UPDATES

യാത്ര

നെഹ്രു ആയിരുന്നെങ്കില്‍ മണിലാലിന് ഭാരതരത്ന കൊടുത്തേനെ

Avatar

മാങ്ങാട് രത്നാകരന്‍

ഒരു വര്‍ഷം മുമ്പു മാത്രം ശ്രേഷ്ഠഭാഷാ പദവിയിലെത്തിയ നമ്മുടെ മലയാള ഭാഷയ്ക്ക് ആദ്യമായി അച്ചടിമഷി പുരണ്ടത്, 336
വര്‍ഷം മുമ്പ് അന്നത്തെ മലബാറില്‍ നിന്ന് 9200 കിലോമീറ്റര്‍ അകലെയുള്ള ആംസ്റ്റര്‍ഡാമിലാണ്. യാത്രികന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആംസ്റ്റര്‍ഡാമിലെ സെന്‍ട്രാല്‍ സ്റ്റേഷനില്‍ ചെന്നിറങ്ങിയപ്പോള്‍, ആചാരങ്ങളില്‍ വിശ്വാസമില്ലാതിരുന്നിട്ടും, ആദ്യം ചെയ്തത് ആ മണ്ണ് തൊട്ട് നെറ്റിയില്‍ വയ്ക്കുകയായിരുന്നു. നമ്മുടെ സ്വപ്നഭാഷ ആദ്യമായി മുദ്രണം ചെയ്ത നഗരമേ നന്ദി. മനസ്സില്‍ പറഞ്ഞിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍, അന്ന് മലബാറായിരുന്ന കേരളത്തിന്റെ സസ്യസമ്പത്തിനെപ്പറ്റി 12 വാള്യങ്ങളായി പുറത്തിറങ്ങിയ ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന മഹാഗ്രന്ഥത്തിലാണ് മലയാളം ആദ്യമായി അച്ചടിക്കപ്പെട്ടത്. അന്ന് കൊച്ചി ഗവര്‍ണറായിരുന്ന ഹെന്‍ട്രിക്  വാന്‍ റീഡ്, ഇട്ടി അച്യുതന്‍ എന്ന മഹാവൈദ്യന്റെ സഹായത്തോടെ തയ്യാറാക്കി ലാറ്റിനില്‍ അച്ചടിച്ച മലബാറിന്റെ പൂന്തോട്ടം എന്ന് വിവര്‍ത്തനം ചെയ്യാവുന്ന ഗ്രന്ഥത്തില്‍. ഈ വിശിഷ്ടഗ്രന്ഥവും യാത്രയും തമ്മിലെന്ത്? യാത്ര ഇപ്പോള്‍ ഇരിക്കുന്നത് കാട്ടുങ്ങല്‍ സുബ്രഹ്മണ്യന്‍ മണിലാല്‍ എന്ന കെ.എസ്.മണിലാലിന്റെ വീട്ടിലാണ്. ഹോര്‍ത്തൂസിന്റെ മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രത്തില്‍ ആ ബൃഹത്ത് ഗ്രന്ഥത്തിന്റെ  12 വാല്യങ്ങളും ലാറ്റിനില്‍ നിന്നും ഇംഗ്ലീഷിലേക്കും ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്കും എത്തിച്ച ഒരു വ്യക്തിയുടെ മുന്നില്‍. ഒരു അത്ഭുതദൃശ്യത്തിന് സാക്ഷിയാവുന്നതുപോലെ യാത്രികന്‍ അദ്ദേഹത്തെ കുറേനേരം നോക്കിനിന്നു. രോഗങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. ഓര്‍മ്മകള്‍ പലപ്പോഴും കൂടുവിട്ടു പറന്നുപോകുന്നു. അഭിമുഖത്തിന് ഇരുന്നുകൊടുക്കാറില്ല. വയ്യാത്തതുകൊണ്ടാണ്. ഓര്‍മ്മയില്‍ നില്‍ക്കുന്നില്ല. താങ്കളുടെ അമിതമായ താല്‍പ്പര്യത്തിന് വഴങ്ങി വന്നോളൂ എന്ന് പറഞ്ഞതാണ്. പുഞ്ചിരിയോടെ മുറഞ്ഞ വാക്യങ്ങളില്‍ അദ്ദേഹം പറഞ്ഞു. ഹോര്‍ത്തൂസിനെ എങ്ങനെ കണ്ടെത്തി. യാത്രികന്‍ ചോദിച്ചു.  

കെ.എസ്.മണിലാല്‍: അച്ഛന്‍ ഒരുപാട് ആര്‍ട്ടിക്കിള്‍സ് ഒക്കെ വായിക്കാറുണ്ടായിരുന്നു. ഇന്ററസ്റ്റിംഗ് ആയിട്ടുള്ള ആര്‍ട്ടിക്കിള്‍സ് ഒക്കെ കട്ട് ചെയ്ത് വയ്ക്കാറുണ്ട്. അതില്‍ നിന്നാണ് ആദ്യമായിട്ട് ഞാന്‍ ഹോര്‍ത്തൂസിനെപ്പറ്റി കേട്ടത്. ഞാന്‍ 1958ല്‍ എം.എസ്.സിക്ക് പഠിച്ചത് സാഗര്‍ യൂണിവേഴ്‌സിറ്റിയിലാണ്. അവിടെ നിന്ന് സ്റ്റഡീ ടൂറിന് പോയപ്പോള്‍ ആദ്യം ഡെറാഡൂണില്‍ പോയി. അവിടെ ഒരു ഫോറസ്റ്റ് കോളേജുണ്ടായിരുന്നു. പെട്ടെന്ന് സ്‌ട്രൈക്കിംഗ് ആയിട്ട് തോന്നിയ ഒരു പുസ്തകം. 12 വാള്യങ്ങളുള്ള ഡബിള്‍ ഫോളിയോ സൈസിലുള്ള  പുസ്തകമായിരുന്നു. അപ്പോള്‍ ഇത് എന്ത് സംഗതിയെന്ന് നോക്കിയപ്പോള്‍ ഹോര്‍ത്തൂസ് മലബാറിക്കസ്. മലയാളത്തില്‍ എല്ലാത്തിന്റെയും പേരുകളുണ്ട്. അതാണ് എനിക് കൂടുതല്‍ ഇന്ററസ്റ്റിംഗ് ആയി തോന്നിയത്.

കെ.എസ്.മണിലാലിന്റെ അമ്മ കെ.കെ.ദേവകി വലിയൊരു വായനക്കാരിയായിരുന്നു. ഒരിക്കല്‍ ഹോര്‍ത്തൂസിനെ കുറിച്ച് പരാമര്‍ശമുള്ള ഒരു ലേഖനം വായിച്ചിട്ട, എഴുതുന്നെങ്കില്‍ ഹോര്‍ത്തൂസിനെപ്പോലുള്ള ഒരു പുസ്തകം എഴുതണമെന്ന് അമ്മ പറഞ്ഞത് മനസ്സില്‍ ഒരു ഒഴിയാബാധപോലെ കിടന്നു. 1958ല്‍ ഡെറാഡൂണ്‍ ലൈബ്രറിയില്‍ നിന്നും ഹോര്‍ത്തൂസിന്റെ കുറിപ്പുകള്‍ എടുത്തുതുടങ്ങിയ ആ ദൗത്യം നീണ്ട അമ്പതുവര്‍ഷത്തെ പഠനമനനങ്ങള്‍ക്കുശേഷം ഹോര്‍ത്തൂസ് മലബാറിക്കസിന്റെ ഇംഗ്ലീഷ് – മലയാളം വിവര്‍ത്തനങ്ങളില്‍ കലാശിച്ചു. ലാറ്റിന്‍ഭാഷയിലല്ലാതെ ഹോര്‍ത്തൂസിനുണ്ടാകുന്ന ആദ്യത്തെ വിവര്‍ത്തനങ്ങള്‍. മൂന്നു നൂറ്റാണ്ടിനിടെ യൂറോപ്പിലെ നൂറ്റമ്പതിലേറെ മുന്‍നിര ഗവേഷകര്‍ ഹോര്‍ത്തൂസുമായി മല്ലിട്ട് പരാജയപ്പെട്ടിടത്താണ് ഒറ്റയ്‌ക്കൊരു മനുഷ്യന്‍ ആ മഹാമേരുവിനെ കീഴടക്കിയത്. മാത്രമല്ല ആ ഗ്രന്ഥത്തില്‍ പറയുന്ന 791 സസ്യങ്ങളില്‍ ഒന്നൊഴികെ മുഴുവന്‍ സസ്യങ്ങളെയും ശേഖരിക്കുകയും തിരിച്ചറിയുകയും അവയെ മുഴുവന്‍ സസ്യശാസ്ത്രപരമായും ഭാഷാപരമായും വ്യാഖ്യാനിക്കുകയും ചെയ്തു അദ്ദേഹം. ആ അര്‍ത്ഥത്തില്‍ വിവര്‍ത്തനകൃതി എന്നതിലുപരി അത് മണിലാലിന്റെ ഹോര്‍ത്തൂസ് മലബാറിക്കസ് കൂടിയായി തീരുന്നു. 2008ല്‍ പുറത്തുവന്ന മലയാളം പതിപ്പിന്റെ പ്രവേശികയില്‍ മണിലാല്‍ ഇങ്ങനെ എഴുതി. ”ഈ മലയാളം പതിപ്പിന്റെ പ്രസിദ്ധീകരണം കൊണ്ട് ഒരു വൃത്തം പൂര്‍ത്തിയാക്കപ്പെടുകയാണ്.” മലയാളം – പോര്‍ത്തുഗീസ് – ഡച്ച് – ലാറ്റിന്‍ – ഇംഗ്ലീഷ് – മലയാളം എന്ന വൃത്തം പൂര്‍ത്തിയാകാന്‍ 330 വര്‍ഷം വേണ്ടിവന്നിരിക്കുന്നു. ആ വൃത്തം അഥവാ വിഷമവൃത്തം തരണം ചെയ്യാന്‍ തന്റെ ജീവിതത്തിന്റെ നീണ്ട 50 വര്‍ഷം അദ്ദേഹം സമര്‍പ്പിച്ചു. ഹോര്‍ത്തൂസിനെ തേടിയുള്ള യാത്ര ഒരു അപസര്‍പ്പകകഥയിലെന്നപോലെ ഉദ്വേഗജനകമായിരുന്നു. കേരളത്തില്‍ രണ്ടുപേരുടെ പക്കല്‍ മാത്രമേ കോപ്പിയുള്ളു. ചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടെ പക്കലും കോട്ടയം വയസ്‌ക്കര നാരായണന്‍ മൂസതിന്റെ പക്കലും എന്ന് സുകുമാര്‍ അഴീക്കോടില്‍ നിന്നറിഞ്ഞ് അങ്ങോട്ട് പോയി.  

കെ.എസ്.മണിലാല്‍: ആരെയും തൊടാന്‍ സമ്മതിക്കില്ല. അത്ര പ്രിഷ്യസ് ആയിട്ടാണ് സൂക്ഷിച്ചത്. ഞാന്‍ അവിടെ ചെന്ന് ഇതിനെപ്പറ്റി റിസര്‍ച്ച് ചെയ്യുന്ന ആളാണ്. ഇവിടുത്തെ യൂണിവേഴ്‌സിറ്റിയിലെ റീഡര്‍ ആണ്, അന്ന് ഞാന്‍ റീഡര്‍ ആണ്, എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ സന്തോഷമായി എല്ലാം എടുത്ത് കാണിക്കയൊക്കെ ചെയ്തു. അപ്പോള്‍ ഉള്ള വോള്യംസ്.. പത്തു വാള്യങ്ങള്‍ അവിടെയുണ്ടായിരുന്നു. അതെല്ലാം കണ്ടു. ഞാന്‍ അതിന്റെയെല്ലാം ഒരു കോപ്പി ചോദിച്ചു. മലയാളത്തില്‍ പേരുകളൊക്കെ എഴുതിയിരിക്കുന്നത് കോപ്പി ചെയ്താല്‍ തരക്കേടില്ല എന്ന് പറഞ്ഞു. ഓരോ പ്രാവശ്യവും കോട്ടയത്ത് പോകാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് കോപ്പിയെടുക്കാന്‍ സമ്മതിക്കാന്‍ പറ്റുമോയെന്ന് ചോദിച്ചു.. സ്റ്റഡിചെയ്യാനല്ലേ വിഷമമില്ലെന്ന് അദ്ദേഹം പറഞ്ഞു.   

ഒടുവില്‍ കോയമ്പത്തൂരില്‍ തമിഴ്‌നാട് കാര്‍ഷിക സര്‍വ്വകലാശാലയിലെ ലൈബ്രറിയിലേക്ക് എത്തിപ്പെട്ടു. അവിടെ ലൈബ്രറിയില്‍ ഹോര്‍ത്തൂസ് കാണാനില്ല. 

കെ എസ് മണിലാല്‍: ഒരു പ്രാവശ്യം അവിടെ ചെന്നപ്പോള്‍ ഞാന്‍ ബാത്ത്‌റൂമില്‍ പോകുന്ന സമയത്ത് കുറേ പുസ്തകങ്ങള്‍ ചവറുമാതിരി കൂട്ടിയിട്ടിരിക്കുന്നത് കണ്ടു. അപ്പോള്‍ അതിന്റെ കൂട്ടത്തില്‍ ഒരു വലിയ സൈസിലുള്ള പുസ്തകം കണ്ടു. അത് തുറന്നുനോക്കിയപ്പോള്‍ അതില്‍ 12 വാള്യംസും ഉണ്ട്. കുറേയൊക്കെ ചിതലൊക്കെ അരിച്ചുകളഞ്ഞെങ്കിലും 12 വോള്യംസ് മുഴുവനും അതിലുണ്ട്. അവരെന്താണെന്ന് വച്ചാല്‍ ഇതൊക്കെ പഴയ പുസ്തകങ്ങളാണ്, അതുകൊണ്ട് അതൊക്കെ ഒഴിവാക്കാന്‍ വേണ്ടിയിരിക്കയാണ്. അപ്പോള്‍ ഞാന്‍ അത് കളയരുതെന്നും, യൂസ്ഫുള്‍ ആയിട്ടുള്ള പുസ്തകമാണെന്നും നിങ്ങള്‍ക്ക് ആവശ്യമില്ലെങ്കില്‍ ഞങ്ങള്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത് ഏറ്റെടുത്തുകൊള്ളാം എന്നും പറഞ്ഞു… അപ്പോള്‍ ഏത് പുസ്തകമാണ് എന്നൊക്കെ പറഞ്ഞുകൊണ്ട് ലൈബ്രേറിയന്‍ എന്റെ കൂടെ വന്നു. ഞാന്‍ പറഞ്ഞു ഇത് ഹോര്‍ത്തൂസ് മലബാറിക്കസ് എന്ന റെയര്‍ ആയിട്ടുള്ള പുസ്തകമാണ്. അപ്പോള്‍ പുള്ളി പറഞ്ഞു. ഞങ്ങള്‍ ഇത് സൂക്ഷിച്ച് വച്ചുകൊള്ളാം… എന്നു പറഞ്ഞു… അതേസമയം മിണ്ടാതിരുന്നെങ്കില്‍ അത് നമുക്ക് കിട്ടിയേനേ…    

ഹോര്‍ത്തൂസ് വിവര്‍ത്തനത്തിനായി ലാറ്റിന്‍ ഭാഷ സംസാരിച്ചതിന്റെ കഥ മണിലാല്‍ ഒറ്റവാക്കില്‍ ഒതുക്കി.

കെ.എസ്.മണിലാല്‍: വേറെ നിവൃത്തിയില്ലാത്തോണ്ട് നേരെ പഠിക്കാന്‍ പോയി. 

ഹോര്‍ത്തൂസിന്റെ കഥയിയില്‍ തീരുന്നില്ല കെ.എസ്. മണിലാലിന്റെ  ജീവിതം. സൈലന്റ് വാലിയുടെ, നിശബ്ദയുടെ താഴ്‌വരയുടെ, യഥാര്‍ത്ഥ രക്ഷകരിലൊരാളാണ് മണിലാല്‍. സൈലന്റ് വാലിയില്‍ അണക്കെട്ട് പണിയാനായി വ്രതമെടുത്തിരുന്നവരുടെ സൈലന്റ് വാലിയിലേത് ഉഷ്ണമേഖലാ വനമല്ല എന്ന വാദം ഫ്‌ളോറ ഓഫ് സൈലന്റ് വാലി ട്രോപ്പിക്കല്‍ റെയിന്‍ ഫോറസ്റ്റ് ഓഫ് ഇന്ത്യ എന്ന പഠനഗ്രന്ഥം പൊളിച്ചടുക്കി. 134 കുടുംബങ്ങളില്‍പ്പെട്ട പുഷ്പിത സസ്യങ്ങളുടെ 966 ഇനങ്ങള്‍ സൈലന്റ് വാലിയില്‍ ഉണ്ടെന്ന് നാല് വര്‍ഷത്തെ പഠനത്തില്‍ മണിലാലും സംഘവും ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തു. ഈ പഠനമാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെട്ടതും, അവര്‍ അണക്കെട്ട് പണിയാനുള്ള അനുമതി നിഷേധിക്കാന്‍ ഇടയാക്കിയതും. ഈ നിത്യഹരിതവനം ഇന്നും നിലനില്‍ക്കുന്നതില്‍ ഈ ഭൂമി പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ഈ മനുഷ്യനോടാണ്. കെ.എസ്.മണിലാലിനെക്കുറിച്ച് യാത്രികന് കാര്യമായൊന്നും അറിയുമായിരുന്നില്ല. ഒരു വര്‍ഷം മുമ്പ് ഒരു പുസ്തകശാലയില്‍ നിന്ന് ‘ഹരിതഭൂപടം- കെ.എസ്.മണിലാലും ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാം പിറവിയും’ എന്ന പുസ്തകം വാങ്ങി ചൂടോടെ വായിച്ചപ്പോള്‍ അത്ഭുതകരമായ ഒരു പ്രപഞ്ചം യാത്രികന് മുന്നില്‍ നിറഞ്ഞു. ജോസഫ് ആന്റണി എന്ന ശാസ്ത്രതത്പരനായ പത്രപ്രവര്‍ത്തകന്‍ എഴുതിയ പുസ്തകമായിരുന്നു അത്, ജോസഫ് ആന്റണിയെ തേടിപ്പിടിച്ചു, അഭിനന്ദിച്ചു. 

ബെസ്റ്റ് ഓഫ് അഴിമുഖം 

തീയില്‍ കുരുത്ത ജീവിതം-അജിതയിലേക്ക് മാങ്ങാട് രത്നാകരന്‍ നടത്തുന്ന യാത്ര
ഇതാ ഒരു സ്ഥലനാമധാരി- മാങ്ങാട് രത്നാകരന്‍റെ യാത്രയില്‍ എം.എന്‍. കാരശ്ശേരി
വായനക്കാരന്‍ എം ടി: മാങ്ങാട് രത്‌നാകരന്‍റെ യാത്രയില്‍ എം ടി വാസുദേവന്‍ നായര്‍- ഭാഗം1
മഹാകവി പിയും കോഴിക്കോടും: എം ടി വാസുദേവന്‍ നായര്‍- മാങ്ങാട് രത്നാകരന്‍; ഭാഗം 2

ജോസഫ് ആന്റണി: അദ്ദേഹവുമായി ഇടപെഴകിയപ്പോള്‍ എനിക്ക് തോന്നിയ ഒരു വികാരമെന്തെന്ന് ചോദിച്ചാല്‍, സാധാരണ മലയാളികളിലോ മലയാളി പണ്ഡിതന്‍മാരിലോ കാണാത്ത ഒരു പ്രത്യേകത അദ്ദേഹത്തില്‍ ഞാന്‍ കണ്ടത് കാര്യങ്ങളെപ്പറ്റിയുള്ള അങ്ങേയറ്റത്തെ അവഗാഹവും അതേ സമയം ലാളിത്യവും. വളരെ പരസ്പര ബഹുമാനത്തോടുകൂടി, വന്നിരിക്കുന്ന ആളോട് അത്രമാത്രം സ്‌നേഹത്തോടുകൂടി പെരുമാറുന്ന വിശിഷ്ട വ്യക്തിത്വമെന്ന ഒരു ഫീലിംഗാണ് എനിക്കുണ്ടായത്. അപ്പോള്‍ ഞാന്‍ എഴുതിക്കൊണ്ടിരുന്നത് ആധുനിക ശാസ്ത്രജ്ഞന്‍മാരെപ്പറ്റിയുള്ള ഒരു ബുക്കാണ്. ആ ബുക്കില്‍ ഇദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്തേണ്ടതല്ലേയെന്ന തോന്നല്‍ എനിക്കുണ്ടായി. അത് ഞാന്‍ അദ്ദേഹവുമായി പങ്കുവച്ചപ്പോള്‍ അദ്ദേഹം എന്നെ നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്. സാധാരണഗതിയില്‍ ആരും അങ്ങനെ ചെയ്യാറില്ല. പക്ഷേ അദ്ദേഹം പറഞ്ഞു, ഓ അതിനും മാത്രമൊക്കെ ഉണ്ടോ ഞാന്‍… എന്ന് പറഞ്ഞ് അതില്‍ നിന്നും നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്. അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, കുറച്ചുകാലം കഴിഞ്ഞിട്ട്, ഒരു തലമുറ കഴിഞ്ഞിട്ട് കെ.എസ്. മണിലാല്‍ എന്നയാള്‍ ആരാണെന്ന് തേടിപ്പോകുന്ന ഒരാള്‍ക്ക് ഒരു പക്ഷേ ഞാനിങ്ങനെ കുറിച്ചുവച്ചിരിക്കുന്നത് പ്രയോജനപ്പെട്ടേക്കും. ആ ഒരു ആംഗിളില്‍ വന്നപ്പോള്‍ കുറച്ചു വിഷമത്തോടെയാണെങ്കിലും സഹകരിക്കാം എന്ന് പറഞ്ഞ് സമ്മതിക്കുകയായിരുന്നു.

ജോസഫ് ആന്റണിയുടേത് ശ്രമകരമായ ഒരു ദൗത്യമായിരുന്നു. കെ.എസ്.മണിലാലിന്റെ അതുല്യമായ ജീവിതത്തിന്റെ നാള്‍വഴിയൊരുക്കുക എന്ന ദൗത്യം, അതിന്റെ പ്രാധാന്യം പുനഃസ്ഥാപിക്കുക എന്ന ദൗത്യം. 

ജോസഫ് ആന്റണി: ഓരോ സിറ്റിംഗിലും ഒരു രണ്ടുമണിക്കൂറോ മൂന്നു മണിക്കൂറോ അദ്ദേഹം എന്നോട് ഹോര്‍ത്തൂസിന്റെ കഥ പറയാനുണ്ടാകും. അതെങ്ങനെ രണ്ടാമത് പിറന്നു എന്ന കഥ പറഞ്ഞുവന്നപ്പോള്‍ എനിക്ക് തോന്നി. ഒരു അദ്ധ്യായമായി എന്റെ പുസ്തകത്തില്‍ തീരേണ്ട കാര്യമല്ല, ഇതൊരു വലിയ ഐതിഹാസിക ശ്രമമാണ്. ഒരു മനുഷ്യന്‍, ഒരു മലയാളിയായ കേരളത്തിലൊക്കെ അധികമൊന്നും നമ്മള്‍ കണ്ടു പരിചയില്ലാത്ത തരത്തില്‍ അറിവിനുവേണ്ടി വിജ്ഞാനത്തിനുവേണ്ടി നടക്കുന്ന ഒരു മനുഷ്യന്റെ വല്ലാത്ത ഒരു പ്രയത്‌നം ഇതിനകത്തുണ്ട്. അത് ചെറിയ പ്രയത്‌നമല്ല, പതിറ്റാണ്ടുകള്‍ നീണ്ട പ്രയത്‌നം. ആ ഒരു തിരിച്ചറിവാണ് അദ്ദേഹത്തോടു പോലും പറയാതെ ഇതൊരു പുസ്തകമാക്കുക എന്ന ലക്ഷ്യത്തിലെത്തിയത്. അങ്ങനെയാണ് ഞാന്‍ ഹരിതഭൂപടം എന്ന പുസ്തകം എഴുതിത്തുടങ്ങിയത്. ഒരു ഒന്നരവര്‍ഷത്തെ ശ്രമമാണ് എന്റെ കാര്യത്തിലുണ്ടായത്. പക്ഷേ, ഒരു മനുഷ്യന്‍ അമ്പതുവര്‍ഷമെടുത്ത ഒരു പ്രയത്‌നത്തിന്റെ കഥയെടുക്കാന്‍ എനിക്കൊരു ഒന്നരവര്‍ഷമേ വേണ്ടിവന്നുള്ളു. അദ്ദേഹം അമ്പത് വര്‍ഷം കൊണ്ടാണ് ഈ പുസ്തകത്തെ വായനക്കാരിലെത്തിച്ചത്. ഗ്രീക്ക് പുരാണത്തില്‍ പറയുന്ന പ്രൊമിത്യൂസിന്റെ കഥയോട് സാമ്യമുള്ള ഒരു കഥയാണ് അദ്ദേഹത്തിന്റേത്. അഗ്നികൊണ്ടു വന്ന്, അറിവുകൊണ്ട് വന്ന് മനുഷ്യനുകൊടുക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട പ്രൊമിത്യൂസിനെപ്പോലെ.. അമ്പതുവര്‍ഷം സ്വന്തം ആരോഗ്യവും ബുദ്ധിയും പണവും സമ്പത്തും സമയവും എല്ലാം ഒരു പുസ്തകത്തിനുവേണ്ടി, അതും ആള്‍റെഡി ഉള്ള ഒരു പുസ്തകത്തിന് വേണ്ടി ഒരു മനുഷ്യന്‍ ചെലവഴിച്ചുവെന്ന് പറഞ്ഞാല്‍ സാധാരണഗതിയില്‍ മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. 

ഹോര്‍ത്തൂസിന്റെയും അതിന്റെ ഇംഗ്ലീഷ് മലയാളം പരിഭാഷകളുടെയും പ്രാധാന്യം മണിലാല്‍ എന്ന കര്‍മ്മയോഗിയെ പഠിച്ച ജോസഫ് പറഞ്ഞു. 

ജോസഫ് ആന്റണി: കേരളത്തിലെ നാട്ടുവഴി ചികിത്സാ സമ്പ്രദായത്തിന്റെ ഒരു പക്ഷേ ഏറ്റവും അധികാരികമായ പ്രാചീനരേഖയാണ് ഹോര്‍ത്തൂസ് മലബാറിക്കസ്. ഹോര്‍ത്തൂസിനെ വേണ്ടവിധം മലയാളികള്‍ മനസ്സിലാക്കിയിട്ടില്ല. അതിന് പുനര്‍ജന്മം നല്‍കിയ മണിലാലിനെമാത്രമല്ല ഹോര്‍ത്തൂസിനെയും മലയാളികള്‍ വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. മൂന്നു നൂറ്റാണ്ട് മുമ്പ് കേരളത്തിലെ രോഗാതുരത എന്തായിരുന്നു. ഈ പുസ്തകത്തില്‍ പറയുന്ന എണ്ണൂറോളം സസ്യങ്ങളില്‍  559 സസ്യങ്ങള്‍ ഔഷധസസ്യങ്ങളാണ്. അതില്‍ 130 സസ്യങ്ങളുടെ ഔഷധഗുണങ്ങള്‍ ലോകത്ത് വേറൊരിടത്തും പരാമര്‍ശിച്ചിട്ടില്ല. ലോകത്തെ ഒരു ഗ്രന്ഥത്തിലും പരാര്‍ശിക്കപ്പെടുന്നില്ല. അദ്ദേഹം ഒരു പുസ്തകം വിവര്‍ത്തനം ചെയ്യുകയല്ല ചെയ്തത്. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പുസ്തകം വിവര്‍ത്തനം ചെയ്യുകയെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ ലാറ്റിന്‍ അറിയാവുന്ന ഒരാള്‍ക്ക് മെനക്കെട്ടിരുന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചെയ്യാവുന്ന ഒരു കാര്യമാണ്. അദ്ദേഹം ചെയ്തത് ഇതിനകത്ത് പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഓരോ സസ്യങ്ങളെയും വീണ്ടും കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യം. അതിനുവേണ്ടി മാത്രം 27 വര്‍ഷം അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നു. അതിന്റെ കോപ്പിയെടുക്കാന്‍ മാത്രം അന്ന് അഞ്ചേക്കര്‍ സ്ഥലം വാങ്ങാന്‍ വേണ്ടി നീക്കിവച്ചിരുന്ന പണം അദ്ദേഹത്തിന് ചിലവാക്കേണ്ടി വന്നു. അന്ന് ഫോട്ടോസ്റ്റാറ്റ് മെഷീനൊന്നുമില്ലല്ലോ.. 35 എം.എം.ഫിലിം ക്യാമറയുമായി അദ്ദേഹം പോയി ഓരോ പേജ് ബൈ പേജായി ഫോട്ടോയെടുത്തിട്ട് അതിന്റെ പ്രിന്റെടുത്താണ് അതിന്റെ കോപ്പി അദ്ദേഹം സ്വന്തമാക്കിയത്. 70 കളില്‍. അതു കഴിഞ്ഞാണ് ഇതിലെ സസ്യങ്ങളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.ആ ശ്രമത്തില്‍ ഏതാണ്ട് വിജയംവരിക്കുന്നതോടൊപ്പം തന്നെ,  ഇത് പതിനേഴാം നൂറ്റാണ്ടിലാണ് ആധുനിക ബോട്ടണിയുടെ പിതാവായി കരുതപ്പെടുന്ന ലെനിയസിന് മുമ്പുള്ള കാലഘട്ടത്തില്‍ എഴുതപ്പെട്ട പുസ്തകമാണ്. മൂന്നു നൂറ്റാണ്ടിന്റെ വളര്‍ച്ച ശാസ്ത്രത്തിനുണ്ട്. ആ മൂന്നു നൂറ്റാണ്ടിന്റെ വളര്‍ച്ച പ്രതിഫലിക്കത്തതരത്തില്‍ ഇതില്‍ കൊടുത്തിരിക്കുന്ന ഓരോ സസ്യത്തെയും അദ്ദേഹം പുനര്‍വിചിന്തനം നടത്തി. ഓരോസസ്യത്തെക്കുറിച്ചും ഏറ്റവും ആധുനികമായ വിവരങ്ങള്‍ വരെ കണ്ടെത്തി ഇതില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു. അങ്ങനെ മണിലാല്‍ എഴുതിയ പുസ്തകം യഥാര്‍ത്ഥത്തില്‍ ഫെന്‍ഡ്രിക് ആന്‍ഡ്രിയാന്‍ വാന്‍ റീഡ് എഴുതിയ ഹോര്‍ത്തൂസ് മലബാറിക്കസ് അല്ല ഇത് മണിലാലിന്റെ അദ്ധ്വാനത്തിന്റെ ഫലമാണ്. അതില്‍ ഒരു ഭാഗം വാന്‍ റീഡ് എഴുതിയ ലാറ്റിന്‍ഭാഷയിലെ പുസ്തകത്തില്‍ നിന്നും ട്രാന്‍സിലേറ്റ് ചെയ്തു എന്നു മാത്രം. ആ ബുക്ക് നോക്കിയാല്‍ മനസ്സിലാകും. അതിനകത്ത് ഓരോ സസ്യത്തെയും ശാസ്ത്രത്തില്‍ കഴിഞ്ഞ മൂന്നു നൂറ്റാണ്ടിനിടയില്‍ എങ്ങനെ വിശദീകരിച്ചിട്ടുണ്ട്. ഏതൊക്കെ ശാസ്ത്രീയ നിഗമനങ്ങള്‍ അതിന് വന്നിട്ടുണ്ട്, എന്തൊക്കെ പുതിയ ഉപയോഗങ്ങള്‍ അതിന് കണ്ടെത്തിയിട്ടുണ്ട്, എന്നൊക്കെയുള്ള മുഴുവന്‍ വിവരങ്ങളും ഡോക്ടര്‍ മണിലാല്‍ അതില്‍ ചേര്‍ത്തിട്ടുണ്ട്. എന്നുപറഞ്ഞാല്‍ ആധുനിക ലോകത്തെയും പ്രാചീനകാലത്തെയും കൂട്ടിയിണക്കുന്ന ഒരു പാലം പോലെയാണ് മണിലാലിന്റെ പുസ്തകം എന്ന് നമുക്ക് കാണാന്‍ പറ്റും. 

മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ നമുക്ക് എക്കാലവും അഭിമാനിക്കാവുന്ന ഒരു മഹാഗ്രന്ഥം ഇംഗ്ലീഷിലും മാതൃഭാഷയിലും സമ്മാനിച്ചു. നാം തിരിച്ച് എന്തു നല്‍കി. ജോസഫിന്റെ സ്വരത്തില്‍ ധാര്‍മ്മിക രോഷം തിളച്ചുപൊങ്ങിയിരുന്നു.

ജോസഫ് ആന്റണി: ഇന്നും പലരും, എനിക്ക് അറിയാവുന്ന പലരും വിശ്വസിക്കുന്നത് കേരള യൂണിവേഴ്‌സിറ്റിയില്ലായിരുന്നെങ്കില്‍ ഈ പുസ്തകം പബ്ലിഷ് ചെയ്യില്ലെന്നായിരുന്നു. കേരള യൂണിവേഴ്‌സിറ്റിക്ക് ഒരു റോയല്‍റ്റിയും അതായത് പ്രതിഫലവും കൂടാതെയാണ് അദ്ദേഹം ഈ പുസ്തകം വിട്ടുകൊടുത്തിരിക്കുന്നത്. തന്റെ അമ്പത് വര്‍ഷത്തെ ജീവിതത്തിന്റെ പ്രയത്‌ന ഫലം അദ്ദേഹം കൊടുത്തത് ഒരു പ്രതിഫലവുമില്ലാതെയാണ്. അതിന്റെ അച്ചടിക്കും മറ്റു കാര്യങ്ങള്‍ക്കു വേണ്ടിയുള്ള ക്ലറിക്കല്‍ വര്‍ക്കിന്… അതായത് ഡി.ടി.പിക്കും ഫോട്ടോക്കോപ്പിക്കുമൊക്കെയുള്ള ചിലവായ കാശ് അല്ലാതെ കൂടുതല്‍ കാശൊന്നും കൊടുത്തതായിട്ട് രേഖകളില്ല. അല്‍പ പ്രതിഭകളെ നമ്മള്‍ വളരെയേറെ കൊണ്ടാടും. നമ്മുടെ വിജ്ഞാനമണ്ഡലത്തെ വികസിപ്പിക്കാനോ നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിനെ അടയാളപ്പെടുത്താനോ സ്വാധീനിക്കാനോ ശ്രമിക്കാതെ വളരെ ശുഷ്‌കമായ കാര്യങ്ങള്‍ ചെയ്തവരെയൊക്കെ നമ്മള്‍ വലിയ അവാര്‍ഡുകളും വലിയ ബഹുമതികളും കൊടുത്താദരിക്കും. മണിലാലിനെപ്പോലുള്ള ആളുകളെ നമ്മള്‍ കണ്ടതായി പോലും നടിക്കില്ല. അതാണ് നമ്മുടെ ഒരു സ്ഥിതി. ഇത് കേരളത്തിലെ സസ്യങ്ങളെപ്പറ്റിയുള്ള വിവരമാണ്.. കേരള ചരിത്രത്തെപ്പറ്റിയുള്ള വിവരമാണ്… കേരളത്തിന്റെ സംസ്‌കാരത്തെപ്പറ്റിയുള്ള വിവരമാണ്…. എന്നിട്ടും അത് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ ഒരു പൈതൃകത്തിന്റെ ഭാഗമായി ഉണ്ടായി എന്നതിനാല്‍ ഡച്ചുകാര്‍ക്ക് ഇപ്പോഴും ആ പുസ്തകത്തോടും അവരു ചെയ്ത വര്‍ക്കിനോടും ബഹുമാനമാണ്. ആ വര്‍ക്കിന്റെ തുടര്‍ച്ച ചെയ്ത മണിലാലിന് ഏറ്റവും ഉന്നതമായ രണ്ട് സിവിലിയന്‍ പുരസ്‌കാരം ഡച്ച് സര്‍ക്കാര്‍ സമ്മാനിച്ചു. കേരളത്തില്‍, അല്ലെങ്കില്‍ ഇന്ത്യയില്‍ ജീവിച്ച് ഇത്രയും വലിയൊരു സംഭാവന ചെയ്ത ആ പണ്ഡിതനെ നമ്മുടെ ഭരണകര്‍ത്താക്കളാരെങ്കിലും ഒന്ന് വീട്ടില്‍ പോയി കണ്ട് അഭിനന്ദിക്കാനെങ്കിലും ഇതുവരെ ശ്രമിച്ചിട്ടുണ്ടോ, എന്ന് ചോദിച്ചാല്‍ ദയനീയമായ ഉത്തരമായിരിക്കും ഉണ്ടായിട്ടുള്ളത്.   

സാരമില്ല ജോസഫ്, യാത്രികന്‍ പറയാനാഗ്രഹിച്ച് പിന്നീട് വിഴുങ്ങി. ഭരിക്കുന്നവര്‍ തിരക്കിലാണ്. അവര്‍ ഭരിച്ചില്ലെങ്കില്‍ സസ്യങ്ങള്‍ നാളെ തലകീഴായി വളര്‍ന്നാലോ…സസ്യശാസ്ത്രം തന്നെ അവതാളത്തിലാകില്ലേ. ഒരുപക്ഷേ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഭരണത്തിന്റെ തലപ്പത്തുണ്ടായിരുന്നതെങ്കില്‍, അദ്ദേഹം രാഷ്ട്രത്തിന്റെ പരമോന്നത ബഹുമതി തന്നെ മണിലാലിന് വീട്ടില്‍ ചെന്ന് നല്‍കിയേനേ… ഇതൊരു ഊഹം മാത്രമല്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ സസ്യശാസ്ത്രജ്ഞയായ ഇ.കെ.ജാനകിയമ്മാള്‍ ലണ്ടനിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയില്‍ ഗവേഷണത്തില്‍ വ്യാപൃതയായിരുന്നപ്പോള്‍ നെഹ്‌റു അവരെ നിര്‍ബന്ധിച്ച് കൊണ്ടുവന്ന് ബോട്ടാണിക്കല്‍ സര്‍വ്വേയുടെ അധിപയാക്കി. യാദൃശ്ചികമാകാം… ഇ.കെ.ജാനകിയമ്മാളിന്റെ സഹോദരന്റെ ചെറുമകളാണ് മണിലാലിന്റെ സഹധര്‍മ്മിണി ജ്യോത്സ്‌ന. കേരളത്തില്‍ വരുമ്പോഴെല്ലാം ജാനകിയമ്മാള്‍ തങ്ങിയിരുന്നത് മണിലാലിന്റെ കുടുംബത്തോടൊപ്പമാണ്.      

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍