UPDATES

18 പേര്‍ക്ക് കിടപ്പാടം ഒരുക്കാന്‍ മകന്റെ ഓര്‍മ്മയ്ക്കായി ഭൂമി ദാനം ചെയ്ത് ഒരമ്മ

തൃശൂര്‍ ഒല്ലൂര്‍ എല്‍പി സ്‌ക്കൂളില്‍ നിന്ന് അധ്യാപികയായി വിരമിച്ച് ഇപ്പോള്‍ തനിച്ച് താമസിക്കുകയാണ് മേരി ടീച്ചര്‍

തന്റെ മകന്റെ അവസാന ആഗ്രഹം സാക്ഷാത്കരിക്കാന്‍ പാവപ്പെട്ടവര്‍ക്ക് ഒരമ്മ നല്‍കിയത് 65 സെന്റ് സ്ഥലം. നിര്‍ധനര്‍ക്ക് വീടെന്ന മകന്റെ സ്വപ്‌നം മേരി ടീച്ചര്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. തൃശ്ശൂര്‍ പെരിഞ്ചേരിയില്‍ മേരി ടീച്ചര്‍ നല്‍കിയ 65 സെന്റ് ഭൂമിയില്‍ ആദ്യഘട്ടം നിര്‍മിച്ച മൂന്നു വീടുകളുടെ താക്കോല്‍ ഇന്നാണ് കൈമാറുന്നത്. കുരിയച്ചിറ ചിറക്കേക്കാരന്‍ വീട്ടില്‍ മേരി ടീച്ചര്‍ നല്‍കിയ ഭൂമിയില്‍ 18 പേര്‍ക്കാണ് ആദ്യം വീടുയരുക.

രണ്ട് വര്‍ഷം മുമ്പ് രോഗബാധിതനായി മരിച്ച മകന്‍ ജോമോന്റെ (39) സ്മരണാര്‍ഥമാണ് ടീച്ചര്‍ പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കാന്‍ തീരുമാനിച്ചത്. കരള്‍ സംബന്ധമായ അസുഖ ബാധിതനായി ആശുപത്രിയിലായപ്പോള്‍ ജോമോന് ടീച്ചര്‍ വാക്കു നല്‍കിയിരുന്നു പാവപ്പെട്ടവര്‍ക്ക് വീട് വയ്ക്കുവാന്‍ ഭൂമി നല്‍കുമെന്ന്. ടീച്ചറുടെ ഭര്‍ത്താവ് ജോസ് 2000-ല്‍ മരിച്ചിരുന്നു.

ഒല്ലൂര്‍ എല്‍പി സ്‌ക്കൂളിലെ അധ്യാപികയായി വിരമിച്ച് ഇപ്പോള്‍ തനിച്ച് താമസിക്കുന്ന ടീച്ചര്‍ തന്റെ മകന്റെ ആഗ്രഹം സഫലമാകുവാന്‍ വേണ്ടിയാണ് വസ്തു ദാനം ചെയ്തത്. നിര്‍ധനര്‍ക്ക് കിടപ്പാടം ഒരുക്കുന്നതിനുള്ള പദ്ധതിക്കുള്ള ചുമതല ടീച്ചര്‍ ഏല്‍പ്പിച്ചത് ദേവമാത പ്രൊവിന്‍സ് അധിപന്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളിയായിരുന്നു.  ഏകദേശം 1.95 കോടി മതിപ്പു വരുന്ന സ്ഥലം 2016 ഫെബ്രുവരിയിലായിരുന്നു ടീച്ചര്‍ ഫാദറിനെ ഏല്‍പ്പിച്ചത്.

മേരി ടീച്ചര്‍ നല്‍കിയ സ്ഥലത്ത് പണിതുകൊണ്ടിരിക്കുന്ന വീട്

ഫാ. തേലപ്പിള്ളി, ടീച്ചറുടെ പ്രവര്‍ത്തിയെ മഹനീയമായ ദൈവീക പ്രവര്‍ത്തിയെന്നാണ് പറയുന്നത്.  ‘ടീച്ചറുടെ മകന്റെ ഇഷ്ടത്തിനാണ് പാവപ്പെട്ടവര്‍ക്ക് ഭൂമി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ മൂന്ന് സെന്റ് സ്ഥലത്ത് 18 കുടുംബങ്ങള്‍ക്കാണ് ഇവിടെ വീടുയരുന്നത്. ഈ സ്ഥലത്തിന് സി.എം.ഐ. സഭ ദേവമാതാ പ്രൊവിന്‍സ് പേര് നല്‍കിയിരിക്കുന്നത് ചാവറ ഗ്രാമമെന്നാണ്.’ അഴിമുഖത്തിനോട് ഫാദര്‍ തേലപ്പിള്ളി പറഞ്ഞു.

പാട്ടുരായ്ക്കല്‍ ദേവമാതാ സ്‌കൂളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സാമൂഹിക ക്ഷേമ വിഭാഗമായ കെസ്സും ചേര്‍ന്ന് അഞ്ചുവീടുകള്‍ പണിതിട്ടുണ്ട്. ഇതില്‍ പൂര്‍ത്തിയായ മൂന്നെണ്ണമാണ് ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കൈമാറുന്നത്. ദേവമാത സ്‌കൂളിലെ ഓരോ കുട്ടിയും തങ്ങളുടെ ജന്മദിനത്തില്‍ ആഘോഷങ്ങള്‍ ലളിതമാക്കി കണ്ടെത്തിയ തുകയും വീട് നിര്‍മാണത്തിന് സംഭാവന നല്‍കിയിട്ടുണ്ട്.

680 ചതുരശ്ര അടി നിര്‍മിക്കുന്ന വീട്, രണ്ടു കിടക്കമുറി, ഹാള്‍, അടുക്കള, സിറ്റൗട്ട് എന്നിവ അടങ്ങുന്നതാണ്. ആറര ലക്ഷം രൂപയാണ് വീടിന്റെ ചിലവ്. ഇതില്‍ രണ്ടരലക്ഷം രൂപ ദേവമാത പ്രൊവിന്‍സ് നല്‍കും. രണ്ട് ലക്ഷം രൂപ സംഭാവനകളിലൂടെയും മറ്റുമാണ് ശേഖരിക്കും, ബാക്കിയുള്ള രണ്ട് ലക്ഷം രൂപ വീട്ടുകാര്‍ കരുതണം. ഇതേ രീതിയിലാണ് ബാക്കിയുള്ള വീടുകള്‍ പണി പൂര്‍ത്തിയാക്കുവാന്‍ പോകുന്നത്. സുബ്രഹ്മണ്യന്‍, ആന്‍സി, സൗമ്യ, ജോര്‍ജ്, സൈമണ്‍ എന്നിവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് ലഭിക്കുക.

മേരി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ഥികളുള്‍പ്പടെയുള്ളവര്‍ നിര്‍ധനര്‍ക്ക് വീട് ഒരുക്കുന്നതിന് സംഭാവനകളുമായി എത്തിയിട്ടുണ്ടെങ്കിലും. എല്ലാവര്‍ക്കും വീട് വച്ച് കൊടുക്കുവാന്‍ ധാരാളം പണം ആവിശ്യമായിട്ടുണ്ട്. പാവപ്പെട്ടവര്‍ക്ക് വീട് വച്ച് നല്‍കുന്നതിനായി സുമനസ്സുകളുടെ സംഭാവനകള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ‘ചാവറ ഗ്രാമം’ എന്ന് സ്വപ്‌നം കാണുന്ന ഒരു കൂട്ടമാളുകള്‍.

കൃഷ്ണ ഗോവിന്ദ്

കൃഷ്ണ ഗോവിന്ദ്

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍