UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിക്കേണ്ടത് എങ്ങനെ?

കുട്ടികളോട് അവരുടെ ശരീരത്തെ കുറിച്ചും ലൈംഗിക അതിക്രമങ്ങളെ കുറിച്ചും മാതാപിതാക്കള്‍ക്ക് എങ്ങനെ തുറന്നു സംസാരിക്കാം എന്നതിനെ പറ്റി വിദഗ്ദ്ധരുടെ ചില നിര്‍ദ്ദേശങ്ങള്‍

ലെന ആബര്‍ഡീന്‍ ഡെര്‍ഹാലി

അവസാന നിമിഷം അപ്പോയിന്‍റ്മെന്‍റ് എടുത്ത് ഒരിക്കല്‍ ഒരു ക്ലയന്‍റ് എന്‍റെ ഓഫീസിലെത്തി. അയാള്‍ ആകെ ഉത്കണ്ഠയിലായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഞാന്‍ അയാളുടെ സൈക്കോതെറാപ്പിസ്റ്റായിരുന്നു. ഞങ്ങളുടെ തെറാപ്യൂട്ടിക് ബന്ധം ശക്തമായതോടെ കൂടുതല്‍ ആഴത്തിലുള്ള ചില പ്രശ്നങ്ങളിലേയ്ക്ക് ഞങ്ങള്‍ കടന്നു തുടങ്ങിയിരുന്നു. അന്നത്തെയാ സെഷനിലാണ് 29 വയസ്സുള്ള ആ വ്യക്തി കുട്ടിയായിരുന്നപ്പോള്‍ തനിക്കനുഭവിക്കേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ പറ്റി ജീവിതത്തിലാദ്യമായി തുറന്നു പറഞ്ഞത്. അടുത്തറിയാമായിരുന്ന ഒരാള്‍ തന്നെയായിരുന്നു ആ നാലു വയസ്സുകാരനെ പല തവണ ലൈംഗികമായി ഉപദ്രവിച്ചത്.

തെറാപ്പിസ്റ്റുകള്‍ ക്രമേണ തങ്ങളുടെ ക്ലയന്‍റുകളെ കൂടുതല്‍ ശ്രദ്ധിച്ചു തുടങ്ങും. അങ്ങനെയൊരനുഭവം അയാള്‍ക്ക് നേരിടേണ്ടി വന്നതും ഇത്രയും വര്‍ഷങ്ങള്‍ അതിന്‍റെ സംഘര്‍ഷങ്ങള്‍ ഉള്ളിലടക്കിയതും ഓര്‍ത്ത് ഞാനും അസ്വസ്ഥയായി. എന്‍റെ മകന് ആയിടെയാണ് നാലു വയസ്സ് തികഞ്ഞത്. അതുകൊണ്ടു തന്നെ ഈ സംഭവം എന്നെ കൂടുതല്‍ വിഷമിപ്പിച്ചു. എന്‍റെ ക്ലയന്‍റിനോട് സംസാരിക്കുന്നതിന്‍റെ തലേന്ന് കുട്ടികള്‍ നിഷ്ക്കളങ്കമായ സന്തോഷത്തോടെ കളിച്ചുല്ലസിക്കുന്നതും നോക്കി മറ്റു കുട്ടികളുടെ മാതാപിതാക്കളോടൊപ്പം ഞാന്‍ മകന്‍റെ സ്കൂളിനു പുറത്തിരിക്കുകയായിരുന്നു. പിറ്റേന്ന് ആ വ്യക്തി ചെറുപ്പകാലത്തെ സംഭവം വിവരിക്കേ, അതു നടന്നപ്പോള്‍ ആ കുട്ടി അന്ന് എവിടെയായിരുന്നു, എങ്ങനെയായിരുന്നു എന്നെല്ലാം സങ്കല്‍പ്പിക്കാന്‍ എനിക്കെളുപ്പമായിരുന്നു.

കുട്ടിക്കാലത്തു സംഭവിച്ച ലൈംഗിക പീഡനത്തിന്‍റെ അനുഭവങ്ങള്‍ മുതിര്‍ന്ന ശേഷം എന്‍റെ ഓഫീസിലെ തെറാപ്പി സെഷനില്‍ വച്ച് ആദ്യമായി തുറന്നു പറയുന്നവരെ മുന്‍പും കണ്ടിട്ടുണ്ട്. സ്ത്രീകള്‍ അവരുടെ ഹൈസ്കൂള്‍, കോളേജ് സമയങ്ങളില്‍ നേരിട്ട പീഡനങ്ങളെ കുറിച്ചും ബലാല്‍സംഗത്തെ കുറിച്ചും പറഞ്ഞിട്ടുണ്ട്. കുട്ടിയായിരുന്നപ്പോഴുള്ള ഇത്തരം അനുഭവങ്ങള്‍ മൂലം പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ്സ് ഡിസോര്‍ഡര്‍ അനുഭവിക്കുന്നവരുമുണ്ട് എന്‍റെ ക്ലയന്‍റായി. ഇത്തരത്തിലുള്ള സംഭവങ്ങളധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നതിനാല്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍ ലൈംഗികാക്രമണങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന RAINN എന്ന സംഘടനയുടെ കണ്ടെത്തലുകള്‍ അനുസരിച്ച് 18 വയസ്സില്‍ താഴെ പ്രായത്തില്‍ ആണ്‍കുട്ടികളില്‍ 53 പേരില്‍ ഒരാള്‍ വീതവും പെണ്‍കുട്ടികളില്‍ ഒന്‍പതു പേരില്‍ ഒരാളും മുതിര്‍ന്നവരുടെ ലൈംഗിക ഉപദ്രവങ്ങള്‍ക്ക് ഇരയാകുന്നു എന്നാണ്. കുട്ടികളുമായി തുറന്നു സംസാരിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട ഒരു വിഷയമാണിത്.

കുട്ടികളോട് അവരുടെ ശരീരത്തെ കുറിച്ചും ലൈംഗിക അതിക്രമങ്ങളെ കുറിച്ചും മാതാപിതാക്കള്‍ക്ക് എങ്ങനെ തുറന്നു സംസാരിക്കാം എന്നതിനെ പറ്റി വിദഗ്ദ്ധരുടെ ചില നിര്‍ദ്ദേശങ്ങള്‍:

1. വളരെ ചെറുപ്പത്തിലേ അവരോട് സ്വന്തം ശരീരത്തെ കുറിച്ച് സംസാരിച്ചു തുടങ്ങുക. “വളരെ ചെറിയ പ്രായത്തില്‍ തന്നെ (ഡയപ്പറുകള്‍ ഉപയോഗിക്കുന്ന പ്രായത്തില്‍) ശരീര ഭാഗങ്ങളുടെ ശരിയായ പേരുകള്‍ കുട്ടികളെ പഠിപ്പിക്കാം. അതു പോലെ തന്നെ സ്വന്തം ശരീരത്തിനു മേലുള്ള അവകാശങ്ങളും അതിരുകളും പറഞ്ഞു കൊടുക്കാം,” മേരിലാന്‍ഡിലെ ഒരു ലൈസന്‍സ്ഡ് സാമൂഹ്യ പ്രവര്‍ത്തകയായ ലോറ റീഗന്‍ പറയുന്നു. “അവരുടെ ശരീരം വളരെ സാധാരണമായ ഒരു കാര്യമാണെന്നുള്ള സന്ദേശം കൊടുക്കേണ്ടത് അത്യാവശ്യമാണ്. അവരുടെ ജിജ്ഞാസയെ പരിഹസിക്കാതെ ശാരീരിക പ്രവര്‍ത്തനങ്ങളെ കുറിച്ചും ലൈംഗികതയെ കുറിച്ചുമുള്ള സംശയങ്ങള്‍ക്ക് ശരിയായ മറുപടി കൊടുക്കണം. മറ്റുള്ളവരെ കെട്ടിപ്പിടിക്കാനോ ഉമ്മ കൊടുക്കാനോ അവരുടെ മടിയിലിരിക്കാനോ കുട്ടികളെ നിര്‍ബന്ധിക്കരുത്. ഡോക്ടറുടെ മെഡിക്കല്‍ പരിശോധന, ആയ പോലുള്ളവര്‍ക്കു വൃത്തിയാക്കാന്‍ എന്നിങ്ങനെ കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ കുട്ടികളുടെ ലൈംഗിക അവയവങ്ങള്‍ ആരും സ്പര്‍ശിക്കാന്‍ പാടില്ലെന്നും അവര്‍ക്കു മാത്രമേ അതിന് അവകാശമുള്ളൂ എന്നും പറഞ്ഞു മനസിലാക്കി കൊടുക്കണം.”

കുട്ടികളുമായുള്ള ഇത്തരം സംഭാഷണങ്ങള്‍ തുടര്‍ച്ചയായി നടക്കണമെന്നും അവ ക്രമേണ പുരോഗമിക്കണമെന്നും ഒരിക്കലും നിന്നു പോകരുതെന്നും കൂടെ വിദഗ്ദ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു.

രക്ഷിതാക്കള്‍ കുട്ടികളെ അടിക്കുന്നത് ഒഴിവാക്കണമെന്ന് സൈക്യാട്രിക് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് വാഷിങ്ടണിലെ സെന്‍റര്‍ ഫോര്‍ പോസ്റ്റ് ട്രോമാറ്റിക് ആന്‍ഡ് ഡിസോസിയേറ്റീവ് ഡിസോര്‍ഡേഴ് പ്രോഗ്രാമിലെ സാമൂഹ്യ പ്രവര്‍ത്തകനായ ദലാല്‍ മൂസ കൂട്ടിച്ചേര്‍ക്കുന്നു. “കുട്ടികളിലെ സ്വാഭിമാനം, സുരക്ഷിതത്വ ബോധം, സ്വകാര്യത ഇവയൊക്കെ ഇത്തരം ശാരീരികമായ ശിക്ഷകള്‍ തകര്‍ക്കുന്നു. അവനവന്‍റെയും മറ്റുള്ളവരുടെയും ശരീരങ്ങളെയും ആത്മാഭിമാനത്തെയും ബഹുമാനിക്കണമെന്ന ഉപദേശത്തിന് വിപരീതമാണ് ഈ ശിക്ഷാരീതികള്‍,” മൂസ പറയുന്നു.

2. കുട്ടികള്‍ക്ക് ഏകദേശം അഞ്ചു വയസ്സുള്ളപ്പോള്‍ പ്രത്യുല്‍പ്പാദന പ്രക്രിയയുടെ ഏറ്റവും അടിസ്ഥാനപരമായ കാര്യങ്ങള്‍ ലളിതമായിപറഞ്ഞുകൊടുക്കാം. നാലഞ്ചു വയസ്സാകുമ്പോള്‍ തന്നെ കുഞ്ഞുങ്ങള്‍ എവിടെ നിന്നു വരുന്നു എന്ന സംശയം അവര്‍ക്കുണ്ടാകാന്‍ തുടങ്ങുന്നു എന്നാണ് മൂസ പറയുന്നത്. കൂടുതല്‍ വിശദാംശങ്ങളിലേയ്ക്ക് കടക്കാതെ സെക്സിനെ കുറിച്ച് വ്യക്തമായും ലളിതമായും അവരോടു സംസാരിക്കാം. ഓരോ പ്രായത്തിലുള്ള കുട്ടികള്‍ക്കും എന്താണ് പറഞ്ഞു കൊടുക്കേണ്ടതെന്നും ഈ വിഷയം എങ്ങനെ സംസാരിക്കണമെന്നും അറിയാന്‍ Family Education വെബ്സൈറ്റുകള്‍ അടക്കമുള്ള ശാസ്ത്രീയ സ്രോതസ്സുകള്‍ ഉപയോഗിക്കണം.

3. അവരുടെ ശരീരത്തെ കുറിച്ചോ സെക്സിനെയും സ്വയംഭോഗത്തെയും പറ്റി പറഞ്ഞോ കുട്ടികളെ നിന്ദിക്കരുത്. “സ്വന്തം ശരീരത്തെ സ്പര്‍ശിക്കുന്നത് നാം സ്വകാര്യമായി മാത്രം ചെയ്യുന്ന ഒരു കാര്യമാണെന്നും മറ്റുള്ളവരുടെ മുന്‍പില്‍ വച്ചല്ല അത് ചെയ്യേണ്ടതെന്നും അവരെ പറഞ്ഞു മനസ്സിലാക്കുക,” റീഗന്‍ പറയുന്നു. “സെക്സ് മോശമോ അപമാനം തോന്നേണ്ട ഒന്നോ ആണെന്ന ധാരണ കൊടുക്കരുത്. മറിച്ച്, മുതിര്‍ന്നവര്‍ സ്നേഹം പ്രകടിപ്പിക്കാന്‍ ചെയ്യുന്ന പ്രവര്‍ത്തിയാണ് അതെന്നു പറഞ്ഞു കൊടുക്കുകയും വേണം. അതേ സമയം മുതിര്‍ന്നവരും കുട്ടികളും തമ്മില്‍ ലൈംഗിക ഇടപെടലുകള്‍ നടത്താറില്ല എന്നും വളരെ കൃത്യമായി അവര്‍ക്കു മനസിലാക്കി കൊടുക്കണം. മുതിര്‍ന്ന വ്യക്തികള്‍ ആരെങ്കിലും അവരുടെ ലൈംഗിക അവയവങ്ങളില്‍ തൊടുന്നുണ്ടെങ്കില്‍ അക്കാര്യം അച്ഛനമ്മമാര്‍ അറിയേണ്ടതാണെന്നും അവരോടു പറയണം.”

4. കുട്ടികള്‍ക്ക് അവരുടെ സംശയങ്ങള്‍ ചോദിക്കാന്‍ തോന്നുംവിധം തുറന്നതും ശാന്തവും സുരക്ഷിതവുമായ ഒരന്തരീക്ഷം ഒരുക്കി കൊടുക്കുക. “കുട്ടിക്കാലത്തും ടീനേജിലും കുട്ടികളെ പിന്തുണയ്ക്കുന്ന, ശാന്തവും സൌഹാര്‍ദ്ദപരവുമായ കുടുംബാന്തരീക്ഷം ഉണ്ടെങ്കില്‍ കാര്യങ്ങള്‍ തുറന്നു പറയാനും സംശയങ്ങള്‍ ചര്‍ച്ച ചെയ്യാനുമുള്ള ധൈര്യം അവര്‍ക്കുണ്ടാകും. അല്ലാതെ അനാവശ്യമായി ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്താല്‍ ഈ മനോഭാവം അവരില്‍ ഉണ്ടാകില്ല,” മൂസ പറയുന്നു. എന്തു കാര്യമാണെങ്കിലും നിങ്ങളുടെ അടുത്തു വരാമെന്നും അതില്‍ അവരെ കുറ്റപ്പെടുത്തുകയോ ദേഷ്യപ്പെടുകയോ ചെയ്യില്ലെന്നും കുട്ടികളോട് പറയുക. തുറന്ന പ്രകൃതക്കാരാകുവാന്‍ അവരെ നിങ്ങള്‍ക്ക് സഹായിക്കാം. അവര്‍ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുകയാണ് അതിനുള്ള ഒരു വഴി. അതിനായി കുട്ടി പറയുന്ന കാര്യങ്ങള്‍ അവരോടു തിരിച്ച് ആവര്‍ത്തിക്കാം. മക്കളുടെ മാനസികാവസ്ഥ ഒപ്പം നിന്നു മനസിലാക്കുകയും പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ അവ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യാം. നിരന്തരമായി ഈ കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ എന്തെങ്കിലും പ്രയാസങ്ങളോ കുഴപ്പങ്ങളോ ഉണ്ടാകുമ്പോള്‍ നിങ്ങളെ സമീപിക്കാനുള്ള ധൈര്യവും സുരക്ഷിതത്വ ബോധവും അവര്‍ക്കുണ്ടാകും.

5. കുട്ടികളെ പോര്‍ണോഗ്രഫിയില്‍ നിന്നു സംരക്ഷിച്ചു നിര്‍ത്തുക. “ഡിജിറ്റല്‍ ലോകം വിരല്‍ത്തുമ്പിലുള്ളപ്പോള്‍ അശ്ലീലത കാണുന്നത് സാധാരണമാണെങ്കിലും ഇക്കാലത്ത് 8 മുതല്‍ 11 വയസ്സിനിടയിലുള്ള ആണ്‍കുട്ടികള്‍ അശ്ലീല ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ കാണുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവയുടെ ഉള്ളടക്കം മിക്കവാറും തുറന്നടിച്ചുള്ളതും ആക്രമണസ്വഭാവത്തോടു കൂടിയതും ഇണയെ അവമതിക്കുന്നതുമെല്ലാം ആകും,” മൂസ പറയുന്നു. “കുറെക്കൂടെ മുതിര്‍ന്ന കുട്ടികള്‍ വീടിനു പുറത്തുള്ള അന്തരീക്ഷത്തില്‍ ഇവ കാണുന്നത് തടയാനാകില്ലെങ്കിലും അവരുടെ കൂട്ടുകാരുടെ മാതാപിതാക്കളോട് ഈ ഘടകങ്ങളെ പറ്റി സംസാരിക്കാം. ഇക്കാര്യങ്ങളില്‍ അവര്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങള്‍ തുറന്നു പങ്കു വയ്ക്കാമെന്ന് കുട്ടികളോട് പറയാം.”

“അതിലും കഷ്ടമായ കാര്യം ടീനേജ് കുട്ടികള്‍, പ്രത്യേകിച്ചു കൌമാര പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അവരുടെ കാമുകന്‍മാരുമായി ഷെയര്‍ ചെയ്യുന്ന തുറന്ന സെല്‍ഫികളാണ്,” കുട്ടികള്‍ക്കു നേരെയുള്ള ലൈംഗിക ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന Stop Child Predators എന്ന നോണ്‍-പ്രോഫിറ്റ് സംഘടനയുടെ പ്രസിഡന്‍റായ സ്റ്റേയ്സി റൂമനാപ്പ് പറയുന്നു. “ചില സാഹചര്യങ്ങളില്‍ ഈ കൌമാരക്കാര്‍ തന്നെ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കൈവശം വച്ചതും വിതരണം ചെയ്തതുമായ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുന്നു. തമാശയ്ക്കോ അല്ലെങ്കില്‍ സ്നേഹത്തിന്‍റെ അടയാളമായോ ഒക്കെ നഗ്ന ചിത്രങ്ങള്‍ അയച്ചു കൊടുക്കാന്‍ പാടില്ലെന്ന് കൌമാരക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കണം. പലപ്പോഴും ബന്ധങ്ങള്‍ തകരുമ്പോള്‍ ഇവ മോശം ഉദ്ദേശ്യത്തോടെ കൈമാറ്റം ചെയ്യപ്പെടാറുണ്ട്. കുട്ടികളുടെ ജീവിതമാണ് ഇങ്ങനെ നശിക്കുന്നത്.”

6. ഇത്തരം സംഭവങ്ങള്‍ക്കു തടയിടാന്‍ വിശ്വസ്തതയാണ് ആദ്യം വേണ്ടത്. ഞാന്‍ ഇതേ കുറിച്ചു സംസാരിച്ച എല്ലാ വിദഗ്ദ്ധരും പറയുന്നത് മാതാപിതാക്കള്‍ക്ക് അത്രയും വിശ്വാസമുള്ള ആളുകളുടെ അടുത്തു മാത്രമേ കുട്ടികളെ ഏല്‍പ്പിക്കാന്‍ പാടുള്ളൂ എന്നാണ്. ഇക്കാര്യത്തില്‍ സ്വന്തം മനസ്സില്‍ തോന്നുന്ന സംശയങ്ങള്‍ക്ക് ചെവി കൊടുക്കണം. ലൈംഗിക പീഡനത്തിനിരയായ കുട്ടികള്‍ക്ക് മിക്കപ്പോഴും അത്തരം അനുഭവങ്ങളുണ്ടായത് അവര്‍ക്ക് അറിയാവുന്ന വ്യക്തികളില്‍ നിന്നുമാണ്; അതും ഒന്നിലധികം തവണ. അതു കൊണ്ടാണ് “കുട്ടികളുടെ മേല്‍ നോട്ടമുണ്ടാകണം. അവര്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും വേണം. എങ്കില്‍ മാത്രമേ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാകൂ” എന്നു മൂസ പറയുന്നത്.

ദുരന്തങ്ങളിലൂടെ കടന്നു പോകേണ്ടി വന്നവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജൊവാന്‍ കോംസ്റ്റോക്ക് പറയുന്നത് “കുട്ടികളുടെ പരിചരണത്തിന് വരുന്നവരുടെ പശ്ചാത്തലം ശരിയായി അന്വേഷിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പു വരുത്തണം. ഉദാഹരണത്തിന് പള്ളികളിലാണെങ്കില്‍ കുട്ടികളുടെ സുരക്ഷയ്ക്കുള്ള നടപടികള്‍ ഉണ്ടാകാറുണ്ട്.” കുഞ്ഞുങ്ങള്‍ ഉള്‍വലിയുന്നതു പോലെ തോന്നുകയാണെങ്കിലും അച്ഛനമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കോംസ്റ്റോക്ക് പറഞ്ഞു.

“ജോലിയുടെ ഭാഗമായി ഫോര്‍ത്ത് ഗ്രേഡില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുമായി എനിക്ക് ഇടപെടേണ്ടി വന്നു. മറ്റു കുട്ടികള്‍ എത്ര മുന്നോട്ടു വന്നാലും അവന് ആരുമായും കൂട്ടു കൂടാന്‍ കഴിഞ്ഞിരുന്നില്ല. ഇത് ഇങ്ങനെയുള്ള കുഞ്ഞുങ്ങളില്‍ സാധാരണ കാണുന്ന ഒരു പെരുമാറ്റമാണ്,” അവര്‍ പറയുന്നു. “കുട്ടി കാര്യം പുറത്തു പറയാതിരിക്കാനായി ഉപദ്രവിക്കുന്നവര്‍ അവരെ ഭീഷണിപ്പെടുത്താറുണ്ട്. അത് അവരെ വല്ലാതെ ഭയപ്പെടുത്താം. കുട്ടിയേയോ അവര്‍ക്കു പ്രിയപ്പെട്ടവരെയോ അപകടപ്പെടുത്തുമെന്നാകാം ഭീഷണി. ഇങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു കുട്ടിയോട് ചോദിച്ചറിയണം. വളരെ ചെറിയ പ്രായത്തിലുള്ള കുഞ്ഞാണെങ്കില്‍ ‘play therapy’ ഗുണം ചെയ്യും.”

“കുട്ടികള്‍ പറയുന്നത് ശ്രദ്ധിച്ചു കേള്‍ക്കുക. അവര്‍ പറയുന്നത് സത്യമാകും എന്നു വിശ്വസിക്കുക. പലപ്പോഴും തങ്ങളുടെ കുട്ടികള്‍ ഉപദ്രവിക്കപ്പെടാന്‍ സാദ്ധ്യതയില്ലെന്ന് രക്ഷിതാക്കള്‍ കരുതും; അതും അവര്‍ക്ക് അടുത്തറിയാവുന്ന ആളാണെങ്കില്‍ പ്രത്യേകിച്ചും. തുറന്നു പറയാന്‍ കുട്ടികള്‍ തയ്യാറാകുമ്പോള്‍ നിങ്ങള്‍ അവര്‍ക്കൊപ്പമുണ്ടെന്ന് ധൈര്യം കൊടുക്കണം. അവര്‍ക്ക് പിന്തുണയും സഹായവും ലഭിക്കുമെന്നും അവരെ പീഡിപ്പിച്ചവര്‍ക്ക് നിയമാനുസൃതം ശിക്ഷ ലഭിക്കുമെന്നും ഉറപ്പു കൊടുക്കണം,” റൂമനാപ്പ് കൂട്ടിച്ചേര്‍ത്തു.

“കുട്ടികള്‍ അവരുടെ ശരീരത്തെ കുറിച്ചും സെക്സിനെ കുറിച്ചും കുഴപ്പക്കാരായ ആളുകളെ കുറിച്ചുമൊക്കെ എന്തായാലും മനസിലാക്കും. അവര്‍ക്ക് ആ അറിവുകള്‍ ആരില്‍ നിന്നു കിട്ടുന്നു എന്ന് തീരുമാനിക്കേണ്ടത് മാതാപിതാക്കളാണ് എന്നാണ് ഞാനവരോട് പറയാറുള്ളത്.ഈ കാര്യങ്ങള്‍ അവര്‍ മക്കളോടു നേരിട്ടു സംസാരിക്കുന്നില്ലെങ്കില്‍ അത്തരം പ്രശ്നങ്ങളുമായി അവര്‍ക്ക് അച്ഛനമ്മമാരെ സമീപിക്കാന്‍ പറ്റില്ല എന്നതാണ് അതു കൊടുക്കുന്ന സന്ദേശം,” ലൈസന്‍സ്ഡ് ക്ലിനിക്കല്‍ സാമൂഹ്യ പ്രവര്‍ത്തകയായ മെലിസ കില്‍ബ്രൈഡ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍