UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സന്തോഷകരമായ ജീവിതത്തെപ്പറ്റി കുട്ടികളെ എങ്ങനെ പഠിപ്പിക്കാം

Avatar

ലോറന്‍ നൈറ്റ്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

കുട്ടികള്‍ വളരുമ്പോള്‍ എന്താവണം എന്നാലോചിക്കുമ്പോഴെല്ലാം ഞാന്‍ അവര്‍ എങ്ങനെയുള്ള ആളുകളായിരിക്കണം എന്നാണു ചിന്തിക്കാറുള്ളത് അനുകമ്പയും ചിന്താശേഷിയും നന്ദിയുമുള്ള, എപ്പോഴും ചിരിക്കുന്ന, ജീവിതത്തോട് പ്രേമമുള്ള ആളുകളാവണമവര്‍. അവര്‍ ചുറ്റും സന്തോഷമുള്ള കാര്യങ്ങള്‍ നിറയ്ക്കട്ടെ, ഇഷ്ടമുള്ള ജോലി കണ്ടെത്തട്ടെ, ആളുകളുമായി അര്‍ത്ഥമുള്ള ബന്ധങ്ങള്‍ ഉണ്ടാകട്ടെ. ഞാന്‍ അവരെ സ്‌നേഹിക്കുന്നത് പോലെ തന്നെ അവരെ സ്‌നേഹിക്കുന്നവര്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകട്ടെ. എല്ലാത്തിലും മീതെ, അവര്‍ സന്തോഷമായിരിക്കട്ടെ. 

മാതാപിതാക്കളെന്ന നിലയില്‍ കുട്ടികളെ പല മേഖലകളില്‍ നയിക്കല്‍ നമ്മുടെ കടമയാണ്. നമ്മള്‍ അവരെ ടോയിലറ്റ് ട്രെയിന്‍ ചെയ്യുന്നു, സ്വയം സൂക്ഷിക്കാന്‍ പഠിപ്പിക്കുന്നു, മര്യാദകള്‍ പഠിപ്പിക്കുന്നു, വായിക്കാന്‍ പഠിപ്പിക്കുന്നു, ഒരു അത്യാവശ്യസമയത്ത് എന്തുചെയ്യണമെന്നു പഠിപ്പിക്കുന്നു, റോഡ് മുറിച്ചുകടക്കാന്‍ പഠിപ്പിക്കുന്നു. നമ്മള്‍ അവരെ സംഗീതോപകരണങ്ങള്‍ വായിക്കാനോ നമുക്കിഷ്ടമുള്ള കായികവിനോദങ്ങള്‍ പരിശീലിക്കാനോ പഠിപ്പിക്കുന്നു. എന്നാല്‍ എങ്ങനെ സന്തോഷമായിരിക്കാം എന്ന് നമുക്ക് അവരെ പഠിപ്പിക്കാന്‍ കഴിയുമോ? 

ദീര്‍ഘകാലം മിഡില്‍ സ്‌കൂള്‍ അധ്യാപകനായിരിക്കുകയും നാലുകുട്ടികളുടെ അച്ഛനുമായ മൈക്ക് ഫെറി തന്റെ ‘ടീച്ചിംഗ് ഹാപ്പിനസ് ആന്‍ഡ് ഇന്നോവേഷന്‍’ എന്ന പുസ്തകത്തില്‍ പറയുന്നത് ഇത് സാധ്യമാണെന്നാണ്. പലരും വിശ്വസിക്കുന്നതില്‍ നിന്ന് വിഭിന്നമായി വിജയങ്ങള്‍ എപ്പോഴും സന്തോഷം തരണമെന്നില്ല, എന്നാല്‍ അതിന്റെ വിപരീതം സത്യമാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. സന്തോഷമുള്ളവര്‍ പലപ്പോഴും സ്‌കൂളിലും ജോലിയിലും സ്വകാര്യജീവിതത്തിലും വിജയിച്ചുകാണാറുണ്ട്. സന്തോഷത്തെ ഫെറി വിശദീകരിക്കുന്നത് ‘ജീവിതത്തെപ്പറ്റിയുള്ള ശുഭാപ്തിവിശ്വാസം നിറഞ്ഞ, സാമൂഹികമായ, അച്ചടക്കമുള്ള ഒരു കാഴ്ചപ്പാടാണ് എന്നാണ്.’ 

നാം എത്രത്തോളം സന്തോഷമുള്ളവരാകുന്നോ അത്രത്തോളം വിജയവും കൈവരും. ഫെറി അത് വിശദീകരിക്കുമ്പോള്‍ പറയുന്നത് തലച്ചോറിലെ പ്ലാസ്റ്റിസിറ്റി നിമിത്തം സന്തോഷവും നവീനമായ കണ്ടെത്തലുകളുമൊക്കെ ശീലിപ്പിക്കാനും പഠിപ്പിക്കാനും പരിശീലിപ്പിക്കാനും കഴിയുമെന്നാണ്. ‘ദി ഹാപ്പിനസ് അഡ്വാന്റെജ്’ എഴുതിയ ഷോണ്‍ അചോര്‍ പറയുന്നത് നമ്മള്‍ പോസിറ്റീവ് ആയ ഒരു മാനസികനിലയിലാണ് എങ്കില്‍ നമ്മുടെ തലച്ചോറും കൂടുതല്‍ ക്രിയാത്മകവും ഉത്സാഹഭരിതവുമായി മാറും.’ 

ചില കാര്യങ്ങള്‍ ശീലിപ്പിച്ചാല്‍ നമുക്ക് കുട്ടികളെ കൂടുതല്‍ സന്തോഷമുള്ളവരാക്കിമാറ്റം. 

ഒന്നാമത്തേത് നന്ദിയാണ്. കുട്ടികളെ നന്ദിയുള്ളവരാകാന്‍ പഠിപ്പിക്കല്‍ അത്ര എളുപ്പമല്ല. കുട്ടികള്‍ സമൂഹത്തിന്റെ കണ്‍സ്യൂമര്‍ മാനസികാവസ്ഥയില്‍ പെട്ടുപോകാന്‍ എളുപ്പമാണ്. കൂടുതല്‍ ഉണ്ടാകുന്നതാണ് നല്ലതെന്നും പുതിയ കളിപ്പാട്ടങ്ങളോ ഗാഡ്ജറ്റ്കളോ ഒക്കെ വേണമെന്ന് വാശിയുള്ളവരാകും. 

എന്നാല്‍ കുട്ടികളെ കൂടുതല്‍ നന്ദിയുള്ളവരാക്കി വളര്‍ത്തുന്നതില്‍ അവരോട് നോ പറയുന്നതിന് പ്രാധാന്യമുണ്ട്. അവര്‍ക്ക് അടുത്തതായി വേണ്ടതിനെക്കാള്‍ അവര്‍ക്കിപ്പോള്‍ ഉള്ളതില്‍ നന്ദിയുള്ളവരാകാനാണ് അവരെ പഠിപ്പിക്കേണ്ടത്. ഓരോ ദിവസവും ഒരു കാര്യത്തെക്കുറിച്ച് നന്ദിയോടെ ഓര്‍ക്കാന്‍ ശ്രമിക്കുന്നത് ഒരു ശീലമാക്കുന്നത് നല്ലതാകാം. കുടുംബം ഒന്നിച്ചു അത്താഴമേശയിലിരിക്കുമ്പോഴോ മറ്റോ ഇത് ചെയ്യുന്നതാണ് നല്ലത്. ഒരു നിമിഷം കൊണ്ട് ഓരോരുത്തര്‍ക്കും ഒരു കാര്യത്തിനെങ്കിലും നന്ദി അര്‍പ്പിക്കാം. 

കുട്ടികളെ സന്തോഷം പഠിപ്പിക്കുന്നതില്‍ ഏറെ പ്രധാനമായ മറ്റൊന്ന് ദയയാണ്. ഫീല്‍ ഗുഡ് കെമിക്കലായ ഡോപ്പമൈനും ദയയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഫെറി പറയുന്നത്. നന്ദിയോടെ പെരുമാറിയാല്‍ തലച്ചോറിലെ ഡോപ്പമൈന്റെ അളവ് വര്‍ധിപ്പിക്കുകയും സന്തോഷം കൊണ്ടുവരികയും ചെയ്യും. 

വീടുകളില്‍ മാതൃക കാണിച്ചുകൊണ്ടാണ് കുട്ടികളെ ഇത് പഠിപ്പിക്കാനാവുക. ദയയോടെ പെരുമാറുക, പ്രത്യേകിച്ച് അഭിപ്രായഭിന്നതകളുണ്ടാകുമ്പോള്‍. ചെറിയ ദയാപ്രവര്‍ത്തികളെപ്പോലും അംഗീകരിക്കുക. ക്ഷമ പഠിപ്പിക്കുക, സമൂഹത്തിനു നന്മ ചെയ്യാനാകുന്ന കാര്യങ്ങള്‍ ചെയ്യുക. ഒരു കുടുംബമെന്ന നിലയില്‍ തന്നെ സമൂഹത്തിന് നന്മ ചെയ്യാന്‍ മുന്നിട്ടിറങ്ങുക. 

സന്തോഷമുള്ള വീടുകളില്‍ നിന്ന് ക്രിയാത്മകമായ മനസുകളുമുണ്ടാകും. നമ്മുടെ തലച്ചോറുകള്‍, പ്രത്യേകിച്ച് കുട്ടികളുടെ തലച്ചോറുകള്‍ സന്തോഷത്തോടെയിരിക്കുമ്പോഴും പിരിമുറുക്കമില്ലാതേയിരിക്കുമ്പോഴുമാണ് കൂടുതല്‍ നന്നായി പുതിയ വിവരങ്ങള്‍ സ്വീകരിക്കുക. പഠനത്തിനും ചിന്തയ്ക്കും സന്തോഷം ഒരു പ്രധാനഘടകമാണ്. തമാശയും കൗതുകവും തുറന്ന മനസും സ്വീകരിച്ചുകൊണ്ടാണ് നമുക്ക് ക്രിയാത്മകത ഉണര്‍ത്താനാവുക.

കുട്ടികളെ കുടുംബതീരുമാനങ്ങളില്‍ ഉള്‍പ്പെടുത്തിയാല്‍ കുട്ടികളുടെ ക്രിയാത്മക ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനാകും. അവധിക്കാലം പ്ലാന്‍ ചെയ്യുമ്പോഴോ ബെഡ്‌റൂം ഡിസൈന്‍ ചെയ്യുമ്പോഴോ ഒക്കെ അവരുടെ അഭിപ്രായങ്ങള്‍ തിരയാം. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ തുറന്ന ചോദ്യങ്ങളുള്ള കളികളും പ്രോത്‌സാഹിപ്പിക്കാം. കൃത്യമായ ഘടനയില്ലാതെയുള്ള കളികളും സഹായകമാണ്. ഫെറിയുടെ പുസ്തകത്തില്‍ ഇത്തരം പല നിര്‍ദേശങ്ങളും ഉദാഹരണങ്ങളുമുണ്ട്. 

നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന അസാധാരണ മനുഷ്യരെപ്പറ്റിയും ലോകത്തിലെ അസാധാരണ മനുഷ്യരെപ്പറ്റിയും ചര്‍ച്ച ചെയ്യുന്നതും നല്ലതാണ്(മഹാത്മാഗാന്ധി, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, നെല്‍സണ്‍ മണ്ടേല, തോമസ് എഡിസന്‍ എന്നിവര്‍).

ആകാശത്തുനിന്നും കുട്ടികളുടെ മടിയിലേക്ക് അടര്‍ന്നുവീഴുന്ന ഒന്നല്ല സന്തോഷം. പരിശീലനത്തിലൂടെ ശക്തിപ്പെടുത്താവുന്ന സങ്കീര്‍ണമായ ഒരു മാനസികാവസ്ഥയാണത്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍