UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തുകൊണ്ടാണ് ബിഎസ്എന്‍എല്ലിനെ ഒരു ജിയോ ആക്കാന്‍ അനുവദിക്കാത്തത്?

Avatar

എസ്.ആര്‍ പ്രവീണ്‍

സെപ്തംബര്‍ രണ്ട് വെള്ളിയാഴ്ച പോലെ ഓര്‍മ്മിക്കപ്പെടുന്ന ഒരു ദിവസം അത്യപൂര്‍വ്വമായിരിക്കും. രാജ്യത്തൊട്ടാകെ കോടിക്കണക്കിന് തൊഴിലാളികള്‍ തങ്ങളുടെ നിലനില്‍പ്പിനായി ന്യായമായ ആവശ്യങ്ങളുന്നയിച്ച് സമരത്തിനിറങ്ങിയപ്പോള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി റിലയന്‍സ് ജിയോയുടെ പാവയായി അവതരിച്ച ദിവസമാണത്. ജിയോയുടെ ബ്രാന്‍ഡ് അംബാസഡറായതിലൂടെ വ്യക്തമായ ഒരു സന്ദേശം അദ്ദേഹം നല്‍കുന്നുണ്ട്. ‘ഇവിടുത്തെ തൊഴിലാളി നിയമങ്ങള്‍ തുലയട്ടെ, മിനിമം വേതനം തുലയട്ടെ, എല്ലാത്തിലുമുപരി പൊതുമേഖല മൊത്തം തുലയട്ടെ’ എന്നതാണ് ആ സന്ദേശം. റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള നെറ്റ്വര്‍ക്ക് 18 ചാനലിന് ഒരു എക്‌സ്‌ക്ലൂസിവ് ഇന്റര്‍വ്യൂവും അദ്ദേഹം അനുവദിച്ചു.

ജിയോയുടെ വരവിന്റെ ആഘോഷത്തിമിര്‍പ്പില്‍ ഒരു ചോദ്യം മാത്രം മുങ്ങിപ്പോയിരിക്കുന്നു. സ്വകാര്യ കമ്പനികള്‍ക്കു മുമ്പ് രാജ്യത്ത് 4ജി സേവനം അവതരിപ്പിക്കാന്‍ ബിഎസ്എന്‍എല്ലിനെ എന്തുകൊണ്ട് അനുവദിച്ചില്ല? ഇപ്പോള്‍ റിലയന്‍സ് ജിയോയ്ക്കും മറ്റു കമ്പനികള്‍ക്കും ലഭിക്കുന്ന ‘അന്യായമായ’ സ്വീകാര്യത ബിഎസ്എന്‍എല്ലിനു കൂടി ലഭിക്കുന്നത് ദോഷം ചെയ്യുമോ? ഇതിന്റെ ഉത്തരം ഒരു നീണ്ട കഥയാണ്. എന്‍ഡിഎ വരുന്നതിന് മുമ്പ് യുപിഎയും ഇതൊക്കെ തന്നെയാണ് ഈ പൊതുമേഖലാ സ്ഥാപനത്തോട് ചെയ്തത്. സ്വകാര്യ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ പാകത്തില്‍ ബിഎസ്എന്‍എല്ലിനെ ഉള്ളില്‍ നിന്നു മന:പൂര്‍വ്വം തകര്‍ക്കുക.

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ സേവനത്തിന്റെ അവതരണത്തോടെയാണ് ഈ കഥയുടെ തുടക്കം. 1995-ല്‍ രാജ്യത്ത് ആദ്യമായി സെല്ലുലാര്‍ സേവനങ്ങള്‍ക്ക് ലൈസന്‍സ് ലഭിച്ച കമ്പനികളുടെ പട്ടികയില്‍ ബിഎസ്എന്‍എല്‍ (കമ്പനിയാകുന്നതിനു മുമ്പാണ്. ബിഎസ്എന്‍എല്‍ രൂപീകരിച്ചത് 2000-ലാണ്) ഉണ്ടായിരുന്നില്ല. അതുവരെ ലാന്‍ഡ്‌ലൈന്‍ സേവനങ്ങള്‍ നല്‍കിയിരുന്ന ഒരേ ഒരു സ്ഥാപനമായിട്ടു പോലും ആ ലൈസന്‍സ് ലഭിക്കുകയുണ്ടായില്ല. സ്വകാര്യ മൊബൈല്‍ കമ്പനികളൊക്കെ അത്യാവശ്യം വിപണി പിടിച്ചതിനു ശേഷം വര്‍ഷങ്ങള്‍ പിന്നിട്ട് 2001-ലാണ് പിന്നീട് ബിഎസ്എന്‍എല്‍ മൊബൈല്‍ സേവനം ആരംഭിക്കുന്നത്. എന്നാല്‍ വളരെ പെട്ടെന്നു തന്നെ വിപണി പിടിക്കാന്‍ ബിഎസ്എന്‍എല്ലിനു സാധിച്ചു. 2005 ആയപ്പോഴേക്കും കമ്പനിയുടെ വിപണി വിഹിതം 47 ശതമാനമായി കുതിച്ചുയര്‍ന്നു.

എന്നാല്‍ ഒരു പതിറ്റാണ്ടിനു ശേഷം വീണ്ടും കണക്കെടുത്തപ്പോള്‍ 2015-ല്‍ ബിഎസ്എന്‍എല്ലിന്റെ മൊബൈല്‍ ടെലിഫോണ്‍ രംഗത്തെ വിപണിവിഹിതം 11 ശതമാനമായി കൂപ്പുകുത്തിയിരുന്നു. 2016 ആയപ്പോഴേക്കും വീണ്ടും താഴോട്ട് വന്ന് അത് എട്ടു ശതമാനത്തില്‍ എത്തി നില്‍ക്കുന്നു. ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ കവറേജ് സ്‌ഫോടനാത്മകാം വിധം വ്യാപിച്ച അതേ പതിറ്റാണ്ടില്‍ തന്നെയാണ് ബിഎസ്എന്‍എല്ലിന്റെ ഈ തകര്‍ച്ച. ഇതിന്റെ പ്രധാന കാരണമറിയാന്‍ 2006-ല്‍ സംഭവിച്ചത് ഒന്നു പരിശോധിച്ചാല്‍ മതി. പുതുതായി 45 ദശലക്ഷം വരിക്കാരെ ചേര്‍ക്കാനായി നെറ്റ്‌വര്‍ക്ക് ശേഷി വര്‍ധിപ്പിക്കാന്‍ ഒരുങ്ങുകയായിരുന്ന കമ്പനി ആവശ്യമായ ആധുനിക ഉപകരണങ്ങള്‍ക്കു വേണ്ടി പുതിയ ടെണ്ടര്‍ വിളിച്ചിരുന്നു. പില്‍ക്കാലത്ത് കുപ്രസിദ്ധനായ അന്നത്തെ ടെലികോം മന്ത്രി എ രാജ ഇടപെട്ട് ഈ പദ്ധതി മുടക്കി. ബിഎസ്എന്‍എല്‍ ജീവനക്കാരുടെ നിരന്തര പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പദ്ധതിയിട്ടതിന്റെ 50 ശതമാനം ഓഡര്‍ അംഗീകരിക്കാന്‍ അദ്ദേഹം തയാറായി. പുതിയ വരിക്കാരെ ചേര്‍ക്കുന്നതിനുള്ള ബിഎസ്എന്‍എല്ലിന്റെ ശേഷിയെ ഈ കുറവ് കാര്യമായി ബാധിച്ചു. ഇതേ വര്‍ഷം ഒമ്പതു കോടി വരിക്കാരെ ചേര്‍ക്കാന്‍ എയര്‍ടെല്ലിനു സാധിച്ചപ്പോള്‍ ബിഎസ്എന്‍എല്ലിനു ലഭിച്ചത് മുന്ന് കോടി മാത്രം.

ബിഎസ്എന്‍എല്ലിനെ കുറിച്ച് അധികമാരും അറിയാത്ത ഒരു വസ്തുത കൂടിയുണ്ട്. ഗ്രാമീണ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരന്തരം നിക്ഷേപമിറക്കിയ ഒരേ ഒരു കമ്പനിയാണിത്. എല്ലാ സ്വകാര്യ കമ്പനികളും തങ്ങളുടെ സേവനങ്ങള്‍ ഗ്രാമങ്ങളിലെത്തിക്കാന്‍ ബിഎസ്എന്‍എല്‍ ടവറുകളെയാണ് ആശ്രയിക്കുന്നത്. ഈ നിര്‍ബന്ധിത സേവനത്തിന് നഷ്ടപരിഹാരമായി ബിഎസ്എന്‍എല്ലിന് ഒരു പ്രത്യേക ഫീ ലഭിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, ഈ ഫീസ് പോലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ കാര്യമായി വെട്ടിക്കുറച്ചിരിക്കുന്നു. തങ്ങളുടെ സേവനങ്ങളെ ഗ്രാമീണ മേഖലകളിലെത്തിക്കുന്ന സ്വകാര്യ കമ്പനികളുടെ പ്രഖ്യാപനങ്ങളെല്ലാം വെറും തട്ടിപ്പാണ്. ഗ്രാമീണ മേഖലകളിലുടനീളം കഠിനാധ്വാനത്തിലൂടെ ബിഎസ്എന്‍എല്‍ കെട്ടിപ്പടുത്ത സംവിധാനങ്ങളുടെ ഗുണഫലം പറ്റുകയായിരുന്നു അവര്‍. ഈ സേവനങ്ങളെല്ലാം കമ്പനി നല്‍കുന്നുണ്ടായിരുന്നെങ്കിലും സ്വന്തം ശേഷി ക്രമാനുഗതമായി കുറഞ്ഞു വരികയായിരുന്നു.

ഈ ഒറ്റ കാരണത്താലാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബിഎസ്എന്‍എല്‍ തുടര്‍ച്ചയായി നഷ്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്നത്. അതിനിടെയാണ് പൊടുന്നനെ ഈ വര്‍ഷം നാം ഞെട്ടിപ്പിക്കുന്ന ഒരു കഥ കേള്‍ക്കുന്നത്. 2014-ല്‍ 8,000 കോടി നഷ്ടത്തിലായിരുന്ന കമ്പനിയെ മോദി സര്‍ക്കാര്‍ ഒറ്റ വര്‍ഷം കൊണ്ട് 2015-ല്‍ 672 കോടി ലാഭത്തിലെത്തിച്ചു എന്ന കഥ. എന്നാല്‍ ഇന്നുവരെ ഒരു വിശദീകരണവും ഈ അട്ടിമറിയുടെ നിഗൂഢ കഥയ്ക്കു ലഭിച്ചിട്ടില്ല.

ഒരു ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനില്‍ നിന്നും ഇതിന്റെ പൊരുള്‍ ഈയിടെ അറിയാനിടയായി. 8000 കോടിരൂപയോളം (നഷ്ടം) വരുന്ന ആസ്തി വിലയിടിവ് കൂടി ഉള്‍പ്പെടുത്തിയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ കമ്പനിയുടെ ലാഭ, നഷ്ടം കണക്കാക്കിയിരുന്നത്. ഈ വര്‍ഷം മുതല്‍ ഈ വിലയിടിവ് പരാമര്‍ശിക്കാതെ പ്രവര്‍ത്തന ചെലവ് മാത്രം പ്രഖ്യാപിച്ചാല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഫലത്തില്‍ ബിഎസ്എന്‍എല്ലില്‍ ഒന്നും മാറിയിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ഈ തിരിമറി കൊട്ടിപ്പാടി നടക്കുകയാണ് ചെയ്തത്.

ദേശീയ തലത്തില്‍ നഷ്ടം കുമിഞ്ഞു കൂടി വന്നപ്പോള്‍ പോലും ബിഎസ്എന്‍എല്‍ കേരളത്തില്‍ മാത്രമാണ് തുടര്‍ച്ചയായി ലാഭമുണ്ടാക്കി കൊണ്ടിരിക്കുന്നത്. ഈ വര്‍ഷവും മറിച്ചല്ല സംഭവിച്ചത്. മറ്റു സംസ്ഥാനങ്ങളിലെ ജീവനക്കാര്‍ സമരം ചെയ്തതിലേറെ കേരളത്തിലെ ബിഎസ്എന്‍എല്‍ തൊഴിലാളി യൂണിയന്‍ സമരവും പ്രതിഷേധവും നടത്തിയിട്ടുണ്ട്. എല്ലാം കമ്പനിയെ തകര്‍ക്കാനുള്ള മാനേജ്‌മെന്റിന്റെ നീക്കങ്ങള്‍ക്കു നടപടികള്‍ക്കുമെതിരായിരുന്നു. തൊഴിലാളി സമരങ്ങളെ പരിഹസിക്കുന്നവര്‍ക്കുള്ള ഒരു മറുപടി കൂടിയാണിത്. സേവനം ഇപ്പോഴും ചില സമയങ്ങളില്‍ മോശമാണ്. അടിക്കടി കോളുകള്‍ മുറിയുന്നു. അറ്റകുറ്റപ്പണികളില്‍ കാലതാമസം വരുത്തുന്നു. ഉപകരണങ്ങളുടെ കുറവ്. ഉപേക്ഷിക്കാന്‍ കാരണങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും നിരവധി ഉപഭോക്താക്കള്‍ ഒരു പൊതുമേഖലാ സ്ഥാപനത്തെ പിന്തുണയ്ക്കാനായി മാത്രം പിടിച്ചു നില്‍ക്കുന്നു.

പതിവു പോലെ ബിഎസ്എന്‍എല്ലിന്റെ 4ജി സേവനം അടുത്ത വര്‍ഷം മാത്രമേ വരൂ. സ്വകാര്യ കമ്പനികള്‍ 3ജി വിപണി പിടിച്ചടക്കിയ ശേഷമാണല്ലോ ബിഎസ്എന്‍എല്‍ എത്തിയത്. ഒടുവില്‍ ഒരു നേരിയ സാന്നിധ്യമറിയിക്കാനെങ്കിലും വിപണിയില്‍ ഒരിടം കമ്പനിക്കുണ്ടാകുമെന്ന് മാത്രമെ നമുക്കു പ്രതീക്ഷിക്കാന്‍ വകയുള്ളൂ.

2003 മുതല്‍ 2013 വരെ തിരുവനന്തപുരത്തും ബാംഗ്ലൂരിലും ചെന്നൈയിലും കോഴിക്കോട്ടുമായി ഞാന്‍ ചെലഴിച്ച ഒരു പതിറ്റാണ്ടു കാലം ബിഎസ്എന്‍എല്‍ ബ്രോഡ്ബാഡ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. 2013-ല്‍ ഞാന്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയപ്പോള്‍ പതിവു പോലെ ഒരു ബിഎസ്എന്‍എല്‍ കണക്ഷനു വേണ്ടി അപേക്ഷിച്ചു. എന്നാല്‍ പതിവിനു വിപരീതമായി അവര്‍ പറഞ്ഞത് എന്റെ പ്രദേശത്തെ പോര്‍ട്ടുകളൊന്നും ഒഴിവില്ലാത്തതിനാല്‍ പുതിയ ഉപകരണം വരുന്നതു വരെ കണക്ഷന്‍ ലഭിക്കില്ലെന്നായിരുന്നു. ഇടക്കിടെ അന്വേഷിച്ച് ശല്യപ്പെടുത്തി നാലു മാസം കാത്തിരുന്നു. പക്ഷെ കണക്ഷന്‍ ഒരിക്കലും ലഭിക്കാതെ വന്നതോടെ എംടിഎസ് ഡോംഗ്ള്‍ വാങ്ങാന്‍ നിര്‍ബന്ധിതനായി. ബിഎസ്എന്‍എല്ലുമായി എനിക്കിപ്പോഴുള്ള ഒരേ ഒരു ബന്ധം ഞാന്‍ എപ്പോഴെങ്കിലും ഉപയോഗിക്കുന്ന എന്റെ രണ്ടാം സിം മാത്രമാണ്.

(ദി ഹിന്ദുവില്‍ ജേര്‍ണലിസ്റ്റായ പ്രവീണ്‍ ഫേസ്ബുക്കില്‍ എഴുതിയതിന്റെ പരിഭാഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍