UPDATES

സയന്‍സ്/ടെക്നോളജി

ഒരു വിമാനം ഹാക്ക് ചെയ്യാന്‍ അത്രവലിയ പാടൊന്നുമില്ലെന്നേ!

Avatar

ആന്‍ഡ്രിയ പീറ്റേഴ്‌സണ്‍
(വാഷിംഗ്ടണ്‍പോസ്റ്റ്)

വിമാനങ്ങള്‍ ഹാക്ക് ചെയ്യുന്നതിനെപ്പറ്റി ക്രിസ് റോബര്‍ടിനു ഒരു പാട് കാര്യങ്ങളറിയാം. മുന്‍പ് ഏതെങ്കിലും വിമാനം ഹാക്ക് ചെയ്തതിന്റെ ചരിത്രമുള്ളത് കൊണ്ടൊന്നുമല്ല പറയുന്നത്. അദ്ദേഹം ഒരു ഹാക്കറുമല്ല. വിമാനത്തിലായാലും ഏതെങ്കിലും വലിയ സ്ഥാപനത്തിലായാലും ഹാക്കിംഗ് പോലെയുള്ള അത്യാഹിതങ്ങള്‍ സംഭവിക്കാതെ സുരക്ഷ ഒരുക്കുകയെന്നതാണ് അദ്ദേഹത്തിന്റെ ജോലി. ഈ രംഗത്ത് ധാരാളം ഗവേഷണം നടത്തുന്നയാളുമാണ് അദ്ദേഹം.

എന്നാല്‍ കഴിഞ്ഞ ആഴ്ച അമേരിക്കന്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ സഞ്ചരിക്കവേ ‘ട്വീറ്റി’യ വിമാനത്തിന്റെ ഓണ്‍ ബോര്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റത്തെ കബളിപ്പിക്കാമെന്ന തമാശ ചില്ലറ കുഴപ്പത്തിലൊന്നുമല്ല കക്ഷിയെ ചാടിച്ചത്. എഫ്.ബി.ഐ ക്രിസ്സിന്റെ ലാപ്‌ടോപ്പും ഹാര്‍ഡ് ഡ്രൈവുകളും പിടിച്ചെടുക്കുകയും മണിക്കൂറുകളോളം ചോദ്യം ചെയ്യുകയും ചെയ്തു. ആ ആഴ്ച അവസാനം ഒരു സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി മറ്റൊരു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ കയറുന്നതില്‍ നിന്ന് അവര്‍ അദ്ദേഹത്തെ വിലക്കുകയും ചെയ്തു.

അവസാന നിമിഷം മറ്റൊരു കമ്പനിയുടെ വിമാനം ബുക്ക് ചെയ്ത് ക്രിസ് ഒരു വിധം ലക്ഷ്യസ്ഥാനത്തെത്തി. എന്തായാലും അദ്ദേഹം തമാശയ്ക്ക് ട്വീറ്റില്‍ നടത്തിയ നിരീക്ഷണങ്ങള്‍ കാര്യമായ ചര്‍ച്ചകളിലേക്കാണ് വഴി തുറന്നിരിക്കുന്നത്. ലോകത്തെങ്ങുമുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന വിമാനങ്ങള്‍ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത എത്രത്തോളമാണെന്ന ഗൗരവമുള്ള ചോദ്യമാണ് ആ ചര്‍ച്ചകളില്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

യാത്രക്കാര്‍ക്ക് പരമാവധി സാങ്കേതിക സൗകര്യങ്ങള്‍ ലഭ്യമാക്കിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇന്ന് വിമാനങ്ങള്‍ രൂപകല്പന ചെയ്യുന്നത്. വിമാനത്തിനകത്തെ വൈഫൈ സംവിധാനത്തെയാണ് അതിനായി സാധാരണ നിലയില്‍ പ്രയോജനപ്പെടുത്തുന്നത്. യാത്രക്കാര്‍ക്ക് ചില ഗുണങ്ങള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഇതിനു ഒരു മറുവശം കൂടിയുണ്ട്. ഗവണ്‍മെന്റ് കഴിഞ്ഞയാഴ്ച പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ വിമാന സുരക്ഷ സംബന്ധിച്ച് പഠിക്കുന്ന ഗവേഷകര്‍ ചില മുന്നറിയിപ്പുകള്‍ നല്‍കുന്നു. പുറമേ നിന്നുള്ളവര്‍ക്ക് വിമാനവുമായി നേരിട്ട് ബന്ധമുണ്ടാക്കാന്‍ കഴിയുന്ന ഇത്തരം സാഹചര്യം ഹാക്കര്‍മാര്‍ക്ക് ദുരുപയോഗത്തിനുള്ള സാധ്യതകള്‍ തെളിയിക്കുന്നു. അതു കൊണ്ട് തന്നെ നിലവിലെ രീതികളും സംവിധാനങ്ങളും വിമാന യാത്രയിലെ സുരക്ഷിതത്വം കുറയ്ക്കുകയാണ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട സംവിധാനങ്ങളും, വിമാനത്തിലെ യാത്രക്കാര്‍ക്ക് ആസ്വദിക്കാനായി ഒരുക്കുന്ന സൗകര്യങ്ങളും പരസ്പരം ബന്ധപ്പെടാത്ത തരത്തില്‍ വേര്‍തിരിച്ച് സ്ഥാപിക്കുകയാണ് ഹാക്കര്‍മാരുടെ അവസരം കുറയ്ക്കാനായി ചെയ്യാവുന്ന ഒരു കാര്യം. എന്നാല്‍ ഇന്ന് പല വിമാനങ്ങളും രൂപകല്പന ചെയ്യുന്നത് ഇതൊന്നും ചിന്തിച്ചിട്ടല്ല. 2008 ല്‍ ബോയിംഗ് 787 ഡ്രീം ലൈനര്‍ വിമാനത്തില്‍ ഇത്തരത്തില്‍ ചില ഡിജിറ്റല്‍ സങ്കേതങ്ങള്‍ സംയോജിപ്പിച്ചപ്പോള്‍ ഫെഡറല്‍ ഏവിയേഷന്‍ അധികാരികള്‍ സുരക്ഷ സംബന്ധിച്ച വലിയ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഫയര്‍വാള്‍സ് എന്ന ഡിജിറ്റല്‍ പ്രതിരോധ വിദ്യ ആധുനിക വിമാനങ്ങളിലെല്ലാം ഉപയോഗിച്ച് വരുന്നുണ്ട്. വിമാനത്തിന്റെ ഏതെങ്കിലും ഭാഗത്തിന്റെ നിയന്ത്രണം കൈക്കലാക്കുന്ന ഹാക്കര്‍മാരെ തുടര്‍ന്ന് പ്രതിരോധിക്കാനാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ വിമാന സുരക്ഷാ രംഗത്തെ ഗവേഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകളും പങ്ക് വെക്കുന്നുണ്ട്. ഫയര്‍വാള്‍സ് കൊണ്ട് മാത്രം ഹാക്കര്‍മാരെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ പറയുന്നത്. കാരണം ഫയര്‍വാള്‍സും ആത്യന്തികമായി സോഫ്റ്റ്‌വെയര്‍ സങ്കേതമാണ്. അതും ഹാക്ക് ചെയ്യാനും ദുരുപയോഗം ചെയ്യാനും സാധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. (അപകട സാധ്യതകളെക്കുറിച്ച് അതിശയോക്തി ചേര്‍ത്ത് പറഞ്ഞിരിക്കുന്ന റിപ്പോര്‍ട്ടാണിതെന്നാണ് ചില വിമര്‍ശകര്‍ അഭിപ്രായപ്പെടുന്നത്)

ബോയിംഗും മുഖ്യ എതിരാളികളായ എയര്‍ബസും തങ്ങളുടെ സുരക്ഷാക്രമീകരണങ്ങളെ പ്രതിരോധിക്കുന്നുണ്ട്. ‘ബഹുമുഖ സുരക്ഷാ ക്രമീകരണങ്ങളും ഫ്‌ളൈറ്റ് ഡെക്കിന്റെ പ്രവര്‍ത്തന ക്രമീകരണങ്ങളും വൈമാനിക പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നു’ എന്നാണ് ജി.എ.ഒ റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമായി സി.എന്‍.എന്നിനോട് ബോയിംഗ് പറഞ്ഞത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ക്രിസ് റോബര്‍ട്ട് ഉള്‍പ്പെടെയുള്ള ഗവേഷകര്‍ വിമാനങ്ങളിലെ സൈബര്‍ സുരക്ഷയെക്കുറിച്ച് ചര്‍ച്ചകളും സംവാദങ്ങളും നടത്തി വരികയാണ്.

എയര്‍ക്രാഫ്റ്റ് ട്രാക്കിംഗ് സംവിധാനത്തിനു വരാവുന്ന അപകട സാധ്യതകളെക്കുറിച്ച് ഗവേഷണം നടത്തുന്ന ബ്രാഡ് ‘റെന്‍ഡര്‍മാന്‍’ ഹെയ്ന്‍സ് എന്ന ഗവേഷകന്‍ പറയുന്നത് ഈ സാങ്കേതികവിദ്യയിലിടപെടാന്‍ പരിമിതമായി മാത്രമുള്ള സ്വാതന്ത്ര്യം ആഴത്തിലുള്ള കണക്കെടുപ്പിനെ ബാധിക്കുമെന്നാണ്. ‘ഞങ്ങളുടെ മിക്ക ഗവേഷണങ്ങളും ഇത്ര മാത്രം പറയുന്നത് ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ട് മാത്രമാണ് എന്നാല്‍ തെളിവുകളെല്ലാം ചൂണ്ടുന്നത് പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളിലേക്കാണ്’.

എഫ്.ബി.ഐയുമായുള്ള കയ്യാങ്കളിക്ക് ശേഷം സി.എന്‍.എന്നിനു നല്‍കിയ അഭിമുഖത്തില്‍ റോബര്‍ട് പറയുന്നത് വിമാന സുരക്ഷയുമായി ബന്ധപ്പെട്ട് വന്ന ഈ തിയറികള്‍, പാസഞ്ചര്‍ സീറ്റില്‍ നിന്നും ഏവിയോണിക് സിസ്റ്റവുമായി ബന്ധപ്പെടാന്‍ കഴിയുമെന്ന തിയറികള്‍, പരീക്ഷിച്ചതില്‍ നിന്നും വളരെ സുപ്രധാനവും തന്ത്രപ്രധാനവുമായ വിവരങ്ങള്‍ കാണാന്‍ കഴിഞ്ഞുവെന്നാണ്. സീറ്റിനടിയിലെ ഒരു ബോക്‌സുമായി ലാപ്‌ടോപ് ഘടിപ്പിച്ച് നടത്തിയ ഈ സാഹസത്തെക്കുറിച്ചുള്ള ഇന്റര്‍വ്യൂയും ട്വീറ്റും കൂടിച്ചേര്‍ന്നപ്പോഴാണ് യുണൈറ്റഡ് കമ്പനിക്ക് ‘അപായമണി’ മുഴങ്ങിയത്.

‘വിമാനം അട്ടിമറിക്കാനാവുമെന്ന ക്രിസ് റോബര്‍ട്ടിന്റെ അവകാശവാദത്തിന്റെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും താല്പര്യം മാനിച്ച് ഇനി അദ്ദേഹത്തെ യുണൈറ്റഡിന്റെ ഫ്ലൈറ്റില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് ഞങ്ങളുടെ തീരുമാനം’, യുണൈറ്റഡിന്റെ മാധ്യമ പ്രതിനിധി റാഹ്‌സാന്‍ ജോണ്‍സണ്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. ‘എന്തായാലും അദ്ദേഹം വിവരിച്ച വിദ്യകളിലൂടെയൊന്നും ഞങ്ങളുടെ സുരക്ഷ സംവിധാനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ആര്‍ക്കും കിട്ടാന്‍ പോകുന്നില്ലെന്നുറപ്പിച്ച് പറയാന്‍ കഴിയും’, ജോണ്‍സ് കൂട്ടിച്ചേര്‍ത്തു.

ക്രിസ് പ്രതിനിധീകരിക്കുന്ന ഗവേഷകസ്ഥാപനമായ ഇലക്ട്രോണിക്‌സ് ഫ്രോന്റിയര്‍ ഫൗണ്ടേഷന്‍, യുണൈറ്റഡിന്റെ തീരുമാനത്തെ ശക്തമായി അപലപിച്ചു. തീരുമാനം നിരാശാജനകവും അതിശയിപ്പിക്കുന്നതുമാണെന്ന് അവര്‍ പറഞ്ഞു.

‘സുരക്ഷാ ഗവേഷകര്‍ സുഹൃത്തുക്കളാണ്, ശത്രുക്കളല്ല. അവരുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് അല്ലാതെ അപകടത്തിലാക്കാനല്ല’ എന്ന് ഇ.എഫ്.എഫ് സ്റ്റാഫ് അഭിഭാഷകനായ നെയ്റ്റ് കാര്‍ഡോസോ അഭിപ്രായപ്പെട്ടു. യുണൈറ്റഡിന്റെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങള്‍ ഗവേഷകരെ ഭാവിയില്‍ യുണൈറ്റഡുമായി യോജിച്ച് പ്രവര്‍ത്തിക്കുന്നതില്‍ നിന്നും തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍