിഷേധക്കാരുടെ ആത്മവീര്യത്തിന് മേല്‍ നിഴല്‍വീഴ്ത്തി.

നേതൃത്വത്തിന്റെ അഭാവം 
ലോകത്ത് ഈയിടെ നടന്ന പല വലിയ പ്രക്ഷോഭങ്ങളെയുംപോലെ ഹോങ്കോങ്ങിലേതും അതിന്റെ വികേന്ദ്രീകൃത സ്വഭാവം വിളിച്ചോതുന്നതായിരുന്നു. തങ്ങള്‍ക്ക് പതിനായിരക്കണക്കിനുള്ള പ്രതിഷേധക്കാരുടെ മേല്‍ വലിയ നിയന്ത്രണമില്ലെന്ന് വിദ്യാര്‍ത്ഥി നേതാക്കള്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു. കൃത്യമായ സംഘടനാ ശ്രേണി ഉണ്ടായിരുന്നേയില്ല. സമരത്തിന്റെ വക്താവാകാന്‍ കഴിയുന്ന, പ്രതിഷേധക്കാരുടെ പ്രതീകമാകാന്‍ കഴിയുന്ന ആരുമില്ലായിരുന്നു. 

ബെസ്റ്റ് ഓഫ് അഴിമുഖം 

സ്കോട്ടിഷ് സ്വാതന്ത്ര്യ വാദം തുറന്നു വിട്ട ഭൂതം യു കെയെ ബാധിക്കുമ്പോള്‍- ഇഷാന്‍ തരൂര്‍ എഴുതുന്നു
ചൈന പേടിക്കുന്നത് സ്വന്തം ജനതയെ തന്നെയാണ്
ഉയ്ഗുര്‍ വേട്ട: ന്യൂനപക്ഷാവകാശങ്ങള്‍ ചൈനയുടെ കണ്ണില്‍
ഹാ! ഞങ്ങളുടെ സോവിയറ്റ് യൂണിയന്‍!
ടിയാനന്‍മെന്‍ വിപ്ലവകാരികള്‍ ഇപ്പോളെവിടെ?

തെരുവുകള്‍ കയ്യേറി ഓരോ ദിവസം കഴിയുമ്പോഴും തങ്ങള്‍ എങ്ങോട്ടാണ് നീങ്ങുന്നതെന്ന സംശയം സമരക്കാരില്‍ വ്യാപകമായിരുന്നു.വിദ്യാര്‍ത്ഥി നേതാക്കാള്‍ പറയുന്നതിനോട് തങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ തങ്ങള്‍ അനുസരിക്കില്ലെന്ന് പലരും പറഞ്ഞു. ഒരു മുന്നേറ്റം ഉണ്ടാക്കുന്നതിന് മാത്രമല്ല അതിനു ദിശാബോധവും വിശ്വാസ്യതയും നല്‍കുന്നതിനുകൂടി നേതൃത്വത്തിന് കഴിയണം. ഹോങ്കോങ്ങിലെ നിരത്തുകളില്‍ അതിവേഗം ഇല്ലാതായത് ഇപ്പറഞ്ഞ രണ്ടാമത്തെ സംഗതിയാണ്.

ജനപിന്തുണ നഷ്ടമായി 
പ്രതിഷേധം മൂലം ഹോങ്കോങ്ങിലെ ജനജീവിതവും, നഗരത്തിലെ ഗതാഗതവും താറുമാറായി. ആയിരക്കണക്കിന് സാധാരണക്കാരായ ഹോങ്കോങ്ങുകാര്‍ ബുദ്ധിമുട്ടിലായി. ഇതില്‍ മിക്കവര്‍ക്കും വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ ധാരണകളോട് അഭിപ്രായവ്യത്യാസമൊന്നും ഇല്ലെങ്കിലും, തങ്ങളുടെ ഉപജീവന മാര്‍ഗങ്ങള്‍ തടസപ്പെടുന്നതില്‍ എതിര്‍പ്പുണ്ടായിരുന്നു. പോലീസ് വലിയതോതിലുള്ള ബലപ്രയോഗത്തിന് മുതിരില്ലെന്ന് ഉറപ്പായതോടെ പൊതുജനപിന്തുണ നിലനിര്‍ത്തുക എന്ന വലിയ വെല്ലുവിളി സമരക്കാര്‍ക്ക് നേരിടേണ്ടിവന്നു. ‘അസൌകര്യങ്ങളില്‍ ആളുകള്‍ വല്ലാതെ വലയുന്നുണ്ട്,’ പ്രതിഷേധക്കാരിലൊരാള്‍ എന്നോടു ശനിയാഴ്ച പറഞ്ഞു. ‘ഞങ്ങള്‍ക്ക് പെട്ടെന്നുതന്നെ പോകേണ്ടിവരും.’

തോറ്റില്ലെന്നതിന്റെ 4 കാരണങ്ങള്‍

പ്രതിഷേധക്കാര്‍ക്ക് ധാര്‍മ്മികമായ മേല്‍ക്കൈ ഉണ്ട്
ലോകത്തിലെത്തന്നെ ഏറ്റവും ഹൃദയശൂന്യരായ ഭരണാധികാരികളുള്ള ബീജിംഗിനും, ജനങ്ങളില്‍ നിന്നകന്ന, കഴിവുകെട്ട പ്രാദേശിക സര്‍ക്കാരിനും എതിരെ ജനപിന്തുണ നേടുക എളുപ്പമാണ്. തങ്ങളുടെ നഗരം അര്‍ഹിക്കുന്ന ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ സമരം ചെയ്തത്. നിലവിലെ സ്ഥിതിയെ അലങ്കോലമാക്കി അട്ടിമറിക്കാനല്ല. അത്ഭുതപ്പെടുത്തുന്ന ആത്മനിയന്ത്രണവും അച്ചടക്കവുമാണ് സമരക്കാര്‍ പ്രകടിപ്പിച്ചത്. പ്രതിഷേധ സ്ഥലം വൃത്തിയാക്കുന്നതിലും മറ്റും ഇതേറെ പ്രകടമായിരുന്നു. കടുത്ത പ്രകോപനത്തിന്റെ സമയത്തും കൈകളുയര്‍ത്തി അഹിംസയുടെയും, നിയമലംഘനത്തിന്റെയും വഴിയാണ് അവര്‍ തെരഞ്ഞെടുത്തത്. 

പ്രതിഷേധം മൂലം, ഒരാഴ്ചക്കുള്ളില്‍ ഹോങ്കോങ്ങിനു മേലുള്ള ബീജിംഗിന്റെ പിടി അയയുകയില്ല. പക്ഷേ ആ പിടി എത്രമാത്രം ദൃഢവും ക്രൂരവുമാണെന്ന് അവര്‍ കാണിച്ചുതന്നു.

കയ്യേറ്റം ഒരടയാളമാണ് 
പുറത്തുള്ളവരുടെ കണ്ണില്‍ ഹോങ്കോങ്ങ് ഒരു ‘രാഷ്ട്രീയ’ സ്ഥലമല്ല. തിക്കിനും തിരക്കിനും, നഗര ധനിക ബാങ്കര്‍മാര്‍ക്കും, ഒന്നുമില്ലായ്മയില്‍ നിന്നും കോടീശ്വരന്മാരായവരുടെ കഥകള്‍ക്കും പേരുകേട്ട നഗരമാണിത്. കച്ചവടമാണ് അതിന്റെ ഹൃദയം, രാഷ്ട്രീയമല്ല. ബ്രിട്ടീഷ് കൊളോനിയല്‍ ഭരണകാലത്ത് പിന്തുടര്‍ന്ന തത്വശാസ്ത്രം അതായിരുന്നു; 1997ല്‍ ചൈനക്ക് കൈമാറിയതിന് ശേഷവും അങ്ങനെതന്നെ. 

വ്യവസ്ഥക്കേറ്റ ഒരു ഞെട്ടലായിരുന്നു പ്രതിഷേധം. ആയിരങ്ങള്‍ ഒത്തുചേരുന്ന ജൂണ്‍ 4നുള്ള ടിയാനന്മെന്‍ അനുസ്മരണമടക്കം എല്ലാ വര്‍ഷവും ഹോങ്കോങ്ങില്‍ ജാഥകളും പ്രകടനങ്ങളും നടക്കാറുണ്ട്. പക്ഷേ കഴിഞ്ഞയാഴ്ചയിലെ സംഭവങ്ങള്‍ പതിവില്‍ നിന്നും വ്യത്യസ്തമായിരുന്നു. പ്രതിഷേധക്കാര്‍ ജാഥ നടത്തുകയല്ല, മറിച്ച് സ്ഥലം കയ്യടക്കി നഗരത്തിന്റെ പല ഭാഗങ്ങളും സ്തംഭിപ്പിക്കുകയായിരുന്നു. ഹോങ്കോങ്ങിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനമായൊരു നാഴികക്കല്ലായി അത്. അതിനു ചില അനന്തരഫലങ്ങളുമുണ്ട്; ഇപ്പോള്‍ നിലനിന്നുപോയേക്കാമെങ്കിലും ഹോങ്കോങ്ങിലെ സമ്പന്ന ഉപരിവര്‍ഗ്ഗത്തിനിടയില്‍ പ്രിയങ്കരനല്ലാതായി മാറിയ, ബീജിംഗിലെ വല്ല്യേട്ടന്‍മാരെ നിരാശപ്പെടുത്തിയ ചീഫ് എക്‌സിക്യൂടീവ് ലീയുങ് അധികം താമസിക്കാതെ രാജിവെക്കേണ്ടിവരും.

പ്രതിഷേധം ഒരു തലമുറയെ രാഷ്ട്രീയവത്കരിച്ചു 
പ്രതിഷേധത്തിന്റെ ഏറ്റവും ശക്തമായ ഓര്‍മ്മ 17കാരനായ മെലിഞ്ഞ കൌമാരക്കാരന്‍ ജോഷ്വ വോങ്ങാണ്. തന്റെ നേട്ടങ്ങളെ പുകഴ്ത്താനുള്ള മാധ്യമ ശ്രമങ്ങളെ ചെറുത്ത അയാള്‍, ഹോങ്കോങ്ങിലെ പ്രതിഷേധക്കാരുടെ പുതിയ തലമുറയുടെ ലക്ഷ്യങ്ങളെ പ്രതിനിധീകരിക്കുന്നു. ‘ഞാന്‍ സംഘടിപ്പിക്കുകയാണ്,’ അയാള്‍ വിശദീകരിച്ചു,’കാരണം മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം എന്റെ കുട്ടി ജനാധിപത്യവാദ പ്രക്ഷോഭവുമായ് തെരുവിലിറങ്ങേണ്ടിവരാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’

പ്രതിഷേധസമരത്തിന്റെ ഉച്ചസ്ഥായിയില്‍ ചെറുപ്പക്കാരായ വിദ്യാര്‍ത്ഥികള്‍ പാട്ടുപാടുകയും, കഥകള്‍ കൈമാറുകയും, ബാനറുകള്‍ എഴുതുകയും, ഒരുമയുടെ നിമിഷങ്ങളില്‍ ജീവിക്കുകയും ചെയ്യുന്നത് കാണാമായിരുന്നു. കഴിഞ്ഞ വാരത്തിലെ സംഭവങ്ങള്‍ അവരില്‍ ഏറെക്കാലം ജീവിക്കും. ‘ഇതൊരു നീണ്ട യുദ്ധമാണെന്ന് ഞങ്ങള്‍ക്കറിയാം,’ 22കാരിയായ സെറീന ലീ പറഞ്ഞു.

അടിസ്ഥാനപ്രശ്‌നങ്ങള്‍ തീരുന്നില്ല 
വരുംവര്‍ഷങ്ങളിലും, പതിറ്റാണ്ടുകളിലും അവര്‍ക്ക് സമര വിഷയങ്ങള്‍ക്ക് കമ്മിയുണ്ടാകില്ല. ഹോങ്കോങ്ങിലെ മാധ്യമങ്ങളും, പൊതുസമൂഹവും ബീജിംഗിന്റെ അജണ്ടയില്‍ എളുപ്പം വീഴില്ല. മാത്രവുമല്ല, തെരഞ്ഞെടുപ്പും, ജനാധിപത്യവുംഎന്ന ആവിശ്യത്തെ മാത്രം കേന്ദ്രീകരിച്ചല്ല പ്രതിഷേധം ഉയര്‍ന്നുവന്നത്. ആഗോള സാമ്പത്തിക ഇടപാടുകളുടെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന,ലോകത്തിലെത്തന്നെ ഏറ്റവും അസമത്വം നിറഞ്ഞ, തങ്ങളുടെ നഗരത്തിന്റെ ഭരണനിര്‍വ്വഹണത്തിനെതിരെ കടുത്ത വിമര്‍ശനമാണ് സമരക്കാര്‍ ഉയര്‍ത്തിയത്. ഹോങ്കോങ്ങിലെ അടിസ്ഥാന വ്യവസ്ഥാ പ്രശ്‌നങ്ങള്‍, ദാരിദ്ര്യം, വസ്തുവഹകള്‍ സ്വന്തമാക്കാന്‍ വളരെയേറെപ്പേര്‍ക്ക് അസാധ്യമായ അവസ്ഥ എന്നിവയെല്ലാം പരിഹരിക്കാന്‍ ബുദ്ധിമുട്ടാണ്. ഹോങ്കോങ്ങിലെ പുതിയ വിമതസേനക്ക് തങ്ങളുടെ അടുത്ത പോരാട്ടങ്ങള്‍ എപ്പോഴാണ് പോരാടേണ്ടതെന്ന് ഇനി അറിയാം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍