മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കം
നോട്ട് നിരോധനത്തിലുള്ള നടപടിയിലുള്ള സംശയങ്ങള്‍ ദൂരികരിക്കുന്നതിനായി പാലമെന്റിന്റെ ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി വീണ്ടും വിശദീകരം നല്‍കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് നിര്‍ദ്ദേശം ലഭിച്ചു. മേയ് ഇരുപത്തിയഞ്ചിന് ഹാജരാകാനാണ് പട്ടേലിനോട് സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ എട്ടിന് 1000, 500 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച ശേഷം കൃത്യമായി എത്ര പണം ബാങ്കുകളിലേക്ക് തിരിച്ചുവന്നിട്ടുണ്ട് എന്ന കണക്ക് അറിയക്കണമെന്നാണ് കമ്മിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വ്യക്തത വരുത്തേണ്ടതുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നീക്കമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച കണക്കുകളൊന്നും റിസര്‍വ് ബാങ്കോ കേന്ദ്ര ധനകാര്യമന്ത്രാലയമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കോണ്‍ഗ്രസ് നേതാവ് എം വീരപ്പമൊയ്‌ലി അദ്ധ്യക്ഷനായി ചേര്‍ന്ന കമ്മിറ്റി യോഗമാണ് ഈ വിഷയം ചര്‍ച്ച ചെയ്തത്. പട്ടേലിനെ വീണ്ടും വിളിച്ചുവരുത്തുന്നതിന്റെ യുക്തിയെ ബിജെപി എംപി നിഷികാന്ത് ദുബെ ചോദ്യം ചെയ്തു. എന്നാല്‍, ബിജു ജനതാദളും തൃണമൂല്‍ കോണ്‍ഗ്രസും ആര്‍ബിഐ ഗവര്‍ണറെ വിളിച്ചുവരുത്തുന്നതിനെ അനുകൂലിച്ചു. പാനല്‍ നേരത്തെ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പട്ടേല്‍ ഇതുവരെ തൃപ്തികരമായ ഉത്തരം നല്‍കിയിട്ടില്ലെന്ന് അവര്‍ വാദിച്ചു.
നോട്ടു നിരോധനവുമായി ബന്ധപ്പെട്ട സമിതി ചര്‍ച്ചകള്‍ പൂര്‍ത്തിയായി എന്നാണ് ബിജെപി അംഗങ്ങള്‍ വാദിച്ചത്. എന്നാല്‍ മന്‍മോഹന്‍ സിംഗും മറ്റ് അംഗങ്ങളും ഈ വാദത്തെ തള്ളി. നേരത്തെ നടന്ന ഒരു യോഗത്തില്‍ ഊര്‍ജ്ജിത് പട്ടേലിനെ കടുത്ത വിചാരണയ്ക്ക് വിധേയനാവുന്നതില്‍ നിന്നും രക്ഷിച്ച സിംഗ് പക്ഷെ ഇത്തവണ നിലപാട് കടുപ്പിച്ചു. നോട്ട് നിരോധനം സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടേലിനെ വിളിച്ചുവരുത്താന്‍ പാനല്‍ നേരത്തെ തീരുമാനിച്ചിരുന്നതിനാല്‍ അത് നടപ്പിലാക്കുകയാണ് വേണ്ടതെന്ന് സിംഗ് വാദിച്ചു. നോട്ട് നിരോധനത്തിന് ശേഷം ബാങ്കുകളിലേക്ക് എത്ര പണം തിരികെ വന്നു എന്നത് സംബന്ധിച്ച കണക്കുകള്‍ ജനുവരി 18ന് സമിതിക്ക് മുന്നില്‍ ഹാജരായപ്പോള്‍ പട്ടേല്‍ വെളിപ്പെടുത്തിയിരുന്നില്ല.
നോട്ട് നിരോധനത്തിന്റെ യഥാര്‍ത്ഥ ഉദ്ദേശം എന്താണെന്നും ഈ പ്രക്രിയയില്‍ ആര്‍ബിഐയുടെ പങ്കെന്തായിരുന്നു എന്നതും സമിതിക്ക് മുമ്പില്‍ വെളിപ്പെടുത്തപ്പെടേണ്ടതുണ്ടെന്ന് ബിജെഡിയുടെ ബി മഹ്താബ് പറഞ്ഞു. ജനുവരി 18ന് ഊര്‍ജ്ജിത് പട്ടേല്‍ ഹാജരായപ്പോള്‍ സമിതി അംഗങ്ങള്‍ ഉന്നയിച്ച മിക്ക ചോദ്യങ്ങള്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ ആര്‍ബിഐ ഗവര്‍ണര്‍ക്ക് സാധിച്ചിരുന്നില്ല. തിരിച്ചുവന്ന പണത്തിന്റെ കണക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ സമയമെടുക്കുമെന്നായിരുന്നു അന്ന് അദ്ദേഹം നല്‍കിയ വിശദീകരണം.