UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഫ് വിളമ്പിയെന്ന് ആരോപണം: ജനക്കൂട്ടം ഹോട്ടലുടമയെ ആക്രമിച്ചു

സംസ്ഥാനത്തെ ഏറ്റവും മികച്ച ഹോട്ടലുകളിലൊന്ന് അടച്ചുപൂട്ടിച്ചു

ബീഫ് വിളമ്പിയതിന്റെ പേരില്‍ ജയ്പൂരില്‍ ഹോട്ടലുടമയെയും കുടുംബത്തെയും ആക്രമിച്ചു. ജയ്പൂരിലെ പോളോ വിക്ടറിയിലുള്ള ഹയത് റബ്ബാനി ഹോട്ടല്‍ ഉടമ നയീം റബ്ബാനി ആണ് ആക്രമണത്തിന് ഇരയായത്. ഹയത് റബ്ബാനി ഹോട്ടലില്‍ ബീഫ് വിളമ്പുന്നുവെന്ന് വ്യാജ ടെലഫോണ്‍ സന്ദേശം വന്നതിനെ തുടര്‍ന്ന് ഒരു കൂട്ടം ആളുകള്‍ നയീമിന്റെ ഹോട്ടലിനും വീടിനും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു.

വൈകിട്ട് 6.30ഓടെ ഹോട്ടല്‍ വളഞ്ഞ ആള്‍ക്കൂട്ടം നയീം പുറത്തേക്ക് വരണമെന്നും അല്ലാത്തപക്ഷം ജീവനക്കാരെ മര്‍ദ്ദിക്കുമെന്നും ഭീഷണി ഉയര്‍ത്തുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി(പിയുസിഎല്‍) ദേശീയ സെക്രട്ടറി കവിത ശ്രീവാസ്തവ സ്ഥലം സന്ദര്‍ശിച്ചു. കവിതയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

രാഷ്ട്രീയ മഹിള ഗോ രക്ഷക് പ്രവര്‍ത്തക കമല്‍ ദീദി(അവര്‍ സ്വയം വിളിക്കുന്നതും അങ്ങനെയാണ്) ആണ് പ്രശ്‌നം വഷളാക്കിയതെന്ന് കവിത പറയുന്നു. റബ്ബാനി ഹോട്ടലിലെ ക്ലീനിംഗ് ജീവനക്കാരനായ ക്വാസിം എന്ന കുട്ടി കാന്തി ചന്ദ്ര റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് മാലിന്യം നിറച്ച ബാഗുകള്‍ ഉപേക്ഷിച്ചതാണ് തുടക്കം. തെരുവ് പശുക്കള്‍ ധാരാളമുള്ള മേഖലയാണ് ഇത്. കമല ഈ തെരുവു പശുക്കളെ പിടികൂടി ഗോശാലകളിലെത്തിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. മാംസവും എല്ലും ഉള്‍പ്പെടെ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളാണ് ഇവയുടെ മുഖ്യഭക്ഷണം.

ഇത് ശ്രദ്ധയില്‍പ്പെട്ട കമല ക്വാസിമിനെ മര്‍ദ്ദിക്കുകയും ഗോമാംസം ഭക്ഷിക്കാന്‍ കൊടുത്ത് പശുക്കളെ അശുദ്ധരാക്കിയെന്ന് ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് അവരും 15 അനുയായികളും ചേര്‍ന്ന് കുട്ടിയെ വലിച്ചിഴച്ച് ഹോട്ടലിലെത്തിച്ചു. ഹോട്ടലില്‍ ബീഫ് വിളമ്പുന്നുവെന്നായിരുന്നു ഇവിടെ വന്നപ്പോള്‍ ഇവരുടെ ആരോപണം. ഇതിനിടെ അജ്ഞാത ഫോണ്‍ സന്ദേശങ്ങളിലൂടെ വിവരമറിഞ്ഞ് നൂറ് കണക്കിനാളുകള്‍ ഇവിടെ തടിച്ചുകൂടി. നയീം പുറത്തേക്ക് വരണമെന്ന് ഇവര്‍ ആക്രോശിച്ചു.

റബ്ബാനി ഹോട്ടലില്‍ ബീഫ് വിളമ്പുന്നുവെന്ന സന്ദേശമാണ് പോലീസ് സ്‌റ്റേഷനിലുമെത്തിയത്. അതേസമയം പോലീസിനും ഗോ രക്ഷക് അംഗങ്ങള്‍ക്കും നയീമിനെ ഹോട്ടലില്‍ നിന്നോ വീട്ടില്‍ നിന്നോ കണ്ടെത്താനായില്ല. എന്നാല്‍ ജമാ അത്ത് ഇസ്ലാമിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌ഐഒയുടെ ഏതാനും നോട്ടീസുകളും മതചടങ്ങുടെ ഏതാനും നോട്ടീസുകളും കണ്ടെത്തി. തുടര്‍ന്ന് ജമാത്ത് ഇസ്ലാമിന്റെ ഓഫീസിലെത്തിയ പോലീസിന് അവിടെയും ഇദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചില്ല. നയീമിന്റെ ജീവനക്കാരില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ ഗോ രക്ഷക് പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ച്ചയായി സംസ്ഥാനത്തെ മികച്ച ഹോട്ടലിനുള്ള അവാര്‍ഡ് നേടുന്ന ഹോട്ടല്‍ ആണ് ഇത്. ഏതായാലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുന്‍സിപ്പല്‍ അധികൃതര്‍ ഇവിടെ പരിശോധന നടത്തിയെങ്കിലും ബീഫ് ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. എങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഹോട്ടല്‍ അടച്ചുപൂട്ടി.

മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നിര്‍മ്മല ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം കോര്‍പ്പറേഷന്‍ ജീവനക്കാര്‍ ഹോട്ടല്‍ സീല്‍ വയ്ക്കുമ്പോള്‍ ജനക്കൂട്ടം ജയ് ശ്രീരാം എന്ന് അലറിവിളിക്കുന്നുണ്ടായിരുന്നു. അതേസമയം സമീപത്തെ ചില ഹോട്ടല്‍ ഉടമകളാണ് ഈ സംഭവങ്ങള്‍ക്ക് പിന്നില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. നല്ല ലാഭത്തിലും സല്‍പ്പേരോടെയും മുന്നേറുന്ന ഹോട്ടലാണ് ഗോമാംസത്തിന്റെ പേരില്‍ ഇന്നലെ അടച്ചുപൂട്ടിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍