UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തടവിലടക്കപ്പെട്ടത് 10 വര്‍ഷം; പീഡനത്തിന്റെ ഓര്‍മ്മകളുമായി രണ്ടു സ്ത്രീകള്‍

Avatar

അമാന്‍ഡ ബെറി, ജിന ഡി ജീസസ്, മേരി ജോര്‍ദാന്‍, കെവിന്‍ സുള്ളിവന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

അമാന്‍ഡ: എന്റെ അമ്മ മരിച്ചുവെന്ന് എനിക്ക് വിശ്വസിക്കാനാകുന്നില്ല. മൂന്നുവര്‍ഷം മുന്‍പ് തട്ടിക്കൊണ്ടുവന്നപ്പോള്‍ മുതല്‍ ഞാന്‍ ഈ വീട്ടില്‍ ഒരു തടവുകാരിയായി ചങ്ങലയില്‍ കിടക്കുകയാണ്. ഞാന്‍ ജീവനോടെയുണ്ടെന്ന് അറിയുകപോലും ചെയ്യാതെ എന്റെ അമ്മ മരിച്ചുവെന്നാണ് ഞാന്‍ ഇപ്പോള്‍ ടിവിയില്‍ കാണുന്നത്. അമ്മയ്ക്ക് വെറും നാല്‍പ്പത്തിമൂന്നു വയസ് മാത്രമായിരുന്നു. ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നുവെന്നാണ് അവര്‍ പറയുന്നത്. പക്ഷെ അവര്‍ ഹൃദയം തകര്‍ന്നു മരിച്ചെന്നാണ് എനിക്ക് തോന്നുന്നത്. 

എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിയുന്നില്ല. ഞാന്‍ രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്ന് ടിവിയിലെ വാര്‍ത്ത കാണുന്നു, എന്റെ അമ്മയുടെ ഒരു ചിത്രം കൂടി കാണിക്കുമോ എന്ന് നോക്കുന്നു. 

അയാള്‍ കതക് തുറന്നപ്പോള്‍ പുലര്‍ച്ചെയായിരുന്നു. 

അയാളുടെ കണ്ണുകളിലെ ആ നോട്ടം, എനിക്കറിയാം അയാള്‍ക്ക് എന്താണ് വേണ്ടതെന്ന്! എന്റെ അമ്മ മരിച്ചു, അയാള്‍ക്ക് ഇതാണോ ഇപ്പോള്‍ എന്നില്‍ നിന്ന് വേണ്ടത്? 

‘ഇത് ചെയ്യരുത്’, ഞാന്‍ പറഞ്ഞു. 

പക്ഷെ എനിക്കയാളെ തടയാന്‍ കഴിയില്ല. 

തട്ടിക്കൊണ്ടുപോയ ഏരിയല്‍ കാസ്‌ട്രോ എന്ന ക്ലീവ്‌ലാന്‍ഡ് സ്‌കൂള്‍ ബസ് ഡ്രൈവറുടെ നിരന്തര ലൈംഗികപീഡനങ്ങളുമായി അമാന്‍ഡ ബെറി പൊരുത്തപ്പെട്ടിരുന്നു. എന്നാല്‍ അമ്മയുടെ മരണം കേട്ടിരുന്ന ദിവസം 2006 മാര്‍ച്ച് മൂന്നിന് രാവിലെ കാസ്‌ട്രോയുടെ ഈ ആവശ്യം അവര്‍ക്ക് സഹിക്കാനായില്ല. 

കാസ്‌ട്രോയുടെ വീട്ടില്‍ അടച്ചുപൂട്ടപ്പെട്ട മറ്റു രണ്ടുപെണ്‍കുട്ടികള്‍ ജീന ഡെ ജീസസിനും മിച്ചെല്‍ നൈറ്റിനുമൊപ്പം ബെറി അവിടെനിന്ന് രക്ഷപ്പെടുന്നത് വീണ്ടും ഏഴു വര്‍ഷം കൂടി കഴിഞ്ഞാണ്. 2013 മേയ് ആറിന് ബെറി കതക് ചവിട്ടിത്തുറന്ന് ഒരു അയല്‍വാസിയുടെ ഫോണ്‍ എടുത്ത് ഒരു 911 ഓപ്പറേറ്ററോട് സംഭ്രമത്തോടെ പറഞ്ഞു: ‘എന്നെ സഹായിക്കൂ. ഞാന്‍ അമാന്‍ഡ ബെറിയാണ്!’ 

കാസ്‌ട്രോ അറസ്റ്റിലായി. കാസ്‌ട്രോയ്ക്ക് ലഭിച്ച ശിക്ഷ ലോകത്തിന് അയാളോടുള്ള വെറുപ്പിന്റെ സൂചനയായിരുന്നു: പരോള്‍ ഇല്ല, ആയിരം വര്‍ഷം തടവ്. അന്‍പത്തിമൂന്നാം വയസില്‍ തടവിന്റെ ഒരു മാസം കഴിഞ്ഞപ്പോള്‍ അയാള്‍ സെല്ലിനുള്ളില്‍ തൂങ്ങിമരിച്ചു. 

ഇപ്പോള്‍ ഇരുപത്തിയൊന്‍പതുകാരിയായ ബെറിയും ഇരുപത്തഞ്ചുകാരി ഡി ജീസസും തങ്ങളുടെ അനുഭവങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതുന്നു. അതില്‍ കാസ്‌ട്രോയുടെ വീട്ടിലെ അവരുടെ പത്തുവര്‍ഷത്തെ ജീവിതവും ജീവിതം തിരകെപ്പിടിക്കാനുമുള്ള ശ്രമങ്ങളുമാണ് വിഷയം. 

അവരുടെ അതിജീവനത്തിന്റെ കേന്ദ്രം ജോസലിന്‍ എന്ന ഒരു ചെറിയ കുട്ടിയാണ്. അമ്മ മരിച്ച അന്നുരാവിലെയാണ് ജോസലിനെ ഗര്‍ഭം ധരിച്ചതെന്നാണ് ബെറി കരുതുന്നത്. 2006ലെ ക്രിസ്തുമസ് ദിവസമാണ് അവള്‍ ജനിച്ചത്. ബെറിയെ ഒരു റേഡിയേറ്ററിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്ന ഒരു ഒടിഞ്ഞകട്ടിലില്‍ പ്ലാസ്റ്റിക് ഷീറ്റിലേയ്ക്കാണ് അവള്‍ ജനിച്ചുവീണത്. 

അവളുണ്ടായ നിമിഷം മുതല്‍ ജോസലിന്‍ ആ ഇരുണ്ട ഇടത്തിന് കുറച്ച് വെളിച്ചം കൊണ്ടുവന്നു. വളര്‍ന്നപ്പോള്‍ അവളാണ് പല തരത്തില്‍ അവരെയെല്ലാം രക്ഷപെടാന്‍ സഹായിച്ചത്. 

അമാന്‍ഡ: കുറച്ചുമണിക്കൂര്‍ മുന്‍പാണ് വേദന തുടങ്ങിയത്, അവ കൂടിവരികയാണ്. ഞാന്‍ ഒരു ആശുപത്രിയിലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. എന്നെ മാനസികമായി തയ്യാറെടുപ്പിക്കാന്‍ ഞാന്‍ ആഴ്ചകളായി ശ്രമിച്ചുവരികയാനെങ്കില്‍ ഇപ്പോഴും എനിക്ക് പേടിയുണ്ട്. 

പന്ത്രണ്ടരയായി, പാതിരാ കഴിഞ്ഞു, ക്രിസ്തുമസ് ആണ്. ഞാന്‍ ടിവി കണ്ടുകൊണ്ടിരിക്കുകയും അയാള്‍ എന്റെയരികില്‍ ഡൈനിംഗ് മുറിയിലെ അയാളുടെ കട്ടിലില്‍ കിടന്നുറങ്ങുകയുമാണ്. ഈയിടെയായി മിക്കരാത്രികളിലും ഞാന്‍ ഇവിടെയാണ് കിടന്നുറങ്ങുന്നത്. അയാള്‍ ആവശ്യപ്പെട്ടതാണത്, അയാളുടെ ആവശ്യം നടത്തുകയാണ് ഏറ്റവും എളുപ്പം. 

തൊട്ടടുത്താണ് ബാത്ത്‌റൂം. ഞാന്‍ ഗര്‍ഭിണിയായതുകൊണ്ടും ഇടയ്ക്കിടെ മൂത്രമൊഴിക്കേണ്ടിവരുന്നതുകൊണ്ടും അതൊരു സൗകര്യമാണ്. എന്നാല്‍ പല രാത്രികളിലും എന്നെ ചങ്ങലയഴിക്കാന്‍ മടിയുള്ളതുകൊണ്ടു അയാള്‍ എന്നോട് ബക്കറ്റില്‍ മൂത്രമൊഴിക്കാന്‍ പറയും. 

‘എണീക്കൂ, എനിക്ക് ബാത്ത്‌റൂമില്‍ പോകണം.’ ഞാന്‍ അയാളോട് പറഞ്ഞു. ‘എനിക്ക് നല്ല വേദനയുണ്ട്. 

അയാള്‍ മുരണ്ടുകൊണ്ടു അടുക്കളയില്‍ പോയി ചുവന്ന പ്രിങ്ങില്‍സ് പാട്ടയില്‍ നിന്ന് എന്റെ താക്കോല്‍ എടുത്തു. എന്റെ കാലിലെ ചങ്ങലയഴിച്ചു. ഈയിടെയായി ചങ്ങലയ്ക്ക് കനം കൂടിയതുപോലെ തോന്നും. അത് ഒരു ഒച്ചയോടെ നിലത്ത് അഴിഞ്ഞുവീണു. 

ചൂട് ഇട്ടിട്ടുണ്ടെങ്കിലും അടുക്കളയില്‍ റേഡിയേറ്റര്‍ ഇല്ലാത്തതുകൊണ്ടു മരവിക്കുന്ന തണുപ്പാണ്. ഞാന്‍ വേഗം തന്നെ ബാത്ത്‌റൂമിലേയ്ക്ക് നടന്നു. അയാള്‍ പാതിയുറക്കത്തില്‍ അവിടെ നില്‍ക്കുന്നുണ്ട്. അയാള്‍ക്ക് പേടിയുണ്ട്. ഞാന്‍ പ്രസവവേദനയിലാണെന്നാണയാള്‍ കരുതുന്നത്. 

‘നീ പ്രസവിക്കാന്‍ പോവുകയാണോ?’ അയാള്‍ ചോദിച്ചു. 

‘എനിക്കറിയില്ല,’ ഞാന്‍ പറഞ്ഞു. 

പിന്നെ ഞാന്‍ ഒരു പോപ്പ് ശബ്ദം കേട്ടു. അത് എന്നെ നടുക്കി. അയാളും അത് കേട്ടു. അല്‍പ്പം രക്തം വന്നത് ഞാന്‍ അയാളെ കാണിച്ചു. 

‘നിന്റെ വെള്ളം പോയതാണ് എന്നാണ് ഞാന്‍ കരുതുന്നത്’ അയാള്‍ പറഞ്ഞു. 

‘പക്ഷെ എനിക്ക് അങ്ങനെയൊന്നും തോന്നിയില്ല.’ 

എനിക്ക് കൂടുതല്‍ പേടിയായിത്തുടങ്ങി. എല്ലാം നന്നായില്ലെങ്കില്‍ ഞാന്‍ എന്തുചെയ്യും? അയാള്‍ എന്നെ ആശുപത്രിയില്‍ കൊണ്ടുപോകില്ല. എനിക്ക് ഇവിടെ കിടന്ന് മരിക്കേണ്ട. ശാന്തയായിരിക്കണം. 

‘എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷെ നീ പ്രസവിക്കാന്‍ പോവുകയായിരിക്കും’, അയാള്‍ പറഞ്ഞു. ‘നമുക്ക് മുകളില്‍ പോകാം.’ 

എന്റെ മുറിയില്‍ കിടന്ന് പ്രസവിക്കാന്‍ അയാള്‍ പറഞ്ഞു, കാരണം ആ മുറിയിലെ ജനലുകള്‍ കൂടുതല്‍ ഭദ്രമാണ്. പ്രസവവേദനയോ കുഞ്ഞിന്റെ കരച്ചിലോ അയല്‍വക്കത്തുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. 

അയാള്‍ പതിയെ എന്റെ കൂടെ മുകളിലേയ്ക്ക് നടന്നുവന്നു. ഞാന്‍ എന്റെ കട്ടിലില്‍ ഇരുന്നപ്പോള്‍ അയാള്‍ ജിനയുടെയും മിഷേലിന്റെയും മുറികള്‍ തുറന്നു. 

‘അമാന്‍ഡ പ്രസവിക്കാന്‍ പോവുകയാണ്’, അയാള്‍ മിേഷലിനോട് പറഞ്ഞു. 

എനിക്കിത് തനിയെ ചെയ്യാന്‍ പറ്റില്ല. എന്താണ് ചെയ്യേണ്ടതെന്ന് അയാള്‍ക്ക് അറിയുകയുമില്ല. എന്നാല്‍ തട്ടിക്കൊണ്ടുവരുന്നതിനു മുമ്പ് മിഷേല്‍ ഒന്ന് പ്രസവിച്ചതാണ്. അപ്പോള്‍ അവള്‍ക്ക് എന്താണ് സംഭവിക്കുക എന്നറിയാം. കുടുംബത്തില്‍ ആരുടെയോ പ്രസവത്തിനു അവര്‍ സഹായിച്ചിട്ടുമുണ്ട്. മാത്രമല്ല, എന്നെ സഹായിക്കാണമെന്ന് അയാള്‍ പറഞ്ഞാല്‍ അവള്‍ക്ക് മറുത്ത് പറയാനുമാകില്ല. 

അയാള്‍ ജിനയെ മുറിയില്‍ അടച്ചുവെച്ചു. 

തട്ടിന്‍മുകളില്‍ നിന്നു ഒരു പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുവന്ന് അയാള്‍ അത് കട്ടിലില്‍ വിരിച്ചു. അതിനു വെള്ള നിറവും നീലവരകളും നിറമുള്ള മീനുകളുടെ ചിത്രങ്ങളുമുണ്ടായിരുന്നു, ആ കട്ടില്‍ നിറഞ്ഞ് അത് കിടന്നിരുന്നു. 

ഓക്കേ, അയാള്‍ പറഞ്ഞു. ഇവിടെ കയറ്. 

അയാളുടെ കട്ടില്‍ ചീത്തയാക്കാതിരിക്കാനുള്ള വഴിയാണിത്. അത് അസുഖകരമാണ്, പക്ഷെ ഞാന്‍ വേദനയിലാണ്, വാദിക്കാന്‍ പോയില്ല. ഞാന്‍ എന്റെ ടീഷര്‍ട്ട് ഒഴിക്കെ ബാക്കി എല്ലാം അഴിച്ചു. തണുപ്പാണ്, പ്രത്യേകിച്ച് നഗ്‌നശരീരം പ്ലാസ്റ്റിക്കില്‍ കിടക്കുമ്പോള്‍. ഞാന്‍ വിറയ്ക്കുന്നു, എനിക്ക് നിസ്സഹായത തോന്നുന്നു. 

‘എനിക്ക് ഒരു സ്വെറ്റര്‍ തരാമോ?’ ഞാന്‍ ചോദിച്ചു. 

അയാള്‍ മറ്റൊരു മുറിയില്‍ പോയി ഒരു കറുത്ത സ്വെറ്റര്‍ കൊണ്ടുവന്നുതന്നു. വേദന തുടങ്ങിയിരുന്നു, ഇപ്പോള്‍ അതിനു മൂര്‍ച്ച ഏറി. 

അയാള്‍ ഒരു പഴയ ആട്ടക്കസേരയിലിരുന്ന് ഒരു മെഡിക്കല്‍ പുസ്തകം വായിക്കുകയാണ് ഗര്‍ഭത്തെ പറ്റിയും പ്രസവത്തെപ്പറ്റിയുമുള്ള ഭാഗങ്ങള്‍. 

വേദന കൂടും തോറും ഞാന്‍ അലറിക്കരഞ്ഞു. 

‘മിണ്ടാതിരിക്ക്!’ അയാള്‍ അലറി. ഇത്ര ഒച്ച വയ്ക്കരുത്!’ എനിക്ക് ഒരു ഷര്‍ട്ട് തന്നശേഷം അയാള്‍ പറഞ്ഞു, ‘ഇത് കടിച്ചുപിടിക്ക്.’ 

ഞാന്‍ അത് ചുരുട്ടി കടിച്ചുപിടിച്ച് ഒച്ച കുറച്ചു. ശ്വസിക്കാന്‍ പറ്റുന്നില്ല. തുണി എന്റെ വായിലിരുന്നു ഉണങ്ങി. ഞാന്‍ അയാളോട് ദാഹിക്കുന്നുവെന്ന് പറഞ്ഞു. 

ഐസ് കഷണങ്ങള്‍ നല്ലതാണ് എന്ന് വായിച്ചത് കൊണ്ടു അയാള്‍ അടുക്കളയില്‍ അതെടുക്കാന്‍ പോയി. അയാള്‍ പുറത്തിറങ്ങിയതും ഞാന്‍ കുട്ടിയെ പ്രസവിച്ചു. 

പിന്നീടുള്ള കുറച്ചുനിമിഷങ്ങള്‍ ഒരു മൂടലാണ്. ഞാന്‍ ബോധംകെട്ടുവെന്നാണ് ഞാന്‍ കരുതുന്നത്.

ജിന: ഞാന്‍ എന്റെ മുറിയില്‍ കേട്ടുകൊണ്ടിരിക്കുകയാണ്, അമാന്‍ഡയുടെ അലര്‍ച്ച കേട്ടു. ‘കുഞ്ഞിനു ശ്വാസമില്ല! കുഞ്ഞിനു ശ്വാസമില്ല! എന്തെങ്കിലും ചെയ്യ്!’ 

ഒരു നിമിഷം ഒച്ചയൊന്നുമില്ല, എനിക്ക് പേടിയായി. 

അതിനുശേഷം ഞാന്‍ ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു.


ജിന ഡി ജീസസ്, അമാന്‍ഡ ബെറി എന്നിവരുടെ ഒളിപാര്‍പ്പിടത്തിലെ കിടപ്പുമുറികള്‍

അമാന്‍ഡ: അയാള്‍ മുറിയില്‍ തിരിച്ചുവന്നപ്പോള്‍ കുഞ്ഞിനെ കണ്ടു. അയാള്‍ക്ക് ആവേശമായി. അയാളുടെ കണ്ണുകള്‍ വിടര്‍ന്നു. കുട്ടിയെ മെല്ലെ അയാള്‍ കൈയ്യിലെടുത്തു. 

‘ഞാന്‍ എടുക്കട്ടെ’, ഞാന്‍ പറഞ്ഞു. 

ഞാന്‍ എന്റെ കുഞ്ഞിനെ നെഞ്ചോടു ചേര്‍ത്ത് ആദ്യമായി അവളെ തൊട്ടു. എനിക്ക് അവളുടെ കുഞ്ഞ് മുഖം കണ്ട് വിശ്വസിക്കാനായില്ല. അവളുടെ കണ്ണുകള്‍ മിഴിഞ്ഞിരുന്നു. അവള്‍ വളരെ സുന്ദരിയാണ്. നിശബ്ദയും. സിനിമകളില്‍ നവജാതശിശുക്കള്‍ എപ്പോഴും കരച്ചിലാണ്. അവള്‍ പക്ഷെ ശാന്തയായി എന്റെ അരികില്‍ കിടക്കുന്നു. ഞാന്‍ അത്ഭുതത്തിലാണ്. ഞാന്‍ അവളുടെ കണ്ണിലേയ്ക്ക് നോക്കി. അവളെ മാത്രമേ എനിക്ക് കാണാന്‍ കഴിയുന്നുള്ളൂ. 

‘പൊക്കിള്‍ക്കൊടി മുറിക്ക്’, അയാള്‍ പറഞ്ഞു. 

ഞാന്‍ മാസികകളില്‍ നിന്ന് പടങ്ങള്‍ വെട്ടിയെടുക്കാന്‍ ഉപയോഗിച്ചിരുന്ന ചെറിയ കത്രിക അയാള്‍ എന്റെ കയ്യില്‍ തന്നു. 

‘ഇല്ല, എനിക്ക് പേടിയാണ്,’ ഞാന്‍ പറഞ്ഞു. ഞാന്‍ ചെയ്യുന്നത് അവളെ വേദനിപ്പിച്ചാലോ?’ 

ഇല്ല, അയാള്‍ നിര്‍ബന്ധിച്ചു, മുറിക്ക്!’ 

ഒടുവില്‍ ഞാന്‍ അത് ചെയ്യില്ല എന്ന് മനസിലായപ്പോള്‍ അയാള്‍ കത്രികയെടുത്ത് പൊക്കിള്‍ക്കൊടി മുറിച്ചു. അധികം വൈകാതെ മറുപിള്ള പുറത്തുവന്നു. 

എല്ലാവരും താഴെപ്പോയി വൃത്തിയാകണം എന്നയാള്‍ പറഞ്ഞു. കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ അയാള്‍ റേഡിയോ ഒച്ചകൂട്ടിവെച്ചു. ക്രിസ്തുമസ് പാട്ടുകളാണ്. 

ബാത്ത്‌റൂമിലേയ്ക്കിറങ്ങിയപ്പോള്‍ അയാളാണ് കുട്ടിയെ പിടിച്ചത്. എനിക്ക് വേദനയും നടുക്കവും ഉണ്ട്. ഞാനും കുട്ടിയും അയാളോടൊപ്പം ടബ്ബില്‍ കയറാന്‍ അയാള്‍ ആവശ്യപ്പെട്ടു. ഇടയില്ലെങ്കിലും ഞങ്ങള്‍ എങ്ങനെയൊക്കെയോ അതില്‍ കൊണ്ടു. അയാള്‍ അവളുടെ കുഞ്ഞ് ശരീരം കഴുകുകയാണ്. 

‘അവള്‍ എന്ത് ചെറുതാണ്’ അയാള്‍ പറഞ്ഞു. ‘അവളെ നോക്കുമ്പോള്‍ നല്ല ശ്രദ്ധ വേണം.’ 

അയാളുടെ കണ്ണിലെ നോട്ടം അത്ഭുതകരമാണ്. അയാള്‍ ഈ ചെറിയ കുട്ടിയുമായി ഇപ്പോള്‍ തന്നെ വളരെ സ്‌നേഹത്തിലാണ്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അയാളുടെ ജീവിതത്തില്‍ അധികം നല്ലത് നടന്നിട്ടില്ല. അയാളുടെ തന്നെ കുറ്റമാണ്. പക്ഷെ ചിലപ്പോള്‍ എനിക്ക് തോന്നും ഞങ്ങളെപ്പോലെ അയാളും ഈ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണെന്ന്. അയാളും കാമുകിയുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വേര്‍പിരിഞ്ഞു. അയാള്‍ക്ക് അയാളുടെ ജോലി ഇഷ്ടമല്ല. അയാള്‍ ഞങ്ങളോട് ചെയ്തത് അറിഞ്ഞാല്‍ ജീവിതകാലം മുഴുവന്‍ അയാള്‍ ജയിലിലുമായിരിക്കും. ഇപ്പോള്‍ അയാള്‍ ഈ മനോഹരമായ കുഞ്ഞിന്റെ എടുത്തുകൊണ്ടു ഇരിക്കുകയാണ്. അവള്‍ മുഴുവന്‍ നന്മയാണ്, അയാള്‍ സന്തോഷവാനും. അയാളുടെ ജീവിതത്തിന് അവള്‍ പുതിയ അര്‍ഥം നല്‍കുകയാണെന്ന് തോന്നി. 

കുട്ടിയെ കിടത്താന്‍ അയാള്‍ ഒരു ബ്രൗണ്‍ കാര്‍ഡ്‌ബോര്‍ഡ് കൂട് കണ്ടെത്തി. ഞങ്ങള്‍ അതില്‍ കുറച്ച് ടവലുകലും ഒരു കൊച്ചു തലയണയുമിട്ട് അത് കട്ടിലിനരികില്‍ വെച്ചു. അയാള്‍ അതിനരികില്‍ കിടന്നു. അയാള്‍ ചിരിക്കുകയാണ്. അയാളെ ഇത്ര സന്തോഷവാനായി കണ്ട ഓര്‍മ്മ എനിക്കില്ല. 

അവള്‍ക്ക് ഡയപ്പര്‍ വേണം, ഞാന്‍ പറഞ്ഞു. 

അയാള്‍ പുറത്തുപോയി കുറച്ചു നിമിഷങ്ങള്‍ കഴിഞ്ഞ് ഒരു കത്രികയും കുറെ വെളുത്ത സോക്‌സുമായി വന്നു. അയാള്‍ അത് വെട്ടി അതില്‍ രണ്ട് തുളയിട്ട് അവളുടെ കാല്‍ അതിലൂടെ കടത്തി. അതായിരുന്നു അവളുടെ ആദ്യഡയപ്പര്‍. 

പിന്നെ അയാള്‍ ഒരു സോക്‌സ് എടുത്ത് തല കടക്കാന്‍ ഒരു വലിയ തുളയിട്ടു. കൈകള്‍ക്ക് രണ്ടുചെറിയ തുളകളും. ഞങ്ങള്‍ അത് അവളെ അണിയിച്ചു. ഒരു കൊച്ചുടുപ്പ് പോലെ. 

അതാണ് അവളുടെ ആദ്യ ഉടുപ്പ്. 

ഒരു ദിവസം ഞാന്‍ അവള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ വിശദീകരിക്കേണ്ടിവരും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍