UPDATES

ട്രെന്‍ഡിങ്ങ്

അച്ഛനെ പോലെ നടന്നുനേടിയ വിജയം, ആന്ധ്രയില്‍ കോണ്‍ഗ്രസിനെ ജഗന്‍മോഹന്‍ റെഡ്ഢി തകര്‍ത്തത് ഇങ്ങനെ

തെലുങ്കുദേശത്തിനെതിരെ മാത്രമല്ല, കോണ്‍ഗ്രസിനോടുള്ള പകരം വീട്ടലാണ് ജഗന്‍ മോഹന്റെ വിജയം

ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസിന്റെ ‘നാട്ടുരാജാവാ’യിരുന്ന വൈ രാജശേഖര റെഡ്ഢിയുടെ നിര്യാണത്തെ തുടര്‍ന്നാണ് മകന്‍ ജഗന്‍ മോഹന്‍ റെഡ്ഢി അമ്മയുടൊപ്പം ഒമ്പത് വര്‍ഷം മുമ്പ് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയാഗാന്ധിയെ കണ്ടത്. ആവശ്യം കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വം അദ്ദേഹത്തെ ഏല്‍പ്പിക്കണമെന്നതായിരുന്നു. ദേശിയ തലത്തില്‍ കോണ്‍ഗ്രസ് അനുവര്‍ത്തിക്കുന്ന അതേ സമീപനം തന്റെ സംസ്ഥാനത്തും നടപ്പിലാക്കണമെന്നതായിരുന്നു ജഗന്‍മോഹന്റെ വാദം. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതില്‍ കുടുംബ പശ്ചാത്തലം മുഖ്യഘടകമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും അങ്ങനെ വേണമെന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.

അച്ഛന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി നേതാവുമായെന്നതുകൊണ്ട് മകനെ ആ സ്ഥാനം ഏല്‍പ്പിക്കാനാവില്ലെന്ന് സോണിയാഗാന്ധി മറുപടി പറഞ്ഞു. റോസയ്യ എന്ന കോണ്‍ഗ്രസ് നേതാവിനെ നേതൃത്വം ഏല്‍പ്പിച്ചുകൊടുക്കുകയും ചെയ്തു. ആന്ധ്രയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ഈ തീരുമാനത്തില്‍ തുടങ്ങുന്നു. ജഗന്‍ മോഹന്‍ കോണ്‍ഗ്രസില്‍ നിന്ന് അകന്നു. 2011 ല്‍ സ്വന്തം പാര്‍ട്ടി ഉണ്ടാക്കി. പിന്നീട് നടത്തിയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഒരു വലിയ ഘട്ടമാണ് ജഗന്‍മോഹന്‍ റെഡ്ഢി കഴിഞ്ഞ ദിവസം കൈവരിച്ചത്. ആന്ധ്രയില്‍ മൂന്നില്‍ നാല് ഭൂരിപക്ഷത്തോടെ അധികാരത്തില്‍. ലോക്‌സഭയിലും മികച്ച വിജയം. ടിഡിപിയും കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയുമായി.

തെലുങ്കുദേശത്തിനെതിരെ മാത്രമല്ല, തനിക്ക് മുഖ്യമന്ത്രി പദം നിഷേധിച്ച കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോടും ജഗന്‍ മോഹന്‍ അങ്ങനെ പകരം വീട്ടിയിരിക്കുന്നു. തന്റെ അച്ഛനെയും കുടുംബത്തെയും കോണ്‍ഗ്രസ് നേതൃത്വം അപമാനിച്ചുവെന്നാണ് ജഗന്‍ നിരന്തരം ആരോപിച്ചത്. 2009 ല്‍ ആന്ധ്രയില്‍നിന്ന് മാത്രം രാജശേഖര്‍ റെഡ്ഢിയുടെ നേതൃത്വത്തില്‍ 33 സീറ്റാണ് നേടിയത്. അത്രയും സ്വാധീനം രാജശേഖര്‍ റെഡ്ഡിക്കുണ്ടായിരുന്നു. അങ്ങനെ ആന്ധ്ര കോണ്‍ഗ്രസിലെ മുടിചൂടാമന്നനായിരിക്കുന്ന ഘട്ടത്തിലാണ് അദ്ദേഹം ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ മരിക്കുന്നത്.

2014 ല്‍ ആന്ധ്രപ്രദേശ് വിഭജിക്കപ്പെടുന്നതോടെ ജഗന്‍ മോഹന്‍ ആ സംസ്ഥാനത്തെ പ്രതിപക്ഷമായി. ആന്ധ്ര വിഭജനം കോണ്‍ഗ്രസിനെ പൂര്‍ണമായും തളര്‍ത്തി. അച്ഛന്റെ ശൈലി അനുകരിച്ചായിരുന്നു ജഗന്‍ രാഷട്രീയ പ്രവര്‍ത്തനം നടത്തിയത്. 2004 ല്‍ തെലുങ്കുദേശത്തെ പരാജയപ്പെടുത്തിയതിന് പിന്നില്‍ രാജശേഖര റെഡ്ഡി നടത്തിയ വലിയ പദയാത്രയ്ക്ക് നല്ല പങ്കു വഹിച്ചുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതേ മാതൃകയിലാണ് ജഗന്‍ തന്റെ വിജയത്തിലേക്ക് ഇത്തവണ നടന്നുകയറിയത്. ഏഴ് മാസത്തോളം നീണ്ടുനിന്ന് 3000 കിലോമീറ്റര്‍ പദയാത്രയാണ് ജഗന്‍ ആന്ധ്രയിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ആ നടത്തം അദ്ദേഹത്തെ ആന്ധ്രയുടെ ഭരണ സിരാകേന്ദ്രത്തിലെത്തിച്ചിരിക്കുന്നു.

175 സീറ്റില്‍ 150 സീറ്റാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടിയത്. ടിഡിപിയ്ക്ക് ലഭിച്ചതാകട്ടെ 22 സീറ്റ് മാത്രം. കോണ്‍ഗ്രസിനും ബിജെപിയ്ക്കും സീറ്റ് ലഭിച്ചില്ല. ലോക്‌സഭയില്‍ 22 സീറ്റുകളിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേടി. വിഭജനത്തിന് ശേഷം ആന്ധ്രയ്ക്ക് പ്രത്യേക പദവി എന്ന വിഷയം ഉന്നയിച്ചാണ് ടിഡിപി ബിജെപി മുന്നണി വിട്ടത്.

സംസ്ഥാനത്തെ ശക്തമായ സാന്നിധ്യവും 22 എംപിമാരുടെ പിന്‍ബലവും ഉപയോഗിച്ച് അതു നേടിയെടുക്കാന്‍ ജഗന്‍ മോഹന് സാധിക്കുമോ എന്നതാണ് അദ്ദേഹത്തിന് മുന്നിലുള്ള വെല്ലുവിളി.

Read More: ‘ആമയെപ്പോലെ ഇഴഞ്ഞുനീങ്ങി പതിയെ ഞങ്ങള്‍ കേരളവും പിടിക്കും’; സീറ്റുകള്‍ കിട്ടിയില്ലെങ്കിലും സംസ്ഥാനത്ത് ബിജെപിക്കുണ്ടായത് വന്‍ കുതിപ്പ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍