UPDATES

സയന്‍സ്/ടെക്നോളജി

കുട്ടികള്‍ തന്നെപ്പൊക്കികള്‍ ആകുന്നതിന് പിന്നില്‍

Avatar

ലെന്നി ബെര്‍ന്‍സ്റ്റീന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

നമ്മുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും ആത്മപ്രണയികളായ ആളുകളുമായി ഇടപെടേണ്ടി വരാം. ജോലി സ്ഥലത്തോ, മറ്റു പരിചയക്കാര്‍ക്കിടയിലോ വീട്ടില്‍ തന്നെയോ ഇങ്ങനെയുള്ള നിരവധിപേരെ നാം കാണുന്നുണ്ട്. എങ്ങനെയാകും ഇവര്‍ ഇങ്ങനെ ആയത്? അവരുടെ ബാല്യം എങ്ങനെ ഉള്ളതായിരുന്നിരിക്കണം?

ഈ ചോദ്യത്തിനുത്തരം കണ്ടെത്താനായി ഒരു കൂട്ടം ഗവേഷകര്‍ 7 മുതല്‍ 11 വയസ്സുവരെയുള്ള 565 കുട്ടികളിലും അവരുടെ മാതാപിതാക്കള്‍ക്കിടയിലും(415 അമ്മമാരും 290 അച്ഛന്മാരും) ഒരു സര്‍വേ നടത്തി.

ഇതിന്റെ ഉത്തരം വളരെ ലളിതവും, കൃത്യവുമാണ്. തങ്ങളുടെ മക്കള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്ന, ചെറുപ്പത്തിലെ ‘നീ തന്നെയാണ് കേമന്‍’ എന്ന് പറയുന്ന പ്രത്യേക പരിഗണ നല്‍കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ ആണ് ഇത്തരം ആത്മപ്രശംസകരും അവനവന്‍ കേന്ദ്രീകൃതരും ആയി തീരുന്നത്. ഇത് ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യാതിരുന്നാല്‍ മുതിര്‍ന്നാലും അവര്‍ ഇങ്ങനെയേ പെരുമാറുകയുള്ളൂ.

മാതാപിതാക്കള്‍ നല്‍കുന്ന പ്രത്യേക പരിഗണനയും, തങ്ങള്‍ മറ്റുള്ളവരേക്കാള്‍ മികച്ചവര്‍ ആണെന്ന തെറ്റായ ബോധം കുട്ടികളില്‍ കുത്തിവയ്ക്കപ്പെടാന്‍ കാരണമാകുന്നു. ഇതാണ് അത്മാരാധനയ്ക്ക് അടിസ്ഥാനം ആയി തീരുന്നത്. നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഗവേഷക എഴുതിയ വരികള്‍ ആണിവ. എന്നാല്‍ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും കാര്യബോധത്തോടെയും വളര്‍ത്തുന്ന കുട്ടികള്‍ മറുള്ളവരെ സ്‌നേഹിക്കാനും അറിയാനും സാധിക്കുന്ന വ്യക്തികള്‍ ആയിത്തീരും. അവര്‍ കൂട്ടിച്ചേര്‍ത്തു .

ഇത് ശരിയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നിയാലും കാര്യങ്ങള്‍ അത്ര ലളിതം അല്ലെന്നു ഹോളണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് ആംസ്റ്റര്‍ഡാമിലെയും യൂട്രെക്റ്റ് യൂണിവേഴ്‌സിറ്റിയിലെയും പോസ്റ്റ് ഡോക് ഗവേഷകന്‍ ആയ എഡി ബ്രമെല്‍മാനും ഓഹിയോ യൂണിവേഴ്‌സിറ്റിയിലെ ബ്രാഡ് ബുഷ്മാനും പറയുന്നു. സൈക്കോ അനലറ്റിക്കല്‍ തിയറി പ്രകാരം കുട്ടിക്കാലത്ത് സ്‌നേഹവും വാത്സല്യവും ലഭിക്കാത്ത കുട്ടികള്‍ ആണ് പിന്നീട് അത്മാരാധകര്‍ ആയി തീരുന്നത് എന്നതാണ് അവരുടെ സിദ്ധാന്തം.

അതോടൊപ്പം കുട്ടികള്‍ മറുള്ളവരെ നിരീക്ഷിക്കുന്നതിലൂടെയാണ് കാര്യങ്ങള്‍ മനസിലാക്കുന്നത്. കുഞ്ഞുങ്ങളെ ‘നീ മറ്റുള്ളവരേക്കാള്‍ മികച്ചതാണ്’ എന്ന് പറഞ്ഞു പഠിപ്പിക്കുന്നതിലൂടെയും ഭാവിയില്‍ അവര്‍ അത്മാരാധകനായ ഒരു വ്യക്തി ആയി തീരാനുള്ള സാധ്യതയും കൂടുതലാണ്.

എങ്ങനെയാണ് അത്മാരാധകര്‍ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് എന്നതിന്റെ വിശദാംശങ്ങള്‍ നല്‍കുക കൂടി ചെയ്തിട്ടുണ്ട്. മറ്റുള്ളവരേക്കാള്‍ എളുപ്പത്തില്‍ അക്രമാസക്തര്‍, എളുപ്പത്തില്‍ നിരാശയ്ക്ക് വിധേയമാകുന്നവര്‍, മയക്കുമരുന്നിന് അടിമപ്പെടാവുന്നവര്‍ എന്നിങ്ങനെ ഉള്ള അപകടകരമായ ഒരു വശവും ഇക്കൂട്ടര്‍ക്കുണ്ട്. നേരത്തെ പറഞ്ഞ പോലെ കുട്ടികളുടെ അഹന്തയെ വളര്‍ത്താതെ അവരുടെ നല്ല പ്രവര്‍ത്തികളെ അഭിനന്ദിച്ചു അവരില്‍ ആത്മധൈര്യം വളര്‍ത്തുകയാണ് വേണ്ടത്.

ആദ്യ കാലങ്ങളില്‍ അത്മാരാധകരായ മുതിര്‍ന്നവരെ കുറിച്ചായിരുന്നു പഠനങ്ങള്‍ വന്നുകൊണ്ടിരുന്നത്. എന്നാല്‍ 2008ല്‍ ബ്രമെല്‍മാന്‍ ഇത്തരം അവസ്ഥ കുട്ടികളില്‍ എങ്ങനെ എന്ന് പഠിക്കാന്‍ സഹായകമായ ഒരു പഠനസാമഗ്രി വികസിപ്പിച്ചതോടെ കുട്ടികളിലും ഈ പഠനം നടത്താന്‍ തുടങ്ങി. ഏഴോ എട്ടോ വയസ്സാവുന്നതോടെ കുട്ടികള്‍ അവര്‍ ഇപ്പോള്‍ ഉള്ള അവസ്ഥയില്‍ സന്തുഷ്ടരാണോ എന്നും അതോ മറ്റുള്ളവരുമായി താരതമ്യം നടത്തി ഏതാണ് വേണ്ടത് എന്ന് തിരിച്ചറിയനുള്ള പ്രാപ്തി കൈവരിച്ചിരിക്കും. ‘ഈ പ്രായത്തില്‍ മാതാപിതാക്കളുടെ സ്വാധീനത്തിന് പൂര്‍ണ്ണമായും വഴങ്ങുന്ന പ്രവണതയും ഇവരില്‍ കാണപ്പെടുന്നു.’

ഇതിനു പുറകിലുള്ള എല്ലാ കാര്യങ്ങളും കാര്യകാരണ സഹിതം വിശദമാക്കാന്‍ ആര്‍ക്കും സാധിക്കില്ല എന്നും അവര്‍ കുറിക്കുന്നു. ‘അച്ഛനമ്മമാരുടെ ഇടപെടല്‍ എന്ന ഒറ്റകാരണം മാത്രമല്ല അത്മാരാധന എന്ന പ്രവണത ഉടലെടുക്കാന്‍ കാരണം. മറ്റു സ്വഭാവ സവിശേഷതകളെ പോലെ ഇതും ഭാഗികമായെങ്കിലും ജന്മനാ ലഭിക്കുന്ന ഒന്നാണ്. ഇത് വളര്‍ച്ചയുടെ ആദ്യ ഘട്ടങ്ങളില്‍ ലഭിക്കുന്നതു കൂടിയാണെന്നും ഓര്‍ക്കണം. ചില കുട്ടികള്‍ അവരുടെ ജനിതകമായ സവിശേഷതകള കൊണ്ട് അച്ഛനമ്മാരുടെ അമിത ശ്രദ്ധ കിട്ടുന്നതോടെ അത്മാരാധകര്‍ ആയിത്തീരുന്നു.’ 

നമ്മള്‍ ഇത്തരക്കാരെ സഹിക്കുകയല്ലാതെ മറ്റുള്ള കാര്യങ്ങള്‍ എന്തിന് അന്വേഷിക്കണം? സത്യത്തില്‍ ഈ പ്രശ്‌നം ഇന്ന് യുവാക്കള്‍ക്കിടയില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന പ്രവണതയാണ് എന്നതാണ് ഇതിനു കാരണം. എന്റെ സഹപ്രവര്‍ത്തകനായ റേച്ചല്‍ ഫെല്റ്റ്മാന്‍ ഒരിക്കല്‍ ബുഷ്മാനുമായി നടത്തിയ അഭിമുഖ സംഭാഷണത്തിനിടെ ചില ആശങ്കകള്‍ പങ്കുവച്ചു.

‘ഞാന്‍ ഏകദേശം മുപ്പതു വര്‍ഷത്തോളം ‘ആക്രമണ മനോഭാവത്തെ’ കുറിച്ച് പഠിക്കുന്നു. താന്‍ മറ്റുള്ളവരേക്കാള്‍ മികച്ച ഒരാളാണ് എന്ന തോന്നല്‍ ആണ് ഒരാളില്‍ ഉണ്ടാകാന്‍ ഇടയുള്ള മോശം സ്വഭാവങ്ങളില്‍ ഏറ്റവും ഭീകരമായത്. പുരുഷന്‍ സ്ത്രീയേക്കാള്‍ ഉയര്‍ന്നതാണ്, എന്റെ ജാതി, മതം കുലം മറ്റുള്ളവരേക്കാള്‍ മികച്ചതാണ് തുടങ്ങിയ ചിന്താഗതികളൊക്കെ അസഹനീയമാണ്. ഇങ്ങനെ ചിന്തിക്കുന്നവരുടെ പ്രവൃത്തിയും അത് പോലെ ആയിരിക്കും.’ അദ്ദേഹം പറഞ്ഞു നിര്‍ത്തി. 

അദ്ദേഹവും ബ്രമെല്‍മാനും ഈ ലേഖനത്തില്‍ ഇങ്ങനെ എഴുതുന്നു. ‘ ആത്മാരാധകര്‍ തങ്ങള്‍ ഏറ്റവും മുകളില്‍ ആണെന്ന് കരുതുന്നു. സ്വകാര്യ വിജയങ്ങളെ പൊക്കിപറയുകയും, അവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നു. അവരുടെ അഹംബോധത്തിനു കോട്ടം സംഭവിച്ചാല്‍ അവര്‍ അക്രമാസക്തരാവുകയും ചെയ്യുന്നു.’

ഇത്തരം പ്രവണത തടയാന്‍ നമുക്കെന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോ? സാധിക്കും എന്നാണ് ബ്രമെല്‍മാന്‍ പറയുന്നത്. കുട്ടികള്‍ 7 മുതല്‍ 12 വരെ പ്രായമുള്ളപ്പോള്‍ അവരില്‍ വൈകാരികത ഉടലെടുത്തു തുടങ്ങുമ്പോള്‍ അവര്‍ ചെയുന്ന പ്രവൃത്തികളെ വാത്സല്യം നല്കി. എന്നാല്‍ അമിത പ്രാധാന്യം നല്‍കാതെ പ്രോത്സാഹിപ്പിക്കാന്‍ സാധിച്ചാല്‍ അവര്‍ അത്മാരാധകര്‍ ആയിത്തീരുന്നത് തടയാന്‍ നമുക്ക് സാധിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍