UPDATES

പി കെ ശ്രീനിവാസന്‍

കാഴ്ചപ്പാട്

പി കെ ശ്രീനിവാസന്‍

ന്യൂസ് അപ്ഡേറ്റ്സ്

പ്രണയത്തിന്‍റെ കഴുത്തറുത്ത് വീണ്ടും ദുരഭിമാനക്കൊല

അസഹിഷ്ണുതയാണ് ജാതിയുടേയും മതത്തിന്റേയും മുതല്‍ക്കൂട്ട്. ഇന്ത്യയില്‍ പ്രാദേശിക വിശ്വാസങ്ങളുടെ അടിസ്ഥാനത്തില്‍ അവയുടെ ക്രയവിക്രയ നിലവാരം കൂടിയും കുറഞ്ഞുമിരിക്കും. എന്നാല്‍ ജാതിക്കോമരങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത പടര്‍ന്നുപന്തലിക്കുന്ന സംസ്ഥാനങ്ങളില്‍ മുന്‍പന്തിയിലാണ് തമിഴകം. ജാതിയുടെ പേരില്‍ അരങ്ങേറുന്ന ദുരഭിമാനപ്പോരാട്ടങ്ങളാണ് തമിഴ്‌സമൂഹത്തിന്റെ മഹാദുരന്തമാകുന്നതെന്ന് തിരുപ്പൂര്‍ ജില്ലയിലെ ഉദുമലൈപ്പെട്ടില്‍ നടന്ന ദാരുണ കൊലപാതകം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു.

ഉദുമലൈപ്പെട്ട് കുമാരലിംഗം ഗ്രാമത്തിലെ ദളിത് വിഭാഗത്തില്‍പ്പെട്ട ശങ്കര്‍ എട്ടു മാസം മുമ്പ് തേവര്‍ സമുദായത്തിലുള്ള കൗസല്യയെ വിവാഹം കഴിക്കുന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എഞ്ചിനീയറിംഗ് കോളെജില്‍ പഠിക്കുമ്പോഴാണ് ഇവരുടെ പ്രേമം പൊട്ടിമുളയ്ക്കുന്നതും രഹസ്യവിവാഹത്തിലെത്തുന്നതും. എന്നാല്‍ സവര്‍ണഹിന്ദുവായ തേവര്‍ സമുദായം ഇത്തരത്തിലുള്ള ബന്ധങ്ങളൊന്നും വച്ചുപൊറുപ്പിക്കില്ല. അത് വര്‍ഷങ്ങളായുള്ള അലിഖിത നിയമമാണ്. കഴിഞ്ഞ ദിവസം നട്ടുച്ചക്ക് ഉദുമലൈപ്പെട്ടിലെ തിരക്കുള്ള റോഡില്‍വച്ച് 22 കാരന്‍ ശങ്കറേയും 19 കാരി കൗസല്യയേയും ബൈക്കില്‍ വന്ന മൂന്നു അക്രമികള്‍ വെട്ടി. മാരകമായ മുറിവുകളേറ്റ ശങ്കര്‍ ഉടന്‍ മരണപ്പെട്ടു. ഗുരുതരമായി വെട്ടേറ്റ കൗസല്യയെ കോയമ്പത്തൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടയാന്‍ ശ്രമിച്ച ദൃക്‌സാക്ഷികളെയും അക്രമികള്‍ വെറുതേ വിട്ടില്ല. സമീപത്തുള്ള സി സി ടി വി ക്യാമറകളില്‍ ഈ സംഭവം റെക്കോര്‍ഡായി. കൂടിനിന്നിരുന്ന പലരും സംഭവം മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി. പക്ഷേ പൊലീസ് ഇപ്പോഴും അക്രമികളെ തെരയുകയാണ്.

ഈ പ്രണയബന്ധത്തെ തുടക്കം മുതല്‍  വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ശങ്കറിന്റെ അച്ഛനും അമ്മയും ആയിരുന്നു അവര്‍ക്ക് അഭയം നല്‍കിയിരുന്നത്. ശങ്കര്‍ അവസാന വര്‍ഷം എഞ്ചിനീറിംഗ് വിദ്യാര്‍ത്ഥിയും കൗസല്യ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയും ആയിരുന്നു. പഠിപ്പു അവസാനിപ്പിക്കേണ്ടിവന്ന പെണ്‍കുട്ടി അടുത്തുള്ള ഷോപ്പിംഗ് മാളില്‍ ജോലിക്കു പോയിത്തുടങ്ങി. എന്നാല്‍ കൗസല്യയുടെ പിതാവ് നവദമ്പതികളെ നിരന്തരം വേട്ടയാടാന്‍ തുടങ്ങി. മടങ്ങിവന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് അയാള്‍ പലരേയും വിട്ട് മകളെ അറിയിച്ചു. പിതാവിന്റെ ഭീഷണി അസഹ്യമായപ്പോള്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് കൌസല്യ പൊലീസില്‍ പരാതി നല്‍കി. സ്റ്റേഷനില്‍ വിളിപ്പിച്ചു പൊലീസ് താക്കീത് നല്‍കി വിട്ടയച്ചെങ്കിലും അയാളുടെ വൈരാഗ്യം നാള്‍ക്ക് നാള്‍ വളരുകയായിരുന്നു. ഞായറാഴ്ച ഷോപ്പിംഗ് കഴിഞ്ഞുവരുന്ന വഴിക്ക് അവര്‍ പ്രതീക്ഷിച്ചിരുന്ന ആ ദുരന്തം സംഭവിച്ചു. മൂന്നു വാടകക്കൊലയാളികളെ വിട്ട് മകളേയും മരുമകനേയും കൗസല്യയുടെ പിതാവ് വെട്ടി നുറുക്കി.

സമൂഹം ഹൈടെക്കിന്റെ വിജയഗാഥകളിലൂടെ സഞ്ചരിക്കുമ്പോഴും ജാതിയുടേയും മതത്തിന്റേയും പേരിലുണ്ടാകുന്ന വേര്‍തിരിവുകളും വിവാദങ്ങളും തമിഴകത്ത് കെട്ടടങ്ങുന്നില്ല. അതുകൊണ്ടാണ് ഇവിടെ ദുരഭിമാന കൊലപാതകങ്ങള്‍ ദിനംതോറും പലരൂപത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതും. തമിഴകത്തെന്നല്ല, ഇന്ത്യയിലെങ്ങും ഏറ്റവുമധികം കോളിളക്കം സൃഷ്ടിച്ച ദുരഭിമാന കൊലപാതകമായിരുന്നു ഏതാനും വര്‍ഷം മുമ്പ് തെക്കന്‍ പ്രദേശമായ ധര്‍മ്മപുരിയില്‍ അരങ്ങേറിയത്. ആ പ്രണയത്തിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങിയത് ഒന്നുമറിയാത്ത പാവപ്പെട്ട കൂലിപ്പണിക്കാരായ ദളിതരും. നായ്ക്കന്‍കോട്ടയിലെ ദിവ്യ എന്ന സവര്‍ണപെണ്‍കുട്ടി (വണ്ണിയാര്‍) ഇളവരസന്‍ എന്ന ദളിത് പയ്യനെ പ്രേമിച്ചു തുടങ്ങിയതോടെയാണ് ദുരന്തകഥയുടെ ചുരുളുകള്‍ നിവര്‍ന്നത്. എതിര്‍പ്പ് ലംഘിച്ച് കാമികീകാമുകന്മാര്‍ അടുത്ത ക്ഷേത്രത്തില്‍ വിവാഹിതരായി. ദിവ്യയെ വിട്ടുകൊടുക്കണമെന്ന് ആവശ്യം  ഇളവരസന്‍ നിരസിച്ചു. പൊലീസ് ഫോഴ്‌സില്‍ ചേരാനുള്ള നടപടികള്‍ കഴിഞ്ഞു നില്‍ക്കുകയായിരുന്നു ഇളവരസന്‍. ദിവ്യയാകട്ടെ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയും. സമ്മര്‍ദ്ദം വര്‍ദ്ധിച്ചപ്പോള്‍ പൊലീസ് സഹായത്തോടെ പെണ്‍കുട്ടിയുമായി അയാള്‍ ഒളിവില്‍പ്പോയി. പെണ്‍കുട്ടിയുടെ അച്ഛന്‍ മനംനൊന്ത് ആത്മഹത്യചെയ്തതോടെ സവര്‍ണഗ്രാമങ്ങള്‍ കോപാവേശത്തിലായി. അയാളുടെ മൃതശരീരം ഏറ്റുവാങ്ങാന്‍പോലും അവര്‍ തയ്യാറായില്ല. അതോടെ സംഘര്‍ഷം മൂര്‍ച്ഛിച്ചു.

അടുത്ത ദിവസം വൈകുന്നേരം 1800 ഓളം വരുന്ന സവര്‍ണയുവാക്കള്‍ നായ്ക്കന്‍കോട്ട, അണ്ണാനഗര്‍ കോളനി, കൊണ്ടപ്പട്ടി, നാതം, മറവാടി തുടങ്ങിയ ദളിത് ഗ്രാമങ്ങളില്‍ പെട്രോള്‍ ബോംബുകളും മറ്റ് മാരകായുധങ്ങളുമായി കടന്നുകയറി. 270 കുടിലുകളും അതിനകത്തെ സര്‍വസാധനങ്ങളും 50 ഇരുചക്രവാഹനങ്ങളും രണ്ടു കാറുകളും 200 ല്‍ അധികം സൈക്കിളുകളും അക്രമികള്‍ അഗ്നിക്കിരയാക്കി. 1700 ല്‍ അധികം ദളിതരാണ് അക്രമങ്ങള്‍ക്ക് ഇരയായത്. ദളിതരുടെ പ്രധാന ക്ഷേത്രത്തില്‍ നിന്നു രണ്ടുകിലോ സ്വര്‍ണവും മൂന്നുകിലോ വെളളിയും അവര്‍ കൊള്ളയടിച്ചു. അക്രമത്തില്‍ മൂന്നരക്കോടിയോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് ധര്‍മ്മപുരി കളക്ടര്‍ അറിയച്ചപ്പോഴാണ് ദുരന്തങ്ങളുടെ ഭീകരത പുറംലോകം അറിയുന്നത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് 500 പേര്‍ക്കെതിരെ കേസ്സെടുത്തു. എന്നാല്‍ ദളിതര്‍ക്ക് നേരേയുള്ള ഇത്തരം മൃഗീയമായ ക്രൂരതകള്‍ നടന്നിട്ടും തമിഴകത്തെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളൊന്നും പ്രതികരിച്ചില്ല. ഏറെ താമസിയാതെ ഇളവരസന്‍ കൊല്ലപ്പെട്ടു. ദിവ്യ അനാഥയായി.


ഇളവരസനും ദിവ്യയും

പാവപ്പെട്ട ദളിതരെ നഷ്ടപ്പെട്ടാലും സമ്പന്നരായ തേവന്മാരും വണ്ണിയാന്മാരും നഷ്ടപ്പെടാന്‍ പാടില്ല എന്ന സിദ്ധാന്തമായിരുന്നു ഇവിടത്തെ പ്രബല രാഷ്ട്രീയ കക്ഷികള്‍ക്ക്. അന്ന് അക്രമംവഴി ഉണ്ടായ നഷ്ടം 3. 6 കോടിയാണെന്ന് ജില്ലാ ഭരണകൂടം കണക്കാക്കിയിരിക്കുന്നു. 268 വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ നശിച്ചെന്നാണ് അവരുടെ കണക്കുകള്‍. 522 കുടുംബങ്ങളിലെ 1200 പേര്‍ ഭവനരഹിതരായി.

ജാതിവിട്ടു നടക്കുന്ന വിവാഹങ്ങള്‍ പലതും തെക്കന്‍ ഗ്രാമങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്.  തങ്ങളുടെ വീടുകളില്‍ നിന്ന് പ്രേമത്തിന്റെ ‘പാശമലരുക’ളായിട്ടാണെങ്കില്‍പോലും പെണ്‍കുട്ടികള്‍ ദളിത് യുവാക്കളോടൊപ്പം ഇറങ്ങിപ്പോകുന്നതു കാണാനുള്ള സഹനശക്തി സവര്‍ണര്‍ക്കില്ല. ലോകം വളരെ മാറിയിട്ടും അവരിന്നും സങ്കുചിത മനസ്സുകളെ താലോലിക്കുന്നവരാണ്. കൊങ്കു വെള്ളാള ഗൗണ്ടര്‍ പേരവൈക്ക് ശേഷം ഈ വിഷയത്തില്‍ വ്യാകുലപ്പെടുന്നത് കൊങ്കുനാട് മുന്നേറ്റകഴകം (കെഎംകെ) എന്ന ജാതിസംഘടനയാണ്. ജാതിവിട്ടുളള മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ പാടില്ല എന്ന പ്രസ്താവനയുമായി ഈ ജാതിസംഘടന രംഗത്തുവന്നത് ധര്‍മ്മപുരി സംഭവത്തിന്റെ മൂന്നാംനാളാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നൂറു കണക്കിനു ആത്മഹത്യകളില്‍ അധികവും ദുരഭിമാനക്കൊലകളായിലുന്നു എന്ന് എവിഡന്‍സ് എന്ന സംഘടന വെളിപ്പെടുത്തുന്നു.

സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍ 76 ഉപവിഭാഗങ്ങളാണുള്ളത്. പിന്നാക്ക വിഭാഗത്തില്‍ ഇരുനൂറിലധികം സമുദായങ്ങളുണ്ട്. 1960 കള്‍ മുതല്‍ ദ്രാവിഡ കക്ഷികളില്‍ കൂടുതലും പിന്നാക്ക സമുദായക്കാരായിരുന്നു. അതായത് ജനസംഖ്യയുടെ ഏതാണ്ട് 70 ശതമാനം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും നേട്ടമുണ്ടായതും പിന്നാക്കസമുദായക്കാര്‍ക്കായിരുന്നു. എന്നാല്‍ 22 ശതമാനമുള്ള ദളിതരാകട്ടെ എല്ലാ കാര്യത്തിലും പിന്നിലായിരുന്നു. അതിനാല്‍ പലതരത്തിലും പിന്നാക്കസമുദായക്കാര്‍ ദളിതരെ പുറംതള്ളിയാണ് സമൂഹത്തില്‍ മുന്നേറിയത്. മാത്രമല്ല, തമിഴ്‌നാട്ടിലെ 7000 ഗ്രാമങ്ങളില്‍ ഇന്നും തൊട്ടുകൂടായ്മ പലവിധത്തില്‍ നിലനില്‍ക്കുന്നുണ്ട്.

നിയമങ്ങള്‍ കൊണ്ടുവന്നാലും ജനങ്ങളുടെ വിശ്വാസങ്ങള്‍ മാറാത്ത സ്ഥിതിക്ക് ദുരഭിമാന കൊലപാതകങ്ങള്‍ അനുഷ്ഠാനമായി തുടരുമെന്നുതന്നെയാണ്  സാമൂഹ്യശാത്രജ്ഞരും സാമൂഹ്യപ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്. ഇത്തരം വിശ്വാസങ്ങള്‍ക്ക് കുടപിടിക്കുന്നതാകട്ടെ വോട്ടുബാങ്കില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന രാഷ്ട്രീയകക്ഷികളും. സവര്‍ണ യുവതിയെ ദളിതന്‍ ഇനിയും പ്രേമിക്കാം. പ്രണയം സാമൂഹ്യ യാഥാര്‍ത്ഥ്യമാണ്. ആര്‍ക്കുമതിനെ തടഞ്ഞുനിര്‍ത്താനാവില്ല. അപ്പോള്‍ ഇത്തരത്തിലുളള ദുരഭിമാന കൊലപാതകങ്ങള്‍ ഇനിയും ഉണ്ടാകില്ലെന്ന് ആരാണ് ഉറപ്പുകൊടുക്കുക?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍