UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വീട്ടുജോലിക്ക് നിന്ന അന്യസംസ്ഥാന പെണ്‍കുട്ടിയ്ക്ക് നേരിടേണ്ടി വന്നത് കൊടിയ പീഡനം

മര്‍ദ്ദനം സഹിക്കാനാകാതെ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും പെണ്‍കുട്ടി

വീട്ടുജോലിക്കാരിയായ അന്യസംസ്ഥാന പെണ്‍കുട്ടിയെ ഇടപ്പള്ളിയില്‍ വീട്ടുടമസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി. മനോരമ ന്യൂസാണ് വാര്‍ത്ത പുറത്തു വിട്ടത്. നാല് വര്‍ഷം ജോലി ചെയ്തിട്ടും കൂലി നല്‍കിയില്ലെന്നും രക്ഷപ്പെട്ടോടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പെണ്‍കുട്ടി ചാനലിനോട് വെളിപ്പെടുത്തി.

രക്ഷപ്പെട്ടോടിയ കുട്ടിയെ കുടുക്കാന്‍ വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മര്‍ദ്ദന വിവരം പുറത്തായത്. തന്നെ തല്ലാന്‍ വേണ്ടി വീട്ടില്‍ ഒരു വടി തയ്യാറാക്കി വച്ചിരുന്നെന്ന് പെണ്‍കുട്ടി പറയുന്നു. അതുവച്ച് തന്നെ ഭീകരമായി തല്ലുമാരുന്നു. വീട്ടിലെ പാത്രമോ ഗ്ലാസോ വീണ് പൊട്ടിയാല്‍ തനിക്ക് അമ്പത് അടിയായിരുന്നു കിട്ടിയിരുന്നതെന്ന് ഈ പത്തൊമ്പതുകാരി പറയുന്നു. സത്യം പറഞ്ഞാ ആത്മഹത്യചെയ്യാന്‍ ശ്രമിച്ചിരുന്നു. പക്ഷെ പിന്നീട് തീരുമാനം വേണ്ടെന്നുവച്ചു.

മര്‍ദ്ദനം സഹിക്കാനാകാതെ കഴിഞ്ഞ ശനിയാള്ചയാണ് കുട്ടി വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്. പറഞ്ഞ സമയത്ത് ജോലി പൂര്‍ത്തിയായില്ലെങ്കില്‍ അന്ന് ഭക്ഷണം നല്‍കിയിരുന്നില്ല. ശമ്പളത്തുക നല്‍കണമെന്ന് നിരന്തരം ആവശ്യപ്പെട്ടെങ്കിലും വീട്ടുടമ അതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് കുട്ടി ഈ വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്.

താന്‍ സ്വന്തം വീട്ടിലേക്ക് പോകുമെന്ന് പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മോഷണക്കുറ്റത്തിന് പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുമെന്നാണ് വീട്ടുടമസ്ഥ ഭീഷണിപ്പെടുത്തിയിരുന്നത്. അതിനാലാണ് ഈക്കുട്ടി അക്കാലമത്രയും സഹിച്ചത്. ഈ ഭീഷണിയുള്ളതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയപ്പോള്‍ വീട്ടിലെ താമസക്കാരായ അമ്മയുടെയും മകളുടെയും മൊബൈല്‍ ഫോണുകളും വീട്ടിലെ കാറിന്റെ താക്കോലും എടുത്താണ് രക്ഷപ്പെട്ടത്. കൂടാതെ വീട്ടില്‍ നിന്നും അഞ്ഞൂറ് രൂപയും എടുത്തിരുന്നു.

ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ നേരെ ഞാറയ്ക്കല്‍ ബീച്ചിലേക്കാണ് പോയത്. മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ തനിക്ക് മറ്റെവിടേക്കും പോകാനില്ലെന്നതിനാലാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ ഒരു ബന്ധുവാണ് നാല് വര്‍ഷം മുമ്പ് ഇവിടെയെത്തിച്ചത്. അന്ന് തന്നെ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചിരുന്നതിനാല്‍ കുട്ടിക്ക് ബന്ധുക്കളുമായി ബന്ധപ്പെടാന്‍ സാധിച്ചിരുന്നില്ല.

സ്വര്‍ണാഭരണവും പണവുമായി വീട്ടുജോലിക്കാരി കടന്നുകളഞ്ഞെന്നാണ് വീട്ടുടമസ്ഥ കളമശേരി പോലീസിന് നല്‍കിയ പരാതി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ അന്ന് രാത്രിയോടെ തന്നെ ബീച്ചില്‍ നിന്നും പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ സ്വര്‍ണാഭരണങ്ങളോ പണമോ താനെടുത്തിട്ടില്ലെന്ന് പോലീസിനോട് വെളിപ്പെടുത്തിയ ഇവര്‍ മൊബൈല്‍ ഫോണുകളും കാറിന്റെ താക്കോലും പോലീസിന് കൈമാറി.

പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ വീട്ടിലെ കട്ടിലിന്റെ അടിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുടമസ്ഥയ്‌ക്കെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ ദേഹമാസകലം മുറിവുണ്ടായിട്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ കേസെടുക്കാമായിട്ടും സംഭവം നടന്ന് ഒരാഴ്ചയായിട്ടും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. കുടുംബശ്രീയുടെ കീഴിലുള്ള ഒരു ഷെല്‍റ്റര്‍ ഹോമിലാണ് ഇപ്പോള്‍ കുട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍