UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുട്ടികള്‍ എത്ര സമയം ഉറങ്ങണം?

Avatar

വലേറി സ്ട്രൌസ്സ്
(വാഷിംഗ്ടന്‍ പോസ്റ്റ്)

നേരം വെളുക്കുന്നതിനു മുന്‍പേ സ്കൂള്‍ ബസ്സില്‍ കയറുന്ന കുട്ടികളെയും അതിരാവിലെ തന്നെ ഒരു മഗ്ഗ് കാപ്പിയും പിടിച്ച് ആദ്യത്തെ പീരിയഡ് ക്ലാസ്സിലേയ്ക്ക് നടക്കുന്ന ടീനേജര്‍മാരെയും കണ്ടിട്ടുള്ളവര്‍ക്കറിയാം, ഇന്നത്തെ കുട്ടികള്‍ക്ക് മതിയായത്ര ഉറക്കം കിട്ടുന്നില്ല എന്ന്. സത്യത്തില്‍ അമേരിക്കന്‍ ജനതയുടെ മൂന്നിലൊന്നു ഭാഗം ആള്‍ക്കാരും വേണ്ടത്ര ഉറങ്ങുന്നില്ല എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ആരോഗ്യപരമായ റിസ്കുകള്‍ ഒഴിവാക്കാന്‍ കുട്ടികളും കൌമാരക്കാരും എത്ര ഉറങ്ങണം എന്നതിനെ പറ്റിയുള്ള ശുപാര്‍ശകള്‍ ഇതാദ്യമായി അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിന്‍ പുറത്തിറക്കിയിരിക്കുന്നു. 

ഇതുപ്രകാരം ശരിയായി ഉറക്കം കിട്ടാത്ത കുട്ടികള്‍ക്ക് പൊണ്ണത്തടി, പ്രമേഹം, വിഷാദരോഗം, പഠന, പെരുമാറ്റ വൈകല്യങ്ങള്‍, ഉത്കണ്ഠ തുടങ്ങിയവയ്ക്കുള്ള സാധ്യതകള്‍ അധികമാണ്. കൌമാരക്കാരെ സംബന്ധിച്ച് ആത്മഹത്യാ ചിന്തകള്‍, ആത്മഹത്യാ പ്രവണത, സ്വയംപീഡനം തുടങ്ങിയവയും ഉണ്ടാകാമെന്ന് പാനല്‍ പറയുന്നു. 

ഇവയാണ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍:
1. നാലു മുതല്‍ 12 മാസം വരെ പ്രായമുള്ള ശിശുക്കളുടെ ശരിയായ ആരോഗ്യത്തിനായി അവര്‍ ഒരു ദിവസം 12 മുതല്‍ 16 മണിക്കൂറുകള്‍ വരെ (മയങ്ങുന്നതുള്‍പ്പടെ) ഉറങ്ങണം. 

2. ഒരു വയസ്സിനും രണ്ടു വയസ്സിനും ഇടയിലുള്ള കുട്ടികള്‍ 11 മുതല്‍ 14 മണിക്കൂറുകള്‍ വരെ (മയങ്ങുന്നതുള്‍പ്പടെ) ദിവസവും ഉറങ്ങണം. 

3. മൂന്നു മുതല്‍ അഞ്ചു വയസ്സു വരെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യത്തിന് 10 മുതല്‍ 13 മണിക്കൂറുകള്‍ വരെ ഉറക്കം (മയക്കമുള്‍പ്പടെ) ദിവസവും ആവശ്യമാണ്. 

4. ആറു മുതല്‍ 12 വയസ്സു വരെയുള്ള കുട്ടികള്‍ ദിവസം 9 മുതല്‍ 12 മണിക്കൂറുകള്‍ വരെ ഉറങ്ങണം. 

5. 13 മുതല്‍ 18 വയസ്സു വരെയുള്ള കൌമാരക്കാര്‍ കൃത്യമായി 8 മുതല്‍ 10 മണിക്കൂര്‍ ഉറങ്ങേണ്ടത് അവരുടെ ആരോഗ്യത്തിന് ആവശ്യമാണ്. 

കൌമാരക്കാര്‍ക്ക് 10 മണിക്കൂര്‍ ഉറക്കമോ? അവര്‍ക്ക് പ്രത്യേക ജൈവഘടികാര പ്രവര്‍ത്തനങ്ങള്‍ മൂലം രാത്രി 11 മണിക്കു മുന്‍പ് ഉറങ്ങുക എന്നത് പ്രയാസമാണ്. അവരുടെ ഉറക്കത്തിന്‍റെ ചക്രമനുസരിച്ച് തലച്ചോര്‍ രാവിലെ എട്ടു മണി വരെ ഉറങ്ങാനുള്ള പ്രവണതയിലാവും. സ്കൂളുകള്‍ പലപ്പോഴും നേരത്തെ തുടങ്ങുന്നതു കൊണ്ട് ടീനേജുകാര്‍ക്ക് 8 മുതല്‍ 10 മണിക്കൂര്‍ ഉറക്കം ലഭിക്കാതെ വരുന്നു. അതു കൊണ്ടാണ് മിഡില്‍ സ്കൂളുകളും ഹൈസ്കൂളുകളും 8.30നു മുന്‍പ് തുടങ്ങരുതെന്ന നയം 2014ല്‍ ഒരു മാര്‍ഗ്ഗനിര്‍ദ്ദേശമായി അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് പുറത്തിറക്കിയത്. ചില സ്കൂളുകള്‍ ഇതനുസരിച്ച് ക്ലാസ്സുകള്‍ തുടങ്ങുന്ന സമയം മാറ്റിയെങ്കിലും മിക്ക സ്കൂളുകളും അത് പാലിക്കുന്നില്ല. ഇതിനര്‍ത്ഥം സ്കൂളില്‍ പോകുന്ന കൌമാരക്കാരില്‍ പലരും വേണ്ടത്ര ഉറങ്ങുന്നില്ല എന്നാണ്. 

സ്ലീപ് മെഡിസിന്‍ എന്ന സബ് സ്പെഷ്യാലിറ്റി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക പ്രൊഫഷണല്‍ സൊസൈറ്റിയാണ് തങ്ങളുടേതെന്ന് ‘ദി അമേരിക്കന്‍ അക്കാദമി ഓഫ് സ്ലീപ് മെഡിസിന്‍’ പറയുന്നു. 13 വിദഗ്ദ്ധര്‍ അടങ്ങുന്ന അവരുടെ പാനല്‍ കുട്ടികളുടെ ആരോഗ്യവും ഉറക്കവും തമ്മില്‍ ഉള്ള ബന്ധത്തെ പറ്റി പ്രസിദ്ധീകരിക്കപ്പെട്ട 864 ശാസ്ത്രീയ ലേഖനങ്ങള്‍ വിലയിരുത്തി നടത്തിയ, 10 മാസങ്ങള്‍ നീണ്ട പഠനത്തിനു ശേഷമാണ് ഉറക്കത്തെ സംബന്ധിച്ച മാര്‍ഗ്ഗരേഖകള്‍ പുറത്തു വിട്ടത്. അവയെ അമേരിക്കന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ദി സ്ലീപ് റിസര്‍ച്ച് സൊസൈറ്റി, അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് സ്ലീപ് ടെക്നോളജിസ്റ്റ്സ് എന്നിവര്‍ പിന്തുണച്ചിട്ടുണ്ട്. 

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ വര്‍ഷം നാഷണല്‍ സ്ലീപ് ഫൌണ്ടേഷന്‍ പ്രസിദ്ധീകരിച്ചതില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥമാണ്: 

1. നവജാത ശിശുക്കള്‍ (0-3 മാസം വരെ): 14 മുതല്‍ 17 മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണം (മുന്‍പ് നിര്‍ദ്ദേശിച്ചത് 12-18 മണിക്കൂറുകള്‍) 

2. ശിശുക്കള്‍ (4-11 മാസം വരെ പ്രായമുള്ളവര്‍): 12 മുതല്‍ 15 മണിക്കൂര്‍ വരെ (മുന്‍പ് 14-15 മണിക്കൂര്‍)

3. കുട്ടികള്‍ (1-2 വയസ്സ്): 11-14 മണിക്കൂറുകള്‍ ഉറങ്ങണം (നേരത്തെ പ്രസിദ്ധീകരിച്ചത് 12-14 മണിക്കൂറുകള്‍)

4. പ്രീസ്കൂള്‍ കുട്ടികള്‍ (3-5 വയസ്സ്): 10 മുതല്‍ 13 മണിക്കൂര്‍ വരെ (മുന്‍പ് 11-13 മണിക്കൂര്‍)

5. സ്കൂള്‍ കുട്ടികള്‍ (6-13 വയസ്സ്): 9 മുതല്‍ 11 മണിക്കൂര്‍ വരെ ദിവസവും ഉറങ്ങണം (മുന്‍പ് 10-11 മണിക്കൂര്‍)

6. കൌമാരക്കാര്‍ (14-17 വയസ്സുകാര്‍): 8 മുതല്‍ 10 മണിക്കൂര്‍ വരെ (മുന്‍പ് നിര്‍ദ്ദേശിച്ചത് 8.5 മുതല്‍ 9.5 മണിക്കൂര്‍)

7. ചെറുപ്പക്കാര്‍ (18-25): 7-9 മണിക്കൂര്‍ ഉറക്കം ആവശ്യമാണ് (പുതിയ പ്രായവിഭാഗം)

8. മുതിര്‍ന്നവര്‍ (26-64 വയസ്സു വരെ): 7-9 മണിക്കൂര്‍; മാറ്റമില്ല. 

9. 65 വയസ്സിന് മുകളിലുള്ളവര്‍: 7-8 മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. (പുതിയ വിഭാഗം)

സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറപ്പെടുവിച്ച മാര്‍ഗ്ഗരേഖകളുമായി ഇവയ്ക്ക് നല്ല സാമ്യമുണ്ട്. 

ഇവയൊക്കെ അടിവരയിട്ടു പറയുന്നത് മിക്ക ചെറുപ്പക്കാരും ആവശ്യത്തിന് ഉറങ്ങുന്നില്ല എന്നതാണ്.  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍